സംഗീതവും ബൈബിളും എന്റെ ജീവിതവും
സംഗീതവും ബൈബിളും എന്റെ ജീവിതവും
ബൊറീസ് എൻ. ഗുലഷവ്‌സ്‌കി പറഞ്ഞപ്രകാരം
രണ്ടു ഹൃദയാഘാതം കഴിഞ്ഞ, ഏകദേശം 65 വയസ്സുള്ള അന്ധനായ ഒരു മനുഷ്യനെ ഭാവനയിൽ കാണുക. ദൈവത്തെ അറിയാൻ അവസരം ലഭിച്ചതിനെ പ്രതിയുള്ള നന്ദിയിൽ അദ്ദേഹത്തിന്റെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുകയാണ്. ആ മനുഷ്യൻ ആരാണെന്നു ചിന്തിക്കുകയാവും നിങ്ങളിപ്പോൾ. മറ്റാരുമല്ല, ഈ ഞാൻതന്നെ. 11 വർഷം മുമ്പത്തെ ഞാൻ.
യൂക്രെയിനിലെ ചിർകാസി ജില്ലയിലെ റ്റ്‌സിബൂലെവ് ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്, 1930-ൽ. 1937-ൽ സ്റ്റാലിന്റെ വാഴ്‌ചക്കാലത്ത് അരങ്ങേറിയ ഒരു അടിച്ചമർത്തലിന്റെ സമയത്ത് “രാജ്യദ്രോഹി”യെന്നു മുദ്രകുത്തി ഡാഡിയെ ജയിലിലടച്ചു. ഞങ്ങളുടെ അപ്പാർട്ടുമെന്റ് കണ്ടുകെട്ടി. പരിചയക്കാരെല്ലാം കണ്ട ഭാവംപോലും നടിക്കാതെ ഞങ്ങളെ ഒഴിവാക്കാൻ തുടങ്ങി. അധികം വൈകാതെ അവരിൽ പലരും അറസ്റ്റിലായി. ഭയജനകമായിരുന്നു ആ കാലം. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ.
ഡാഡി അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു അനുജത്തി ജനിച്ചു, ല്യേനാ. മമ്മിയും ല്യേനായും ചേട്ടൻ നിക്കൊലൈയും ഞാനുംകൂടി ജനലുകളോ മുറി ചൂടാക്കാനുള്ള സംവിധാനമോ ഇല്ലാത്ത ഒരു കൊച്ചുമുറിയിൽ ആ ശൈത്യകാലം കഴിച്ചുകൂട്ടി. പിന്നീട് ഞങ്ങൾ എന്റെ മുത്തച്ഛന്റെ വീട്ടിലേക്കു മാറി. നിക്കൊലൈയും ഞാനും ചേർന്നാണ് വീടു നോക്കുകയും വിറകു വെട്ടുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്‌തിരുന്നത്. കൈകൊണ്ട് ഓരോന്ന് ഉണ്ടാക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു, ഞാൻ ഷൂസുണ്ടാക്കിയിരുന്നു, മരപ്പണിയും ചെയ്‌തിരുന്നു. സംഗീതം എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. അതിനാൽ പ്ലൈവുഡ് കൊണ്ട് ഞാൻ സ്വന്തമായൊരു ബാലലൈക ഉണ്ടാക്കി അതു വായിക്കാൻ പഠിച്ചു. തുടർന്ന് ഗിറ്റാറും മാൻഡൊളിനും പഠിച്ചു.
ചെറുപ്പത്തിൽ കത്തോലിക്കാ സഭയിൽവെച്ച് മാമോദീസാ മുങ്ങിയിരുന്നെങ്കിലും സഭയുടെ ഉപദേശങ്ങളും രീതികളുമൊന്നും എനിക്കു മനസ്സിലായില്ല. അങ്ങനെ നിരീശ്വരവാദത്തോട് എനിക്കു മമത തോന്നി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഞാൻ കോംസൊമോൾ എന്ന കമ്മ്യൂണിസ്റ്റ് യുവജനസംഘടനയിൽ ചേർന്നു. അവസരം കിട്ടുമ്പോഴൊക്കെ ഞാനും മറ്റുചിലരും ചേർന്ന് ദൈവത്തിൽ
വിശ്വസിക്കുന്നവരോടു തർക്കിക്കുമായിരുന്നു, ദൈവമില്ലെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം.കാഴ്‌ച നഷ്ടമാകുന്നു
1941-ൽ ജർമനി സോവിയറ്റ് യൂണിയൻ ആക്രമിച്ചതിനെത്തുടർന്ന് രണ്ടാം ലോകയുദ്ധകാലത്ത് പല തവണ സൈന്യം ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോയിട്ടുണ്ട്. 1944 മാർച്ച് 16-ന് ഒരു ബോംബു വർഷത്തിനിടെ എനിക്ക് കാഴ്‌ച നഷ്ടപ്പെട്ടു. നിരാശയും വിഷാദവും എന്നെ വേട്ടയാടാൻ തുടങ്ങി; വേദനയുടെ കാര്യം പറയാതിരിക്കുകയാവും ഭേദം.
സൈന്യം പടിഞ്ഞാറോട്ടു നീങ്ങുകയും ജർമൻകാർ പിൻവാങ്ങുകയും ചെയ്‌തപ്പോൾ കിളികളുടെ പാട്ടുകേട്ട് തോട്ടത്തിലൂടെ ഉലാത്തുന്നത് ഞാൻ പതിവാക്കി. എന്റെ അവസ്ഥയിൽ വിഷമം തോന്നി അമ്മ എനിക്ക് മദ്യം തരുമായിരുന്നു; അടുത്തുള്ളവർ എന്നെ പാർട്ടിക്ക് ക്ഷണിക്കും, അവിടെ ഞാൻ സംഗീതോപകരണങ്ങൾ വായിക്കുമായിരുന്നു. ഞാൻ പുകവലിക്കുകയും ദുഃഖം മറക്കാനായി മദ്യപിക്കുകയും ചെയ്‌തു. എന്നാൽ അതൊന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് പെട്ടെന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞു.
അന്ധർക്കായുള്ള സ്‌കൂളുകളെക്കുറിച്ചു മനസ്സിലാക്കിയ അധ്യാപികയായ എന്റെ ആന്റി എന്നെ അത്തരം ഒരു സ്‌കൂളിൽ ചേർക്കാൻ അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചു. 1946-ൽ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങി, ഇന്ന് കാംയനെറ്റ്‌സ് പൊഡിൽസ്‌കി എന്നറിയപ്പെടുന്ന നഗരത്തിൽ. ബ്രെയിൽ വായിക്കാനും ടൈപ്പ് ചെയ്യാനും ഞാൻ പഠിച്ചു. സംഗീതപഠനം പക്ഷേ ഞാൻ ഉപേക്ഷിച്ചില്ല. കോൺസെർറ്റീന എന്ന സംഗീതോപകരണത്തിൽ പ്രാവീണ്യം നേടുന്നതിനായി ഞാൻ മണിക്കൂറുകൾ ചെലവഴിച്ചു. എന്റെ ശ്രമം കണ്ടിട്ട് അസിസ്റ്റന്റ് പ്രിൻസിപ്പൽ അദ്ദേഹത്തിന്റെ അക്കോർഡിയൻ വായിക്കാൻ എന്നെ അനുവദിച്ചു. ഞാൻ പിയാനോയും പഠിച്ചു.
സ്വന്തമായൊരു വീട്
1948-ൽ പഠനകാര്യങ്ങളിൽ എന്നെ സഹായിച്ചിരുന്ന സ്‌കൂളിലെ ഒരു അധ്യാപികയെ ഞാൻ വിവാഹം കഴിച്ചു. രണ്ടു പെൺകുട്ടികളുള്ള അവരുടെ ഭർത്താവ് യുദ്ധത്തിൽ മരിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കിയ ഞാൻ അവരുടെ വീട്ടിലേക്കു താമസം മാറ്റി. നല്ലൊരു ഭർത്താവും പിതാവും ആയിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. സംഗീതംകൊണ്ട് ഉപജീവനത്തിനുള്ള വഴി കണ്ടെത്തി. അങ്ങനെയിരിക്കെ, 1952-ൽ ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു.
സ്വന്തമായൊരു വീടു പണിയാൻ ഞാൻ നിശ്ചയിച്ചു. തറകെട്ടാനും പുറംചുവരുകളുടെ പണിക്കുംവേണ്ടി മറ്റുള്ളവരെ കൂലിക്കു വിളിച്ചെങ്കിലും പല കാര്യങ്ങളും ഞാൻ സ്വന്തമായി ചെയ്‌തു. സ്‌പർശനവും ഭാവനയും ചേർന്ന് കാഴ്‌ചയുടെ കുറവു നികത്തി. ഓരോ മരക്കഷണവും കൈയിലെടുത്ത് ഞാൻ തൊട്ടറിയുമായിരുന്നു. പിന്നെ ഞാനതു മനസ്സിൽ കാണും. തുടർന്ന് അതുകൊണ്ട് മരത്തിന്റെ ഉപകരണങ്ങൾ ഉണ്ടാക്കും, പണിയായുധങ്ങൾ ഉൾപ്പെടെ. സ്റ്റീലുകൊണ്ടുള്ള ഉപകരണങ്ങൾ ഞാൻ ഒരു ഫാക്ടറിയിൽനിന്നു വാങ്ങി. ഒരു ഇഷ്ടികയടുപ്പും ഫർണിച്ചറും ഉണ്ടാക്കിയതുൾപ്പെടെ പല കാര്യങ്ങളും ചെയ്യാൻ എനിക്കായി.
പൈപ്പ്-ഓർക്കസ്‌ട്ര
കൂടുതൽ പരിശീലനം നേടി ഞാൻ ഒരു പ്രൊഫഷണൽ സംഗീതജ്ഞനായി. പല സംഗീതോപകരണങ്ങളിൽ പ്രാവീണ്യം നേടിയശേഷം ഞാൻ പൈപ്പ് (ഒരിനം സുഷിരവാദ്യം) വായിക്കാൻ പഠിച്ചു. ഒരിക്കൽ മുളകൊണ്ടുള്ള ഒരു ചെറിയ പൈപ്പ് ഞാൻ കേടുപോക്കി. ക്രമേണ അത് സ്വന്തമായി ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ബാസുള്ള ശബ്ദം പുറപ്പെടുവിക്കുന്ന പൈപ്പുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് വിദഗ്‌ധർ സ്വപ്‌നത്തിൽപ്പോലും കരുതിയില്ല; കാരണം വലിയ പൈപ്പിൽനിന്നു പുറപ്പെടുന്ന ശബ്ദം വളരെ മൃദുവായിരിക്കും. അതുകൊണ്ടുതന്നെ അന്നൊന്നും പൈപ്പ്-ഓർക്കസ്‌ട്രകൾ ഉണ്ടായിരുന്നില്ല.
എങ്കിലും ശബ്ദത്തിന്റെ തീവ്രത കൂട്ടുന്ന പ്രത്യേക സംവിധാനം സഹിതം ഒരു പൈപ്പുണ്ടാക്കാൻ എനിക്കു സാധിച്ചു. ശബ്ദം നഷ്ടപ്പെടാതെതന്നെ താഴ്‌ന്ന ബാസുള്ള
പൈപ്പുകൾ ഉണ്ടാക്കാനാകുമെന്നായിരുന്നു അതിന്റെ അർഥം. പിന്നെപ്പിന്നെ വ്യത്യസ്‌ത ശ്രുതിയിലുള്ള ശബ്ദം പുറപ്പെടുവിക്കാനാകുന്ന പലതരം പൈപ്പുകൾ ഞാൻ ഉണ്ടാക്കാൻ തുടങ്ങി.മുമ്പൊക്കെ പാരമ്പര്യത്തിന്റെ ഗന്ധമുള്ള സംഗീതോപകരങ്ങളുടെ ഓർക്കസ്‌ട്രകൾ സംഘടിപ്പിച്ചിരുന്നു ഞാൻ. അന്ധരായ സംഗീതജ്ഞർ മാത്രമുള്ളതായിരുന്നു അതിലൊന്ന്. 1960-ൽ പൈപ്പുകൾ മാത്രം ശ്രുതിമീട്ടുന്ന ഒരു ഓർക്കസ്‌ട്രയ്‌ക്കു ഞാൻ രൂപംനൽകി—സോവിയറ്റ് യൂണിയനിൽ അത്തരത്തിലുള്ള ഒരേയൊരു ഓർക്കസ്‌ട്രയായിരുന്നു അത്, ഒരുപക്ഷേ ലോകത്തിൽത്തന്നെ.
കണ്ടുപിടിത്തങ്ങളും സംശയങ്ങളും
1960-ലായിരുന്നു അത്. എന്റെ ചില സംഗീതോപകരണങ്ങൾ റിപ്പയർ ചെയ്‌ത ഒരാൾ എന്നോടു മതത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. പതിവുപോലെ ദൈവമില്ലെന്നു പറഞ്ഞുകൊണ്ട് ഞാൻ തർക്കിച്ചു. ബൈബിളിൽനിന്നു താൻ വായിക്കുന്ന ഭാഗം ഒന്നു ശ്രദ്ധിക്കാമോയെന്ന് ആ വ്യക്തി എന്നോടു ചോദിച്ചു. ഞാനൊരിക്കലും ബൈബിൾ വായിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് ശ്രദ്ധിക്കാൻ ഞാൻ തീരുമാനിച്ചു.
കുടുംബത്തിനുവേണ്ടി കഠിനാധ്വാനംചെയ്‌ത യാക്കോബിനെക്കുറിച്ചുള്ള വിവരണം എന്നെ വല്ലാതെ സ്‌പർശിച്ചു. യോസേഫിനെ അവന്റെ ചേട്ടന്മാർ അടിമയാക്കി വിറ്റതും അവനനുഭവിച്ച പ്രശ്‌നങ്ങളും പിന്നീട് അവൻ ചേട്ടന്മാരോട് ക്ഷമിച്ചതുമൊക്കെ വായിച്ചുകേട്ടപ്പോൾ എനിക്ക് കണ്ണീരടക്കാനായില്ല. (ഉല്‌പത്തി 37, 39-45 അധ്യായങ്ങൾ) മറ്റുള്ളവരിൽനിന്ന് നാം പ്രതീക്ഷിക്കുന്നതുപോലെ അവരോടു പെരുമാറുന്നതിനെ സംബന്ധിച്ച സുവർണനിയമം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. (മത്തായി 7:12) അങ്ങനെ ഞാൻ ബൈബിൾ മനസ്സിലാക്കാൻ തുടങ്ങി, അത് ഇഷ്ടപ്പെടാനും.
സംഗീതോപകരണങ്ങൾ നന്നാക്കിയ ആ സുഹൃത്തിനോടൊപ്പം ഞാൻ ബാപ്‌റ്റിസ്റ്റ് സഭയുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. അവർ എനിക്ക് ബ്രയിലിലുള്ള “പുതിയ നിയമം” തന്നു. ഞാൻ ശ്രദ്ധാപൂർവം അതു വായിക്കാൻ തുടങ്ങി. പക്ഷേ ബൈബിൾ പറയുന്നതും സഭ പഠിപ്പിക്കുന്നതും തമ്മിൽ പൊരുത്തക്കേടുള്ള കാര്യം ഞാൻ ശ്രദ്ധിച്ചു. ഉദാഹരണത്തിന്, ദൈവവും യേശുവും രണ്ടു വ്യക്തികളാണെന്നും ദൈവം യേശുവിനെക്കാൾ വലിയവനാണെന്നും ബൈബിൾ പറയുന്നു. (മത്തായി 3:16, 17; യോഹന്നാൻ 14:28; പ്രവൃത്തികൾ 2:32) എന്നാൽ ദൈവവും യേശുവും തുല്യരാണെന്നും ത്രിത്വത്തിന്റെ ഭാഗമാണെന്നും ബാപ്‌റ്റിസ്റ്റുകാർ ഉറപ്പിച്ചുപറയുന്നു. എന്റെ “പുതിയ നിയമം” ബൈബിൾ ഞാൻ പലതവണ വായിച്ചു, ഓരോ വാക്കുകളും തൊട്ടറിഞ്ഞുകൊണ്ടുതന്നെ. ഈ ഉപദേശം ബൈബിളിൽ ഇല്ലെന്ന് എനിക്ക് ഉറപ്പായി.
ഞങ്ങളുടെ ബൈബിളിൽ “നരകം” എന്ന വാക്ക് ഉണ്ടായിരുന്നു. ബാപ്‌റ്റിസ്റ്റുകൾ പഠിപ്പിച്ചിരുന്ന നരകം ഭാവനയിൽ കാണാൻ ഞാൻ ശ്രമിച്ചു—നിത്യം തീയെരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ഥലം. എനിക്ക് എന്തെന്നില്ലാത്ത പേടി തോന്നി! ദൈവം സ്‌നേഹമാണെന്ന് ബൈബിൾ പറയുന്നു, അതുകൊണ്ടുതന്നെ ദൈവം അത്തരത്തിലൊരു സ്ഥലം സൃഷ്ടിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻപോലും കഴിഞ്ഞില്ല. (1 യോഹന്നാൻ 4:8) കാലം കടന്നുപോയതോടെ നരകത്തെയും മറ്റു ബാപ്‌റ്റിസ്റ്റ് ഉപദേശങ്ങളെയും കുറിച്ചുള്ള എന്റെ സംശയങ്ങൾ ഏറിവന്നു.
മാറ്റങ്ങളിലൂടെ
1968 ആയപ്പോഴേക്കും എന്റെ വളർത്തുപുത്രിമാർക്ക് കുട്ടികൾ ജനിച്ചിരുന്നു. ഏതാണ്ട് ആ സമയത്തുതന്നെ എനിക്കും ഭാര്യക്കും ഇടയിൽ ഗുരുതരമായ അസ്വാരസ്യങ്ങൾ തലപൊക്കാൻ തുടങ്ങി. ആ നാളുകളിലേക്കു പിന്തിരിഞ്ഞുനോക്കവേ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വേണ്ടത്ര സ്‌നേഹവും ക്ഷമയും കാണിച്ചില്ല എന്നതിൽ എനിക്കു വിഷമമുണ്ട്. ഞങ്ങൾ ബന്ധം വേർപെടുത്തി. അതേത്തുടർന്നുള്ള എന്റെ രണ്ടു വിവാഹങ്ങളും വിവാഹമോചനത്തിൽത്തന്നെയാണു ചെന്നെത്തിയത്.
1981-ൽ ഞാൻ കാംയനെറ്റ്‌സ് പൊഡിൽസ്‌കിയിൽനിന്ന് മോസ്‌കോയ്‌ക്ക് 600 കിലോമീറ്റർ കിഴക്കുള്ള യൊഷ്‌കാർ-ഓലാ എന്ന പട്ടണത്തിലേക്കു മാറി. 35 വർഷം ഞാൻ കാംയനെറ്റ്‌സ് പൊഡിൽസ്‌കിയിൽ ഉണ്ടായിരുന്നു. അവിടെയും സർഗാത്മകത ഞാൻ വിട്ടുകളഞ്ഞില്ല. എന്റെ ഒരു പൈപ്പ്-ഓർക്കസ്‌ട്രയിൽ 45 പേരുണ്ടായിരുന്നു. ഉച്ചസ്ഥായിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന 20 സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വ്യാസവുമുള്ളതു മുതൽ 3 മീറ്റർ നീളവും 20 സെന്റിമീറ്റർ വ്യാസവുമുള്ള ഡബ്‌ൾ-ബാസ് പുറപ്പെടുവിക്കുന്നതുവരെയുള്ള പൈപ്പുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രാജ്യമെമ്പാടും ഞങ്ങൾ പരിപാടികൾ അവതരിപ്പിച്ചു. റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും അവ സംപ്രേഷണം ചെയ്യുമായിരുന്നു.
1986-ൽ, സോവിയറ്റ് യൂണിയന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സംഗീത ഗ്രൂപ്പുകൾ പങ്കെടുത്ത ഒരു മത്സരത്തിൽ പൈപ്പ് വായനയിൽ വൈദഗ്‌ധ്യം നേടിയതിന്റെ പേരിൽ എനിക്കൊരു സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു. വർഷങ്ങൾക്കുശേഷം സോളോ ഫോർ പൈപ്പ് അഥവാ ദ ഫെയ്‌റി റ്റെയിൽ ഓഫ് എ മ്യുസിഷ്യൻ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങി. മാറീസ്‌കായാ പ്രാവ്‌ഡ എന്ന വർത്തമാനപത്രം പിൻവരുംവിധം റിപ്പോർട്ടുചെയ്‌തു: “സ്വന്തമായി ഒരു പൈപ്പ്-ഓർക്കസ്‌ട്രയ്‌ക്കു രൂപം കൊടുത്തതിന് ഈ ചലച്ചിത്രത്തിലെ ബൊറീസ് എൻ. ഗുലഷവ്‌സ്‌കി എന്ന കഥാപാത്രം ഒരു പ്രത്യേക സർട്ടിഫിക്കറ്റിന് അർഹനായി. റഷ്യയിൽ അത്തരത്തിലുള്ള ഒരേയൊരു ഓർക്കസ്‌ട്രയാണിത്.”
സത്യം തേടി . . .
യൊഷ്‌കാർ-ഓലായിലേക്കു മാറിയപ്പോൾ ഞാൻ ലൈബ്രറിയിൽ അംഗത്വം നേടി. അന്ധർക്കായി ധാരാളം പുസ്‌തകങ്ങൾ ഉണ്ടായിരുന്നു അവിടെ. കത്തോലിക്കരുടെയും പെന്തക്കൊസ്‌തുകാരുടെയും മെഥഡിസ്റ്റുകാരുടെയും ഉപദേശങ്ങൾ ഞാൻ മനസ്സിലാക്കി. ഓർത്തഡോക്‌സ് സഭയുടെ യോഗങ്ങളിലും ഞാൻ സംബന്ധിക്കുകയുണ്ടായി. പക്ഷേ അവരുടെ ഉപദേശങ്ങൾ
കേട്ടപ്പോൾ എനിക്ക് അതിശയംതോന്നി. കാരണം ബാപ്‌റ്റിസ്റ്റ് സഭയിൽ ഞാൻ കേട്ട അതേ ഉപദേശങ്ങൾ! അത് ബൈബിളുമായി യോജിപ്പിലല്ലെന്ന് ഞാൻ നേരത്തേ മനസ്സിലാക്കിയിരുന്നു.ഓർത്തഡോക്‌സ് പുരോഹിതനായ അലിക്‌സാണ്ടർ മേൻ ദൈവത്തിന് വ്യക്തിപരമായ ഒരു പേരുണ്ടെന്നും അത് യാഹ്‌വേ എന്നാണെന്നും എഴുതുകയുണ്ടായി. യഹൂദന്മാർ ഒരുകാലത്ത് സത്യാരാധന നടത്തിയിരുന്നെന്നും പിന്നീട് വ്യാജമത ഉപദേശങ്ങളും വിഗ്രഹാരാധനയും അതിനെ ദുഷിപ്പിക്കുകയായിരുന്നെന്നും കൂടെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു; സത്യം അന്വേഷിക്കാനുള്ള എന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തുകയും ചെയ്‌തു.
കൂടുതൽ നിശ്ചയദാർഢ്യത്തോടെ
എന്റെ ഒരു ഓർക്കസ്‌ട്രയിൽ ലീസ എന്നുപേരായ ഒരു സംഗീതജ്ഞ ഉണ്ടായിരുന്നു. കാഴ്‌ച തീരെ കുറവായിരുന്നതിനാൽ നിയമത്തിന്റെ കണ്ണിൽ അന്ധയായിരുന്നു അവൾ. 1990-ൽ ഞങ്ങൾ വിവാഹിതരായി; അവളും ആധ്യാത്മിക കാര്യങ്ങളിൽ താത്‌പര്യം കാണിക്കാൻ തുടങ്ങി. ആ വർഷംതന്നെ ബീലറൂസിലെ ബറാണൊവീച്ചിയിൽ എന്റെ സഹോദരി ല്യേനായോടൊപ്പം കഴിഞ്ഞിരുന്ന മമ്മിയെ കാണാൻ ഞാൻ അങ്ങോട്ടു പോയി. മമ്മി ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ കത്തോലിക്കപ്പള്ളിയിൽ പോയി; അവിടെ കുർബാന കൈക്കൊള്ളുകയും ചെയ്‌തു. സോവിയറ്റ് യൂണിയനിൽ പെരെസ്‌ട്രോയിക്ക നിലവിരുന്ന കാലത്തായിരുന്നു ഇത്. രാഷ്‌ട്രീയത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു പുരോഹിതന്റെ മിക്ക പ്രസംഗങ്ങളും. ഞാൻ തേടിയിരുന്ന സത്യം അതല്ലെന്ന് ഒരിക്കൽക്കൂടി എനിക്കു ബോധ്യമാകുകയായിരുന്നു.
1994-ൽ രണ്ടു തവണ എനിക്ക് ഹൃദയസ്‌തംഭനം ഉണ്ടായി. ആ വർഷംതന്നെയാണ് മമ്മി മരിച്ചത്. എന്തൊക്കെയായാലും ഞാൻ ബൈബിൾ വായിക്കുന്നതു നിറുത്തിയില്ല. അതിനോടകം 25 തവണ ഞാൻ “പുതിയ നിയമം” വായിച്ചു. പിന്നെപ്പിന്നെ എത്ര തവണ വായിക്കുന്നുണ്ടെന്ന് ഞാൻ എണ്ണാതായി. പക്ഷേ ഞാൻ വായിച്ചുകൊണ്ടേയിരുന്നു; വായിക്കുന്തോറും എനിക്ക് സംശയങ്ങളുണ്ടായി. ബൈബിളിലെ സത്യങ്ങൾ സ്വന്തമായി മനസ്സിലാക്കാനാകില്ലെന്ന് എനിക്ക് ഉറപ്പായി.
അറിവിന്റെ വെളിച്ചത്തിലേക്ക്
1996-ലെ ഒരു ദിവസം യൊഷ്‌കാർ-ഓലായിലെ ഞങ്ങളുടെ വീടിന്റെ വാതിലിൽ ഒരു മുട്ടുകേട്ടു. യഹോവയുടെ സാക്ഷികളായിരുന്നു അത്. അവർ അപകടകാരികളാണെന്ന് പത്രങ്ങളിൽ അച്ചടിച്ചുവന്നിരുന്നു; അതുകൊണ്ടുതന്നെ ഞാൻ അവരെ സംശയദൃഷ്ടിയോടെയാണു കണ്ടത്. പക്ഷേ ‘ഇവരെന്നെ എന്തു ചെയ്യാനാ?’ എന്നു പിന്നെ ഞാൻ ചിന്തിച്ചു. ത്രിത്വത്തെക്കുറിച്ച് അവർ എന്തു വിശ്വസിക്കുന്നു എന്നാണ് ഞാനാദ്യം ചോദിച്ചത്. ആ വാക്കോ അങ്ങനെയൊരു ആശയമോ ബൈബിളിൽ ഇല്ലെന്നായിരുന്നു മറുപടി. എനിക്ക് സന്തോഷം തോന്നി, കാരണം ഞാനും ആ നിഗമനത്തിലാണ് എത്തിച്ചേർന്നിരുന്നത്.
റഷ്യൻ സിനൊഡൽ ബൈബിളിൽ പുറപ്പാടു 6:3-ൽ യഹോവ എന്ന ദൈവനാമം വായിച്ചപ്പോൾ ഒരു നിമിഷത്തേക്കു ഹൃദയമിടിപ്പു നിലച്ചതുപോലെ തോന്നി എനിക്ക്. ഈ പേര് ആളുകളിൽനിന്ന് മറച്ചുവെച്ചുകൊണ്ട് മതങ്ങൾ കാണിക്കുന്ന കാപട്യം എന്നെ അത്ഭുതപ്പെടുത്തി. സാക്ഷികൾ സ്രഷ്ടാവിന്റെ നാമം വഹിക്കുകയും അത് മറ്റുള്ളവർക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നതിൽ എനിക്കു മതിപ്പുതോന്നി!—യെശയ്യാവു 43:10.
ഞാൻ ചോദ്യങ്ങൾകൊണ്ട് സാക്ഷികളെ വീർപ്പുമുട്ടിച്ചു. “ബൈബിളിൽ നരകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? പ്രചാരംസിദ്ധിച്ച റഷ്യൻ സിനൊഡൽ ബൈബിളിൽ ഭൂമി തീയ്‌ക്കിരയാകും എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?” അങ്ങനെപോയി എന്റെ ചോദ്യങ്ങൾ. പക്ഷേ ഓരോന്നിനും ബൈബിളിൽനിന്ന് ഉത്തരം കിട്ടിയപ്പോൾ ഒന്നെനിക്കു ബോധ്യമായി—വർഷങ്ങളായി ഞാൻ തേടിനടന്ന, സ്വപ്‌നംകണ്ട, മതം ഞാൻ കണ്ടെത്തിയെന്ന്. സന്തോഷം കണ്ണീരായി കവിൾത്തടങ്ങളിലൂടെ ഒഴുകിയിറങ്ങിയപ്പോൾ മുട്ടിന്മേൽനിന്നുകൊണ്ട് ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു.
ഒട്ടും താമസിയാതെ സാക്ഷികൾ എന്നെ അവരുടെ യോഗങ്ങൾക്ക് കൊണ്ടുപോകാൻ തുടങ്ങി. സദസ്സിന്റെ ശ്രദ്ധയും അവർ ബൈബിൾ മറിക്കുന്ന ശബ്ദവും എന്നെ ശരിക്കും സ്‌പർശിച്ചു. പ്രസംഗകൻ ബൈബിൾ വാക്യം പരാമർശിച്ചപ്പോൾ സദസ്സിലുള്ളവർ അവരുടെ സ്വന്തം ബൈബിളിൽ അതു നോക്കുന്നുണ്ടായിരുന്നു. അത്തരത്തിലൊന്ന് മുമ്പ് കണ്ടിട്ടില്ലായിരുന്നു ഞാൻ. ആ യോഗത്തിൽ യെശയ്യാവു 35:5-നെ ആസ്‌പദമാക്കി സാക്ഷികൾ ഒരു പാട്ടുപാടി. “അന്ധന്മാർ വീണ്ടും കാണുമ്പോൾ” എന്നായിരുന്നു തുടക്കം.
ഞാൻ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി—ആഴ്‌ചയിൽ നാലുദിവസം. പഠനം ഞാൻ നന്നായി ആസ്വദിച്ചു. താമസിയാതെ, ദൈവം പ്രശ്‌നങ്ങളും യുദ്ധങ്ങളും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും അതിന്റെയൊക്കെ അനന്തരഫലങ്ങളോടുള്ള ബന്ധത്തിൽ എന്തു നടപടിയെടുക്കുമെന്നും ഞാൻ പഠിച്ചു. തന്റെ രാജ്യം സംബന്ധിച്ച ദൈവത്തിന്റെ സ്‌നേഹപൂർണമായ വാഗ്‌ദാനവും അനുസരണമുള്ള മനുഷ്യർ ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കുമെന്ന ദൈവേഷ്ടം ആ രാജ്യം മുഖേന സഫലമാകും എന്നതും എന്നെ പ്രത്യേകാൽ ആകർഷിച്ചു. (ഉല്‌പത്തി 1:28; യെശയ്യാവു 65:17-25; വെളിപ്പാടു 21:1-5) ബൈബിളിലെ സത്യങ്ങൾ എനിക്ക് ഏറെ വ്യക്തമായിത്തീർന്നു; അങ്ങനെ 1997 നവംബർ 16-ന് എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചുവെന്നതിന്റെ തെളിവായി ഞാൻ സ്‌നാപനമേറ്റു.
ദൈവസേവനത്തിൽ ഒരുമിച്ച്
ഞാൻ സ്‌നാപനമേറ്റ് അധികം വൈകാതെ ലീസയും ബൈബിൾ പഠിക്കാൻ തുടങ്ങി. തളർവാതത്തിന്റെ പിടിയിലായിരുന്നെങ്കിലും അവൾ പെട്ടെന്ന് ആത്മീയ പുരോഗതി വരുത്തി. 1998-ൽ സ്‌നാപനമേറ്റു. സ്‌നാപനക്കുളത്തിലേക്ക് അവളെ എടുത്താണു കൊണ്ടുപോയത്; പക്ഷേ മുഴുമനസ്സാ ദൈവത്തെ സേവിക്കാനുള്ള നിശ്ചയദാർഢ്യമുണ്ടായിരുന്നു അവൾക്ക്. കുറച്ചുകാലത്തെ തിരുമ്മുചികിത്സയ്‌ക്കും വ്യായാമത്തിനും ശേഷം തളർവാതം ‘പമ്പകടന്നു.’ ഇപ്പോൾ അവൾ എല്ലാ യോഗങ്ങൾക്കും സംബന്ധിക്കുന്നുണ്ടെന്നു മാത്രമല്ല വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നുമുണ്ട്; എന്തിന്, പ്രസംഗ പ്രവർത്തനത്തിനായി വിദൂരസ്ഥലങ്ങളിലേക്കുപോലും യാത്രചെയ്യാറുണ്ട് അവൾ.
പ്രസംഗിക്കുന്നതിനായി പുറത്തു പോകുമ്പോഴെല്ലാം ഞാൻ ധൈര്യത്തിനായി പ്രാർഥിക്കും. പ്രാർഥിച്ചതിനുശേഷം ഞാനെന്റെ ഊന്നുവടി കൈയിലെടുത്ത് വീട്ടിൽനിന്ന് ഇറങ്ങും. എന്നിട്ട് എനിക്കറിയാവുന്ന ഒരു വഴിയിലൂടെ ബസ്റ്റോപ്പിലേക്കു നടക്കും. ആരെങ്കിലും അടുത്തേക്കുവരുന്ന ശബ്ദം കേട്ടാൽ ഞാനവരോടു ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങും. ബസ്സിൽ കയറിയാൽ ഏതാണ്ട് നടുവിലായി ഞാനിരിക്കും. എന്നിട്ട് ആളുകളോടു ബൈബിളിനെക്കുറിച്ചു സംസാരിക്കുകയും പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ചെയ്യും. ആരെങ്കിലും താത്‌പര്യം കാണിച്ചാൽ ടെലിഫോൺ നമ്പർ കൈമാറും.
കുറച്ചുനാൾ മുമ്പ് ഒരു ആരോഗ്യകേന്ദ്രത്തിൽവെച്ച് എനിക്ക് ഒരു സംഗീതാധ്യാപകനോടു സംസാരിക്കാനുള്ള അവസരമുണ്ടായി. ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അതേ ആരോഗ്യകേന്ദ്രത്തിൽവെച്ച് സ്ഥലത്തെ ഒരു ഫാക്ടറിയുടെ ഡയറക്ടറെ ഞാൻ കണ്ടുമുട്ടി; കണ്ണുകാണാത്ത ഒരു മകനുണ്ടായിരുന്നു അദ്ദേഹത്തിന്. എന്റെ പ്രത്യാശയെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിനു താത്‌പര്യമായി; കേട്ട ബൈബിൾ സത്യങ്ങളോട് അദ്ദേഹത്തിന് വിലമതിപ്പു തോന്നി.
സ്‌നാപനമേറ്റതുമുതൽ രാജ്യഘോഷകരായിത്തീരാൻ എട്ടു പേരെ ഞാൻ സഹായിച്ചിട്ടുണ്ട്; മറ്റനേകർക്ക് ബൈബിളധ്യയനം നടത്തിയിട്ടുമുണ്ട്. യഹോവ ഇന്നും ക്രിസ്‌തീയ സഹോദരീസഹോദരന്മാർ മുഖേന എന്നെയും ഭാര്യയെയും പിന്തുണച്ചുകൊണ്ടാണിരിക്കുന്നത്. അവർ ഞങ്ങളെ വായിച്ചു കേൾപ്പിക്കും, ഞങ്ങളൊരുമിച്ച് ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ചർച്ച ചെയ്യും. ഞങ്ങൾക്കുവേണ്ടി അവർ കൺവെൻഷനിലെയും സഭായോഗങ്ങളിലെയും പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യാറുമുണ്ട്. ബൈബിൾ സത്യം മനസ്സിൽ പതിയാനും അതു മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും ഇതൊക്കെ ഞങ്ങളെ സഹായിച്ചിരിക്കുന്നു. അങ്ങനെ സഭ ഞങ്ങൾക്കൊരു “ആശ്വാസ”മായിത്തീർന്നിരിക്കുന്നു.—കൊലൊസ്സ്യർ 4:11.
സംഗീതത്തിനുവേണ്ടി അനേകം വർഷങ്ങൾ ഉഴിഞ്ഞുവെച്ച ഞാൻ ഇന്നിപ്പോൾ സന്തോഷത്തോടെ രാജ്യഗീതങ്ങൾ പാടുന്നു. യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക എന്ന റഷ്യൻ പാട്ടുപുസ്‌തകത്തിലെ എല്ലാ പാട്ടുകളും എനിക്ക് മനപ്പാഠമാണ്. ഈ ദുഷ്ടലോകത്ത് എന്നെ കണ്ടെത്തിയ യഹോവ ആത്മീയ അന്ധകാരത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി എനിക്കു കാണിച്ചുതരികയായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഒരുനാൾ എന്റെ അന്ധതയിൽനിന്ന് ദൈവമെന്നെ വിടുവിക്കുമെന്ന് എനിക്കുറപ്പുണ്ട്.
[19-ാം പേജിലെ ചിത്രം]
സി-മേജർ ബാസ്-പൈപ്പ് വായിക്കുന്നു
[20-ാം പേജിലെ ചിത്രം]
അക്കോർഡിയൻ വായിക്കുന്നു, 1960
[20, 21 പേജുകളിലെ ചിത്രം]
ഒരു പൈപ്പ്-ഓർക്കസ്‌ട്ര
[23-ാം പേജിലെ ചിത്രം]
ലീസയോടൊപ്പം ഇന്ന്