വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവമാണോ ഉത്തരവാദി?

ദൈവമാണോ ഉത്തരവാദി?

ദൈവമാണോ ഉത്തരവാദി?

“ദൈവം സ്‌നേഹം തന്നേ” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) കരുണയും നീതിയുമുള്ളവനാണ്‌ ദൈവം. “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ” എന്നും അതു പറയുന്നു.​—⁠ആവർത്തനപുസ്‌തകം 32:⁠4.

സ്രഷ്ടാവെന്ന നിലയിൽ ദുരന്തസാധ്യതകൾ മുൻകൂട്ടിക്കാണാൻ യഹോവയാം ദൈവത്തിനു കഴിയും, സംഭവങ്ങൾ വഴിതിരിച്ചുവിടാനും അവൻ പ്രാപ്‌തനാണ്‌. ഈ വസ്‌തുതയുടെയും ദൈവത്തിനുള്ളതായി ബൈബിളിൽ വിവരിച്ചിരിക്കുന്ന ഗുണങ്ങളുടെയും വെളിച്ചത്തിൽ, “പ്രകൃതിവിപത്തുകൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” എന്നു പലരും ചോദിക്കുന്നു. * അക്കൂട്ടത്തിൽപ്പെട്ട ആത്മാർഥഹൃദയരായ ദശലക്ഷങ്ങൾ, ദൈവം തന്റെ ലിഖിതവചനത്തിൽ അതിനുള്ള ഏറ്റവും തൃപ്‌തികരമായ ഉത്തരം നൽകിയിരിക്കുന്നതായി തിരിച്ചറിഞ്ഞിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16) പിൻവരുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക.

അവർ ദൈവസ്‌നേഹം തള്ളിക്കളഞ്ഞു

സന്തുഷ്ടവും സുരക്ഷിതവുമായ ഒരു ജീവിതത്തിനാവശ്യമായ സകലതും ദൈവം നമ്മുടെ ആദ്യ മാതാപിതാക്കൾക്കു നൽകിയിരുന്നെന്നു ബൈബിൾ പറയുന്നു. ‘സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ നിറയാനുള്ള’ ദൈവകൽപ്പന അനുസരിക്കവേ അവർക്കും അവരുടെ സന്തതിപരമ്പരകൾക്കും ദൈവത്തിന്റെ സംരക്ഷണം തുടർന്നും ലഭിക്കുമായിരുന്നു.​—⁠ഉല്‌പത്തി 1:28.

സങ്കടകരമെന്നു പറയട്ടെ, മനഃപൂർവം അനുസരണക്കേടു കാണിച്ചുകൊണ്ടും സ്വതന്ത്രമായ ജീവിതം നയിക്കാൻ തീരുമാനിച്ചുകൊണ്ടും ആദാമും ഹവ്വായും ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു. (ഉല്‌പത്തി 1:28; 3:1-6) അവരുടെ സന്തതികളിൽ ബഹുഭൂരിപക്ഷവും അതേ പാത പിൻപറ്റിയിരിക്കുന്നു. (ഉല്‌പത്തി 6:5, 6, 11, 12) ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തിന്റെ വഴിനടത്തിപ്പ്‌ കാറ്റിൽപ്പറത്തിക്കൊണ്ട്‌ തങ്ങളുടെയും തങ്ങളുടെ ഭവനമായ ഭൂമിയുടെയും കാര്യാദികൾ സ്വന്തമായി കൈകാര്യംചെയ്യാനാണു മനുഷ്യവർഗം ശ്രമിക്കുന്നത്‌. സൃഷ്ടികളുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിക്കുന്ന സ്‌നേഹവാനായ ഒരു ദൈവമെന്ന നിലയിൽ യഹോവ തന്റെ പരമാധികാരം മനുഷ്യന്റെമേൽ അടിച്ചേൽപ്പിക്കുന്നില്ല, അവരുടെ പോക്ക്‌ വിപത്‌കരമാണെങ്കിൽപ്പോലും. *

എങ്കിലും യഹോവ മനുഷ്യവർഗത്തെ കൈവിട്ടില്ല. ഇന്നോളം “അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും” ചെയ്‌തിരിക്കുന്നു. (മത്തായി 5:45) ഭൂമിയെക്കുറിച്ചും അതിലെ വിവിധ പരിവൃത്തികളെക്കുറിച്ചും പഠിക്കാനുള്ള പ്രാപ്‌തിയും ദൈവം മനുഷ്യനു നൽകി. കാലാവസ്ഥയിലെ തിരിച്ചടികളും അഗ്നിപർവതസ്‌ഫോടനംപോലുള്ള മറ്റു വിപത്തുകളും ഒരു പരിധിവരെ മുൻകൂട്ടിക്കാണാൻ ഈ അറിവ്‌ അവനെ സഹായിച്ചിരിക്കുന്നു.

ഭൂമിയുടെ ഏതു ഭാഗങ്ങളിലാണു ഭൂകമ്പവും മറ്റു കെടുതികളും ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതെന്നും മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു. നിർമാണ വൈദഗ്‌ധ്യങ്ങളും മുന്നറിയിപ്പു സംവിധാനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടും ബോധവത്‌കരണത്തിലൂടെയും ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ അറിവ്‌ ചില നാടുകളിൽ സഹായകമായിട്ടുണ്ട്‌. എങ്കിലും ഓരോ വർഷവും റിപ്പോർട്ടു ചെയ്യപ്പെടുന്ന പ്രകൃതിവിപത്തുകളുടെ എണ്ണം കുതിച്ചുയരുകയാണ്‌. ഇതിനുള്ള കാരണങ്ങൾ നിരവധിയാണ്‌, ഒപ്പം സങ്കീർണവും.

അപകടസാധ്യതയേറിയ സ്ഥലങ്ങളിലെ ജീവിതം

ഒരു വിപത്തിന്റെ രൂക്ഷത എല്ലായ്‌പോഴും, ഉൾപ്പെട്ടിരിക്കുന്ന പ്രകൃതിശക്തികളുടെ തോതിനെ ആശ്രയിച്ചിരിക്കുന്നില്ല. ദുരന്തമുണ്ടാകുന്ന സ്ഥലത്തെ ജനസാന്ദ്രതയാണ്‌ മിക്കപ്പോഴും അതിന്റെ തീവ്രത നിർണയിക്കുന്നത്‌. 160-ലേറെ രാജ്യങ്ങളിൽ, ജനസംഖ്യയുടെ കാൽഭാഗത്തിലധികവും താമസിക്കുന്നത്‌ പ്രകൃതിവിപത്തുകൾക്കു സാധ്യതയുള്ള സ്ഥലങ്ങളിലാണെന്ന്‌ ലോകബാങ്ക്‌ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. “കൂടുതൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുമ്പോൾ, മുമ്പ്‌ പ്രകൃതിയിലെ സാധാരണ സംഭവങ്ങൾ മാത്രമായിരുന്ന പ്രതിഭാസങ്ങൾ ദുരന്തങ്ങളായി ആഞ്ഞടിക്കുന്നു” എന്ന്‌ ഐക്യനാടുകളിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞനായ ക്ലാവുസ്‌ ജേക്കബ്‌ പറയുന്നു.

ത്വരിതവും അനാസൂത്രിതവുമായ നഗരവത്‌കരണം, വനനശീകരണം, വെള്ളം ഒപ്പിയെടുക്കാൻ ഭൂമിക്കുള്ള നൈസർഗിക സവിശേഷതയ്‌ക്കു തടയിട്ടുകൊണ്ട്‌ അതിന്റെ ഉപരിതലത്തിൽ വ്യാപകമായി നിർമിച്ചുകൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌ ആവരണം എന്നിവയാണ്‌ സ്ഥിതിഗതികൾ വഷളാക്കുന്ന മറ്റു ഘടകങ്ങൾ. വിശേഷിച്ചും ഒടുവിൽപ്പറഞ്ഞ രണ്ടു കാര്യങ്ങൾ വിനാശകമായ മണ്ണിടിച്ചിലിനും ക്രമാതീതമായ വെള്ളപ്പൊക്കത്തിനും വഴിവെച്ചേക്കാം.

ഭൂകമ്പങ്ങൾ ഒരു വൻദുരന്തമാക്കുന്നതിൽ മനുഷ്യന്റെ പങ്കു നിർണായകമാണ്‌. ഭൂകമ്പത്തിന്റെ പ്രകമ്പനമല്ല, പിന്നെയോ തകർന്നുവീഴുന്ന കെട്ടിടങ്ങളാണ്‌ കൂടുതൽ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്നത്‌. “ഭൂകമ്പങ്ങൾ മനുഷ്യനു ജീവഹാനിവരുത്തുന്നില്ല. കെട്ടിടങ്ങളാണ്‌ അവനെ കൊല്ലുന്നത്‌” എന്ന്‌ ഭൂകമ്പശാസ്‌ത്രജ്ഞർ പറയുന്നതിൽ തെല്ലും ആശ്ചര്യമില്ല.

ഗവൺമെന്റുകളുടെ പിടിപ്പുകേടും മരണനിരക്ക്‌ കൂടാൻ ഇടയാക്കിയേക്കാം. കഴിഞ്ഞ 400 വർഷത്തിനുള്ളിൽ, ഒരു തെക്കേ അമേരിക്കൻ ദേശത്തിന്റെ തലസ്ഥാനനഗരിയെ ഭൂകമ്പം മൂന്നുവട്ടം നിർമൂലമാക്കുകയുണ്ടായി. അവസാനത്തെ ഭൂകമ്പമുണ്ടായ 1967-നുശേഷം അവിടത്തെ ജനസംഖ്യ ഇരട്ടിച്ച്‌ 50 ലക്ഷമായിത്തീർന്നിരിക്കുന്നു. “എന്നാൽ പൊതുജനത്തെ മരണത്തിൽനിന്നു രക്ഷിക്കാൻ പര്യാപ്‌തമായ നിർമാണ ചട്ടങ്ങൾ നിലവിലില്ല, ഉണ്ടെങ്കിൽത്തന്നെ നടപ്പിലാക്കപ്പെടുന്നില്ല” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു.

ഒടുവിൽപ്പറഞ്ഞ ആ പ്രസ്‌താവന യു.എസ്‌.എ.-യിലെ ലൂസിയാനയിലുള്ള ന്യൂ ഓർലിയൻസ്‌ നഗരത്തിന്റെ കാര്യത്തിൽ പ്രസക്തമാണ്‌. വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള താഴ്‌ന്ന പ്രദേശത്താണ്‌ അതു സ്ഥിതിചെയ്യുന്നത്‌. തടയണകളും പമ്പുകളുമൊക്കെ ഉണ്ടായിരുന്നിട്ടും അനേകരുടെയും പേടിസ്വപ്‌നമായിരുന്ന ദുരന്തം ഒടുവിൽ 2005-ൽ കത്രീന ചുഴലിക്കാറ്റായി ആഞ്ഞടിച്ചു. “കാലങ്ങളായുള്ള മുന്നറിയിപ്പുകൾ” അവഗണിക്കുകയോ “വേണ്ടത്ര ഗൗരവത്തോടെ” വീക്ഷിക്കാതിരിക്കുകയോ ചെയ്‌തെന്ന്‌ യുഎസ്‌എ ടുഡേയിലെ ഒരു റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ ദുരന്തങ്ങൾക്ക്‌ ആക്കംകൂട്ടുകയും സമുദ്രനിരപ്പ്‌ ഉയർത്തുകയും ചെയ്‌തേക്കാമെന്ന്‌ അനേകം ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്ന ആഗോളതപനത്തിന്റെ കാര്യത്തിലും സമാനമായ ഒരു നിസ്സംഗത പ്രകടമാണ്‌. വ്യക്തമായും, ദൈവത്തിന്റെ ചെയ്‌തികളല്ലാത്ത രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്‌. ‘സ്വന്തം കാലടികളെ നേരെയാക്കാൻ’ മനുഷ്യൻ അപ്രാപ്‌തനാണെന്ന ബൈബിൾസത്യമാണ്‌ ഇത്തരം മാനുഷിക ഘടകങ്ങൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്‌. (യിരെമ്യാവു 10:23) പ്രകൃതിയും അധികാരികളും മുഴക്കുന്ന മുന്നറിയിപ്പിനോടുള്ള ആളുകളുടെ മനോഭാവവും ശ്രദ്ധാർഹമാണ്‌.

മുന്നറിയിപ്പുകൾ തിരിച്ചറിയാൻ പഠിക്കുക

മുന്നറിയിപ്പുകളില്ലാതെയും പ്രകൃതിവിപത്തുകൾ ഉണ്ടായേക്കാമെന്ന കാര്യം ആദ്യംതന്നെ നാം ഓർക്കണം. “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” (NW) നമുക്കെല്ലാം നേരിടുന്നുവെന്ന്‌ സഭാപ്രസംഗി 9:11 പറയുന്നു. എന്നാൽ ഒരു ദുരന്തം ആഞ്ഞടിക്കുന്നതിനുമുമ്പായി മിക്കപ്പോഴും പ്രകൃതിയിൽനിന്നുള്ള ചില സൂചനകളോ അധികാരികളിൽനിന്നുള്ള മുന്നറിയിപ്പുകളോ ലഭിക്കാറുണ്ട്‌. അത്തരം അടയാളങ്ങൾ അതിജീവനത്തിനുള്ള അവസരം തുറന്നുതരുന്നു.

2004-ലെ കൊലയാളിത്തിരകൾ ആയിരങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യയിലെ സിമലൂവ ദ്വീപിലെ ഏഴുപേരുടെ ജീവൻ അപഹരിക്കുകയുണ്ടായി. സൂനാമിക്കുമുമ്പ്‌ സമുദ്രജലം അസാധാരണമാംവിധം ഉൾവലിയുമെന്ന്‌ അറിയാമായിരുന്നതിനാൽ കടൽ പിൻവാങ്ങിയപ്പോൾ ഏറെപ്പേരും ഓടിരക്ഷപ്പെട്ടു. സമാനമായി, മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചതിലൂടെ വിനാശകമായ കൊടുങ്കാറ്റുകളെയും അഗ്നിപർവത സ്‌ഫോടനങ്ങളെയും അതിജീവിക്കാൻ മനുഷ്യർക്കു കഴിഞ്ഞിട്ടുണ്ട്‌. ചിലപ്പോഴൊക്കെ, പ്രകൃതിയുടെ മുന്നറിയിപ്പ്‌ അധികാരികളിൽനിന്നുള്ളതിനെക്കാൾ മുമ്പുതന്നെ ലഭിക്കുന്നതിനാൽ അതു സംബന്ധിച്ചു അറിഞ്ഞിരിക്കുന്നതു ജ്ഞാനമാണ്‌; പ്രത്യേകിച്ചും, നിങ്ങൾ താമസിക്കുന്നത്‌ ദുരന്തസാധ്യതയുള്ള ഒരു സ്ഥലത്താണെങ്കിൽ.

എന്നാൽ ഒരു അഗ്നിപർവതവിജ്ഞാനി പറയുന്നതുപോലെ, “അപകടം ഉണ്ടാകുമെന്ന കാര്യം സുവ്യക്തമായിരിക്കുമ്പോൾപ്പോലും ആളുകൾ അത്‌ അവഗണിക്കാൻ പ്രവണതകാട്ടുന്നു” എന്നതു സങ്കടകരമാണ്‌. വ്യാജ മുന്നറിയിപ്പുകൾ സാധാരണമായിരിക്കുന്നതോ, ദുരന്തമുണ്ടായിട്ട്‌ വളരെക്കാലമായിരിക്കുന്നതോ ആയ പ്രദേശങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്‌. ചിലപ്പോഴൊക്കെ, ദുരന്തം വാതിൽക്കൽ എത്തിനിൽക്കുമ്പോൾപ്പോലും വസ്‌തുവകകളും മറ്റും ഉപേക്ഷിച്ചുപോകാൻ ആളുകൾക്കു മനസ്സില്ല.

കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ കഴിയാതവണ്ണം അത്രയ്‌ക്കും ദരിദ്രരാണ്‌ പല പ്രദേശങ്ങളിലുമുള്ള ആളുകൾ. അതും പക്ഷേ, നമ്മുടെ സ്രഷ്ടാവിന്റെ കൈപ്പിഴയല്ലെന്ന്‌ ഓർക്കണം. മനുഷ്യന്റെ പിടിപ്പുകേടാണ്‌ അതിന്റെയും കാരണം. ഉദാഹരണത്തിന്‌ യുദ്ധായുധങ്ങൾക്കായി കോടികൾ ഒഴുക്കുന്ന ഗവൺമെന്റുകൾക്ക്‌ നിർധനരുടെ ആവശ്യങ്ങൾക്കായി അധികമൊന്നും ചെയ്യാനാകുന്നില്ല.

എന്നാൽ മിക്ക ആളുകൾക്കും​—⁠അവരുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും​—⁠അനൽപ്പമായ സഹായം ഇന്നു ലഭ്യമാണ്‌. ഏതു വിധത്തിൽ? തന്റെ വചനമായ വിശുദ്ധ ബൈബിളിലൂടെ ജീവരക്ഷാകരമായ അനേകം തത്ത്വങ്ങൾ ദൈവം നമുക്കു നൽകിയിരിക്കുന്നു, നാം അവ ബാധകമാക്കുകയേ വേണ്ടൂ.

ജീവരക്ഷാകരമായ തത്ത്വങ്ങൾ

ദൈവത്തെ പരീക്ഷിക്കരുത്‌. “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്‌” എന്ന്‌ ആവർത്തനപുസ്‌തകം 6:16 പറയുന്നു. ആപത്തുകളിൽനിന്നു ദൈവം തങ്ങളെ സദാ കാത്തുകൊള്ളുമെന്നു ചിന്തിച്ചുകൊണ്ട്‌ കണ്ണുംപൂട്ടി നടക്കുന്നവരല്ല യഥാർഥ ക്രിസ്‌ത്യാനികൾ. അതുകൊണ്ട്‌ ദുരന്തം അപകടമണി മുഴക്കുമ്പോൾ അവർ പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”​—⁠സദൃശവാക്യങ്ങൾ 22:⁠3.

ഭൗതിക ആസ്‌തികളെക്കാൾ ജീവനു പ്രാധാന്യം കൽപ്പിക്കുക. “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്‌.” (ലൂക്കൊസ്‌ 12:15) ശരിയാണ്‌, സമ്പത്തും സമ്പാദ്യങ്ങളുമൊക്കെ നമുക്കാവശ്യമാണെങ്കിലും ജീവനില്ലെങ്കിൽ അവകൊണ്ട്‌ എന്താണു പ്രയോജനം! അതുകൊണ്ട്‌ ജീവനെ പ്രിയപ്പെടുകയും ദൈവത്തെ സേവിക്കാനുള്ള പദവിയെ വിലയേറിയതായി വീക്ഷിക്കുകയും ചെയ്യുന്നവർ വസ്‌തുവകകളുടെ സംരക്ഷണത്തിനായി ജീവൻ പണയപ്പെടുത്തുകയില്ല.​—⁠സങ്കീർത്തനം 115:17.

2004-ൽ ഒരു ഭൂകമ്പം ജപ്പാനെ വിറപ്പിച്ചപ്പോൾ, തൊട്ടടുത്ത നിമിഷം​—⁠ഗവൺമെന്റ്‌ മുന്നറിയിപ്പൊന്നും ഉണ്ടാകുന്നതിനുമുമ്പുതന്നെ​—⁠റ്റാഡാഷി തന്റെ വീട്ടിൽനിന്നിറങ്ങിയോടി. വീടിനെക്കാളും സമ്പത്തിനെക്കാളും സ്വന്തം ജീവനായിരുന്നു അദ്ദേഹത്തിനു വിലയേറിയത്‌. ആ പ്രദേശത്തുതന്നെ താമസിക്കുന്ന ആകിറാ ഇങ്ങനെയെഴുതി: “ആസ്‌തികളുടെ നഷ്ടമല്ല, ആളുകളുടെ മനോഭാവമാണ്‌ നാശനഷ്ടങ്ങളുടെ യഥാർഥ വ്യാപ്‌തി നിർണയിക്കുന്നത്‌. ജീവിതം ലളിതമാക്കാനുള്ള നല്ലൊരു അവസരമായി ഞാൻ ഈ ദുരന്തത്തെ കാണുന്നു.”

▪ അധികാരികളുടെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുക. “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) ഒഴിഞ്ഞുപോകാനോ മറ്റേതെങ്കിലും സുരക്ഷാനടപടികൾ കൈക്കൊള്ളാനോ അധികാരികൾ നിർദേശിക്കുമ്പോൾ അത്‌ അനുസരിക്കുന്നതാണു ബുദ്ധി. ഒഴിഞ്ഞുപോകാനുള്ള നിർദേശങ്ങൾക്കു ചേർച്ചയിൽ അപകടമേഖല വിട്ടുപോയതിനാൽ, തുടർന്നുണ്ടായ പ്രകമ്പനങ്ങളിൽ റ്റാഡാഷിക്ക്‌ പരിക്കേൽക്കുകയോ ജീവൻ നഷ്ടമാകുകയോ ചെയ്‌തില്ല.

ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഗവൺമെന്റിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനുമുമ്പുതന്നെ എപ്പോൾ, എങ്ങനെ അത്തരം മുന്നറിയിപ്പുകളോടു പ്രതികരിക്കണം എന്ന കാര്യത്തിൽ നിശ്ചയമുള്ളവരായിരിക്കേണ്ടതുണ്ട്‌. ലഭ്യമായ എല്ലാ വസ്‌തുതകളും അവർ കണക്കിലെടുക്കണം. ചില സ്ഥലങ്ങളിൽ പ്രാദേശിക ഗവൺമെന്റുകൾ, വിപത്തുകളെ അതിജീവിക്കുന്നതിനോടുള്ള ബന്ധത്തിൽ സഹായകമായ മാർഗനിർദേശം പ്രദാനംചെയ്‌തേക്കാം. അത്തരം വിവരങ്ങൾ നിങ്ങളുടെ പ്രദേശത്തു ലഭ്യമാണെങ്കിൽ അക്കാര്യങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ടോ? കുടുംബാംഗങ്ങളുമായി നിങ്ങൾ അവ ചർച്ചചെയ്‌തിട്ടുണ്ടോ? (തുടർന്നുവരുന്ന ചതുരം കാണുക.) ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പ്രാദേശിക ബ്രാഞ്ചോഫീസുകളുടെ മാർഗനിർദേശത്തിൻ കീഴിൽ യഹോവയുടെ സാക്ഷികളുടെ സഭകൾ, ദുരന്തമോ ദുരന്തഭീഷണിയോ നേരിടുമ്പോൾ സ്വീകരിക്കേണ്ടതായ അടിയന്തിര നടപടികൾക്കു രൂപംനൽകിയിട്ടുണ്ട്‌. അവ അങ്ങേയറ്റം സഹായകമെന്ന്‌ അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു.

ക്രിസ്‌തീയ സ്‌നേഹം പങ്കുവെക്കുക. “[ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ] നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 13:34) ക്രിസ്‌തുവിന്റേതുപോലുള്ള ആത്മത്യാഗസ്‌നേഹം കൈമുതലായുള്ളവർ, പ്രകൃതിവിപത്തുകളെ അതിജീവിക്കാനോ കാലേകൂട്ടി അതിനായി ഒരുങ്ങാനോ സഹമനുഷ്യനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു. യഹോവയുടെ സാക്ഷികൾക്കിടയിലെ സഭാമൂപ്പന്മാർ, സഭയിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്ന്‌​—⁠അല്ലെങ്കിൽ സുരക്ഷിതമായ ഒരു സ്ഥലത്തേക്കു മാറാൻ പ്രാപ്‌തരാണെന്ന്‌​—⁠ഉറപ്പുവരുത്താൻ അഹോരാത്രം അധ്വാനിക്കുന്നു. ശുദ്ധജലം, ഭക്ഷണം, വസ്‌ത്രം, പ്രഥമശുശ്രൂഷയ്‌ക്കുള്ള മരുന്നുകൾ തുടങ്ങിയ അവശ്യസംഗതികൾ ഓരോരുത്തർക്കും ഉണ്ടെന്നും അവർ ഉറപ്പുവരുത്തുന്നു. അതേസമയം സുരക്ഷിതസ്ഥലങ്ങളിലുള്ള സാക്ഷിക്കുടുംബങ്ങൾ, അഭയാർഥികളായെത്തുന്ന സഹസാക്ഷികൾക്ക്‌ തങ്ങളുടെ ഭവനങ്ങളിൽ സംരക്ഷണം നൽകുന്നു. അത്തരം സ്‌നേഹം സത്യമായും ‘ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധമാണ്‌.’​—⁠കൊലൊസ്സ്യർ 3:​14, NW.

ചിലർ പ്രവചിക്കുന്നതുപോലെ ഭാവിയിൽ പ്രകൃതിവിപത്തുകൾ കൂടുതൽ രൂക്ഷമായിത്തീരുമോ? ഒരുപക്ഷേ അങ്ങനെ സംഭവിച്ചേക്കാം, എന്നാൽ ആ സ്ഥിതിവിശേഷം നീണ്ടുനിൽക്കില്ല. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ മനുഷ്യവർഗത്തിന്റെ, ദൈവത്തെ ഒഴിവാക്കിക്കൊണ്ടുള്ളതും വിപത്‌കരവുമായ സ്വതന്ത്രയുഗം അവസാനിക്കാൻ പോകുകയാണ്‌. അതേത്തുടർന്ന്‌, ഭൂഗ്രഹവും അതിലെ നിവാസികളും സമ്പൂർണമായ അർഥത്തിൽ യഹോവയുടെ സ്‌നേഹപുരസ്സരമായ പരമാധീശത്വത്തിൻകീഴിൽ വരും, നാം കാണാൻ പോകുന്നതുപോലെ അതിന്റെ ഫലങ്ങൾ അത്യന്തം വിസ്‌മയാവഹമായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഭൂകമ്പങ്ങളോ അഗ്നിപർവത സ്‌ഫോടനമോ കടുത്ത കാലാവസ്ഥയോ ഒന്നും അതിൽത്തന്നെ വിപത്തുകളല്ല. മനുഷ്യർക്കും വസ്‌തുവകകൾക്കും നാശംവിതയ്‌ക്കുമ്പോൾ മാത്രമാണ്‌ അവ അങ്ങനെയായിത്തീരുന്നത്‌.

^ ഖ. 6 കഷ്ടപ്പാടും തിന്മയും താത്‌കാലികമായി ദൈവം അനുവദിച്ചിരിക്കുന്നതിന്റെ കൂടുതലായ വിശദീകരണത്തിനായി “‘എന്തുകൊണ്ട്‌?’​—⁠എന്താണ്‌ ഉത്തരം?” എന്ന വിഷയത്തിൽ, ഇതേ മാസികയുടെ 2006 നവംബർ ലക്കത്തിൽ വന്ന ലേഖനപരമ്പരയും യഹോവയുടെ സാക്ഷികൾതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായവും കാണുക.

[7-ാം പേജിലെ ചതുരം/ചിത്രം]

പലായനംചെയ്യാൻ നിങ്ങൾ സജ്ജരോ?

ഒഴിഞ്ഞുപോകേണ്ടതായി വന്നേക്കാമെന്നുള്ളപ്പോൾ, അടിയന്തിര ആവശ്യത്തിനുള്ള പ്രധാനപ്പെട്ട സാധനങ്ങൾ അടങ്ങിയ, ബലമുള്ളതും കൊണ്ടുനടക്കാവുന്നതുമായ ഒരു “യാത്രാബാഗ്‌” എളുപ്പം ചെന്നെടുക്കാവുന്ന വിധത്തിൽ തയ്യാറാക്കിവെക്കാൻ, ന്യൂയോർക്ക്‌ സിറ്റി ഓഫീസ്‌ ഓഫ്‌ എമർജൻസി മാനേജ്‌മെന്റ്‌ കുടുംബങ്ങളെ ഉപദേശിക്കുന്നു. യാത്രാബാഗിൽ പിൻവരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിക്കാവുന്നതാണ്‌: *

▪ പ്രധാനപ്പെട്ട രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും മറ്റും കോപ്പികൾ (വെള്ളം കയറാത്ത വിധം ഭദ്രമായിരിക്കണം)

▪ കാറിന്റെയും വീടിന്റെയും ഓരോ സെറ്റ്‌ താക്കോലുകൾ

▪ ക്രെഡിറ്റ്‌ കാർഡും എറ്റിഎം കാർഡും പണവും

▪ കുപ്പികളിൽ സീലുചെയ്‌തു കിട്ടുന്ന വെള്ളവും കേടാകാത്ത ഭക്ഷണവും

▪ ടോർച്ച്‌, റേഡിയോ, ആവശ്യത്തിനു ബാറ്ററികൾ എന്നിവയും സെൽഫോൺ ഉണ്ടെങ്കിൽ അതും

▪ മരുന്നു കഴിക്കുന്നവരാണെങ്കിൽ, ഒരാഴ്‌ചത്തേക്കെങ്കിലുമുള്ള മരുന്നുകളും അതു കഴിക്കേണ്ട വിവരങ്ങളടങ്ങിയ ലിസ്റ്റും മരുന്നിന്റെ കുറുപ്പടിയും ഡോക്ടറുടെ പേരും ഫോൺനമ്പരും (കാലാവധി തീരാറായ മരുന്നുകൾ മാറ്റി പുതിയവ വെക്കുക)

▪ ഫസ്റ്റ്‌-എയ്‌ഡ്‌ ബോക്‌സ്‌

▪ മഴക്കോട്ടും ഉറപ്പുള്ള, സുഖകരമായ പാദരക്ഷയും

▪ കൂട്ടംവിട്ടുപോകുന്നപക്ഷം കുടുംബാംഗങ്ങൾ ഒന്നിച്ചുചേരേണ്ട സ്ഥലം സംബന്ധിച്ചുള്ള വിവരങ്ങളും ഫോൺനമ്പരും പ്രാദേശിക ഭൂപടവും

▪ കുഞ്ഞുങ്ങൾക്ക്‌ ആവശ്യമായ സാധനങ്ങൾ

[അടിക്കുറിപ്പ്‌]

^ ഖ. 35 ഔദ്യോഗിക ലിസ്റ്റ്‌ ആസ്‌പദമാക്കിയുള്ളതാണെങ്കിലും മേൽപ്പറഞ്ഞ പട്ടിക ഭേദഗതിക്കു വിധേയമാണ്‌. എല്ലാ കാര്യങ്ങളും നിങ്ങൾക്ക്‌ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തോടുള്ള ബന്ധത്തിൽ അനുയോജ്യമായിരിക്കില്ല. കൂടാതെ, ചിലതൊക്കെ ചേർക്കേണ്ടിയുംവന്നേക്കാം. ഉദാഹരണത്തിന്‌, പ്രായമായവർക്കും ശാരീരികപരിമിതികളും മറ്റുമുള്ളവർക്കും പ്രത്യേകശ്രദ്ധ ആവശ്യമാണല്ലോ.

[4-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

USGS, David A. Johnston, Cascades Volcano Observatory