വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സാക്ഷാലുള്ള ജീവനിലേക്ക്‌’ ദൈവം നിങ്ങളെ നയിക്കട്ടെ

‘സാക്ഷാലുള്ള ജീവനിലേക്ക്‌’ ദൈവം നിങ്ങളെ നയിക്കട്ടെ

‘സാക്ഷാലുള്ള ജീവനിലേക്ക്‌’ ദൈവം നിങ്ങളെ നയിക്കട്ടെ

ഏതൊരു മാർഗദർശിക്കും അവശ്യംവേണ്ട ഒരു ഗുണമാണു വിശ്വാസയോഗ്യത. ബൈബിളിന്റെ രചയിതാവായ യഹോവയെ അറിയുന്ന ഏവർക്കും അവനാണ്‌ ഏറ്റവും ആശ്രയയോഗ്യനായ വ്യക്തി എന്ന ബോധ്യമുണ്ട്‌. അവനു ‘ഭോഷ്‌ക്‌’ പറയുക അസാധ്യമാണ്‌. (തീത്തൊസ്‌ 1:2; 2 തിമൊഥെയൊസ്‌ 3:16, 17) ഇസ്രായേലിനെ വാഗ്‌ദത്ത ദേശത്തേക്കു നയിച്ച ദൈവഭയമുള്ള യോശുവ വ്യക്തിപരമായി യഹോവയുടെ വിശ്വാസയോഗ്യത രുചിച്ചറിഞ്ഞവനായിരുന്നു. ഒരിക്കൽ ഇസ്രായേല്യരെ സംബോധന ചെയ്‌തുകൊണ്ട്‌ അവൻ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.”​—⁠യോശുവ 23:14.

യോശുവയുടെ നാളുകൾ മുതലിങ്ങോട്ട്‌ കൂടുതൽ പ്രവചനങ്ങൾ നിവൃത്തിയേറിയിട്ടുണ്ട്‌. ഇത്രയധികം പ്രവചനങ്ങൾ നിവൃത്തിയേറി എന്ന വസ്‌തുത ഇനിയും നിവൃത്തിയേറാനുള്ള പ്രവചനങ്ങളിൽ നമുക്കു വിശ്വാസം അർപ്പിക്കാനുള്ള ഈടുറ്റ കാരണമാണ്‌. ഇവയിൽ പലതും ഭൂമിയെയും അനുസരണമുള്ള മനുഷ്യവർഗത്തെയും കുറിച്ചുള്ള ദൈവോദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്‌.

ദൈവത്തിന്റെ വഴിനടത്തിപ്പിൽനിന്നു നിങ്ങൾ പ്രയോജനം നേടുമോ?

ഇപ്പോൾ മാത്രമല്ല എന്നുമെന്നേക്കും നാം സന്തോഷമുള്ളവരായിരിക്കാൻ സ്‌നേഹത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായ യഹോവ ആഗ്രഹിക്കുന്നു. (യോഹന്നാൻ 17:3; 1 യോഹന്നാൻ 4:8) അതേ, നാം ‘സാക്ഷാലുള്ള ജീവൻ’ അതായത്‌ നിത്യജീവൻ നേടണമെന്ന്‌ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ്‌ 6:12, 19) ഇക്കാരണത്താൽ, അറുപതു ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ, ദൈവകൽപ്പന അനുസരിച്ചുകൊണ്ട്‌ സന്തോഷത്തോടെ “രാജ്യത്തിന്റെ ഈ സുവിശേഷം” തങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കുന്നു. (മത്തായി 24:14) ഇപ്പോൾ 235 രാജ്യങ്ങളിൽ അതായത്‌ ഏതാണ്ട്‌ മുഴു ലോകത്തിലും തന്നെ അവർ ഈ വേല നിർവഹിക്കുന്നു.

യേശുക്രിസ്‌തുവിന്റെ കൈകളിലുള്ള സ്വർഗീയ ഗവൺമെന്റാണ്‌ ദൈവരാജ്യം. (ദാനീയേൽ 7:13, 14; വെളിപ്പാടു 11:15) അവന്റെ ഭരണത്തിൻകീഴിൽ, എല്ലാ ദുഷ്ടന്മാരും അതായത്‌ യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ പിൻപറ്റാത്ത എല്ലാവരുംതന്നെ നശിപ്പിക്കപ്പെടും. (സങ്കീർത്തനം 37:10; 92:7) അതിനുശേഷം, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായി” നിറയും.​—⁠യെശയ്യാവു 11:⁠9.

ഭൂമിയിലുള്ള എല്ലാ മനുഷ്യരും ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുകയും അവന്റെ സ്‌നേഹപൂർണമായ നിർദേശങ്ങൾക്കും പൂർണതയുള്ള നിലവാരങ്ങൾക്കും മനസ്സാ കീഴടങ്ങുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സമാധാനത്തെയും സൗഹാർദത്തെയും കുറിച്ചൊന്നു ചിന്തിക്കുക. (യോഹന്നാൻ 4:24) അപ്പോൾ, ദൈവം വാഗ്‌ദാനം ചെയ്‌ത ‘സാക്ഷാലുള്ള ജീവൻ’ മനുഷ്യർ ആസ്വദിക്കും!

മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, താരതമ്യേന കുറച്ചുപേർ മാത്രമേ ദൈവത്തിന്റെ മാർഗനിർദേശം അനുസരിക്കുകയും നിത്യജീവൻ നേടുകയും ചെയ്യുകയുള്ളൂ. (മത്തായി 7:13, 14) അവരിൽ ഒരാളായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, തിരുവെഴുത്തുകൾ പരിശോധിക്കാനും ദൈവത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്‌ ജീവിതം നയിക്കാനും യഹോവയുടെ സാക്ഷികൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ ‘യഹോവ നല്ലവൻ എന്നു [നിങ്ങൾ] രുചിച്ചറിയും.’ (സങ്കീർത്തനം 34:8) സഹജജ്ഞാനം പക്ഷികളെ കൃത്യമായും അവയുടെ ലക്ഷ്യത്തിൽ എത്തിക്കുന്നതുപോലെ, തന്നോടു വിശ്വസ്‌തരായവരെ യഹോവ പറുദീസയിലെ ജീവിതത്തിലേക്കു നയിക്കും.​—⁠ലൂക്കൊസ്‌ 23:43.

[8, 9 പേജുകളിലെ ചിത്രം]

“സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.”​—⁠മത്തായി 5:⁠5.

“സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സങ്കീർത്തനം 37:11.

“ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം . . . അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല.”​—⁠വെളിപ്പാടു 21:3, 4.

“നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”​—⁠സദൃശവാക്യങ്ങൾ 2:21, 22.