വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രം സൃഷ്ടിച്ച പല്ലുവേദന

ചരിത്രം സൃഷ്ടിച്ച പല്ലുവേദന

ചരിത്രം സൃഷ്ടിച്ച പല്ലുവേദന

മധ്യകാലഘട്ടത്തിലെ ഒരു ചന്തസ്ഥലമാണു രംഗം. ആഡംബരപൂർണമായ വേഷം ധരിച്ചെത്തിയ ഒരു വ്യാജവൈദ്യൻ വേദനയില്ലാതെ പല്ലുപറിക്കാൻ തനിക്കറിയാമെന്നു വീമ്പുമുഴക്കുന്നു. അയാളുടെ ചങ്ങാതി മടിച്ചുമടിച്ച്‌ മുന്നോട്ടു വരുന്നു. വൈദ്യൻ എല്ലാവർക്കും കാണാൻ പാകത്തിന്‌, രക്തംപുരണ്ട ഒരു അണപ്പല്ല്‌ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ പല്ലു പറിക്കുന്നതായി അഭിനയിക്കുകയാണ്‌. താമസിയാതെ പല്ലുവേദനക്കാർ പണവും പല്ലുമായി രംഗത്തെത്തുന്നു. പിന്നെ കാഹളത്തിന്റെയും ഡ്രമ്മിന്റെയും ശബ്ദം അന്തരീക്ഷത്തെ മുഖരിതമാക്കുകയായി; പല്ലു പറിക്കലിന്റെ നിലവിളി അതിൽ അലിഞ്ഞില്ലാതാകുന്നു. പല്ലു പറിക്കാനായി മുന്നോട്ടുവരുന്നവരെ പിന്തിരിപ്പിക്കാതിരിക്കാനാണ്‌ ഈ വിദ്യ. ചിലപ്പോഴൊക്കെ ദിവസങ്ങൾക്കുള്ളിൽ ഗുരുതരമായ അണുബാധ ഉണ്ടാകും. പക്ഷേ അപ്പോഴേക്കും വൈദ്യന്റെ ‘പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ.’

പല്ലുവേദനയെന്ന പ്രാണവേദന അനുഭവിക്കുന്നവർക്ക്‌ ഇന്നിപ്പോൾ അത്തരം വ്യാജന്മാരുടെ സഹായം ആവശ്യമില്ലെന്നുതന്നെ പറയാം. ആധുനിക ദന്തഡോക്ടർമാർക്ക്‌ പല്ലുവേദന ശമിപ്പിക്കാനും പലപ്പോഴും ദന്തനഷ്ടം തടയാനുമാകും. പക്ഷേ ദന്തഡോക്ടറുടെ അടുത്തുപോകാൻ പലർക്കും ഭയമാണ്‌. ആദ്യകാലങ്ങളിൽ രോഗികളുടെ വേദന ഇല്ലാതാക്കാൻ ഡോക്ടർമാർ പഠിച്ചത്‌ എങ്ങനെയാണ്‌ എന്നറിയുന്നത്‌ ഇന്നത്തെ ദന്തഡോക്ടർമാരുടെ വില മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ജലദോഷം കഴിഞ്ഞാൽ മാനവ കുടുംബത്തെ ഏറ്റവുമധികം ബാധിക്കുന്ന രോഗം ദന്തക്ഷയമാണെന്നു പറയപ്പെടുന്നു. ഇത്‌ ഒരു പുതിയ രോഗമല്ല. പുരാതന ഇസ്രായേലിലുള്ളവർ പ്രായാധിക്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ലക്ഷണങ്ങളിലൊന്നായി പല്ലുകൊഴിച്ചിൽ പ്രതീക്ഷിച്ചിരുന്നതായി ശലോമോൻ രാജാവ്‌ രചിച്ച ഒരു കാവ്യത്തിൽ പറയുന്നുണ്ട്‌.​—⁠സഭാപ്രസംഗി 12:⁠3.

വാഴുന്നോർക്കും പല്ലുവേദന!

ഇംഗ്ലണ്ടിലെ രാജ്ഞി, എലിസബെത്ത്‌ I-നെയും പല്ലുവേദന വെറുതെ വിട്ടില്ല. “ഇംഗ്ലീഷുകാരിൽ പൊതുവേ കണ്ടുവരുന്ന ഈ പ്രശ്‌നത്തിനു കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്‌” എന്നാണ്‌ രാജ്ഞിയുടെ കറുത്ത പല്ല്‌ കണ്ട ഒരു ജർമൻ സഞ്ചാരി പറഞ്ഞത്‌. 1578-ലെ ഡിസംബറിൽ പല്ലുവേദന രാവും പകലും രാജ്ഞിയെ വേട്ടയാടി. കേടായ പല്ല്‌ എടുത്തുകളയാൻ ഡോക്ടർമാർ നിർദേശിച്ചു. പക്ഷേ സഹിക്കേണ്ടിവരുന്ന വേദന ഓർത്തിട്ടാകാം രാജ്ഞി അതിനു തയ്യാറായില്ല. രാജ്ഞിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലണ്ടനിലെ ബിഷപ്പ്‌, ജോൺ എയ്‌ൽമർ മുന്നോട്ടുവന്നു. രാജ്ഞിയുടെ മുമ്പിൽവെച്ച്‌ അദ്ദേഹം തന്റെ ഒരു പല്ല്‌​—⁠ഒരുപക്ഷേ കേടായ ഒന്ന്‌​—⁠പറിപ്പിച്ചു. ഈ വയസ്സന്‌ ആകെക്കൂടി കുറച്ചു പല്ലുകളേ ഉണ്ടായിരുന്നുള്ളു എന്നതു കണക്കിലെടുക്കുമ്പോൾ അതൊരു സാഹസം തന്നെ!

അന്നൊക്കെ പല്ലുപറിക്കുന്നതിനായി സാധാരണക്കാർ ബാർബറുടെയോ കൊല്ലന്റെയോ അടുത്താണു പോയിരുന്നത്‌. എന്നാൽ കൂടുതൽപേർക്കു പഞ്ചസാരയുടെ വില താങ്ങാനാകുമെന്നായപ്പോൾ പല്ലുവേദനക്കാരുടെ എണ്ണം കൂടി; വിദഗ്‌ധരായ പല്ലുപറിക്കാരുടെ ആവശ്യവും. അങ്ങനെ ചില ഡോക്ടർമാരും സർജന്മാരും ദന്തചികിത്സയിൽ താത്‌പര്യമെടുക്കാൻ തുടങ്ങി. പക്ഷേ അവർ എല്ലാം സ്വയം പഠിച്ചെടുക്കണമായിരുന്നു; കാരണം വിദഗ്‌ധർ അസൂയ നിമിത്തം തങ്ങളുടെ ‘കച്ചവട രഹസ്യങ്ങൾ’ പുറത്തുവിട്ടിരുന്നില്ല. ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്‌തകങ്ങളും കുറവായിരുന്നു.

എലിസബെത്ത്‌ രാജ്ഞിയുടെ വാഴ്‌ചയ്‌ക്ക്‌ ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം ഫ്രാൻസ്‌ ഭരിച്ചിരുന്ന ലൂയി പതിന്നാലാമനും പല്ലുവേദനയ്‌ക്കു മുമ്പിൽ കീഴടങ്ങേണ്ടിവന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും പല്ലുവേദനയുടെ ഇരയായിരുന്ന അദ്ദേഹത്തിന്‌ 1685-ൽ മുകളിലത്തെ നിരയിൽ ഇടതുവശത്തുള്ള എല്ലാ പല്ലുകളും എടുത്തുമാറ്റേണ്ടിവന്നു. ഫ്രാൻസിന്റെ ആരാധനാ സ്വാതന്ത്ര്യം റദ്ദാക്കുകയെന്ന മാരകമായ തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്‌ പല്ലുസംബന്ധമായ പ്രശ്‌നങ്ങളാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെ പൈശാചികമായ പീഡനം അഴിച്ചുവിട്ട ഒരു തീരുമാനമായിരുന്നു അത്‌.

ആധുനിക ദന്തശാസ്‌ത്രത്തിന്റെ ഉദയം

ലൂയി പതിന്നാലാമന്റെ ആഡംബര ജീവിതം പാരീസ്‌ സമൂഹത്തിന്മേൽ ചെലുത്തിയ സ്വാധീനമാണ്‌ ദന്തചികിത്സയുടെ ആവിർഭാവത്തിനു വഴിതെളിച്ചത്‌. കൊട്ടാരത്തിലായാലും സമൂഹത്തിലായാലും വിജയത്തിന്‌ ആധാരം ബാഹ്യാകാരമാണെന്ന സ്ഥിതിയായിരുന്നു. ഭക്ഷണം കഴിക്കാൻ സഹായിക്കുക എന്നതിനെക്കാളുപരി അഴകു വർധിപ്പിക്കാനായി രംഗത്തെത്തിയ വെപ്പുപല്ലുകളുടെ ഡിമാന്റ്‌ സർജന്മാരുടെ പുതിയൊരു സമൂഹത്തെ വാർത്തെടുത്തു​—⁠ഉന്നതർക്കായി സേവനം ചെയ്യുന്ന ദന്തഡോക്ടർമാരുടെ ഒരു കൂട്ടത്തെ. പാരീസിലെ ദന്തഡോക്ടർമാരിൽ പ്രമുഖനായിരുന്നു പിയർ ഫോഷേർ. ഫ്രഞ്ച്‌ നേവിയിൽവെച്ച്‌ ശസ്‌ത്രക്രിയകൾ പരിശീലിച്ച വ്യക്തിയാണ്‌ അദ്ദേഹം. പല്ലു പറിക്കുന്ന ജോലി അതിനു യോഗ്യതയില്ലാത്ത ബാർബർമാരെയും മറ്റും ഏൽപ്പിച്ചതിന്‌ അദ്ദേഹം സർജന്മാരെ വിമർശിച്ചു. പിയർ ഫോഷേറാണ്‌ ദന്ത ശസ്‌ത്രക്രിയാവിദഗ്‌ധനെന്നു സ്വയം വിശേഷിപ്പിച്ച ആദ്യവ്യക്തി.

‘കച്ചവട തന്ത്രങ്ങൾ’ രഹസ്യമാക്കിവെക്കുന്ന പതിവുരീതി പൊളിച്ചെഴുതിക്കൊണ്ട്‌, 1728-ൽ, ഫോഷേർ ഒരു പുസ്‌തകമിറക്കി. താൻ സ്വായത്തമാക്കിയ എല്ലാ ചികിത്സാക്രമങ്ങളെക്കുറിച്ചും അദ്ദേഹം അതിൽ തുറന്നെഴുതി. അങ്ങനെ അദ്ദേഹം “ദന്തശാസ്‌ത്രത്തിന്റെ പിതാവ്‌” എന്നറിയപ്പെടാൻ തുടങ്ങി. രോഗികളെ തറയിൽ ഇരുത്തുന്നതിനുപകരം കസേരയിൽ ഇരുത്തി ചികിത്സിച്ച ആദ്യ വ്യക്തിയാണ്‌ അദ്ദേഹം. പല്ലു പറിക്കുന്നതിനായി ഫോഷേർ അഞ്ച്‌ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു. എന്നാൽ കേവലമൊരു പല്ലെടുപ്പുകാരൻ അല്ലായിരുന്നു അദ്ദേഹം. ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന ഡ്രില്ലും പോട്‌ അടയ്‌ക്കാനുള്ള മാർഗങ്ങളും അദ്ദേഹം കണ്ടുപിടിച്ചു. റൂട്ട്‌ കനാൽ അടയ്‌ക്കാനും ദന്തമൂലത്തോടു ചേർത്ത്‌ കൃത്രിമപ്പല്ലു വെക്കാനും അദ്ദേഹം പഠിച്ചു. അദ്ദേഹം ചികിത്സയ്‌ക്ക്‌ ഉപയോഗിച്ചിരുന്ന, ആനക്കൊമ്പിൽ തീർത്ത വെപ്പുപല്ലുകൾക്ക്‌ മുകളിലത്തെ നിര സ്ഥാനത്ത്‌ ഉറപ്പിച്ചു നിറുത്തുന്നതിന്‌ ഒരു സ്‌പ്രിങ്‌ ഉണ്ടായിരുന്നു. ഫോഷേറാണ്‌ ദന്തചികിത്സയ്‌ക്ക്‌ ഒരു പ്രൊഫഷന്റെ പരിവേഷം നൽകിയത്‌. അദ്ദേഹത്തിന്റെ സ്വാധീനം അറ്റ്‌ലാന്റിക്‌ കടന്ന്‌ അമേരിക്കയോളമെത്തി.

അമേരിക്കൻ പ്രസിഡന്റും പല്ലുവേദനയും

ലൂയി പതിന്നാലാമനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞ്‌ അമേരിക്കയുടെ ഒന്നാമത്തെ പ്രസിഡന്റ്‌ ജോർജ്‌ വാഷിങ്‌ടണിനെയും പല്ലുവേദന പിടികൂടി. 22-ാം വയസ്സിൽ തുടങ്ങി എല്ലാ വർഷവും അദ്ദേഹം ഓരോ പല്ലു പറിക്കുമായിരുന്നു. ഭൂഖണ്ഡസേനയെ നയിച്ച സമയത്ത്‌ അദ്ദേഹം അനുഭവിച്ചിരിക്കാൻ ഇടയുള്ള വേദനയൊന്നു സങ്കൽപ്പിച്ചുനോക്കൂ! 1789-ൽ അമേരിക്കയുടെ ഒന്നാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ ഒരു പല്ലുപോലും സ്വന്തമായില്ലായിരുന്നു.

പല്ലില്ലാത്തതിന്റെ ദുഃഖവും ഫിറ്റല്ലാത്ത വെപ്പുപല്ലും വാഷിങ്‌ടണിനെ മാനസികമായി കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്‌. പുതുതായി പിറവിയെടുത്ത രാഷ്‌ട്രത്തിന്റെ നായകനു ചേർന്ന ഒരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ പാടുപെടുമ്പോഴും ബാഹ്യാകാരം അദ്ദേഹത്തിന്റെ ‘ഉറക്കംകെടുത്തിയിരുന്നു.’ അച്ചുണ്ടാക്കി അതിൽ എന്തെങ്കിലും മിശ്രിതം ഒഴിച്ചിട്ടല്ല അന്നൊക്കെ കൃത്രിമപ്പല്ലുകൾ നിർമിച്ചിരുന്നത്‌; പിന്നെയോ ആനക്കൊമ്പിൽ കൊത്തിയെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അത്‌ ഉറപ്പിച്ചു നിറുത്തുക എളുപ്പമല്ലായിരുന്നു. വാഷിങ്‌ടണിന്റേതുപോലുള്ള ബുദ്ധിമുട്ടുകൾക്ക്‌ ഇരയായിരുന്നു പല ഇംഗ്ലീഷുകാരും. അതുകൊണ്ടാണ്‌ അവർ ചിരിപ്പിക്കാത്ത തമാശകൾ പടച്ചുവിടുന്നത്‌ എന്നു പറയപ്പെടുന്നു; വായ്‌ തുറന്ന്‌ ചിരിച്ച്‌ വെപ്പുപല്ലിന്റെ കഥ പുറത്തറിയരുതല്ലോ?

വാഷിങ്‌ടണിന്റെ വെപ്പുപല്ല്‌ മരംകൊണ്ടുള്ളതായിരുന്നു എന്ന കഥയിൽ കഴമ്പില്ലെന്നു തോന്നുന്നു. മനുഷ്യപ്പല്ല്‌, ആനക്കൊമ്പ്‌, ലെഡ്‌ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പുഞ്ചിരിക്കു പിന്നിൽ, അല്ലാതെ മരപ്പല്ല്‌ അല്ലായിരുന്നു. ശവക്കുഴി തോണ്ടി മോഷണം നടത്തുന്നവരിൽനിന്ന്‌ ആയിരിക്കാം അദ്ദേഹത്തിന്റെ ഡോക്ടർമാർ പല്ല്‌ സംഘടിപ്പിച്ചത്‌. പല്ലുവ്യാപാരികൾ സൈന്യത്തെ പിന്തുടർന്ന്‌ യുദ്ധക്കളത്തിൽ മരിച്ചവരുടെയും മരിച്ചുകൊണ്ടിരിക്കുന്നവരുടെയും പല്ല്‌ എടുക്കുന്ന രീതിയുമുണ്ടായിരുന്നു. അങ്ങനെ വെപ്പുപല്ല്‌ പണക്കാരുടെ ആഡംബരമായി. വൾക്കനൈസ്‌ ചെയ്‌ത റബ്ബർ കണ്ടുപിടിച്ചതിനെത്തുടർന്ന്‌ 1850-കളിൽ വെപ്പുപല്ലിന്റെ പ്രതലം ഉണ്ടാക്കാൻ അത്‌ ഉപയോഗിച്ചു തുടങ്ങി. അതോടെ വെപ്പുപല്ല്‌ സാധാരണക്കാരന്റെയും മിത്രമായി. വാഷിങ്‌ടണിനെ ചികിത്സിച്ച ഡോക്ടർമാർ പുരോഗതിയുടെ ഉത്തുംഗങ്ങളിൽ ആയിരുന്നെങ്കിലും പല്ലുവേദനയുടെ കാരണം പൂർണമായി മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞില്ല.

പല്ലുവേദനയുടെ ഉള്ളുകള്ളികൾ

പല്ലുവേദനയ്‌ക്കു കാരണക്കാർ പുഴുക്കളാണ്‌ എന്നായിരുന്നു പുരാതന കാലംമുതൽക്കേയുള്ള വിശ്വാസം. 1700-കൾ വരെ ഈ ധാരണ വ്യാപകമായിരുന്നു. 1890-ൽ ജർമനിയിലെ ബെർലിൻ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്‌തിരുന്ന വിലബി മില്ലർ പല്ലുവേദനയുടെ മുഖ്യ ഉത്തരവാദിയായ ദന്തക്ഷയത്തിന്റെ കാരണം കണ്ടുപിടിച്ചു. വിശേഷാൽ പഞ്ചസാരയിൽ തഴച്ചുവളരുന്ന ബാക്ടീരിയ പല്ലിനെ ആക്രമിക്കുന്ന ഒരുതരം ആസിഡ്‌ ഉത്‌പാദിപ്പിക്കുന്നുണ്ടത്രേ. എന്നാൽ ദന്തക്ഷയം തടയാൻ എന്താണു മാർഗം? തികച്ചും യാദൃച്ഛികമായിട്ടാണ്‌ അതിനുള്ള ഉത്തരം വെളിച്ചം കണ്ടത്‌.

തങ്ങളുടെ നാട്ടുകാരിൽ പലർക്കും നിറംമങ്ങിയ പല്ലുകൾ ഉള്ളത്‌ എന്തുകൊണ്ടാണ്‌ എന്നത്‌ യു.എ⁠സ്‌.എ.-യിലെ കൊളറാഡോയിലുള്ള ദന്തഡോക്ടർമാരെ ചിന്തിപ്പിച്ച ഒരു കാര്യമാണ്‌. അവസാനം, വെള്ളത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡാണു വില്ലൻ എന്നു കണ്ടെത്തി. എന്നാൽ പ്രാദേശിക പ്രശ്‌നത്തെക്കുറിച്ച്‌ പഠിച്ച ഗവേഷകരുടെ അന്വേഷണം പല്ലുവേദനയുടെ പ്രതിവിധിയോടുള്ള ബന്ധത്തിൽ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ഒരു വസ്‌തുതയിലാണു ചെന്നെത്തിയത്‌; തികച്ചും യാദൃച്ഛികമായിട്ടായിരുന്നു അത്‌. അങ്ങനെ കുടിവെള്ളത്തിൽ ഫ്‌ളൂറൈഡിന്റെ അളവ്‌ കുറവുള്ള സ്ഥലങ്ങളിൽ വളർന്നുവന്നവർക്കിടയിൽ ദന്തക്ഷയം കൂടുതലാണെന്ന സത്യം ലോകം മനസ്സിലാക്കി. വെള്ളത്തിൽ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡ്‌ പല്ലിലെ ഇനാമലിന്റെ ഒരു ഘടകമാണ്‌. ഫ്‌ളൂറൈഡിന്റെ അംശം കുറവായിരുന്ന വെള്ളം കുടിച്ചിരുന്നവർക്ക്‌ ആവശ്യത്തിനു ഫ്‌ളൂറൈഡ്‌ നൽകിയപ്പോൾ ദന്തക്ഷയം 65 ശതമാനംകണ്ട്‌ കുറയുകയുണ്ടായി.

അങ്ങനെ മിക്ക കേസുകളിലും പല്ലുവേദനയ്‌ക്കു കാരണം ദന്തക്ഷയമാണെന്ന സത്യം മാലോകരറിഞ്ഞു. പഞ്ചസാര ദന്തക്ഷയമുണ്ടാക്കുന്നു; ഫ്‌ളൂറൈഡ്‌ ദന്തക്ഷയം തടയുന്നു. എന്നാൽ ഫ്‌ളൂറൈഡ്‌, ബ്രഷ്‌ ചെയ്യുന്നതിനോ ഫ്‌ളോസ്‌ ചെയ്യുന്നതിനോ പകരമാവില്ല എന്നതു തെളിയിക്കപ്പെട്ട ഒരു വസ്‌തുതയാണ്‌.

പല്ലുപറിക്കാം, വേദനയില്ലാതെ!

അനസ്‌തേഷ്യയുടെ രംഗപ്രവേശത്തിനുമുമ്പ്‌ ദന്തചികിത്സകൾ വേദനാപൂർണമായിരുന്നു. ദന്തഡോക്ടർമാർ കേടായ പല്ല്‌ കൂർത്ത ഉപകരണങ്ങൾകൊണ്ടു പറിച്ചെടുത്തിട്ട്‌ ഉരുക്കിയ ലോഹംകൊണ്ട്‌ ദ്വാരം അടയ്‌ക്കുകയായിരുന്നു പതിവ്‌. മറ്റു ചികിത്സാരീതികളൊന്നും ഇല്ലായിരുന്നതിനാൽ ഡോക്ടർമാർ, ചുട്ടുപഴുപ്പിച്ച ഒരു ഇരുമ്പുകഷണം കേടായ പൾപ്പ്‌ ഉണ്ടായിരുന്ന പല്ലിന്റെ മൂലത്തിലേക്ക്‌ ഇറക്കി ആ ഭാഗം നശിപ്പിക്കുമായിരുന്നു. പറ്റിയ ഉപകരണങ്ങളോ അനസ്‌തേഷ്യയോ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ പല്ലുപറിക്കുന്നതും അങ്ങേയറ്റം വേദനാകരമായ ഒരു അനുഭവമായിരുന്നു. പല്ലുവേദന സഹിച്ചു ജീവിക്കുന്നതിനെക്കാൾ ഭേദമാണല്ലോ എന്നു കരുതിയാണ്‌ പലരും ആ സാഹസത്തിനു മുതിർന്നത്‌. നൂറ്റാണ്ടുകളോളം കറുപ്പ്‌, കഞ്ചാവ്‌, മാൻഡ്രേക്‌സ്‌ തുടങ്ങിയവ ഉപയോഗിച്ചെങ്കിലും അതൊക്കെ വേദന അൽപ്പമൊന്നു ശമിപ്പിച്ചതേയുള്ളൂ. വേദനയില്ലാതെ ശസ്‌ത്രക്രിയ നടത്താൻ ദന്തഡോക്ടർമാർക്കാകുന്ന ഒരു കാലം വരുമായിരുന്നോ?

1772-ൽ ഇംഗ്ലീഷ്‌ രസതന്ത്രജ്ഞനായ ജോസഫ്‌ പ്രിസ്റ്റ്‌ലി, നൈട്രസ്‌ ഓക്‌സൈഡ്‌ അഥവാ ചിരിവാതകം (laughing gas) തയ്യാറാക്കി അധികം താമസിയാതെതന്നെ അതിന്‌ മരവിപ്പിക്കാനുള്ള കഴിവുണ്ടെന്ന കാര്യം വ്യക്തമായി. എന്നാൽ 1844 വരെ ആരും അത്‌ ആ ഉദ്ദേശ്യത്തിനായി ഉപയോഗിച്ചില്ല. ആ വർഷം ഡിസംബർ 10-ന്‌ യു.എ⁠സ്‌.എ.-യിലെ കണെക്‌റ്റിക്കട്ടിലുള്ള ഹാർട്ട്‌ഫോർഡിലെ ഹോറസ്‌ വെൽസ്‌ എന്ന ദന്തഡോക്ടർ ഒരു പ്രഭാഷണം കേൾക്കാൻ പോയി. സന്നിഹിതരായിരുന്നവരെ ചിരിവാതകം കൊടുത്തു രസിപ്പിച്ച ഒരു കൂടിവരവായിരുന്നു അത്‌. അതിന്റെ സ്വാധീനത്തിൻകീഴിൽ ആയിരുന്ന ഒരാൾക്ക്‌ കാൽ ബെഞ്ചിൽ തട്ടിയിട്ടും വേദന തോന്നാതിരുന്നത്‌ വെൽസ്‌ ശ്രദ്ധിച്ചു. ദയാലുവായിരുന്നു വെൽസ്‌; അതുകൊണ്ടുതന്നെ ചികിത്സയ്‌ക്കിടെ രോഗികളെ വേദനിപ്പിക്കുന്നതിൽ അദ്ദേഹത്തിനു വേദന തോന്നിയിരുന്നു. അങ്ങനെ നൈട്രസ്‌ ഓക്‌സൈഡ്‌ വേദനസംഹാരിയായി ഉപയോഗിക്കാൻ അദ്ദേഹം മനസ്സിലുറച്ചു. പക്ഷേ മറ്റുള്ളവരിൽ പ്രയോഗിക്കുന്നതിനുമുമ്പ്‌ അത്‌ സ്വയം പരീക്ഷിച്ചുനോക്കാൻ അദ്ദേഹം തീരുമാനിച്ചു. പിന്നെ വൈകിയില്ല, പിറ്റേ ദിവസംതന്നെ, രോഗികളെ ഇരുത്താറുള്ള കസേരയിലിരുന്ന്‌ അദ്ദേഹം നൈട്രസ്‌ ഓക്‌സൈഡ്‌ മണത്തു, ബോധംകെടുന്നതുവരെ. അപ്പോൾ സഹപ്രവർത്തകരിലൊരാൾ അദ്ദേഹത്തിന്റെ പ്രശ്‌നക്കാരനായ ഒരു ജ്ഞാനപ്പല്ല്‌ (wisdom tooth) പറിച്ചെടുത്തു. ചരിത്രം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്‌. ഒടുവിലതാ ദന്തചികിത്സാരംഗത്തുനിന്നു വേദന പറപറന്നു! *

അന്നുമുതൽ ദന്തചികിത്സാരംഗത്ത്‌ സാങ്കേതികമായി പല മുന്നേറ്റങ്ങളുമുണ്ടായി. അതുകൊണ്ടെന്താ, ഇന്നിപ്പോൾ വേദനയില്ലാതെ, ആകുലതകളില്ലാതെ ദന്തഡോക്ടറെ കണ്ടുമടങ്ങാം.

[അടിക്കുറിപ്പുകൾ]

^ ഖ. 22 ഇന്ന്‌ ലോക്കൽ അനസ്‌തേഷ്യയാണ്‌ നൈട്രസ്‌ ഓക്‌സൈഡിനെക്കാൾ അധികമായി ഉപയോഗിച്ചുവരുന്നത്‌.

[28-ാം പേജിലെ ചിത്രം]

അമേരിക്കയുടെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ജോർജ്‌ വാഷിങ്‌ടണിന്റെ, ആനക്കൊമ്പിൽ തീർത്ത വെപ്പുപല്ല്‌

[കടപ്പാട്‌]

Courtesy of The National Museum of Dentistry, Baltimore, MD

[29-ാം പേജിലെ ചിത്രം]

നൈട്രസ്‌ ഓക്‌സൈഡ്‌ അനസ്‌തേഷ്യയായി ഉപയോഗിച്ചു നടത്തിയ ആദ്യത്തെ ദന്തശസ്‌ത്രക്രിയ ചിത്രകാരന്റെ ഭാവനയിൽ, 1844

[കടപ്പാട്‌]

Courtesy of the National Library of Medicine

[27-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Courtesy of the National Library of Medicine