വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുമസ്സ്‌ ദ്വീപിലേക്കുള്ള ഞങ്ങളുടെ യാത്രയ്‌ക്കു പിന്നിൽ

ക്രിസ്‌തുമസ്സ്‌ ദ്വീപിലേക്കുള്ള ഞങ്ങളുടെ യാത്രയ്‌ക്കു പിന്നിൽ

ക്രിസ്‌തുമസ്സ്‌ ദ്വീപിലേക്കുള്ള ഞങ്ങളുടെ യാത്രയ്‌ക്കു പിന്നിൽ

ഫിജിയിലെ ഉണരുക! ലേഖകൻ

പസിഫിക്‌ സമുദ്രത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന 33 ദ്വീപുകളടങ്ങിയ സ്വതന്ത്രരാഷ്‌ട്രമാണ്‌ കിരിബതീ. * ആ ദ്വീപുകളിൽ ഏറ്റവും വലുതാണ്‌ ക്രിസ്‌തുമസ്സ്‌ ദ്വീപ്‌. ദ്വീപിന്റെ കരവിസ്‌തീർണം ഏകദേശം 388 ചതുരശ്രകിലോമീറ്റർ വരും. എന്നുവെച്ചാൽ കിരിബതീയിലെ മറ്റ്‌ 32 ദ്വീപുകളുടെയും മൊത്തം വിസ്‌തീർണത്തിനു തുല്യം. ക്രിസ്‌തുമസ്സ്‌ ദ്വീപിൽ ഏകദേശം 5,000 നിവാസികളുണ്ട്‌, കിരിബതീയിലെ മൊത്തം ജനസംഖ്യ ഏതാണ്ട്‌ 92,000-ഉം.

കിരിബതീയിൽ ഒന്നൊഴികെ മറ്റെല്ലാം പവിഴദ്വീപുകളാണ്‌. ഇവിടത്തെ പവിഴദ്വീപുകളിൽ ഏറ്റവും വലുതെന്ന ബഹുമതി ക്രിസ്‌തുമസ്സ്‌ ദ്വീപിനു സ്വന്തം. ഈ ദ്വീപിന്‌ അഭിമാനിക്കാൻ മറ്റൊന്നു കൂടിയുണ്ട്‌​—⁠കരവിസ്‌തീർണത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ലോകത്തിലെതന്നെ ഏറ്റവും വലിയ പവിഴദ്വീപാണിത്‌!

അന്താരാഷ്‌ട്ര ദിനാങ്കരേഖയോട്‌ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ദ്വീപും ഇതുതന്നെ​—⁠ക്രിസ്‌തുമസ്സ്‌ ദ്വീപിന്റെ കിരീടത്തിലെ മറ്റൊരു തൂവൽ. പുതുദിവസത്തിന്റെയും നവവത്സരത്തിന്റെയും പിറവി ആദ്യം കാണുന്നതും യേശുക്രിസ്‌തുവിന്റെ മരണംപോലുള്ള വാർഷികാചരണങ്ങൾ ആദ്യം ആഘോഷിക്കുന്നതും ഇവിടത്തുകാരാണ്‌. *

അതുമാത്രമോ, ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ കടൽപ്പക്ഷികളുടെ ഒരു പ്രമുഖ പ്രജനനകേന്ദ്രം കൂടിയാണീ പവിഴദ്വീപ്‌. കുറച്ചുനാൾമുമ്പ്‌ ഏകദേശം 250 ലക്ഷം സൂറ്റി റ്റേണുകൾ (ഒരിനം കടൽക്കാക്ക) അവിടെ സ്ഥിരം കൂടുകൂട്ടുമായിരുന്നത്രേ.

‘പറവരഹസ്യം അങ്ങാടിപ്പാട്ട്‌’

1777-ലെ ക്രിസ്‌തുമസ്സിന്റെ തലേന്ന്‌ ക്യാപ്‌റ്റൻ ജയിംസ്‌ കുക്ക്‌ എന്ന പര്യവേക്ഷകൻ കാലുകുത്തിയപ്പോൾ മനുഷ്യവാസം ഇല്ലായിരുന്ന ഇവിടം പക്ഷികളുടെ കൂത്തരങ്ങായിരുന്നു. അദ്ദേഹമാണ്‌ ദ്വീപിന്‌ ക്രിസ്‌തുമസ്സ്‌ ദ്വീപെന്നു പേരിട്ടത്‌. * വർഷങ്ങളോളം ഇങ്ങനെയൊരു ദ്വീപുണ്ടെന്നത്‌ പക്ഷികൾക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു.

ഒരിക്കൽ ഞങ്ങളിവിടം സന്ദർശിച്ചപ്പോൾ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു വാർഡനായിരുന്നു ഞങ്ങളുടെ വഴികാട്ടി. അവിസ്‌മരണീയമായ ഒരനുഭവമായിരുന്നു അത്‌. വാർഡൻ ഞങ്ങളെ ഒരു ബീച്ചിലേക്കു കൊണ്ടുപോയി. ഭംഗിയുള്ള ഒരുകൂട്ടം വൈറ്റ്‌ റ്റേണുകളാണ്‌ അവിടെ ഞങ്ങളെ അഭിവാദ്യം ചെയ്‌തത്‌. ഞങ്ങളെ കളിയാക്കാനെന്നപോലെ കൈയെത്തും ദൂരത്തിൽ ചിറകടിച്ചുകൊണ്ട്‌ ഞങ്ങളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയായിരുന്നു അവ.

ബീച്ചിനപ്പുറത്തുള്ള സ്ഥലത്ത്‌ സൂറ്റി റ്റേണുകളുടെ ഒരു കോളനിയുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ ലക്ഷക്കണക്കിനു പക്ഷികൾ പ്രജനനത്തിനായി ക്രിസ്‌തുമസ്സ്‌ ദ്വീപിൽ വരാറുണ്ട്‌. ഇവിടെ എത്തിയാൽ ആഴ്‌ചകളോളം അവ രാവും പകലും കലപിലകൂട്ടിക്കൊണ്ട്‌ തങ്ങളുടെ പ്രജനനസ്ഥലത്തിനു മുകളിൽ കൂട്ടമായി വട്ടമിട്ടു പറക്കും, എല്ലാ പക്ഷികളും വന്നെത്തിക്കഴിഞ്ഞാൽ പിന്നെ നിലത്തു കൂടുകൂട്ടുകയായി.

മൂന്നു മാസം പ്രായമാകുമ്പോഴേക്കും സൂറ്റി റ്റേണിന്റെ കുഞ്ഞുങ്ങൾ സമുദ്രപര്യടനം ആരംഭിച്ചിരിക്കും. മുട്ടയിടാനുള്ള പ്രായമാകുന്നതുവരെ അവ കടലിൽത്തന്നെ കഴിയും; അതിന്‌ ഏതാണ്ട്‌ അഞ്ചുമുതൽ ഏഴുവരെ വർഷമെടുക്കും. ഈ വർഷങ്ങളിൽ അധികവും അവ വായുവിൽത്തന്നെയാണു കഴിച്ചുകൂട്ടുക. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ വേണ്ടത്ര എണ്ണമയം തൂവലിൽ ഇല്ലാത്തതാണു കാരണം.

കുഞ്ഞുങ്ങളും വിരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത മുട്ടകളുമായി അതാ ബ്ലാക്‌ നോഡികൾ തങ്ങളുടെ കൂട്ടിലിരിക്കുന്നു. ഈ കടൽപ്പക്ഷികൾ കുഞ്ഞുങ്ങൾക്കുവേണ്ടി കൂടുണ്ടാക്കുമെങ്കിലും വൈറ്റ്‌ റ്റേണുകൾ അങ്ങനെ ചെയ്യാറില്ല. മരക്കൊമ്പുകളിലാണ്‌ അവ മുട്ടയിടുന്നത്‌. ഭാഗ്യവശാൽ, മുട്ടവിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക്‌ പൂർണവളർച്ചയെത്തിയ പാദങ്ങളും നഖങ്ങളും ഉണ്ടായിരിക്കും; അതുകൊണ്ട്‌ അവയ്‌ക്കു കൊമ്പുകളിൽ തൂങ്ങിക്കിടക്കാനാകും. മരക്കൊമ്പുകളിൽ അള്ളിപ്പിടിച്ചുകിടക്കുന്ന ഈ തക്കിടിമുണ്ടൻ പക്ഷിക്കുഞ്ഞുങ്ങൾ ഞങ്ങളുടെ മനംകവർന്നു. അഴകിന്റെ കാര്യത്തിൽ ഇവരുടെ അച്ഛനമ്മമാരും ഒട്ടും പിന്നിലല്ല കേട്ടോ. കറുത്ത കൊക്കുള്ള ഈ വെള്ളപ്പക്ഷികളെക്കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും.

ഓരോന്നും കണ്ടും കേട്ടും അങ്ങനെ പോകവേ, ഒരു ക്രിസ്‌തുമസ്സ്‌ ഷിർവോട്ടർ ഞങ്ങളെ കണ്ണിമയ്‌ക്കാതെ നോക്കുന്നുണ്ട്‌. അടുത്തുതന്നെയുള്ള സുരക്ഷിതമായ ഒരിടത്ത്‌ മുട്ടയ്‌ക്ക്‌ അടയിരിക്കുകയാണു കക്ഷി. ആപ്പിന്റെ ആകൃതിയിലുള്ള വാലോടുകൂടിയ ഷിർവോട്ടറിന്റെ, ലോകത്തിലെതന്നെ ഏറ്റവും വലിയ കോളനിയുള്ളത്‌ ഈ ദ്വീപിലാണ്‌. മാത്രമല്ല, പോളിനേഷ്യൻ സ്റ്റോം പെട്രെലിന്റെയും ഫിനിക്‌സ്‌ പെട്രെലിന്റെയും അടുത്തയിടെ കണ്ടെത്തിയ പ്രജനന സ്ഥലങ്ങളിൽ ഒന്നുമാണത്‌. അവിടെ മുട്ടയിട്ടു പെരുകുന്ന അനേകം പക്ഷികളിൽ ചിലതാണ്‌ റെഡ്‌-റ്റെയില്‌ഡ്‌ ട്രോപ്പിക്‌ ബേഡ്‌, മാസ്‌ക്‌ഡ്‌ ബൂബി, ബ്രൗൺ ബൂബി, റെഡ്‌-ഫൂട്ടെഡ്‌ ബൂബി, ബ്രൗൺ നോഡി, ഫ്രിഗേറ്റ്‌ തുടങ്ങിയവ.

ഫ്രിഗേറ്റ്‌ പക്ഷികൾ വമ്പിച്ച അഭ്യാസങ്ങൾ കാഴ്‌ചവെച്ചുകൊണ്ട്‌ പറക്കുകയും മറ്റു പക്ഷികളുടെ പക്കൽനിന്ന്‌ മീൻ തട്ടിയെടുക്കുകയും മീൻപിടിത്തക്കാർ കളഞ്ഞിട്ടുപോയ അവശിഷ്ടങ്ങൾക്കായി മത്സരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പറക്കൽ വൈദഗ്‌ധ്യം ഇവയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്‌; കാരണം ഇവയ്‌ക്ക്‌ സാധാരണഗതിയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനാവില്ല. സൂറ്റി റ്റേണുകളെപ്പോലെ ഇവയുടെയും തൂവലുകൾ ജലരോധകങ്ങളല്ല; മാത്രമല്ല ആറടിയുള്ള ചിറകുവിരിവു കാരണം പറന്നുപൊങ്ങാൻ ബുദ്ധിമുട്ടാണിവയ്‌ക്ക്‌.

മുമ്പുകണ്ട ബ്രൗൺ നിറമുള്ള ഒരു ഇത്തിരിക്കുഞ്ഞൻ പക്ഷി പസിഫിക്‌ ഗോൾഡൻ പ്ലോവർ ആണെന്ന്‌ ഞങ്ങൾക്കു മനസ്സിലായി. ആയിരക്കണക്കിനു മൈൽ അകലെയുള്ള പ്രജനന കേന്ദ്രങ്ങളിൽനിന്ന്‌ ആർട്ടിക്‌ വൃത്തത്തിനു മുകളിലൂടെ പറക്കവേ ആഹാരത്തിനും വിശ്രമത്തിനുമായി ക്രിസ്‌തുമസ്സ്‌ ദ്വീപിൽ തങ്ങുന്ന അനേകം ദേശാടനപ്പക്ഷികളിൽ ഒന്നു മാത്രമാണിത്‌. വിസ്‌മയാവഹമായ ദിശാനിർണയ വൈദഗ്‌ധ്യമാണ്‌ ഹവായിയിലെ ഹോനൊലൂലൂവിന്‌ ഏതാണ്ട്‌ 2,100 കിലോമീറ്റർ തെക്കു സ്ഥിതിചെയ്യുന്ന പക്ഷിത്താവളത്തിലേക്കുള്ള യാത്രയിൽ ഈ പറക്കൽ ചാംപ്യന്മാർക്ക്‌ തുണയാകുന്നത്‌.

ഞങ്ങളുടെ സന്ദർശനോദ്ദേശ്യം

ഞങ്ങൾ പതിവായി ക്രിസ്‌തുമസ്സ്‌ ദ്വീപിൽ പോകാറുണ്ട്‌. പക്ഷികളെ കാണാനല്ല. അവിടെയുള്ള ഞങ്ങളുടെ സഹവിശ്വാസികളായ യഹോവയുടെ സാക്ഷികളെ കാണാൻ; അവരോടൊപ്പം യോഗങ്ങളിലും പ്രസംഗ പ്രവർത്തനത്തിലും പങ്കുപറ്റാൻ. ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ ഈ സാക്ഷികൾക്ക്‌ പല ബുദ്ധിമുട്ടുകളുണ്ട്‌. ഒരു ഉദാഹരണം കേൾക്കണോ? വർഷങ്ങൾക്കു മുമ്പു നടന്ന കാര്യമാണ്‌. ഒരു സാക്ഷി പെട്ടെന്ന്‌ മരിച്ചതിനെത്തുടർന്ന്‌, അദ്ദേഹത്തിന്റെ വിധവയ്‌ക്ക്‌ ശവസംസ്‌കാര പ്രസംഗം നടത്തേണ്ടിവന്നു; കാരണം അതിനു പറ്റിയ ആരുമില്ലായിരുന്നു അവിടെ. കൂടിവന്ന എല്ലാവരും മരിച്ചവർക്കായി ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയെക്കുറിച്ച്‌ അറിയാൻ അവർ ആഗ്രഹിച്ചു. പ്രസംഗം സ്വന്തമായി നടത്തുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു അതിന്‌.​—⁠യോഹന്നാൻ 11:25; പ്രവൃത്തികൾ 24:15.

നല്ല മൂന്നു ബൈബിൾ ഭാഷാന്തരങ്ങൾക്കു പുറമേ, പ്രാദേശിക ഭാഷയിലുള്ള ഏതാനും ബൈബിൾ പ്രസിദ്ധീകരണങ്ങളാണ്‌ ഇവിടെയുള്ളത്‌. എന്നാൽ യഹോവയുടെ സാക്ഷികൾ ചതുർവർണത്തിലുള്ള വീക്ഷാഗോപുരം മാസിക ഗിൽബർട്ടീസ്‌ ഭാഷയിൽ പ്രതിമാസപ്പതിപ്പായി പ്രസിദ്ധീകരിക്കുന്നുണ്ട്‌ ഇവിടെ, മറ്റു ബൈബിൾ പ്രസിദ്ധീകരണങ്ങളുമുണ്ട്‌. ഇത്‌ പലരെയും അത്ഭുതപ്പെടുത്തുന്നു; കാരണം ലോകമെമ്പാടുമായി ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1,00,000-ത്തിലും താഴെയാണ്‌. അത്തരം ബൈബിൾ പ്രസിദ്ധീകരണങ്ങൾ, പതിവായി യോഗങ്ങൾ നടത്തുന്നതിനും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കാനുള്ള യേശുവിന്റെ നിയമനം നിവർത്തിക്കുന്നതിനും സാക്ഷികളുടെ ഈ ഒറ്റപ്പെട്ട കൂട്ടത്തെ സഹായിക്കുന്നു.​—⁠മത്തായി 24:14; എബ്രായർ 10:24, 25.

സന്ദർശകരെ ബുദ്ധിമുട്ടിക്കുന്ന ഒരു സംഗതി ഗതാഗതമാണ്‌. പക്ഷേ ക്രിസ്‌തുമസ്സ്‌ ദ്വീപിൽ ഒരാൾക്ക്‌ റോഡുമാർഗം ലണ്ടനിൽനിന്ന്‌ റ്റെനസി വഴി പോളണ്ടിലെത്താൻ വെറും മൂന്നു മണിക്കൂർ മതി! അതെങ്ങനെയെന്നു ചിന്തിക്കുകയാവും നിങ്ങളിപ്പോൾ? ബനാന, ലണ്ടൻ, പാരീസ്‌, പോളണ്ട്‌, റ്റെനസി, റ്റാപാകേക്ക എന്നൊക്കെ പറഞ്ഞാൽ ഇവിടത്തെ ഗ്രാമങ്ങളുടെ പേരുകളാണ്‌. ഇവിടെയെത്തിയ ചില ആദ്യകാല സന്ദർശകർ എവിടെനിന്നുള്ളവരായിരുന്നു എന്നതിന്റെ ഓർമക്കുറിപ്പുകൾ.

ഒരിക്കൽ ഞങ്ങളിവിടെ വന്നപ്പോൾ നല്ലൊരു ഡോക്ടർ അദ്ദേഹത്തോടൊപ്പം പോളണ്ടിലേക്കു ചെല്ലാൻ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ അവിടെ ആദ്യമായി പ്രസംഗിക്കാനുള്ള അവസരം ഞങ്ങൾക്കു കിട്ടി. രണ്ടു മണിക്കൂർ മാത്രമേ ഞങ്ങൾക്ക്‌ അവിടെ ചെലവഴിക്കാനാകുമായിരുന്നുള്ളൂ; അതുകൊണ്ട്‌ വീടുകളിൽനിന്നു വീടുകളിലേക്കു ‘പറക്കുകയായിരുന്നു’ ഞങ്ങൾ. കണ്ടുമുട്ടിയ എല്ലാവരും ബൈബിൾ സന്ദേശം താത്‌പര്യത്തോടെ കേട്ടു; പ്രസിദ്ധീകരണങ്ങളും വാങ്ങി. അതവരുടെ സ്വന്തം ഭാഷയിലാണെന്ന്‌ അവർക്കു വിശ്വസിക്കാനായില്ല.

അങ്ങകലെ ക്രിസ്‌തുമസ്സ്‌ ദ്വീപിൽ താമസിക്കുന്ന സന്മനസ്സുള്ള ഈ മനുഷ്യരോട്‌ ഞങ്ങൾക്ക്‌ സ്‌നേഹമേയുള്ളൂ. തൂവൽക്കുപ്പായമണിഞ്ഞു നിൽക്കുന്ന ഇവിടത്തെ മറ്റൊരു കൂട്ടം നിവാസികളെ, പക്ഷികളെ, ഞങ്ങൾ മറന്നു കളഞ്ഞിട്ടില്ല കേട്ടോ. അവരും ഞങ്ങൾക്ക്‌ പ്രിയപ്പെട്ടവർതന്നെ. ക്രിസ്‌തുമസ്സ്‌ ദ്വീപ്‌ “പക്ഷികൾക്കുമാത്രം പറ്റിയ” ഒരിടമാണെന്ന്‌ വർഷങ്ങൾക്കുമുമ്പ്‌ ക്യാപ്‌റ്റൻ കുക്ക്‌ കരുതിക്കാണണം. എന്നാൽ അതിനോടു യോജിക്കാത്ത ഒരു കൂട്ടരുണ്ട്‌​—⁠അവിടത്തെ നിവാസികൾതന്നെ. പക്ഷികളുടെ മാത്രമല്ല, ആ മനുഷ്യരുടെയും വീടാണ്‌ ഈ പവിഴദ്വീപ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഗിൽബർട്ട്‌ ദ്വീപ്‌ എന്നപേരിലാണ്‌ കിരിബതീ മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌. ഇന്നിപ്പോൾ ഗിൽബർട്ട്‌ ദ്വീപസമൂഹത്തിലെ 16 ദ്വീപുകൾക്കുപുറമേ ഫിനിക്‌സ്‌, ലൈൻ ദ്വീപസമൂഹങ്ങളും ബനബ ദ്വീപും ചേർന്നതാണ്‌ കിരിബതീ.

^ ഖ. 5 യഹോവയുടെ സാക്ഷികൾ യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ വർഷത്തിലൊരിക്കൽ യേശുവിന്റെ മരണത്തിന്റെ ഓർമ കൊണ്ടാടുന്നു. യേശു മരിച്ചതിനു തത്തുല്യമായ തീയതിയിലാണ്‌ ഈ ആചരണം.​—⁠ലൂക്കൊസ്‌ 22:19.

^ ഖ. 8 ഇന്ത്യൻ മഹാസമുദ്രത്തിലും ക്രിസ്‌തുമസ്സ്‌ എന്ന പേരിൽ ഒരു ദ്വീപുണ്ട്‌.

[16-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ക്രിസ്‌തുമസ്സ്‌ ദ്വീപ്‌

ബനാന

റ്റാപാകേക്ക

ലണ്ടൻ

പാരീസ്‌

പോളണ്ട്‌

അന്താരാഷ്‌ട്ര ദിനാങ്കരേഖ

[16-ാം പേജിലെ ചിത്രം]

ഫ്രിഗേറ്റ്‌ പക്ഷികൾ

[കടപ്പാട്‌]

GaryKramer.net

[17-ാം പേജിലെ ചിത്രം]

വൈറ്റ്‌ റ്റേണുകൾ

[കടപ്പാട്‌]

© Doug Perrine/​SeaPics.com

[17-ാം പേജിലെ ചിത്രം]

ബ്രൗൺ ബൂബീസ്‌

[കടപ്പാട്‌]

Valerie & Ron Taylor/​ardea.com

[18-ാം പേജിലെ ചിത്രം]

പ്രാദേശിക സാക്ഷികളോടൊപ്പം പ്രസംഗ പ്രവർത്തനത്തിൽ

[18-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

GaryKramer.net ▸