വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബ നിയമങ്ങൾ വ്യക്തമാക്കുക; അവ തത്‌ക്ഷണം നടപ്പാക്കുക

കുടുംബ നിയമങ്ങൾ വ്യക്തമാക്കുക; അവ തത്‌ക്ഷണം നടപ്പാക്കുക

4

കുടുംബ നിയമങ്ങൾ വ്യക്തമാക്കുക; അവ തത്‌ക്ഷണം നടപ്പാക്കുക

ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ജോർജിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സാമൂഹിക ശാസ്‌ത്രജ്ഞനായ റൊണാൾഡ്‌ സൈമൺ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “വ്യക്തമായ നിയമങ്ങളും ഉറച്ച ശിക്ഷണ നടപടികളും സഹിതം വളരുന്ന കുട്ടികൾ നന്നായി വരുന്നു എന്നതാണ്‌ വസ്‌തുത. അല്ലാത്തപക്ഷം, കുട്ടികൾ തൻകാര്യതത്‌പരരും സ്വാർഥരും അസന്തുഷ്ടരും ആയിത്തീരുന്നു; മറ്റുള്ളവരുടെ ജീവിതവും അവർ ദുസ്സഹമാക്കുന്നു.” ദൈവവചനം ഇങ്ങനെ പറയുന്നു: “പുത്രനെ സ്‌നേഹിക്കുന്നവനോ പുത്രന്‌ ശിക്ഷണം നൽകുന്നതിൽ ശ്രദ്ധാലുവാണ്‌.”​—⁠സുഭാഷിതങ്ങൾ 13:​24, ഓശാന.

വെല്ലുവിളി: ന്യായമായ അതിർവരമ്പുകൾവെച്ച്‌ അവ നടപ്പിലാക്കുന്നതിന്‌ സമയം, ശ്രമം, സ്ഥിരോത്സാഹം എന്നിവ കൂടിയേതീരൂ. ആ അതിരുകൾ മറികടക്കാനാണ്‌ കുട്ടികളുടെ സ്വാഭാവിക പ്രവണത. ഉൾപ്പെട്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച്‌ രണ്ടു കുട്ടികളുള്ള മൈക്കും സോണിയയും പറയുന്നത്‌ ശ്രദ്ധിക്കുക: “സ്വന്തം ഇഷ്ടാനിഷ്ടങ്ങളും താത്‌പര്യങ്ങളുമുള്ള, ജന്മനാ തെറ്റിലേക്കു ചായ്‌വുള്ള കൊച്ചുമനുഷ്യരാണ്‌ കുട്ടികൾ.” തങ്ങളുടെ പെൺമക്കളെ അത്യധികം സ്‌നേഹിക്കുന്നവരാണ്‌ ഈ മാതാപിതാക്കൾ. എങ്കിലും അവർ പറയുന്നു: “ചില സമയങ്ങളിൽ കുട്ടികൾ തന്നിഷ്ടക്കാരും സ്വാർഥരും ആയി മാറുന്നു.”

പോംവഴി: യഹോവ ഇസ്രായേൽ ജനതയോട്‌ ഇടപെട്ട വിധം അനുകരിക്കുക. അവർ പാലിക്കാൻ താൻ ആഗ്രഹിച്ച നിയമങ്ങൾ യഹോവ വ്യക്തമാക്കി. ജനത്തോട്‌ അവൻ സ്‌നേഹം പ്രകടമാക്കിയ വിധങ്ങളിലൊന്ന്‌ അതായിരുന്നു. (പുറപ്പാടു 20:2-17) അവ ലംഘിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളും അവൻ രേഖപ്പെടുത്തി.​—⁠പുറപ്പാടു 22:1-9.

അതുകൊണ്ട്‌, കുട്ടികൾ വീട്ടിലായിരിക്കുമ്പോൾ പിൻപറ്റേണ്ട നിയമങ്ങളുടെ അഥവാ ചട്ടങ്ങളുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കരുതോ? അത്തരം നിയമങ്ങൾ അഞ്ചോ മറ്റോ ആയി ചുരുക്കാൻ ചില മാതാപിതാക്കൾ നിർദേശിക്കുന്നു. ചിന്തിച്ചു തയ്യാറാക്കിയ നിയമങ്ങളുടെ ആ ഹ്രസ്വ-പട്ടിക പ്രാബല്യത്തിൽ വരുത്താനും ഓർത്തിരിക്കാനും എളുപ്പമാണ്‌. നിയമങ്ങൾക്കൊപ്പം അവ ലംഘിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങളും എഴുതിവെക്കുക. ശിക്ഷാമുറകൾ ന്യായമായതും നടപ്പിലാക്കാൻ സാധിക്കുന്നതുമാണെന്ന്‌ ഉറപ്പുവരുത്തുക. മമ്മിയും ഡാഡിയും ഉൾപ്പെടെ ഓരോരുത്തരിൽനിന്നും എന്താണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുന്നതിനായി നിയമങ്ങൾ ക്രമമായ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുക.

നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷ നൽകാൻ വൈകരുത്‌; ശാന്തത കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം. വിട്ടുവീഴ്‌ച ചെയ്യരുത്‌. പ്രത്യേക ശ്രദ്ധയ്‌ക്ക്‌: നിങ്ങൾ കോപാകുലരാണെങ്കിൽ, ദേഷ്യമൊന്നു തണുത്തതിനുശേഷം മാത്രം ശിക്ഷിക്കുക. (സദൃശവാക്യങ്ങൾ 29:22) ശിക്ഷ നീട്ടിവെക്കരുത്‌. നിർദിഷ്ട ശിക്ഷാ നടപടിക്കു മാറ്റം വരുത്തുകയുമരുത്‌. അങ്ങനെയായാൽ നിയമങ്ങളുടെ ഗൗരവം നഷ്ടമാകും. ഇതു ബൈബിൾ പറയുന്നതിനു ചേർച്ചയിലാണ്‌: “ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.”​—⁠സഭാപ്രസംഗി 8:11.

കുട്ടികൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ അധികാരം പ്രയോഗിക്കാൻ നിങ്ങൾക്കു മറ്റെന്തു ചെയ്യാനാകും?

[6-ാം പേജിലെ ആകർഷക വാക്യം]

“നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ.” ​—⁠മത്തായി 5:37