വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മികച്ച ഉപദേശങ്ങൾ തേടുക

മികച്ച ഉപദേശങ്ങൾ തേടുക

1

മികച്ച ഉപദേശങ്ങൾ തേടുക

ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? തങ്ങളുടെ പിഞ്ചോമനയെ താലോലിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരിക്കാം അലയടിക്കുക. ബ്രെറ്റ്‌ എന്ന ബ്രിട്ടൻകാരനായ ഒരു പിതാവ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷവും ആശ്ചര്യവും തോന്നി. ഒപ്പം, ഭാരിച്ച ഉത്തരവാദിത്വബോധവും അതേൽക്കാൻ ഞാൻ സജ്ജനല്ല എന്ന തോന്നലും.” അർജന്റീനയിൽനിന്നുള്ള ഒരു മാതാവായ മോനീക്കാ പറയുന്നു: “എന്റെ കുഞ്ഞോമനയുടെ ആവശ്യങ്ങൾ നിറവേറ്റാൻ എന്നെക്കൊണ്ടാകുമോ എന്ന പേടിയായിരുന്നു മനസ്സുനിറയെ. ‘അവളെ നല്ല രീതിയിൽ വളർത്തി വലുതാക്കാൻ എനിക്കു സാധിക്കുമോ?’ എന്ന ആശങ്കയും.”

ഈ മാതാപിതാക്കളുടെ സന്തോഷവും ആകുലതകളുമൊക്കെ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടോ? ഒരാൾക്ക്‌ ഏറ്റെടുക്കാവുന്ന പ്രയാസകരമെങ്കിലും സംതൃപ്‌തിദായകവും വെല്ലുവിളി നിറഞ്ഞതെങ്കിലും പ്രതിഫലദായകവുമായ ഒരു ഉദ്യമമാണ്‌ കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്നത്‌. ഒരു പിതാവ്‌ പറഞ്ഞതുപോലെ, “ഒരു കുട്ടിയെ വളർത്താൻ ഒരു അവസരമേ ഉള്ളൂ.” കുട്ടികളുടെ ആരോഗ്യവും സന്തോഷവും വലിയൊരളവുവരെ മാതാപിതാക്കളുടെ കൈകളിലാണ്‌ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ നല്ല അച്ഛനും അമ്മയും ആയിത്തീരാൻ സഹായകമായ മികച്ച ഉപദേശങ്ങൾ എത്ര പ്രധാനമാണെന്നു നിങ്ങൾ തിരിച്ചറിയും.

വെല്ലുവിളി: കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച്‌ ഉപദേശങ്ങൾ ഇല്ലാത്തവരില്ല എന്നുതന്നെ പറയാം. പണ്ടൊക്കെ, അനുഭവപരിചയം കുറഞ്ഞ മാതാപിതാക്കൾ സ്വന്തം അച്ഛനമ്മമാരെയോ മതപരമായ കാഴ്‌ചപ്പാടുകളെയോ ഒക്കെയാണ്‌ ആശ്രയിച്ചിരുന്നത്‌. പക്ഷേ, പല രാജ്യങ്ങളിലും കുടുംബ ബന്ധങ്ങൾ ശിഥിലമാകുകയും മതങ്ങൾക്ക്‌ ആളുകളുടെമേലുള്ള സ്വാധീനം നഷ്ടപ്പെടുകയുമാണ്‌. ഫലമോ? പല മാതാപിതാക്കളും മാർഗനിർദേശങ്ങൾക്കായി വിദഗ്‌ധരിലേക്കു തിരിയുന്നു. അവരിൽനിന്നു ലഭിക്കുന്ന ചില മാർഗനിർദേശങ്ങൾ പിഴവറ്റ തത്ത്വങ്ങളെ ആധാരമാക്കിയുള്ളതാണ്‌. എന്നാൽ മറ്റുള്ളവ പരസ്‌പരവിരുദ്ധമായിരിക്കാം, താമസിയാതെ കാലഹരണപ്പെടുന്നവയും.

പോംവഴി: കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ സകലതും അറിയാവുന്ന വ്യക്തിയിലേക്കു തിരിയുക. അതേ, മനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിലേക്ക്‌. (പ്രവൃത്തികൾ 17:26-28) അവന്റെ വചനമായ ബൈബിളിൽ നല്ല അച്ഛനമ്മമാർ ആയിത്തീരാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തമായ മാർഗനിർദേശങ്ങളും പ്രായോഗികമായ ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. “ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും,” അവൻ ഉറപ്പുതരുന്നു.​—⁠സങ്കീർത്തനം 32:⁠8.

കുട്ടികളെ സന്തോഷമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ സഹായകമായ എന്ത്‌ ഉപദേശങ്ങളാണ്‌ ദൈവം മാതാപിതാക്കൾക്കു നൽകുന്നത്‌?

[3-ാം പേജിലെ ആകർഷക വാക്യം]

“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്‌.”​—⁠സദൃശവാക്യങ്ങൾ 3:5