കുട്ടിയുടെ മനസ്സറിയുക
6
കുട്ടിയുടെ മനസ്സറിയുക
ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ—മാതാപിതാക്കൾ—തങ്ങളുടെ വികാരവിചാരങ്ങൾ മനസ്സിലാക്കണമെന്നു കുട്ടികൾ ആഗ്രഹിക്കുന്നു. മനസ്സു തുറക്കുമ്പോഴൊക്കെ അത് അവഗണിക്കുന്ന രീതിയാണ് മാതാപിതാക്കളുടേതെങ്കിൽ കുട്ടികൾ അതിന് മുതിരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല മാതാപിതാക്കൾക്കു തങ്ങളുടെ കാര്യത്തിൽ വലിയ താത്‌പര്യമൊന്നുമില്ല എന്നുപോലും അവർ ചിന്തിച്ചുതുടങ്ങിയേക്കാം.
വെല്ലുവിളി: ചിന്തകളും വികാരങ്ങളും അതിർവിട്ട് പ്രകടിപ്പിക്കാൻ ചായ്‌വുള്ളവരാണ് കുട്ടികൾ. അവർ പറയുന്ന ചില കാര്യങ്ങൾ മാതാപിതാക്കളെ അസ്വസ്ഥരാക്കിയേക്കാം. ഉദാഹരണത്തിന്, വളരെ മടുപ്പ് അനുഭവപ്പെടുന്ന ഒരു കുട്ടി, ‘ഞാൻ എന്റെ ജീവിതം വെറുക്കുന്നു’ * എന്നു പറഞ്ഞെന്നുവരും. മാതാപിതാക്കളുടെ ഉടനെയുള്ള മറുപടി ‘ഏയ്, അങ്ങനെയൊന്നും ചിന്തിക്കരുത്’ എന്നായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാതിരുന്നാൽ അത് കുട്ടികളുടെ നിഷേധാത്മക വികാരങ്ങളെ വകവെച്ചുകൊടുക്കുന്നതിന് തുല്യമല്ലേ എന്നായിരിക്കാം അപ്പോൾ മാതാപിതാക്കൾ ചിന്തിക്കുക.
പോംവഴി: “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ” എന്ന ബൈബിൾ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക. (യാക്കോബ് 1:19) തന്റെ ദാസന്മാരുടെ മോശം ചിന്താഗതികളെ ബൈബിളിൽ രേഖപ്പെടുത്തിക്കൊണ്ട് അവയെ യഹോവ തിരിച്ചറിഞ്ഞുവെന്നതു ശ്രദ്ധിക്കുക. (ഉല്‌പത്തി 27:46; സങ്കീർത്തനം 73:12, 13) ദൃഷ്ടാന്തത്തിന്, പരിശോധനയാൽ സഹികെട്ട ഇയ്യോബ് മരിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.—ഇയ്യോബ് 14:13.
ഇയ്യോബിന് അൽപ്പം തിരുത്തൽ ആവശ്യമായിരുന്നുവെന്നതു ശരിയാണ്. എങ്കിലും യഹോവ ഇയ്യോബിന്റെ വികാരങ്ങൾ കണ്ടില്ലെന്നു നടിക്കുകയോ സംസാരിക്കുന്നതിൽനിന്ന് അവനെ തടയുകയോ ചെയ്‌തില്ല. പകരം ഹൃദയത്തിലുള്ളത് പ്രകടിപ്പിക്കാൻ ക്ഷമാപൂർവം അനുവദിച്ചുകൊണ്ട് യഹോവ ഇയ്യോബിന് മാന്യത കൽപ്പിച്ചു. പിന്നീടാണ് യഹോവ ദയാപൂർവം അവനെ തിരുത്തിയത്. ഒരു ക്രിസ്‌തീയ പിതാവ് അതേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “എന്റെ വികാരവിചാരങ്ങൾ പ്രാർഥനയിലൂടെ അവതരിപ്പിക്കാൻ യഹോവ എന്നെ അനുവദിക്കുന്ന സ്ഥിതിക്ക് എന്റെ മക്കളുടെ വികാരവിചാരങ്ങൾ അത് നല്ലതായാലും ചീത്തയായാലും കേൾക്കാൻ ഞാൻ മനസ്സൊരുക്കം കാണിക്കേണ്ടത് തികച്ചും ന്യായമാണ്.”
“അങ്ങനെയൊന്നും ചിന്തിക്കരുത്,” അല്ലെങ്കിൽ “നിനക്ക് എങ്ങനെ ഇതൊക്കെ ചിന്തിക്കാൻ കഴിയുന്നു,” എന്നൊക്കെ പറയാൻ അടുത്ത പ്രാവശ്യം ചായ്‌വുണ്ടാകുമ്പോൾ യേശുവിന്റെ വിഖ്യാതമായ നിയമം ഓർക്കുക: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.” (ലൂക്കൊസ് 6:31) ഉദാഹരണമായി, ഒരുപക്ഷേ നിങ്ങളുടെതന്നെ കുഴപ്പംകൊണ്ട് നിങ്ങൾക്ക് ജോലിസ്ഥലത്ത് വളരെ മോശമായ പെരുമാറ്റം അനുഭവിക്കേണ്ടിവരുകയോ നിരാശാജനകമായ സാഹചര്യം നേരിടേണ്ടിവരുകയോ ചെയ്യുന്നുവെന്നിരിക്കട്ടെ. ഈ ജോലിയുമായി മുന്നോട്ടു പോകുക ബുദ്ധിമുട്ടാണെന്നു പറഞ്ഞുകൊണ്ട് നിങ്ങൾ സാഹചര്യം ഒരു അടുത്ത സുഹൃത്തിനെ അറിയിക്കുന്നു. സുഹൃത്ത് എന്തു ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ‘നീ അങ്ങനെ വിചാരിക്കേണ്ടതില്ല, നിന്റെതന്നെ കുഴപ്പംകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്’ എന്നൊരു മറുപടിയാണോ നിങ്ങൾ ആഗ്രഹിക്കുക? അതോ നിങ്ങളുടെ സുഹൃത്ത് ഇപ്രകാരം പറയുന്നതായിരിക്കുമോ നിങ്ങൾക്കിഷ്ടം: “അത് വളരെ കഷ്ടമായിപ്പോയി; ഇന്നൊരു നല്ല ദിവസം അല്ലായിരുന്നു, അല്ലേ?”
തങ്ങളെയും തങ്ങളുടെ പ്രയാസങ്ങളെയും കുറിച്ച് ഉപദേശം നൽകുന്നവർക്ക് അറിയാം എന്ന ബോധ്യമുള്ളപ്പോഴാണ് കുട്ടികളും മുതിർന്നവരും അതു സ്വീകരിക്കാൻ ഏറെ ചായ്‌വ് കാണിക്കുന്നത്. ദൈവവചനം പറയുന്നു: “ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 16:23.
നിങ്ങൾ നൽകുന്ന ഏതൊരു ഉപദേശവും ഗൗരവമായെടുക്കുന്നുവെന്ന് എങ്ങനെ ഉറപ്പുവരുത്താം?
[അടിക്കുറിപ്പ്]
^ ഖ. 4 ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള കുട്ടികളുടെ ഏതൊരു പ്രസ്‌താവനയെയും ഗൗരവമായെടുക്കുക.
[8-ാം പേജിലെ ആകർഷക വാക്യം]
“കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്‌തീരുന്നു.”—സദൃശവാക്യങ്ങൾ 18:13