വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ലൊരു ദിനചര്യ പിൻപറ്റുക

നല്ലൊരു ദിനചര്യ പിൻപറ്റുക

5

നല്ലൊരു ദിനചര്യ പിൻപറ്റുക

ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? മുതിർന്നവരുടെ ജീവിതത്തിൽ ദിനചര്യയ്‌ക്കു വലിയ സ്ഥാനമുണ്ട്‌. ജോലി, ആരാധന, എന്തിന്‌ ഉല്ലാസങ്ങൾക്കുപോലും നിയതമായൊരു ക്രമമുണ്ട്‌. സമയം പട്ടികപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനും മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുന്നില്ലെങ്കിൽ അത്‌ അവരുടെ കാര്യക്ഷമതയെ സാരമായി ബാധിക്കും. നേരേമറിച്ച്‌, “നിയമങ്ങളും ചിട്ടകളും ഒരു കുട്ടിക്ക്‌ സുരക്ഷിതത്വബോധം തോന്നാനും ആത്മനിയന്ത്രണവും സ്വാശ്രയത്വവും പഠിക്കാനും ഇടയാക്കുമെന്നു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി” മനശ്ശാസ്‌ത്ര പ്രൊഫസറായ ഡോ. ലോറൻസ്‌ സ്റ്റൈൻബെർഗ്‌ പറയുന്നു.

വെല്ലുവിളി: പ്രാരബ്ധങ്ങൾ നിറഞ്ഞതാണ്‌ ജീവിതം. അനേകം മാതാപിതാക്കൾക്കും ജോലിക്കായി ഒത്തിരി സമയം ചെലവഴിക്കേണ്ടിവരുന്നു. തന്നിമിത്തം കുട്ടികളോടൊത്ത്‌ ക്രമമായി ചെലവഴിക്കാൻ വേണ്ടത്ര സമയം ലഭിച്ചെന്നു വരില്ല. ദിനചര്യയുമായി പൊരുത്തപ്പെട്ടുപോകാൻ ആദ്യമൊക്കെ കുട്ടി വിമുഖത കാണിച്ചേക്കാം. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ പക്ഷത്ത്‌ നല്ല ആത്മശിക്ഷണവും അതു നിലനിറുത്തിക്കൊണ്ടുപോകാൻ തക്ക നിശ്ചയദാർഢ്യവും ആവശ്യമാണ്‌.

പോംവഴി: “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്ന ബൈബിൾ ബുദ്ധിയുപദേശത്തിൽ അന്തർലീനമായിരിക്കുന്ന തത്ത്വം പിൻപറ്റുക. (1 കൊരിന്ത്യർ 14:40) ഉദാഹരണത്തിന്‌, പല മാതാപിതാക്കളും കുട്ടികൾ നന്നേ ചെറുതായിരിക്കുമ്പോൾത്തന്നെ ഉറങ്ങാനായി ഒരു നിശ്ചിത സമയം പട്ടികപ്പെടുത്തുന്നു. എന്നിരുന്നാലും, അത്‌ ആസ്വാദ്യമായിരിക്കണം. ഗ്രീസിൽനിന്നുള്ള റ്റാറ്റ്യാനെ എന്നു പേരായ രണ്ടു പെൺകുട്ടികളുടെ അമ്മ പറയുന്നു: “കുട്ടികൾ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അവരെ തലോടുകയും അവർ സ്‌കൂളിലായിരുന്നപ്പോൾ ഞാൻ എന്തു ചെയ്യുകയായിരുന്നുവെന്നു പറയുകയും ചെയ്യും. തുടർന്ന്‌, അന്നേദിവസം അവർ എന്തൊക്കെ ചെയ്‌തെന്നു ഞാൻ ചോദിക്കും. ആ സമയത്ത്‌ അവർ വളരെ ശാന്തരായിരിക്കും. മിക്കപ്പോഴും മനസ്സുതുറക്കുകയും ചെയ്യും.”

റ്റാറ്റ്യാനെയുടെ ഭർത്താവ്‌ കോസ്റ്റാസ്‌ കുട്ടികളെ കഥ വായിച്ചു കേൾപ്പിക്കും. അദ്ദേഹം പറയുന്നു: “അവർ കഥയെക്കുറിച്ച്‌ അഭിപ്രായം പറയും. തുടർന്ന്‌ കഥ മിക്കപ്പോഴും വ്യക്തിപരമായ ഒരു തലത്തിലേക്കു മാറുന്നു. എന്നാൽ അവരുടെ സങ്കടങ്ങൾ എന്താണെന്നു ഞാൻ വെറുതെ ചോദിച്ചാൽ അവർ ഒരിക്കലും അതു പറയില്ല.” കുട്ടികൾ വളരുന്നതനുസരിച്ച്‌ ഉറങ്ങുന്നതിനുള്ള സമയത്തിലും ആവശ്യമായ ഏറ്റക്കുറച്ചിലുകൾ വരുത്തണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ആ ശീലം നിലനിറുത്തുന്നുവെങ്കിൽ വളർന്നതിനുശേഷവും, നിങ്ങളോട്‌ സംസാരിക്കുന്നതിനായി കുട്ടികൾ ആ സന്ദർഭങ്ങൾ വിനിയോഗിച്ചേക്കാം.

കൂടാതെ, ദിവസം ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ നല്ലതാണ്‌. ഈ ശീലം വളർത്തിയെടുക്കുന്നതിന്‌ ഭക്ഷണം കഴിക്കുന്ന സമയത്തിൽ ചില വിട്ടുവീഴ്‌ചകൾ ചെയ്യേണ്ടതുണ്ടായിരിക്കാം. രണ്ടു പെൺകുട്ടികളുടെ പിതാവായ ചാൾസ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “ചിലപ്പോഴൊക്കെ അൽപ്പം വൈകിയാണ്‌ ഞാൻ ജോലി കഴിഞ്ഞെത്തുന്നത്‌. ഞാൻ വരുന്നതുവരെ അവരെ പിടിച്ചു നിറുത്താൻ എന്റെ ഭാര്യ അവർക്കു ലഘുവായി എന്തെങ്കിലും കൊടുത്തേക്കാം. എല്ലാവരും വന്നിട്ടേ അവൾ ഭക്ഷണം വിളമ്പൂ. ആ ദിവസത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ, ബൈബിൾ വാക്യത്തിന്റെ പുനരവലോകനം, നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യുന്നു. രസകരമായ സംഭവങ്ങൾ പങ്കുവെച്ചു ചിരിക്കുന്നു. ഞങ്ങളുടെ കുടുംബ സന്തുഷ്ടിക്ക്‌ ഈ ദിനചര്യ വഹിക്കുന്ന പങ്ക്‌ നിസ്സാരമല്ല.”

പണത്തിനു പിന്നാലെ പോയാൽ ഇത്‌ ഫലവത്താകില്ല. “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താ”നുള്ള ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുക.​—⁠ഫിലിപ്പിയർ 1:9, 10, NW.

കുട്ടികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ മാതാപിതാക്കൾക്ക്‌ മറ്റെന്തു ചെയ്യാനാകും?

[7-ാം പേജിലെ ആകർഷക വാക്യം]

“സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.” ​—⁠1 കൊരിന്ത്യർ 14:⁠40