വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌പാനീഷ്‌ അർമാഡ ദുരന്തത്തിലേക്ക്‌ ഒരു കപ്പലോട്ടം

സ്‌പാനീഷ്‌ അർമാഡ ദുരന്തത്തിലേക്ക്‌ ഒരു കപ്പലോട്ടം

സ്‌പാനീഷ്‌ അർമാഡ ദുരന്തത്തിലേക്ക്‌ ഒരു കപ്പലോട്ടം

സ്‌പെയിനിലെ ഉണരുക! ലേഖകൻ

നാലു നൂറ്റാണ്ടുമുമ്പ്‌ ഇംഗ്ലീഷ്‌ ചാനലിൽ രണ്ടു നാവികസേനകൾ ഏറ്റുമുട്ടി. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരിയായ ഒന്നാം എലിസബത്ത്‌ രാജ്ഞിയുടെയും സ്‌പെയിനിലെ റോമൻ കത്തോലിക്കനായ ഫിലിപ്പ്‌ രണ്ടാമൻ രാജാവിന്റെയും സൈന്യങ്ങൾക്കിടയിൽ 16-ാം നൂറ്റാണ്ടിൽ അരങ്ങേറിയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഇത്‌. “നന്മയും തിന്മയും തമ്മിലുള്ള ഒരു ജീവന്മരണ പോരാട്ടമായാണ്‌ അക്കാലത്തെ ആളുകൾ ഇംഗ്ലീഷ്‌-സ്‌പാനീഷ്‌ സൈന്യങ്ങളുടെ ഈ പോരാട്ടത്തെ വീക്ഷിച്ചത്‌” എന്ന്‌ സ്‌പാനീഷ്‌ അർമാഡയുടെ പരാജയം എന്ന പുസ്‌തകം വിശദീകരിക്കുന്നു.

“കണ്ടിട്ടുള്ളതിലേക്കും വലിയ നാവികസേന” എന്നാണ്‌ അക്കാലത്തെ ഇംഗ്ലീഷുകാർ സ്‌പാനീഷ്‌ അർമാഡ എന്ന ആ വൻ നാവികവ്യൂഹത്തെ വിശേഷിപ്പിച്ചത്‌. അർമാഡയുടെ പുറപ്പാട്‌ പക്ഷേ, അതിദാരുണമായ ഒരു ദുരന്തത്തിലേക്കായിരുന്നു, വിശേഷിച്ചും ജീവൻ നഷ്ടമായ ആയിരങ്ങളുടെ കാര്യത്തിൽ. എന്തായിരുന്നു അർമാഡയുടെ ദൗത്യം? അതു പരാജയമടഞ്ഞത്‌ എന്തുകൊണ്ടാണ്‌?

പടനീക്കത്തിനു പിന്നിൽ

കാലങ്ങളായി സ്‌പാനീഷ്‌ കപ്പലുകളെ കൊള്ളയടിച്ചുവരികയായിരുന്നു ഇംഗ്ലണ്ടിലെ കടൽക്കൊള്ളക്കാർ. സ്‌പാനീഷ്‌ ഭരണത്തിനെതിരായുള്ള ഡച്ച്‌ വിപ്ലവത്തെ എലിസബത്ത്‌ രാജ്ഞി സജീവമായി പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനും പുറമേ, പ്രൊട്ടസ്റ്റന്റുകാരുടെ വർധിച്ചുവരുന്ന “മതനിന്ദ”യ്‌ക്ക്‌ അന്തംവരുത്താൻ ഇംഗ്ലണ്ടിലെ കത്തോലിക്കരെ സഹായിക്കേണ്ടതു തന്റെ കടമയാണെന്ന്‌ കത്തോലിക്കാ വിശ്വാസിയായ ഫിലിപ്പ്‌ രണ്ടാമനു തോന്നി. ആ ലക്ഷ്യത്തിൽ ഉദ്ദേശം 180 പുരോഹിതന്മാരെയും മതോപദേഷ്ടാക്കളെയും ആ നാവികപ്പടയ്‌ക്കൊപ്പം അദ്ദേഹം അയച്ചു. എന്നാൽ ആദ്യം കപ്പലുകളിലുള്ളവർതന്നെ ഒരു പുരോഹിതന്റെ മുമ്പാകെ കുമ്പസാരിച്ച്‌ കുർബാന കൈക്കൊള്ളണമായിരുന്നു.

സ്‌പെയിനിന്റെയും അവിടത്തെ രാജാവിന്റെയും മതവീര്യം അതേപടി പ്രതിഫലിപ്പിച്ച ആളായിരുന്നു പ്രമുഖ സ്‌പാനീഷ്‌ ജെസ്യൂട്ടായ പേത്രോ ഡെ റിബാതെനേറാ. അദ്ദേഹം പറഞ്ഞു: “ആരുടെ തത്ത്വങ്ങൾക്കും അതിവിശുദ്ധ വിശ്വാസത്തിനും വേണ്ടിയാണോ നാം പോരാടുന്നത്‌, . . . ആ ദൈവം നമുക്കു മുമ്പായി പൊയ്‌ക്കൊള്ളും. അത്തരമൊരു സൈന്യാധിപൻ ഒപ്പമുള്ളതിനാൽ നാം ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല.” അതേസമയം ഇംഗ്ലീഷുകാർ യൂറോപ്പിലെമ്പാടും പ്രൊട്ടസ്റ്റന്റ്‌ ആശയങ്ങളുടെ വ്യാപനത്തിനു വഴിയൊരുക്കുന്ന ഒരു നിർണായക വിജയത്തിനായി കാത്തിരിക്കുകയായിരുന്നു.

ഒറ്റനോട്ടത്തിൽ സ്‌പാനീഷ്‌ രാജാവിന്റെ ആക്രമണ പദ്ധതി യാതൊരു വളച്ചുകെട്ടും ഇല്ലാത്തതായി കാണപ്പെട്ടു. ഇംഗ്ലീഷ്‌ ചാനലിലേക്കു നീങ്ങാനും ഫ്‌ളാൻഡേഴ്‌സിൽ നിലയുറപ്പിച്ചിരിക്കുന്ന, പാർമയിലെ പ്രഭുവിന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ 30,000 പട്ടാളക്കാരെ ഒപ്പംകൂട്ടാനും അദ്ദേഹം തന്റെ കപ്പൽവ്യൂഹത്തിനു നിർദേശം നൽകി. * തുടർന്ന്‌ ഒറ്റക്കെട്ടായി ഇംഗ്ലീഷ്‌ ചാനൽ കുറുകെക്കടന്ന്‌ എസ്സെക്‌സ്‌ തീരത്ത്‌ ഇറങ്ങി ലണ്ടനിലേക്കു മാർച്ചുചെയ്‌ത്‌ അതിനെ കീഴടക്കാനായിരുന്നു പദ്ധതി. ഇംഗ്ലണ്ടിലെ കത്തോലിക്കർ പ്രൊട്ടസ്റ്റന്റുകാരിയായ രാജ്ഞിയെ തള്ളിക്കളഞ്ഞ്‌ തന്റെ അണികളിൽ ചേരുമെന്നായിരുന്നു ഫിലിപ്പ്‌ രാജാവിന്റെ കണക്കുകൂട്ടൽ.

എന്നിരുന്നാലും ഫിലിപ്പ്‌ രാജാവിന്റെ പദ്ധതിയിൽ ഗുരുതരമായ ചില പാളിച്ചകൾ ഉണ്ടായിരുന്നു. ദിവ്യവഴിനടത്തിപ്പുണ്ടെന്നു കരുതിയിരുന്ന അദ്ദേഹം, പാർമാ പ്രഭുവിന്റെ സൈന്യവുമായി ഒത്തുചേരാൻ ആവശ്യമായിരുന്ന അനുയോജ്യമായ തുറമുഖത്തിന്റെ അഭാവം, ഇംഗ്ലീഷ്‌ നാവികസേനയുടെ കരുത്ത്‌ എന്നീ രണ്ടു പ്രധാന തടസ്സങ്ങൾ കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടു.

കൈപ്പിടിയിൽ ഒതുങ്ങാത്ത കപ്പൽപ്പട

തന്റെ കപ്പൽവ്യൂഹത്തെ നയിക്കാനായി ഫിലിപ്പ്‌ രാജാവ്‌ നിയമിച്ചത്‌ മെദീന-സിഡോണിയായിലെ പ്രഭുവിനെയാണ്‌. നാവികരംഗത്ത്‌ ഒട്ടുംതന്നെ അനുഭവപരിചയം ഇല്ലായിരുന്നെങ്കിലും നല്ലൊരു സംഘാടകനായിരുന്നു അദ്ദേഹം. അനുഭവസമ്പന്നരായ സൈന്യാധിപന്മാരുടെ സഹകരണം ഉറപ്പുവരുത്താൻ അദ്ദേഹത്തിനു വളരെ വേഗം കഴിഞ്ഞു. അവരൊരുമിച്ച്‌ ഒരു യുദ്ധമുന്നണിക്കു രൂപംനൽകുകയും ബൃഹത്തായ ആ കപ്പൽപ്പടയ്‌ക്ക്‌ ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ തങ്ങളാലാവോളം സമാഹരിക്കുകയും ചെയ്‌തു. തങ്ങളുടെ ദ്വിരാഷ്‌ട്ര സൈന്യത്തെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനായി സഞ്ചാരപാത, അണികളുടെ വിന്യാസം, കപ്പലുകൾക്കിടയിലെ ആശയവിനിമയം എന്നിവ സംബന്ധിച്ച്‌ അവർ ശ്രദ്ധാപൂർവം പദ്ധതികളിണക്കി.

ഒടുവിൽ 1588 മേയ്‌ 29-ന്‌ 20,000-ത്തോളം യോദ്ധാക്കളും 8,000 നാവികരും 130 കപ്പലുകളും അടങ്ങിയ അർമാഡ, ലിസ്‌ബൺ തുറമുഖത്തോടു യാത്രപറഞ്ഞു. എന്നാൽ അതിനു സ്‌പെയിനിന്റെ വടക്കുപടിഞ്ഞാറുള്ള ലാ കൊറൂണയിൽ താവളമടിക്കേണ്ടിവന്നു. കാറ്റുകൾ അനുകൂലമല്ലായിരുന്നു എന്നതാണ്‌ ഒരു കാരണം. കൂടാതെ കൊടുങ്കാറ്റു മൂലമുണ്ടായ കേടുപാടുകൾ പരിഹരിക്കുകയും കൂടുതൽ ഭക്ഷണം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ദൗർലഭ്യവും യോദ്ധാക്കളുടെ അനാരോഗ്യവും നിമിത്തം തനിക്ക്‌ ആ മുഴുപദ്ധതിയുടെയും ഭാവിയെക്കുറിച്ച്‌ ആശങ്കയുണ്ടെന്ന്‌ അറിയിച്ചുകൊണ്ടുള്ള ഒരു വിശദമായ കത്ത്‌ മെദീന-സിഡോണിയായിലെ പ്രഭു, രാജാവിന്‌ എഴുതി. എന്നാൽ താൻ തീരുമാനിച്ചുറപ്പിച്ച പദ്ധതിയുമായി തന്റെ സൈന്യാധിപൻ മുന്നോട്ടുപോകണമെന്ന്‌ ഫിലിപ്പ്‌ രാജാവ്‌ നിർബന്ധംപിടിച്ചു. അതുകൊണ്ട്‌ ആ ബൃഹത്‌സൈന്യത്തിനു യാത്രതുടരേണ്ടിവന്നു. ഒടുവിൽ ലിസ്‌ബൺ വിട്ട്‌ രണ്ടുമാസത്തിനുശേഷം അവർ ഇംഗ്ലീഷ്‌ ചാനലിൽ എത്തിച്ചേർന്നു.

ഇംഗ്ലീഷ്‌ ചാനൽ പോരാട്ടങ്ങൾക്കു വേദിയാകുന്നു

സ്‌പാനീഷ്‌ സേന ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറുള്ള പ്ലിമത്തിൽ എത്തിച്ചേർന്നപ്പോൾ ഇംഗ്ലീഷ്‌ നാവികസേന അവരെ കാത്ത്‌ അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇരുകൂട്ടർക്കും ഏതാണ്ട്‌ തുല്യ എണ്ണം കപ്പലുകൾ ഉണ്ടായിരുന്നെങ്കിലും അവയുടെ രൂപകൽപ്പന വ്യത്യസ്‌തമായിരുന്നു. ജലനിരപ്പിൽനിന്ന്‌ ഒരുപാട്‌ ഉയർന്നുനിന്നിരുന്ന സ്‌പാനീഷ്‌ കപ്പലുകളുടെ മേൽത്തട്ടിൽ അനേകം ഹ്രസ്വദൂര പീരങ്കികൾ ഉണ്ടായിരുന്നു. മുന്നിലും പിന്നിലും വലിയ പീരങ്കിസ്‌തംഭങ്ങളോടുകൂടിയ ഈ കപ്പലുകൾ, സഞ്ചരിക്കുന്ന കോട്ടകൾപോലെ കാണപ്പെട്ടു. ശത്രുവിന്റെ കപ്പലുകളിലേക്കു ചാടിയിറങ്ങി ആക്രമിക്കുന്നതു സ്‌പാനീഷ്‌ നാവികതന്ത്രത്തിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലീഷ്‌ കപ്പലുകളാകട്ടെ താരതമ്യേന ഉയരം കുറഞ്ഞവയും വേഗമേറിയവയും അനേകം ദീർഘദൂര പീരങ്കികൾ ഉള്ളവയുമായിരുന്നു. സ്‌പാനീഷ്‌ കപ്പലുകളുമായി അകലംപാലിക്കാനും ദൂരെനിന്നുതന്നെ അവ തകർക്കാനും ഇംഗ്ലണ്ടിന്റെ സൈന്യത്തലവന്മാർ പദ്ധതിയിട്ടു.

ഇംഗ്ലീഷ്‌ പടക്കപ്പലുകളുടെ വേഗത്തെയും ആയുധബലത്തെയും കടത്തിവെട്ടാൻ മെദീന-സിഡോണിയായിലെ പ്രഭു, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു പ്രതിരോധവ്യൂഹത്തിനു രൂപംനൽകി. ഏറ്റവുമധികം ദൂരപരിധിയുള്ള പീരങ്കികളോടുകൂടിയതും ഏറ്റവും കരുത്തുറ്റതുമായ കപ്പലുകൾ ഇരുതലയ്‌ക്കലുമായി അണിനിരന്നു. ശത്രുവിന്റെ ആക്രമണം ഏതു ദിശയിൽനിന്ന്‌ ഉണ്ടായാലും അവിടേക്കു തിരിയാനും പോരാട്ടത്തിനൊരുങ്ങുന്ന സിംഹത്തിനുനേരെ കൊമ്പുകുലുക്കി പാഞ്ഞടുക്കുന്ന കാട്ടുപോത്തിനെപ്പോലെ അതിനെ നേരിടാനും അർമാഡയ്‌ക്കു കഴിയുമായിരുന്നു.

ഇംഗ്ലീഷ്‌ ചാനലിൽ ആ ഇരുസൈന്യങ്ങളും പരസ്‌പരം കൊമ്പുകോർത്തു. ഇതു രണ്ടു ചെറുയുദ്ധങ്ങളിൽ കലാശിച്ചു. സ്‌പെയിനിന്റെ പ്രതിരോധ ഘടന ഫലകരമായിരുന്നു. ഇംഗ്ലീഷുകാരുടെ ദീർഘദൂര പീരങ്കികൾക്ക്‌ ഒരൊറ്റ സ്‌പാനീഷ്‌ കപ്പലിനെപ്പോലും മുക്കാനായില്ല. ഏതുവിധേനയും സ്‌പാനീഷ്‌ കപ്പൽവ്യൂഹത്തിന്റെ ഘടന തകർക്കാനും കപ്പലുകളോടു കൂടുതൽ അടുത്തുചെല്ലാനും ഇംഗ്ലീഷ്‌ സൈന്യത്തലവന്മാർ തീർച്ചയാക്കി. ആഗസ്റ്റ്‌ 7-ന്‌ അവർക്ക്‌ അതിനുള്ള ഒരു അവസരം വീണുകിട്ടി.

രാജാവിന്റെ ഉത്തരവുകളോട്‌ അങ്ങേയറ്റം കൂറുപുലർത്തിയ മെദീന-സിഡോണിയായിലെ പ്രഭു, പാർമാ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സേനയുമായി സന്ധിക്കാൻ അർമാഡയുമായി നീങ്ങി. പാർമാ പ്രഭുവിന്റെ മറുപടിക്കായി കാത്തിരിക്കവേ മെദീന-സിഡോണിയായിലെ പ്രഭു, ഫ്രഞ്ചു തീരമായ കലെയിൽ നങ്കൂരമിടാൻ തന്റെ കപ്പൽപ്പടയ്‌ക്കു നിർദേശം നൽകി. നങ്കൂരമിട്ടുകിടന്ന സ്‌പാനീഷ്‌ കപ്പലുകൾ ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലാണെന്നു മനസ്സിലാക്കിയ ഇംഗ്ലീഷ്‌ സേന സ്‌ഫോടകവസ്‌തുക്കൾ നിറച്ച എട്ട്‌ തീക്കപ്പലുകൾ അവയ്‌ക്കിടയിലേക്കു കടത്തിവിട്ടു. പരിഭ്രാന്തിപൂണ്ട മിക്ക കപ്പിത്താന്മാരും അപകടത്തിൽനിന്നു രക്ഷപ്പെടാനായി കപ്പലുകളുമായി നാലുപാടും പാഞ്ഞു. തുടർന്ന്‌ ശക്തമായ കാറ്റും ജലപ്രവാഹവും അവയെ വടക്കോട്ടു നീക്കിക്കൊണ്ടുപോയി.

പിറ്റേന്ന്‌ പ്രഭാതംപൊട്ടിവിടർന്നതു ഘോരയുദ്ധത്തോടെയായിരുന്നു. ഇംഗ്ലീഷ്‌ കപ്പലുകൾ അടുത്തുവന്നു വെടിയുതിർക്കുകയും കുറഞ്ഞതു മൂന്നു സ്‌പാനീഷ്‌ കപ്പലുകളെ തകർക്കുകയും മറ്റുപലതിനും കേടുവരുത്തുകയും ചെയ്‌തു. വളരെ കുറച്ചു വെടിക്കോപ്പുകൾ മാത്രം ഉണ്ടായിരുന്ന സ്‌പാനീഷ്‌ സേനയ്‌ക്ക്‌ ഘോരമായ ആ ആക്രമണം നിസ്സഹായതയോടെ ഏറ്റുവാങ്ങേണ്ടിവന്നു.

ഉഗ്രമായി വീശിയടിച്ച കൊടുങ്കാറ്റുമൂലം ഇംഗ്ലീഷ്‌ സേനയ്‌ക്ക്‌ ആക്രമണം പിറ്റേദിവസത്തേക്കു നീട്ടിവെക്കേണ്ടിവന്നു. പിറ്റേന്നു പ്രഭാതമായപ്പോഴേക്കും പൂർവരൂപം വീണ്ടെടുത്ത അർമാഡ, ശേഷിച്ച വെടിക്കോപ്പുകളുമായി യുദ്ധത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു. എന്നാൽ ഇംഗ്ലീഷുകാർ വെടിയുതിർക്കും മുമ്പേ കാറ്റും ജലപ്രവാഹങ്ങളും സ്‌പാനീഷ്‌ കപ്പലുകളെ ഡച്ചുതീരത്തിനു സമീപമുള്ള സീലാൻഡിലെ അപകടംപിടിച്ച മണൽത്തിട്ടകളുടെ ദിശയിലേക്ക്‌ ഒഴുക്കിക്കൊണ്ടുപോയി.

സകലപ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുമ്പോഴാണു ഗതിമാറിയ കാറ്റ്‌ അർമാഡയെ വടക്കുള്ള സുരക്ഷിതമായ പുറങ്കടലിലേക്കു നയിച്ചത്‌. ഇതിനിടെ ഇംഗ്ലീഷ്‌ സൈന്യം കലെയിലേക്കുള്ള പാത അടച്ചുകഴിഞ്ഞിരുന്നു. തന്നെയുമല്ല, തകർച്ചയുടെ വക്കിലെത്തിയ സ്‌പാനീഷ്‌ കപ്പലുകളെ കാറ്റ്‌ പിന്നെയും വടക്കോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. തന്റെ ഉദ്യമം അവിടംകൊണ്ട്‌ അവസാനിപ്പിച്ച്‌ കഴിയുന്നത്ര കപ്പലുകളെയും പടയാളികളെയും രക്ഷിക്കുക എന്ന ഒറ്റവഴിയേ മെദീന-സിഡോണിയായിലെ പ്രഭുവിന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. സ്‌കോട്ട്‌ലണ്ടും അയർലണ്ടും ചുറ്റി സ്‌പെയിനിലേക്കു മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു.

കൊടുങ്കാറ്റും കപ്പൽച്ചേതവും

യാതനനിറഞ്ഞ ഒരു മടക്കയാത്രയായിരുന്നു അർമാഡയുടേത്‌. ഭക്ഷ്യദൗർലഭ്യം നേരിട്ടതുകൂടാതെ വീപ്പകൾ ചോർന്നൊലിച്ചതിനാൽ അവർക്ക്‌ ആവശ്യത്തിനു കുടിവെള്ളവും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ്‌ ആക്രമണത്തിൽ അനേകം കപ്പലുകൾക്കും കനത്തനാശം നേരിട്ടിരുന്നു, വിരലിലെണ്ണാവുന്നവയേ യാത്രതുടരാൻ പറ്റിയ അവസ്ഥയിൽ ഉണ്ടായിരുന്നുള്ളൂ. അയർലണ്ടിന്റെ വടക്കുപടിഞ്ഞാറൻ തീരത്തിനടുത്തായി, രണ്ടാഴ്‌ച നീണ്ടുനിന്ന കൊടുങ്കാറ്റിൽ ചില കപ്പലുകൾ തകർന്നുതരിപ്പണമായി! ഐറിഷ്‌ തീരത്തിനടുത്തും പലതും അപകടത്തിൽപ്പെട്ടു.

ഒടുവിൽ സെപ്‌റ്റംബർ 23-ന്‌ അർമാഡയിലെ ആദ്യസംഘം ഒരുതരത്തിൽ വടക്കൻ സ്‌പെയിനിലെ സാന്റാൻഡറിൽ വന്നെത്തി. ലിസ്‌ബണിൽനിന്നു പുറപ്പെട്ട കപ്പലുകളിൽ ഏതാണ്ട്‌ 60 എണ്ണത്തിനും യാത്രക്കാരിൽ പാതിയോളംപേർക്കും മാത്രമേ മടങ്ങിയെത്താനായുള്ളൂ. ആഴിയുടെ ആഴങ്ങളിൽ പൊലിഞ്ഞത്‌ ആയിരങ്ങളുടെ ജീവനാണ്‌. പരിക്കുകളും മടക്കയാത്രയ്‌ക്കിടെ പിടിപെട്ട രോഗങ്ങളും മറ്റനേകരുടെ ജീവനെടുത്തു. സ്‌പാനീഷ്‌ തീരമണഞ്ഞ അതിജീവകരെ ദുരന്തങ്ങൾ തുടർന്നും വേട്ടയാടി.

സ്‌പാനീഷ്‌ തുറമുഖങ്ങളിലൊന്നിൽ നങ്കൂരമുറപ്പിച്ചിട്ടും കപ്പൽ ജീവനക്കാരിൽ “അനേകരും പട്ടിണികിടന്നു മരിച്ചു” എന്ന്‌ സ്‌പാനീഷ്‌ അർമാഡയുടെ പരാജയം എന്ന പുസ്‌തകം വെളിപ്പെടുത്തുന്നു. “പായ്‌ താഴ്‌ത്താനും നങ്കൂരമിടാനും അറിയാവുന്ന ആളുകൾ കുറവായിരുന്നതിനാൽ” സ്‌പാനീഷ്‌ തുറമുഖമായ ലാറിഡോയിൽ ഒരു കപ്പൽ തകർന്നെന്ന്‌ ആ പുസ്‌തകം പരാമർശിക്കുന്നു.

നിർണായകമായ പരാജയ

മതയുദ്ധങ്ങൾ നിർബാധം തുടർന്നെങ്കിലും വടക്കൻ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകാർക്ക്‌ അർമാഡയുടെ പരാജയം ആത്മവീര്യംപകർന്നു. തങ്ങളുടെ വിജയം ദിവ്യപ്രീതിയുടെ തെളിവായാണ്‌ അവർ കരുതിയത്‌. അതിന്റെ തെളിവാണ്‌ ആ സംഭവത്തിന്റെ ഓർമയ്‌ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ്‌ മെഡൽ. ഫ്‌ളേവിറ്റ്‌ יהוה എറ്റ്‌ ഡിസിപാറ്റി സുൻട്‌ 1588, അഥവാ “യഹോവ ഊതി, അവർ ചിതറിപ്പോയി; 1588” എന്നാണ്‌ അതിൽ ആലേഖനം ചെയ്‌തിരിക്കുന്നത്‌.

കാലക്രമേണ ഗ്രേറ്റ്‌ ബ്രിട്ടൻ ലോകശക്തിയായിമാറി. 1870 വരെയുള്ള ആധുനിക യൂറോപ്പ്‌ എന്ന പുസ്‌തകം അതേക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “1763-ൽ ലോകത്തിലെ ഒന്നാംകിട വാണിജ്യ, കോളനി ശക്തി എന്ന നിലയിലേക്ക്‌ ഗ്രേറ്റ്‌ ബ്രിട്ടൻ ഉയർന്നുവന്നു.” “റോമാസാമ്രാജ്യം ഉയിർപ്പിക്കപ്പെട്ടും വിപുലീകരിക്കപ്പെട്ടും വന്നാലെന്നപോലെ 1763-ൽ ബ്രിട്ടീഷ്‌ സാമ്രാജ്യം ലോകത്തെ അടക്കിവാണു” എന്ന്‌ നാവികസേനയും സാമ്രാജ്യവും എന്ന പുസ്‌തകം പറയുന്നു. തങ്ങളുടെ മുൻകോളനിയായ അമേരിക്കൻ ഐക്യനാടുകളുമായി ചേർന്ന്‌ പിന്നീടവർ ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തിക്കു രൂപംകൊടുത്തു.

ലോകരാഷ്‌ട്രീയ ശക്തികളുടെ ഉയർച്ചതാഴ്‌ചകൾ ബൈബിൾ പഠിതാക്കൾ താത്‌പര്യത്തോടെയാണു വീക്ഷിക്കുന്നത്‌. ഒന്നൊന്നായി കടന്നുപോയ ഈജിപ്‌ത്‌, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം എന്നീ ലോകശക്തികളെക്കുറിച്ചും തുടർന്നുവന്ന ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെക്കുറിച്ചും വിശുദ്ധതിരുവെഴുത്തുകൾ സവിസ്‌തരം പ്രസ്‌താവിക്കുന്നതിനാലാണ്‌ അവർക്ക്‌ അതിൽ താത്‌പര്യമുള്ളത്‌. വാസ്‌തവത്തിൽ ദീർഘനാളുകൾക്കു മുമ്പുതന്നെ ഈ ലോകശക്തികളിൽ പലതിന്റെയും ഉയർച്ചതാഴ്‌ചകൾ ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു.​—⁠ദാനീയേൽ 8:3-8, 20-22; വെളിപ്പാടു 17:1-6, 9-11.

പിന്തിരിഞ്ഞുനോക്കുമ്പോൾ 1588-ലെ വേനൽക്കാലത്ത്‌ സ്‌പാനീഷ്‌ അർമാഡയുടെ ദൗത്യം പരാജയമടഞ്ഞ ആ സംഭവത്തിനു വ്യക്തമായും വലിയ പ്രാധാന്യമുണ്ട്‌. അതിന്‌ ഏകദേശം 200 വർഷങ്ങൾക്കുശേഷം ഗ്രേറ്റ്‌ ബ്രിട്ടൻ ഒരു പ്രമുഖ ലോകശക്തിയായി വളരുകയും കാലക്രമത്തിൽ ബൈബിൾ പ്രവചനനിവൃത്തിയിൽ ഒരു സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു.

[അടിക്കുറിപ്പ്‌]

^ ഖ. 8 16-ാം നൂറ്റാണ്ടിൽ സ്‌പെയിനിന്റെ അധീനതയിലായിരുന്ന സ്‌പാനീഷ്‌-നെതർലൻഡ്‌സിന്റെ ഭാഗമായിരുന്നു ഫ്‌ളാൻഡേഴ്‌സ്‌. ഉത്തര ഫ്രാൻസ്‌, ബെൽജിയം, ഹോളണ്ട്‌ എന്നിവയുടെ തീരപ്രദേശങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

[26, 27 പേജുകളിലെ രേഖാചിത്രം/മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സ്‌പാനീഷ്‌ അർമാഡയുടെ സഞ്ചാരപാത

— യുദ്ധത്തിനുപോയ വഴി

-- മടങ്ങിവന്ന വഴി

X യുദ്ധങ്ങൾ

സ്‌പെയിൻ

ലിസ്‌ബൺ

ലാ കൊറൂണ

സാന്റാൻഡർ

ഫ്‌ളാൻഡേഴ്‌സ്‌

കലെയ്‌

സ്‌പാനീഷ്‌ നെതർലൻഡ്‌സ്‌

ഐക്യ നെതർലൻഡ്‌സ്‌

ഇംഗ്ലണ്ട്‌

പ്ലിമത്ത്‌

ലണ്ടൻ

അയർലണ്ട്‌

[24-ാം പേജിലെ ചിത്രം]

ഫിലിപ്പ്‌ രണ്ടാമൻ രാജാവ്‌

[കടപ്പാട്‌]

Biblioteca Nacional, Madrid

[24-ാം പേജിലെ ചിത്രം]

ഒന്നാം എലിസബത്ത്‌ രാജ്ഞി

[24, 25 പേജുകളിലെ ചിത്രം]

മെദീന-സിഡോണിയായിലെ പ്രഭുവായിരുന്നു സ്‌പാനീഷ്‌ അർമാഡയുടെ കമാൻഡർ

[കടപ്പാട്‌]

Cortesía de Fundación Casa de Medina Sidonia

[25-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Museo Naval, Madrid