ഭവനം ഒരു സ്‌നേഹാലയമാക്കുക
2
ഭവനം ഒരു സ്‌നേഹാലയമാക്കുക
ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കുട്ടികൾക്ക് സ്‌നേഹം കൊടുക്കണം; അതില്ലാതെ അവർ വളരില്ല. നരവംശശാസ്‌ത്രജ്ഞനായ എം. എഫ്. ആഷ്‌ലി മോൺടഗു 1950-കളിൽ ഇപ്രകാരം എഴുതുകയുണ്ടായി: “മനുഷ്യന് ഏറ്റവും ആവശ്യമായ പോഷകം സ്‌നേഹമാണ്. ആരോഗ്യത്തിന്റെ സ്രോതസ്സ് സ്‌നേഹമാണെന്നു വേണമെങ്കിൽ പറയാം, വിശേഷിച്ച് ആറ് വയസ്സുവരെ.” മോൺടഗുവിന്റെ നിഗമനത്തോടുള്ള യോജിപ്പിൽ ആധുനിക ഗവേഷകർ ഇങ്ങനെ പറയുന്നു: “കുട്ടികൾക്ക് ആവശ്യത്തിനു സ്‌നേഹം കിട്ടാത്തത് വിപത്‌കരമായ ഫലമുളവാക്കുന്നു.”
വെല്ലുവിളി: സ്‌നേഹശൂന്യമായ ഈ സ്വാർഥ ലോകത്തെ ജീവിതം കുടുംബബന്ധത്തെ സമ്മർദപൂരിതമാക്കുന്നു. (2 തിമൊഥെയൊസ് 3:1-5) കുട്ടികളെ വളർത്തുന്നതിലെ സാമ്പത്തികവും വൈകാരികവുമായ സമ്മർദങ്ങൾ വൈവാഹിക പ്രശ്‌നങ്ങൾക്ക് ആക്കംകൂട്ടുന്നതായി ഇണകൾ കണ്ടെത്തിയേക്കാം. ഉദാഹരണത്തിന്, കുട്ടികൾക്കു ശിക്ഷണം നൽകുന്നതും അവരുടെ സത്‌പെരുമാറ്റത്തിനു പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുന്നതും സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതകൾ, ആശയവിനിമയം നടത്തുന്നത് ഇപ്പോൾത്തന്നെ ബുദ്ധിമുട്ടായിരിക്കുന്ന രണ്ടുപേർക്കിടയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
പോംവഴി: ദിവസവും കുട്ടികളോടൊപ്പം ആയിരിക്കാൻ സമയം കണ്ടെത്തുക. ദമ്പതികൾ എന്ന നിലയിൽ നിങ്ങൾ ഒരുമിച്ച് സമയം പങ്കിടുന്നതും പ്രധാനമാണ്. (ആമോസ് 3:3) കുട്ടികൾ ഉറങ്ങിയതിനു ശേഷമുള്ള സമയം ജ്ഞാനപൂർവം ഉപയോഗിക്കുക. ഈ നല്ല നിമിഷങ്ങൾ കവർന്നെടുക്കാൻ ടെലിവിഷനെ അനുവദിക്കരുത്. പരസ്‌പരം സ്‌നേഹം തുറന്നു പ്രകടിപ്പിച്ചുകൊണ്ടു ദാമ്പത്യം പ്രണയാർദ്രമാക്കി നിറുത്തുക. (സദൃശവാക്യങ്ങൾ 25:11; ഉത്തമഗീതം 4:7-10) സദാ ‘കുറ്റപ്പെടുത്താതെ’ (ഓശാന ബൈബിൾ) ഇണയെ അഭിനന്ദിക്കുന്നതിന് അനുദിനം അവസരം തേടുക.—സങ്കീർത്തനം 103:9, 10; സദൃശവാക്യങ്ങൾ 31:28.
മക്കളെ സ്‌നേഹിക്കുന്നുവെന്ന് അവരോട് തുറന്നു പറയുക. ഇക്കാര്യത്തിൽ യഹോവയാണ് ഉത്തമ മാതൃക. അവൻ തന്റെ പുത്രനായ യേശുവിനോടുള്ള സ്‌നേഹം തുറന്നു പറഞ്ഞു. (മത്തായി 3:17; 17:5) ഓസ്‌ട്രിയയിൽനിന്നുള്ള ഒരു പിതാവായ ഫ്‌ളെക് പറയുന്നത് ഇതാണ്: “കുട്ടികൾ ഏറെക്കുറെ ചില പുഷ്‌പങ്ങൾ പോലെയാണ്. ചൂടിനും പ്രകാശത്തിനും വേണ്ടി ഈ കൊച്ചുചെടികൾ സൂര്യന് അഭിമുഖമായി നിൽക്കുന്നതുപോലെ സ്‌നേഹത്തിനായും കുടുംബത്തിലെ വേണ്ടപ്പെട്ടവരാണ് തങ്ങളെന്ന ഉറപ്പിനായും കുട്ടികൾ മാതാപിതാക്കളിലേക്കാണു തിരിയുന്നത്.”
നിങ്ങൾ വിവാഹിതരോ ഒറ്റക്കാരോ ആയ മാതാപിതാക്കൾ ആണെങ്കിലും പരസ്‌പരവും ദൈവത്തോടും സ്‌നേഹം നട്ടുവളർത്താൻ കുടുംബാംഗങ്ങളെ സഹായിച്ചാൽ നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടും.
മാതാപിതാക്കളുടെ അധികാരം പ്രയോഗിക്കുന്നതിനെക്കുറിച്ച് ദൈവവചനം എന്തു പറയുന്നു?
[4-ാം പേജിലെ ആകർഷക വാക്യം]
‘സമ്പൂർണതയുടെ ബന്ധമാണ് സ്‌നേഹം.’—കൊലൊസ്സ്യർ 3:14