വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരന്തങ്ങളുടെ അന്ത്യം സമീപം

ദുരന്തങ്ങളുടെ അന്ത്യം സമീപം

ദുരന്തങ്ങളുടെ അന്ത്യം സമീപം

ഭൂകമ്പം, യുദ്ധം, ക്ഷാമം, വ്യാധി​—⁠നാം ജീവിക്കുന്ന ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിന്റെ അടയാളമായിരിക്കുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞ ചില കാര്യങ്ങളാണിവ. (മത്തായി 24:3, 7, 8; ലൂക്കൊസ്‌ 21:7, 10, 11) ഇവയൊന്നും പക്ഷേ, ദൈവത്തിന്റെ ചെയ്‌തികളല്ല. യേശുവോ അവന്റെ പിതാവായ യഹോവയാം ദൈവമോ അതിന്‌ ഉത്തരവാദികളല്ല.

എന്നാൽ, ഈ സംഭവങ്ങൾ എന്തിന്റെ അടയാളമായി മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നുവോ ആ കാര്യങ്ങൾക്ക്‌​—⁠യഹോവയുടെ പരമാധീശത്വത്തെ എതിർക്കുന്ന സകലരുടെയും നാശത്തിനും യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ ഭരണമായ ദൈവരാജ്യത്തിനും​—⁠ദൈവമായിരിക്കും ഉത്തരവാദി. (ദാനീയേൽ 2:44; 7:13, 14) അതേത്തുടർന്ന്‌ ഭൂഗ്രഹം സമാധാനത്തിന്റെ ഒരു മുന്തിരിത്തോപ്പായി മാറും. പ്രകൃതിവിപത്തുകൾ മേലാൽ ഭീഷണി ഉയർത്തില്ല. “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും” എന്ന ദിവ്യവാഗ്‌ദാനം സമ്പൂർണ അർഥത്തിൽ നിവൃത്തിയേറും.​—⁠യെശയ്യാവു 32:18.

ദൈവത്തെ മാനിക്കുക, എന്നെന്നും ജീവിക്കുക!

ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ വിശദീകരിച്ച പ്രകാരം, മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുന്നവർക്കു തങ്ങളുടെ ജീവൻ രക്ഷിക്കാനായേക്കും. ബൈബിളിന്റെ താളുകളിലുള്ള ദിവ്യമുന്നറിയിപ്പുകളുടെ കാര്യത്തിൽ ഈ തത്ത്വം ഏറെ അന്വർഥമാണ്‌. “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന്‌ ദൈവം പറയുന്നു.​—⁠സദൃശവാക്യങ്ങൾ 1:33.

ദൈവത്തിന്റെ നിശ്വസ്‌ത വചനം അനുദിനം വായിച്ചുകൊണ്ടും അതിലെ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ടും യഹോവയുടെ സാക്ഷികൾ അവന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നു. അപ്രകാരം ചെയ്യാൻ അവർ നിങ്ങളെയും ക്ഷണിക്കുകയാണ്‌. യഹോവയുടെ വാക്കുകൾ അനുസരിക്കുന്നവർക്ക്‌ ഭാവിയെയും ദുഷ്ടർക്കു ഭവിക്കാൻപോകുന്ന നാശത്തെയും ഭയക്കേണ്ട ആവശ്യമില്ല. പകരം, ഒരു പറുദീസയായി മാറുന്ന ഈ ഭൂമിയിൽ നിത്യകാലം ജീവിക്കാൻ അവർക്കു പ്രതീക്ഷിക്കാനാകും. അക്കാലത്ത്‌ “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സങ്കീർത്തനം 37:10, 11.

[8-ാം പേജിലെ ചതുരം]

ദുഃഖിതർക്ക്‌ ആശ്വാസം

പ്രകൃതിവിപത്തിലോ മറ്റെന്തെങ്കിലുമൊരു ദുരന്തത്തിലോ നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടോ? ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌, യേശുവിന്റെ ഉറ്റസ്‌നേഹിതനായ ലാസർ അകാലത്തിൽ മരണമടഞ്ഞ സന്ദർഭം ഓർക്കുക. വിവരമറിഞ്ഞ ഉടൻ യേശു ലാസറിന്റെ നാടായ ബേഥാന്യയിലേക്കു ചെന്ന്‌ അവനെ ‘മരണനിദ്ര’യിൽനിന്ന്‌ ഉയിർപ്പിച്ചു.​—⁠യോഹന്നാൻ 11:1-44.

ലാസറിനോടും അവന്റെ കുടുംബത്തോടുമുള്ള സ്‌നേഹം പ്രകടമാക്കാൻ മാത്രമായിരുന്നില്ല പിന്നെയോ, തന്റെ ഭരണകാലത്ത്‌ “സ്‌മാരകക്കല്ലറകളിലുള്ള” (NW) എല്ലാവരെയും ഉയിർപ്പിക്കുമെന്നുള്ള അവന്റെ വാഗ്‌ദാനത്തിന്‌ ഉറപ്പേകാൻ കൂടിയായിരുന്നു യേശു ആ അത്ഭുതം ചെയ്‌തത്‌. (യോഹന്നാൻ 5:28, 29) ഏദെനിലെ മത്സരം ആനയിച്ച സകല കഷ്ടനഷ്ടങ്ങൾക്കും ആസന്ന പറുദീസയിൽ യേശു പരിഹാരം വരുത്തും. *​—⁠1 യോഹന്നാൻ 3:⁠8.

[അടിക്കുറിപ്പ്‌]

^ ഖ. 10 പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവർക്കായി തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്തിനും ബുദ്ധിയുപദേശങ്ങൾക്കും പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കും ആയി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കാണുക.

[9-ാം പേജിലെ ചതുരം/ചിത്രം]

ഭൂകമ്പം ഗതിമാറ്റിയ ജീവിതം

1971. അന്നു ഞാൻ ഒരു യുവമാതാവായിരുന്നു; സംഗീത നാടകശാലയിലെ ഒരു ഗായികയാകാൻ സ്വപ്‌നം കണ്ടിരുന്ന കാലം. 1957-ൽ കാനഡയിലെ മാനിറ്റോബയിലെ വിനിപെഗിൽനിന്ന്‌ ഗൃഹാതുരത്വങ്ങളോടെ യു.എ⁠സ്‌.എ.-യിലെ കാലിഫോർണിയയിലുള്ള ഹോളിവുഡിനടുത്തേക്കു കൂടുമാറിയത്‌ സംഗീതലോകത്തു ചേക്കേറാനുള്ള മോഹവുമായിട്ടായിരുന്നു.

യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന എന്റെ അമ്മ, എല്ലാ വർഷവും വേനൽക്കാലത്ത്‌ എന്നെക്കാണാൻ കാനഡയിൽനിന്നു വരുമായിരുന്നു. സന്തോഷത്തിനും കുടുംബഭദ്രതയ്‌ക്കുമുള്ള അത്യുത്തമ മാർഗനിർദേശം ബൈബിളിലുണ്ടെന്നു ബോധ്യമുണ്ടായിരുന്ന അമ്മ, ആ സന്ദർഭങ്ങളിലെല്ലാം അതേക്കുറിച്ച്‌ എന്നോടു സംസാരിച്ചിരുന്നു. 9 വർഷം അമ്മ അങ്ങനെ ചെയ്‌തു. എനിക്ക്‌ അമ്മയെ ജീവനായിരുന്നു, അമ്മ പറയുന്നതെല്ലാം ഞാൻ താത്‌പര്യപൂർവം ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും അമ്മ പോയിക്കഴിയുമ്പോൾ അവർ നൽകിയ പ്രസിദ്ധീകരണങ്ങളെല്ലാം ഒരു മൂലയിൽ തള്ളുകയായിരുന്നു പതിവ്‌​—⁠ജീവിതം ശരിയായ ദിശയിൽത്തന്നെയാണു നീങ്ങുന്നത്‌ എന്നായിരുന്നു എന്റെ വിശ്വാസം.

അങ്ങനെയിരിക്കെ 1971 ഫെബ്രുവരിയിൽ, ഒരു തിങ്കളാഴ്‌ച പാതിരാത്രി കഴിഞ്ഞപ്പോൾ ഭൂകമ്പത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട്‌ ഞാൻ ഞെട്ടിയുണർന്നു. റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ആ ഭൂകമ്പം ഭൂമുഖത്തെ ഭയാനകമാംവിധം വിറപ്പിച്ചുകളഞ്ഞു. പേടിച്ചരണ്ടുപോയ എനിക്ക്‌ പെട്ടെന്നു മകനെയാണ്‌ ഓർമവന്നത്‌. ഓടിച്ചെന്നുനോക്കിയപ്പോൾ ആശ്വാസമായി​—⁠അവൻ സുരക്ഷിതമായി തൊട്ടിലിൽത്തന്നെ കിടപ്പുണ്ട്‌. പ്രകമ്പനം അവസാനിച്ചപ്പോഴേക്കും ചില്ലും അലമാരയിലുള്ള സാധനങ്ങളുമെല്ലാം എങ്ങും ചിതറിക്കിടന്നിരുന്നു. നീന്തൽക്കുളത്തിലെ വെള്ളം മുഴുവൻ മുറ്റത്തു തളംകെട്ടിക്കിടന്നു. എന്റെ കുടുംബം സുരക്ഷിതമായിരുന്നെങ്കിലും ആ രാത്രി വീണ്ടും ഉറങ്ങാൻ എനിക്കായില്ല.

അമ്മ എന്നോട്‌ ‘അന്ത്യകാലത്തെ’ക്കുറിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു, ‘വലിയ ഭൂകമ്പങ്ങൾ’ അതിന്റെ ഒരു സവിശേഷതയാണെന്നും. (2 തിമൊഥെയൊസ്‌ 3:1; ലൂക്കൊസ്‌ 21:7-11) ആ വർഷം വേനലായപ്പോഴും അമ്മ എന്നെ കാണാൻ വന്നു, എന്നാൽ പഴയതുപോലെ പ്രസിദ്ധീകരണങ്ങളൊന്നും കൊണ്ടുവന്നില്ല. ഒമ്പതുവർഷം എന്നോടു സംസാരിച്ചിട്ടും ഫലംകാണാതിരുന്നതിനാൽ എനിക്കു ബൈബിളിൽ താത്‌പര്യമില്ലെന്ന്‌ അമ്മ നിഗമനം ചെയ്‌തിരുന്നു. പക്ഷേ അമ്മയ്‌ക്കു തെറ്റി! നൂറുകൂട്ടം ചോദ്യങ്ങളുമായി കാത്തിരിക്കുകയായിരുന്നു ഞാൻ. സംഗീതവും പ്രശസ്‌തിയുമെല്ലാം പെട്ടെന്ന്‌ എനിക്ക്‌ ഒന്നുമല്ലാതായിത്തീർന്നിരുന്നു.

ആ ആഴ്‌ചതന്നെ അമ്മയോടൊപ്പം സ്ഥലത്തെ രാജ്യഹാളിൽ ഞാൻ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചു, അതിൽപ്പിന്നെ അപൂർവമായേ ഞാൻ യോഗങ്ങൾ മുടക്കിയുള്ളൂ. അമ്മ എനിക്കായി ഒരു ബൈബിളധ്യയനത്തിനുള്ള ക്രമീകരണവും ചെയ്‌തു. അങ്ങനെ 1973-ൽ ഞാൻ സ്‌നാപനമേറ്റു. ഇന്ന്‌ ഓരോ മാസവും ശരാശരി 70 മണിക്കൂർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഞാൻ മറ്റുള്ളവരുമായി പങ്കുവെക്കുന്നു. (മത്തായി 24:14) ആ ഭൂകമ്പം ദൈവത്തിലുള്ള എന്റെ വിശ്വാസം തകർക്കുകയല്ല, ശക്തമാക്കുകയാണു ചെയ്‌തത്‌.​—⁠കോളിൻ എസ്‌പാർസാ പറഞ്ഞത്‌.