വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുക

സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുക

7

സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുക

ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? പ്രവൃത്തി നല്ലൊരു ഗുരുവാണ്‌. വാക്കുകൾക്കു കേവലം വിവരങ്ങൾ പകർന്നുകൊടുക്കാനേ കഴിയൂ. ഉദാഹരണത്തിന്‌, ആദരവ്‌ ഉള്ളവരായിരിക്കാനും സത്യം സംസാരിക്കാനും മാതാപിതാക്കൾ കുട്ടികളോട്‌ പറഞ്ഞേക്കാം. എന്നാൽ ഇതേ മാതാപിതാക്കൾ പരസ്‌പരമോ കുട്ടികളോടോ ആക്രോശിക്കുകയും താത്‌പര്യമില്ലാത്ത ഉത്തരവാദിത്വങ്ങൾ ഒഴിവാക്കാനായി നുണ പറയുകയോ ചെയ്യുന്നെങ്കിൽ, മുതിർന്നവർ ഇങ്ങനെയാണ്‌ പെരുമാറേണ്ടത്‌ എന്നായിരിക്കും അവർ കുട്ടികളെ പഠിപ്പിക്കുക. “കുട്ടികൾ കാര്യങ്ങൾ പഠിക്കുന്ന അതിശക്തമായ വിധങ്ങളിലൊന്നാണ്‌” മാതാപിതാക്കളെ പകർത്തുന്നത്‌ എന്ന്‌ ഗ്രന്ഥകാരനായ ഡോ. സാൽ സെവീർ പറയുന്നു.

വെല്ലുവിളി: മാതാപിതാക്കൾ അപൂർണരാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) സംസാരത്തിൽ നിയന്ത്രണം പാലിക്കേണ്ടതിനെക്കുറിച്ച്‌ ശിഷ്യനായ യാക്കോബ്‌ ഇപ്രകാരം എഴുതി: ‘നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കാവുന്നതല്ല.’ (യാക്കോബ്‌ 3:8) മാത്രമല്ല, കുട്ടികൾ മാതാപിതാക്കളുടെ ക്ഷമയെ പരീക്ഷിക്കുന്നത്‌ ഒരു പുതിയ കാര്യമൊന്നുമല്ല. രണ്ടു മക്കളുടെ പിതാവും പൊതുവേ ശാന്തശീലനും ആത്മസംയമം പാലിക്കുന്നവനുമായ ലറീ പറയുന്നത്‌ ഇതാണ്‌: “കുട്ടികൾ എത്ര വേഗം ക്ഷമ കെടുത്തുന്നു എന്നു മനസ്സിലാക്കിയ എനിക്കു അത്ഭുതം തോന്നി.”

പോംവഴി: തികഞ്ഞവരാകാൻ കഴിയില്ലെങ്കിലും നല്ല മാതാപിതാക്കൾ ആയിരിക്കാൻ ശ്രമിക്കുക. വല്ലപ്പോഴും സംഭവിക്കുന്ന വീഴ്‌ചകളിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളുക. രണ്ടു മക്കളുള്ള ക്രിസ്‌ പറയുന്നു: “എനിക്ക്‌ കോപം അടക്കാനാകാതെ വരികയോ അല്ലെങ്കിൽ ഞാനെടുത്ത ഒരു മോശം തീരുമാനം അവരെ ദോഷകരമായി ബാധിക്കുകയോ ചെയ്‌താൽ ഞാൻ തെറ്റ്‌ സമ്മതിച്ച്‌ ക്ഷമാപണം നടത്തും. മാതാപിതാക്കൾക്കും തെറ്റുപറ്റാമെന്നും എല്ലാവരും തങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്താനായി ശ്രമിക്കണമെന്നും ഇത്‌ കുട്ടികളെ പഠിപ്പിച്ചു.” നേരത്തെ പറഞ്ഞ കോസ്റ്റാസ്‌ പ്രസ്‌താവിക്കുന്നു: “ഞാൻ ദേഷ്യപ്പെടുമ്പോൾ ക്ഷമാപണം നടത്തുന്നതിന്റെ ഫലമായി എന്റെ മക്കളും തങ്ങൾക്കു തെറ്റു പറ്റുമ്പോൾ അങ്ങനെതന്നെ ചെയ്യാൻ പഠിച്ചിരിക്കുന്നു.”

യഹോവയാം ദൈവം പറയുന്നു: “നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” (എഫെസ്യർ 6:4) ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും, പറയുന്നതൊന്നും പ്രവർത്തിക്കുന്നത്‌ മറ്റൊന്നുമായാൽ അത്‌ മുതിർന്നവരെ എത്രത്തോളം അസഹ്യപ്പെടുത്തുമോ അത്രത്തോളമോ അതിലധികമോ കുട്ടികളെയും അസഹ്യപ്പെടുത്തും. അതുകൊണ്ട്‌ ഓരോ ദിവസത്തിനും ഒടുവിൽ സ്വയം ഇങ്ങനെ ചോദിക്കുക: ഞാൻ ഒന്നും പറഞ്ഞില്ലെങ്കിൽത്തന്നെയും എന്റെ പ്രവർത്തനത്തിൽനിന്നു കുട്ടികൾ എന്താണ്‌ പഠിച്ചിരിക്കുക? വാക്കുകളിലൂടെയും അതുതന്നെ പഠിപ്പിക്കാനാണോ ഞാൻ ശ്രമിക്കുന്നത്‌?

[9-ാം പേജിലെ ആകർഷക വാക്യം]

“അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്ത്‌?” ​—⁠റോമർ 2:21

[9-ാം പേജിലെ ചിത്രങ്ങൾ]

മാതാപിതാക്കൾ ക്ഷമാപണം നടത്തുമ്പോൾ കുട്ടിയും അതുതന്നെ പഠിക്കുന്നു