വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗോസിപ്പ്‌ അവസാനിപ്പിക്കാൻ എന്താണൊരു വഴി?

ഗോസിപ്പ്‌ അവസാനിപ്പിക്കാൻ എന്താണൊരു വഴി?

യുവജനങ്ങൾ ചോദിക്കുന്നു . . .

ഗോസിപ്പ്‌ അവസാനിപ്പിക്കാൻ എന്താണൊരു വഴി?

“ഒരിക്കൽ ഞാനൊരു പാർട്ടിക്കു പോയി. അവിടെ ഉണ്ടായിരുന്ന ഒരു ആൺകുട്ടിയുമായി ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന കഥയാണ്‌ പിറ്റേന്നു നാടെങ്ങും പരന്നത്‌. അതു പച്ചക്കള്ളമായിരുന്നു!”​—⁠ലിൻഡ. *

“അങ്ങനെയിരിക്കുമ്പോൾ കേൾക്കാം ഒരു നുണക്കഥ. ആരാണെന്നുപോലും എനിക്കറിഞ്ഞുകൂടാത്ത ഒരു പെൺകുട്ടിയുമായി ഞാൻ ഡേറ്റിങ്‌ നടത്തുകയാണെന്ന്‌! ഗോസിപ്പു നടത്തുന്ന പലരും നിജസ്ഥിതി അറിയാൻ മിനക്കെടാറില്ല.”​—⁠മൈക്ക്‌.

സിനിമയെപ്പോലും വെല്ലുന്ന നിറംപിടിപ്പിച്ച കഥകൾ മെനയാൻ ഗോസിപ്പിനു കഴിയും. 19-കാരിയായ ആമ്പറിന്റെ കാര്യമെടുക്കുക. അവൾ പറയുന്നു: “ഞാൻ അതിന്റെ ഒരു സ്ഥിരം ഇരയായിരുന്നു. ഞാൻ ഗർഭിണിയായിട്ടുണ്ടെന്നും പലതവണ ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും മയക്കുമരുന്നുകച്ചവടം നടത്തുകയും അതുപയോഗിക്കുകയും ചെയ്‌തിരുന്നെന്നും . . . അങ്ങനെ എന്തെല്ലാം കിംവദന്തികളാണെന്നോ പ്രചരിച്ചിരുന്നത്‌. എന്തുകൊണ്ടാണ്‌ ആളുകൾ എന്നെക്കുറിച്ച്‌ അങ്ങനെയൊക്കെ പറഞ്ഞുപരത്തിയത്‌? സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാകുന്നില്ല!”

സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള ഗോസിപ്പ്‌

നിങ്ങളുടെ മാതാപിതാക്കളുടെ കൗമാരത്തിൽ അന്നത്തെ ഏറ്റവും പുതിയ ഗോസിപ്പുപോലും ഏറെയും വായ്‌മൊഴിയാലാണു പരന്നിരുന്നത്‌. ഇന്നാകട്ടെ അത്‌ നൂതന സാങ്കേതിക വിദ്യയുമായി കൈകോർക്കുന്നു. ദുരുദ്ദേശ്യമുള്ള ഒരു ആൺകുട്ടിക്കോ പെൺകുട്ടിക്കോ ഒരു വാക്കുപോലും ഉരിയാടാതെ, ഇ-മെയ്‌ലിനെയും ഇൻസ്റ്റന്റ്‌ മെസ്സേജിങ്ങിനെയും കൂട്ടുപിടിച്ച്‌ നിങ്ങളെ കരിവാരിത്തേക്കാനാകും. കിംവദന്തികൾക്കായി കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന അനേകരുടെ മുന്നിൽ അവ എത്തിക്കാൻ കീബോർഡിലൂടെ ഒന്നു വിരലോടിക്കുകയേ വേണ്ടൂ.

ചിലരുടെ അഭിപ്രായത്തിൽ, ടെലിഫോണിനെ പിന്നിലാക്കിക്കൊണ്ട്‌ ഗോസിപ്പു പരത്താൻ പറ്റിയ ഏറ്റവും നല്ല മാധ്യമമായി ഇന്റർനെറ്റ്‌ മാറിയിരിക്കുന്നു. ആരെയെങ്കിലും അധിക്ഷേപിക്കാനും ഇടിച്ചുതാഴ്‌ത്താനും മാത്രമായി ചിലപ്പോൾ ഒരു വെബ്‌ സൈറ്റുതന്നെ നീക്കിവെച്ചിരിക്കും. ബ്ലോഗുകൾ എന്നറിയപ്പെടുന്ന സ്വന്തമായി സൃഷ്ടിക്കാവുന്ന വെബ്‌ സൈറ്റുകളിൽ, നേരിട്ടു പറയാൻ മടിക്കുന്ന കാര്യങ്ങളുടെ ഒരു വേലിയേറ്റംതന്നെ കാണാം. വാസ്‌തവത്തിൽ, ഒരു സർവേയിൽ പങ്കെടുത്ത ചെറുപ്പക്കാരിൽ 58 ശതമാനവും പറഞ്ഞത്‌, ഇന്റർനെറ്റിനെ വേദിയാക്കിക്കൊണ്ട്‌ പലരും തങ്ങളെ കുത്തിനോവിക്കുന്നതരം പ്രസ്‌താവനകൾ നടത്തിയിട്ടുണ്ടെന്നാണ്‌.

എന്നാൽ മറ്റുള്ളവരെക്കുറിച്ചു സംസാരിക്കുന്നത്‌ എല്ലായ്‌പോഴും മോശമാണോ? അതുപോലെതന്നെ . . .

ഹാനികരമല്ലാത്ത ഗോസിപ്പുകൾ ഉണ്ടോ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്‌താവന ശരിയോ തെറ്റോ എന്ന്‌ അടയാളപ്പെടുത്തുക.

എല്ലാ ഗോസിപ്പുകളും ഹാനികരമാണ്‌. ശരി തെറ്റ്‌

ഇതിൽ ഏത്‌ ഉത്തരമാണു ശരി? വാസ്‌തവത്തിൽ, അതിനുള്ള ഉത്തരം ഗോസിപ്പിനെ നിങ്ങൾ എങ്ങനെ നിർവചിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു സാധാരണ കൊച്ചുവർത്തമാനം എന്ന നിലയിലാണ്‌ നിങ്ങൾ അതിനെ വീക്ഷിക്കുന്നതെങ്കിൽ ചില അവസരങ്ങളിൽ അത്‌ ഉചിതമായിരുന്നേക്കാം. “മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്നാണല്ലോ ബൈബിൾ നമ്മോടു പറയുന്നത്‌. (ഫിലിപ്പിയർ 2:⁠4) പരകാര്യത്തിൽ അനാവശ്യമായി തലയിടണം എന്നല്ല ഇതിനർഥം. (1 പത്രൊസ്‌ 4:15) എന്നാൽ, ആരാണു വിവാഹംകഴിക്കാൻ പോകുന്നത്‌, ആർക്കാണു കുട്ടിയുണ്ടായത്‌, ആർക്കാണു സഹായം ആവശ്യമുള്ളത്‌ എന്നിങ്ങനെയുള്ള ഉപകാരപ്രദമായ പല വിവരങ്ങളും പലപ്പോഴും ലഭിക്കുന്നത്‌ അനൗപചാരികമായി നടത്തുന്ന സംഭാഷണങ്ങളിൽനിന്നാണ്‌. ഒരിക്കൽപ്പോലും നമ്മുടെ സംസാരത്തിൽ കടന്നുവന്നിട്ടില്ലാത്ത ഒരാളെക്കുറിച്ചു നമുക്കു കരുതലുണ്ടെന്നു പറയാനാവില്ല.

എന്നിരുന്നാലും കൊച്ചുവർത്തമാനങ്ങൾ ഹാനികരമായ ഗോസിപ്പായി മാറാൻ അധികം സമയമൊന്നും വേണ്ടിവരാറില്ല. ഉദാഹരണത്തിന്‌, “അലക്‌സും ബെറ്റിയും കല്യാണംകഴിച്ചാൽ നല്ല ചേർച്ചയായിരിക്കും” എന്ന നിഷ്‌കളങ്കമായ ഒരു പ്രസ്‌താവന വളച്ചൊടിച്ച്‌ “അവർ പ്രണയത്തിലാണ്‌” എന്നുവരെ പറഞ്ഞുകളഞ്ഞേക്കാം. എന്നാൽ അവരിരുവരും ഈ പ്രേമകഥയെപ്പറ്റി അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല. സമാനമായ ഒരു സാഹചര്യത്തെ നേരിടാത്ത ഒരാൾ ‘ഇതത്ര വലിയ കാര്യമൊന്നുമല്ല’ എന്നു കരുതിയേക്കാം!

എന്നാൽ ഇത്തരമൊരു ഗോസിപ്പിന്റെ മുറിപ്പാടുകൾ ഏറ്റുവാങ്ങിയ ഒരാളാണ്‌ 18 വയസ്സുകാരി ജൂലി. അവൾ പറയുന്നു: “അതെന്നെ എത്രമാത്രം ദേഷ്യം പിടിപ്പിച്ചെന്നോ. ഒരു മനുഷ്യനെയും വിശ്വസിക്കാൻകൊള്ളില്ലെന്നു തോന്നിപ്പോയി.” 19 വയസ്സുകാരി ജെയ്‌ൻ സമാനമായ ഒരു സാഹചര്യത്തെ നേരിട്ടു. “ഞാനുമായി ഡേറ്റിങ്‌ നടത്തുന്നു എന്ന ആരോപണത്തിനു വിധേയനായ കൂട്ടുകാരനെ എനിക്ക്‌ ഒഴിവാക്കേണ്ടിവന്നു. കേവലം സുഹൃത്തുക്കളായ ഞങ്ങളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞുപരത്തിയത്‌ ഒട്ടും ശരിയായില്ല,” അവൾ പറയുന്നു.

ഹാനികരമായ ഗോസിപ്പിന്‌ ദൂരവ്യാപകമായ ദാരുണഫലങ്ങൾ ഉളവാക്കാൻ കഴിയുമെന്നതു സത്യമാണ്‌. എന്നിരുന്നാലും അതിന്‌ ഇരകളാകുന്ന പലരും തങ്ങളും ഗോസിപ്പു നടത്തിയിട്ടുണ്ടെന്നു സമ്മതിക്കും. ഒരാൾ മറ്റാരെയെങ്കിലുംകുറിച്ച്‌ താഴ്‌ത്തിക്കെട്ടി സംസാരിക്കുമ്പോൾ മറ്റുള്ളവർക്കും അതോടൊപ്പം ചേരാൻ പ്രലോഭനം തോന്നിയേക്കാം. എന്താണ്‌ അതിനു കാരണം? 18 വയസ്സുകാരൻ ഫിലിപ്പിന്റെ വാക്കുകൾ ശ്രദ്ധിക്കൂ: “ഇത്‌ ഒരുതരം ഒളിച്ചോട്ടമാണ്‌. ആളുകൾ സ്വന്തം കുഴപ്പങ്ങൾക്കുനേരെ കണ്ണടയ്‌ക്കുകയും മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നു.” നിരുപദ്രവകരമായി തുടങ്ങുന്ന ഒരു സംഭാഷണം ഹാനികരമായ ഗോസിപ്പിലേക്കു ചുവടുമാറുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

ശ്രദ്ധാപൂർവം സംഭാഷണത്തിന്റെ ഗതി നിയന്ത്രിക്കുക!

തിരക്കേറിയ ഒരു ഹൈവേയിലൂടെ വാഹനമോടിക്കാൻ എത്ര സാമർഥ്യം വേണമെന്ന്‌ ഒന്നാലോചിച്ചുനോക്കൂ. തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കും വാഹനം വെട്ടിച്ചുമാറ്റുകയോ വേഗം കുറയ്‌ക്കുകയോ നിറുത്തുകയോ ചെയ്യേണ്ടിവരുക. നല്ല ശ്രദ്ധയും സുരക്ഷാബോധവും ഉണ്ടെങ്കിൽ മുന്നിലുള്ളവ കാണുന്നതിനും അതിനു ചേർച്ചയിൽ പ്രതികരിക്കുന്നതിനും നിങ്ങൾക്കു കഴിയും.

സംഭാഷണത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. ഒരു ചർച്ച ഹാനികരമായ ഗോസിപ്പായി മാറുന്നത്‌ എപ്പോഴാണെന്നു സാധാരണഗതിയിൽ നിങ്ങൾക്കു മനസ്സിലാകും. അങ്ങനെ സംഭവിക്കുമ്പോൾ ബുദ്ധിപൂർവം അതു വഴിതിരിച്ചുവിടാൻ നിങ്ങൾക്കാകുമോ? നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ സംഭാഷണം നാശംവിതയ്‌ക്കുമെന്ന്‌ ഓർക്കുക. മൈക്ക്‌ അനുസ്‌മരിക്കുന്നു: “ഒരിക്കൽ ഒരു പെൺകുട്ടിയെക്കുറിച്ച്‌ ഞാൻ അൽപ്പം കടുത്ത ഒരു പ്രസ്‌താവന നടത്തി. എന്താണെന്നോ? അവൾക്ക്‌ ആൺകുട്ടികളെന്നുവെച്ചാൽ ഭ്രാന്താണെന്ന്‌. അതെങ്ങനെയോ അവളുടെ കാതിലെത്തി. എന്റെ ചിന്താശൂന്യമായ വാക്കുകൾ തന്നെ എത്രമാത്രം മുറിപ്പെടുത്തിയെന്ന്‌ അവളെന്നോടു പറഞ്ഞപ്പോൾ ആ ശബ്ദത്തിൽ നിഴലിച്ച ദുഃഖം എനിക്കൊരിക്കലും മറക്കാനാവില്ല. ആ പ്രശ്‌നം ഞങ്ങൾ പരിഹരിച്ചെങ്കിലും ഒരാളെ ഇത്തരത്തിൽ വേദനിപ്പിച്ചല്ലോ എന്നോർക്കുമ്പോഴെല്ലാം എനിക്കു വല്ലാത്ത വിഷമം തോന്നുന്നു!”

ഗോസിപ്പിലേക്കു വഴിമാറുന്ന ഒരു സംഭാഷണം അവസാനിപ്പിക്കണമെങ്കിൽ ധൈര്യം ആവശ്യമായിരുന്നേക്കാമെന്നതു ശരിതന്നെ. എങ്കിലും 17 വയസ്സുകാരി കാരളിൻ ചൂണ്ടിക്കാണിക്കുന്നതുപോലെ “നിങ്ങൾ എന്തു പറയുന്നു എന്നതിനു ശ്രദ്ധകൊടുക്കേണ്ടതുണ്ട്‌. വിശ്വാസയോഗ്യമായ ഉറവിൽനിന്നു കേട്ട കാര്യമല്ല പറയുന്നതെങ്കിൽ നിങ്ങൾ നുണ പ്രചരിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌.”

ഹാനികരമായ ഗോസിപ്പ്‌ ഒഴിവാക്കാൻ പിൻവരുന്ന തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ പിൻപറ്റുക:

“വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” (സദൃശവാക്യങ്ങൾ 10:19) നിങ്ങൾ എത്രയധികം സംസാരിക്കുന്നുവോ, പിന്നീടു ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും പറഞ്ഞുപോകാനുള്ള സാധ്യത അത്രയധികമാണ്‌. എല്ലാ വസ്‌തുതകളും കണക്കിലെടുക്കുമ്പോൾ, ഒരു വായാടി എന്ന പേരുവീഴുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌ കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുന്ന ഒരു നല്ല ശ്രോതാവായി അറിയപ്പെടുന്നത്‌!

“നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.” (സദൃശവാക്യങ്ങൾ 15:28) സംസാരിക്കുന്നതിനുമുമ്പ്‌ ചിന്തിക്കുക!

“ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെസ്യർ 4:25) എന്തെങ്കിലും ഒരു കാര്യം പറയുന്നതിനുമുമ്പ്‌ അതു സത്യമാണോ എന്ന്‌ ഉറപ്പുവരുത്തുക.

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.” (ലൂക്കൊസ്‌ 6:31) നൂറു ശതമാനം സത്യമായ ഒരു വിവരംപോലും മറ്റാരോടെങ്കിലും പറയുന്നതിനുമുമ്പ്‌ സ്വയം ഇങ്ങനെ ചോദിക്കുക, ‘ആ വ്യക്തിയുടെ സ്ഥാനത്തു ഞാൻ ആണെങ്കിൽ, എന്റെ കാര്യമാണ്‌ ആരെങ്കിലും ഇങ്ങനെ പാട്ടാക്കുന്നതെങ്കിൽ, എനിക്കെന്തു തോന്നും?’

“സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.” (റോമർ 14:19) പരിപുഷ്ടിപ്പെടുത്താൻ സഹായിക്കുന്നില്ലെങ്കിൽ, പരമാർഥമായ ഒരു വിവരംപോലും ദോഷംചെയ്‌തേക്കാം.

“അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം.” (1 തെസ്സലൊനീക്യർ 4:​12) പരകാര്യങ്ങളിൽ വ്യാപൃതരാകരുത്‌. സമയം ചെലവഴിക്കാൻ മറ്റു നല്ല മാർഗങ്ങളുണ്ട്‌.

നിങ്ങൾ ഇരയാകുമ്പോൾ

നാവിനു കടിഞ്ഞാണിടുകയും ഗോസിപ്പിൽനിന്ന്‌ ഒഴിഞ്ഞിരിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണെന്നു നിങ്ങൾ സമ്മതിച്ചേക്കും. നിങ്ങൾ ഗോസിപ്പിന്‌ ഇരയാകുന്നെങ്കിൽ അതിന്റെ ആവശ്യം നിങ്ങൾക്ക്‌ ഒന്നുകൂടി മനസ്സിലായേക്കാം. ദ്രോഹകരമായ ഗോസിപ്പിന്‌ ഇരയായ 16 വയസ്സുള്ള ജോവാൻ പറയുന്നു: “ഇനി ഒരിക്കലും ആരും എന്നോടു കൂട്ടുകൂടില്ല എന്നെനിക്കു തോന്നിപ്പോയി. പല രാത്രികളിലും കരഞ്ഞു തളർന്നാണു ഞാൻ ഉറങ്ങിയത്‌. അതുവരെ ഉണ്ടായിരുന്ന സത്‌പേരെല്ലാം പൊയ്‌പോയി എന്നെനിക്കു തോന്നി!”

കിംവദന്തികൾക്ക്‌ ഇരയാകുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തുചെയ്യാനാകും?

വാക്കുകൾക്കു പിന്നിലെ വികാരം മനസ്സിലാക്കുക. ഗോസിപ്പു നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ചിലർ ഇങ്ങനെ ചെയ്യുന്നത്‌ മറ്റുള്ളവരുടെ മുമ്പാകെ ആളാകാനോ തങ്ങൾക്ക്‌ എല്ലാ കാര്യങ്ങളും അറിയാം എന്നു കാണിക്കാനോ ആണ്‌. “മറ്റുള്ളവരെക്കുറിച്ചു സംസാരിക്കുന്നതിലൂടെ, ഏറ്റവും പുതിയ വിവരങ്ങൾപോലും തങ്ങൾക്ക്‌ അറിയാം എന്ന ധാരണ ആളുകളിൽ ഉളവാക്കാൻ അവർ ആഗ്രഹിക്കുന്നു,” 14 വയസ്സുകാരി ക്യാരന്റെ വാക്കുകളാണിവ. ഒന്നിനും കൊള്ളാത്തവരാണു തങ്ങളെന്ന ചിന്ത ചില ചെറുപ്പക്കാരെ വേട്ടയാടുന്നു. മറ്റുള്ളവരെ താഴ്‌ത്തിമതിക്കുമ്പോൾ തങ്ങൾ മിടുക്കരാണെന്ന തോന്നൽ അവരിൽ ഉളവാകുന്നു. 17 വയസ്സുള്ള റെനേ ഒരു പടികൂടി മുന്നോട്ടു പോകുന്നു: “ബോറടിക്കുമ്പോൾ ആളുകൾ കിംവദന്തികൾക്കു തിരികൊളുത്തി ജീവിതമൊന്ന്‌ ഉഷാറാക്കാൻ ആഗ്രഹിക്കുന്നു.”

വികാരങ്ങളെ നിയന്ത്രിക്കുക. ഹാനികരമായ ഗോസിപ്പിന്‌ ഇരയാകുന്ന ഒരാൾ ജാള്യത്തിനും നീരസത്തിനും അടിപ്പെട്ടുപോകുന്നെങ്കിൽ പിന്നീട്‌ ഓർത്തു ദുഃഖിക്കേണ്ടി വരുംവിധം പ്രതികരിച്ചുപോയേക്കാം. “മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 14:17 പറയുന്നു. അതുകൊണ്ട്‌ ഇത്തരം സാഹചര്യത്തിൽ സാധാരണയിൽക്കവിഞ്ഞ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്‌. പറയുന്നതുപോലെ അത്ര എളുപ്പമല്ലെങ്കിലും അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങളെക്കുറിച്ചു ഗോസിപ്പു നടത്തിയ ആൾ വീണ അതേ കെണിയിൽ വീഴുന്നതു നിങ്ങൾക്ക്‌ ഒഴിവാക്കാം.

യഥാതഥം സാഹചര്യം വിലയിരുത്തുക. ഒരു നിമിഷം ഇങ്ങനെ ചിന്തിക്കുക: ‘ഞാൻ ആ കേട്ടത്‌ വാസ്‌തവത്തിൽ എന്നെക്കുറിച്ചുതന്നെ ആയിരുന്നോ? അത്‌ വെറുമൊരു കേട്ടുകേൾവിയോ കാര്യമായ ഒരു തെറ്റിദ്ധാരണയോ ആണോ? ഞാനൊരു തൊട്ടാവാടിയാണോ?’ ഹാനികരമായ ഗോസിപ്പിന്‌ യാതൊരു ന്യായീകരണവും ഇല്ലെന്നതു സത്യംതന്നെ. എന്നിരുന്നാലും അതിനോട്‌ അതിരുവിട്ടു പ്രതികരിച്ചാൽ യഥാർഥ ഗോസിപ്പിനെക്കാൾ അതിനു നിങ്ങളുടെ വില ഇടിച്ചുകളയാനാകും. റെനേയുടെ വീക്ഷണം ഉണ്ടായിരിക്കാൻ ഒന്നു ശ്രമിക്കരുതോ? അവൾ പറയുന്നു: “ആരെങ്കിലും എന്നെക്കുറിച്ചു മോശമായി സംസാരിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുമെങ്കിലും അവർ പറയുന്നത്‌ വലിയ കാര്യമാക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. കാരണം ഇന്ന്‌ എന്നെക്കുറിച്ചാണെങ്കിൽ നാളെ മറ്റാരെയെങ്കിലുംകുറിച്ച്‌ ആയിരിക്കാം അവർ പറയുന്നത്‌.” *

ഏറ്റവും നല്ല പ്രതിരോധം

ബൈബിളിലെ ഈ വാക്കുകൾ ശ്രദ്ധിക്കൂ: “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ്‌ 3:⁠2) അതുകൊണ്ട്‌ നമ്മെക്കുറിച്ചു പറയുന്ന എല്ലാ കാര്യങ്ങളും ഗൗരവമായെടുക്കുന്നതു ബുദ്ധിയായിരിക്കില്ല. സഭാപ്രസംഗി 7:22 (NW) പറയുന്നു: “പലപ്രാവശ്യം നീയും അന്യരെ ദുഷിച്ചു സംസാരിച്ചിട്ടുള്ള കാര്യം ഹൃദയത്തിൽ നിനക്കറിയാമല്ലോ.”

ഹാനികരമായ ഗോസിപ്പിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം നിങ്ങളുടെ നല്ല പെരുമാറ്റമാണ്‌. ‘ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നു’ എന്ന്‌ യേശു പറഞ്ഞു. (മത്തായി 11:19) അതുകൊണ്ട്‌ സൗഹൃദവും സ്‌നേഹവും കൈവിടാതിരിക്കാൻ ശ്രമിക്കുക. അവ എത്ര പെട്ടെന്നാണു ഗോസിപ്പിനു വിരാമമിടുന്നതെന്നു തിരിച്ചറിയുമ്പോൾ, കുറഞ്ഞപക്ഷം അതിന്റെ ഫലങ്ങൾ സഹിക്കാൻ അവ നിങ്ങളെ സഹായിക്കുന്നതു കാണുമ്പോൾ, നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ മറ്റുള്ളവരെക്കുറിച്ചു ഗോസിപ്പു നടത്തുന്നതു നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാക്കാം?

▪ നിങ്ങളെക്കുറിച്ച്‌ ആരെങ്കിലും ഗോസിപ്പു നടത്തുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 33 ചില സാഹചര്യങ്ങളിൽ, ഗോസിപ്പു നടത്തിയ ആളോടു നയപൂർവം നേരിട്ടു സംസാരിക്കുന്നതായിരിക്കും ബുദ്ധി. എങ്കിലും “സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു” എന്നതിനാൽ പലപ്പോഴും അതു വേണ്ടിവരില്ല.​—⁠1 പത്രൊസ്‌ 4:⁠8.