വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹജജ്ഞാനം എന്ന അത്ഭുതം

സഹജജ്ഞാനം എന്ന അത്ഭുതം

സഹജജ്ഞാനം എന്ന അത്ഭുതം

“പ്രകൃതിയിലെ ഏറ്റവും അത്ഭുതമുണർത്തുന്ന പ്രതിഭാസമായിരിക്കാം [പക്ഷികളുടെ] ദേശാടനം.”​—⁠കോളിൻസ്‌ അറ്റ്‌ലസ്‌ ഓഫ്‌ ബേർഡ്‌ മൈഗ്രേഷൻ.

ഡിസംബർ 9, 1967. മുപ്പതോളം വൂപെർ അരയന്നങ്ങൾ 27,000 അടി ഉയരത്തിൽ അയർലൻഡിനെ ലക്ഷ്യമാക്കി പറക്കുന്നത്‌ ഒരു വൈമാനികന്റെ ശ്രദ്ധയിൽപ്പെട്ടു. അന്തരീക്ഷ ഊഷ്‌മാവ്‌ -40 ഡിഗ്രി സെൽഷ്യസ്‌ മാത്രമുള്ള അത്രയും ഉയരത്തിൽ അവ പറക്കാൻ കാരണമെന്താണ്‌? ഉയർന്നു പറന്നാൽ തുടർച്ചയായി വീശിയടിക്കുന്ന ഹിമപാതത്തോടുകൂടിയ കൊടുങ്കാറ്റിൽനിന്നു രക്ഷപ്പെടാമെന്നു മാത്രമല്ല, കാറ്റിന്റെ ഒഴുക്കിൽപ്പെട്ട്‌ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ പറക്കുകയും ചെയ്യാം. ഐസ്‌ലൻഡിൽനിന്ന്‌ അയർലൻഡിലേക്കുള്ള 1,300 കിലോമീറ്റർ ദൂരം ഇവ കേവലം 7 മണിക്കൂർകൊണ്ടു താണ്ടിയതായാണു കണക്കാക്കുന്നത്‌.

ദേശാടകരിലെ ലോകചാമ്പ്യനാണ്‌ ആർട്ടിക്ക്‌ ടേൺ. ഉത്തരധ്രുവരേഖയ്‌ക്കു വടക്കുവെച്ച്‌ പ്രജനനം നടത്തുന്ന ഇവ അവിടെ തണുപ്പുകാലം ആകുമ്പോൾ അന്റാർട്ടിക്കയിലേക്കു യാത്രയാകും. സാധാരണഗതിയിൽ ഈ ചെറിയ കടൽപ്പക്ഷി ഒരു വർഷം 40,000 മുതൽ 50,000 വരെ കിലോമീറ്റർ സഞ്ചരിക്കുന്നു​—⁠ഭൂമി ഒരു വട്ടം ചുറ്റുന്നത്ര ദൂരം!

വടക്കൻ യൂറോപ്പിൽ പ്രജനനം നടത്തുന്ന വെള്ളക്കൊക്കുകൾ അവിടെ തണുപ്പ്‌ ഏറുന്നതോടെ ദക്ഷിണാഫ്രിക്കയിലേക്കു പറക്കുകയായി. അങ്ങോട്ടുമിങ്ങോട്ടുമായി 24,000 കിലോമീറ്ററാണ്‌ ഇവ സഞ്ചരിക്കുന്നത്‌. ശരത്‌കാലത്തും വസന്തകാലത്തും ആയിരക്കണക്കിനുവരുന്ന ഈ പക്ഷികൾ ഇസ്രായേലിലൂടെ പറന്നുപോകുന്നതു കാണാം. അവ പിൻപറ്റിയിരുന്ന സമയപ്പട്ടികയെക്കുറിച്ചു ബൈബിൾകാലങ്ങളിൽ പോലും അറിവുണ്ടായിരുന്നു.​—⁠യിരെമ്യാവു 8:⁠7.

ഈ സഹജജ്ഞാനം പക്ഷികൾക്കു നൽകിയത്‌ ആരാണ്‌? ഏകദേശം 3,500 വർഷം മുമ്പ്‌, ഇയ്യോബ്‌ എന്ന നീതിമാനായ ഒരു വ്യക്തിയോട്‌ ദൈവം ചോദിച്ചു: “നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നത്‌? നിന്റെ കല്‌പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടു വെക്കുകയും ചെയ്യുന്നത്‌?” മറുപടി പറയവേ, പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള വിസ്‌മയകരമായ പ്രാപ്‌തികളെപ്രതി ഇയ്യോബ്‌ ദൈവത്തെ പുകഴ്‌ത്തി.​—⁠ഇയ്യോബ്‌ 39:26, 27; 42:⁠2.

സഹജജ്ഞാനത്തിലും ശ്രേഷ്‌ഠം

ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്‌കൃഷ്ടനായ മനുഷ്യനെ വഴിനയിക്കുന്നത്‌ സഹജജ്ഞാനമല്ല. എന്തുചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മനസ്സാക്ഷിയും സ്‌നേഹിക്കാനുള്ള പ്രാപ്‌തിയും നമുക്കുണ്ട്‌. (ഉല്‌പത്തി 1:27; 1 യോഹന്നാൻ 4:8) ഇതിന്റെയൊക്കെ ഫലമായി നമുക്ക്‌ അസാമാന്യ സ്‌നേഹവും ആത്മത്യാഗവും പ്രതിഫലിപ്പിക്കുന്ന നല്ലതും ഉചിതവുമായ തീരുമാനങ്ങളെടുക്കാനാകുന്നു.

ഒരു വ്യക്തി ബാല്യംമുതൽ ധാർമിക തത്ത്വങ്ങളെയും മതവിശ്വാസങ്ങളെയും കുറിച്ച്‌ എന്തു പഠിച്ചു അല്ലെങ്കിൽ എന്തു പഠിച്ചില്ല എന്നതിനെ ആശ്രയിച്ചാണ്‌ അയാളുടെ മനോഭാവങ്ങളും സ്വഭാവവും മറ്റും മുഖ്യമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ തെറ്റേത്‌, ശരിയേത്‌, സ്വീകാര്യമായതെന്ത്‌, അല്ലാത്തതെന്ത്‌ എന്നിവ സംബന്ധിച്ചൊക്കെ വ്യത്യസ്‌ത വീക്ഷണങ്ങളാണ്‌ ആളുകൾക്കുള്ളത്‌. ഈ അഭിപ്രായ വ്യത്യാസങ്ങൾ തെറ്റിദ്ധാരണകളിലേക്കും അസഹിഷ്‌ണുതയിലേക്കും ഒരുപക്ഷേ വിദ്വേഷത്തിലേക്കും നയിച്ചേക്കാം, വിശേഷിച്ചും സംസ്‌കാരം, ദേശീയത, മതം തുടങ്ങിയവയുടെ സ്വാധീനം ശക്തമായിരിക്കുമ്പോൾ.

മുഴു മനുഷ്യകുടുംബവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരേ ഭൗതിക നിയമങ്ങൾക്കു വിധേയരായിരിക്കുന്നതുപോലെ, ധാർമികവും ആത്മീയവുമായ കാര്യങ്ങളിലും സത്യം പ്രതിഫലിക്കുന്ന ഒരേ നിലവാരങ്ങൾ എല്ലാവരും പിൻപറ്റിയിരുന്നെങ്കിൽ ഈ ലോകം എത്ര മെച്ചമായിരുന്നേനെ! എന്നാൽ അത്തരം ആഗോള നിലവാരങ്ങൾ വെക്കാനുള്ള പ്രാപ്‌തിയും അറിവുമുള്ള ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അത്തരം നിലവാരങ്ങൾ അവൻ സ്ഥാപിക്കുമോ, അതോ ഇപ്പോൾത്തന്നെ സ്ഥാപിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനങ്ങളിൽ നാം പരിചിന്തിക്കുന്നതായിരിക്കും.