ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഒരു കുട്ടിയുടെ വിശ്വാസം (2006 ആഗസ്റ്റ്) ആസന്നമായ പുതിയ ലോകത്തിൽ, ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്ന ഡസ്റ്റിനെയും മൺമറഞ്ഞുപോയിരിക്കുന്ന മറ്റു ദശലക്ഷങ്ങളെയും കാണാൻ ഞാൻ കാത്തിരിക്കുകയാണ്.
എ. എ., ശ്രീലങ്ക
ഡസ്റ്റിന്റെ വിശ്വാസവും അപാര ധൈര്യവും എന്നെ ആഴമായി സ്‌പർശിച്ചു. എന്റെ ജീവിതത്തിൽ സത്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നു വിലയിരുത്താനും ഉചിതമായ മുൻഗണനകൾവെക്കാനും ആ അനുഭവം എന്നെ സഹായിച്ചു. യഹോവയുമായുള്ള ബന്ധത്തിനും രാജ്യതാത്‌പര്യങ്ങൾക്കും ആയിരിക്കണം ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകേണ്ടതെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.
എം. സി. വി., ബ്രസീൽ
സത്യത്തോടുള്ള ഡസ്റ്റിന്റെ പ്രചോദനാത്മകമായ വിലമതിപ്പ് ഹൃദയസ്‌പർശിയായിരുന്നു. യഹോവയെ പ്രീതിപ്പെടുത്താനും മറ്റുള്ളവരെ സേവിക്കാനും അവൻ ആഗ്രഹിച്ചിരുന്നതായി അവന്റെ പ്രവൃത്തികൾ പ്രകടമാക്കി. ഡസ്റ്റിനെപ്പോലെ ഞാനും ‘ഓട്ടം തികയ്‌ക്കാനും വിശ്വാസം കാക്കാനും’ ആഗ്രഹിക്കുന്നു!
എം. എൻ., ജപ്പാൻ
എനിക്ക് ഏഴു വയസ്സുണ്ട്. ഈ അനുഭവം പ്രസിദ്ധീകരിച്ചതിനു നന്ദി. വലിയൊരു അസുഖം പിടിപെട്ടിട്ടും യഹോവയിൽ നല്ല വിശ്വാസമുണ്ടായിരുന്ന ഡസ്റ്റിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. ദൈവത്തിനുവേണ്ടി കൂടുതൽ ചെയ്യണമെന്നാണ് ഇപ്പോൾ എന്റെയും ആഗ്രഹം.
റ്റി. ഡി., ഇറ്റലി
സസ്യങ്ങളിലെ വിസ്‌മയിപ്പിക്കുന്ന രൂപസംവിധാനം (2006 സെപ്‌റ്റംബർ) ഒന്നര മണിക്കൂർ നേരം ഞാൻ ഈ ലേഖനത്തിൽ മുഴുകിപ്പോയി! അത് എത്ര വിജ്ഞാനപ്രദമായിരുന്നെന്നോ! അതു നന്നായി മനസ്സിലാക്കാൻ ഞാനും ചില ഡയഗ്രങ്ങൾ വരച്ചുനോക്കി. എന്നിരുന്നാലും 13/21 എന്ന ഭിന്നകം ഒരു വൃത്തത്തിന്റെ സുവർണ കോണിനോടല്ല, മറിച്ച് ശേഷിക്കുന്ന 222.5 ഡിഗ്രിയോടാണു കൂടുതൽ അടുത്തുവരുന്നത് എന്നതു ശ്രദ്ധിക്കുമല്ലോ.
എൽ. കെ., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: ഒരു പരിവൃത്തിയുടെ സുവർണ കോൺ ഏകദേശം 222.5 ഡിഗ്രിയാണെന്നു പല വായനക്കാരും കൃത്യമായിതന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. പിന്നെ എന്തുകൊണ്ടാണ് സുവർണ കോൺ 137.5 ഡിഗ്രിയാണെന്ന് (അതേ കോൺതന്നെ എതിർദിശയിൽ അളക്കുന്നത്) ഞങ്ങൾ ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്? ദ വെബ് റിസോഴ്‌സ് മാത്ത് വേൾഡ് ഇങ്ങനെ പറയുന്നു: “ഒരു മുഴു വൃത്തകോണിനെയും [360 ഡിഗ്രി] ഒരു സുവർണ അനുപാതത്തിൽ വിഭജിക്കുന്ന കോണാണ് സുവർണ കോൺ (എന്നാൽ 180 ഡിഗ്രിയിലും കുറഞ്ഞ അളവു വരത്തക്കവിധം എതിർ ദിശയിലാണ് അത് അളക്കുന്നത്).” എന്തുകൊണ്ടാണ് ഗണിതശാസ്‌ത്രവിദഗ്‌ധരും മറ്റു ശാസ്‌ത്രജ്ഞരും സുവർണ കോണിനെ ഇപ്രകാരം അളക്കുന്നതെന്നു വിശദീകരിച്ചുകൊണ്ട് ബ്രിട്ടീഷ് ഗണിതശാസ്‌ത്രവിദഗ്‌ധനായ ഡോക്ടർ റോൺ നോട്ട് ഇങ്ങനെ പറഞ്ഞു: “താരതമ്യേന ചെറിയ കോൺ ‘കാണാനാണ്’ ഞങ്ങളുടെ പ്രവണത.” അതുകൊണ്ട് ഏകദേശം 13/21 (പകുതിയിൽ കൂടുതൽ) എന്നതാണ് സുവർണ അനുപാതം എങ്കിലും സുവർണ കോൺ സാധാരണമായി 137.5 ഡിഗ്രിയായിട്ടാണ് (പകുതിയിൽ കുറവ്) പരാമർശിക്കാറുള്ളത്.
“വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടവർ” (2006 ഏപ്രിൽ) യഹോവയുടെ സാക്ഷികളിൽ ഒരുവനല്ലെങ്കിലും എനിക്ക് നിങ്ങളുടെ വിശ്വാസത്തിൽപ്പെട്ടവരോട് അങ്ങേയറ്റം ആദരവുണ്ട്. ഗ്രോസ്-റോസൻ, ബൂകെൻവൊൾഡ് എന്നീ തടങ്കൽപ്പാളയങ്ങളിലെ ജീവിതത്തിനിടെ ഞാൻ പല സാക്ഷികളെയും കണ്ടുമുട്ടിയിട്ടുണ്ട്. അനന്യസാധാരണവും അടിയുറച്ചതുമായ മതവിശ്വാസംകൊണ്ടും മാതൃകാപരമായ പെരുമാറ്റംകൊണ്ടും സഹതടവുകാരുടെയെല്ലാം ആദരവും പ്രശംസയും പിടിച്ചുപറ്റാൻ അവർക്കു കഴിഞ്ഞു. എസ്‌എസ് ഗാർഡുകൾക്കുപോലും അവരോടു മതിപ്പുതോന്നി. യഹോവയുടെ സാക്ഷികൾക്ക് എപ്പോഴും എന്റെ വീട്ടിലേക്കു സ്വാഗതമുണ്ട്.
പി. വി., ഐക്യനാടുകൾ