വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വനുവാട്ടു നിങ്ങളെ മാടിവിളിക്കുന്നു

വനുവാട്ടു നിങ്ങളെ മാടിവിളിക്കുന്നു

വനുവാട്ടു നിങ്ങളെ മാടിവിളിക്കുന്നു

ന്യൂകലഡോണിയയിലെ ഉണരുക! ലേഖകൻ

പിരിമുറുക്കം അനുഭവിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? സ്വസ്ഥത തേടി എവിടേക്കെങ്കിലുമൊന്നു പോയാൽക്കൊള്ളാമെന്നു തോന്നുന്നുണ്ടോ? എങ്കിൽ, സൂര്യപ്രകാശത്തിൽ നീരാടിനിൽക്കുന്ന ഒരു ഉഷ്‌ണമേഖലാ ദ്വീപിൽ കുറച്ചുനാൾ ചെലവഴിക്കുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. പച്ചകലർന്ന നീലജലാശയപ്പരപ്പിൽ നീന്തിത്തുടിക്കുന്നതും ഇടതൂർന്ന മഴക്കാടുകളിലൂടെ മെല്ലെ നടക്കുന്നതും വിസ്‌മയാവഹമായ സംസ്‌കാര പാരമ്പര്യങ്ങളുടെ ഈറ്റില്ലമായ തദ്ദേശീയ ഗോത്രവർഗങ്ങളുമായി ഇടപഴകുന്നതുമെല്ലാം ഒന്നു വിഭാവനം ചെയ്യൂ. അത്തരമൊരു പറുദീസ ഇന്നും ഈ ഭൂമിയിലുണ്ടോ? എന്തിനു സംശയിക്കുന്നു! സമുദ്രത്തിന്റെ മടിത്തട്ടിൽ രമിക്കുന്ന വനുവാട്ടു ദ്വീപസമൂഹങ്ങളിലേക്കു വരിക.

ഓസ്‌ട്രേലിയയുടെയും ഫിജിയുടെയും ഏകദേശം മധ്യത്തിലായി തെക്കുപടിഞ്ഞാറൻ പസിഫിക്കിൽ സ്ഥിതിചെയ്യുന്ന 80-ഓളം ചെറുദ്വീപുകളുടെ ശൃംഖലയാണ്‌ വനുവാട്ടു. ഭൂവിജ്ഞാനികൾ പറയുന്നതനുസരിച്ച്‌ ഭൂവൽക്കത്തിലുള്ള കൂറ്റൻ ഫലകങ്ങൾ കൂട്ടിയിടിച്ചാണ്‌, ഏറെയും സമുദ്രാന്തർഭാഗത്തായി കിടക്കുന്ന ഉത്തുംഗ പർവതങ്ങൾ ഈ പ്രദേശത്തു രൂപംകൊണ്ടത്‌. അവയിൽ ഏറ്റവും ഉയരംകൂടിയ പർവതങ്ങളുടെ കൊടുമുടികൾ സമുദ്രനിരപ്പിനു മുകളിലേക്കു തലയുയർത്തിനിൽക്കുന്നു, അതാണ്‌ മലനിരകൾ നിറഞ്ഞ വനുവാട്ടു ദ്വീപുകളായിത്തീർന്നത്‌. ഭൗമഫലകങ്ങളുടെ ചലനങ്ങളും ഉരസലുകളും ഇന്നും ഇവിടെ അസംഖ്യം പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. ഇവിടത്തെ ഒമ്പതു സജീവ അഗ്നിപർവതങ്ങൾക്ക്‌ ഇന്ധനം പകരുന്നതും പ്രസ്‌തുത സവിശേഷതയാണ്‌. ധൈര്യശാലികളായ സന്ദർശകർക്ക്‌ തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യംപോലും അടുത്തു നിരീക്ഷിക്കാനാകും.

വൃക്ഷലതാദികൾ ഇടതൂർന്നുനിൽക്കുന്ന മഴക്കാടുകളാൽ അനുഗൃഹീതമാണ്‌ ഈ ദ്വീപുകൾ. വിസ്‌തൃതമായ ഒരു പ്രദേശത്തെ മുഴുവൻ കിരീടമണിയിക്കുന്ന ഇലച്ചാർത്തുകളോടുകൂടിയ കൂറ്റൻ ആൽവൃക്ഷങ്ങൾക്കു പ്രസിദ്ധമാണിവിടം. 150-ലധികം ഇനങ്ങളിലുള്ള ഓർക്കിഡുകളും 250 തരം പന്നൽച്ചെടികളും പൊന്തക്കാടുകൾക്ക്‌ അലങ്കാരം ചാർത്തുന്നു. നിറപ്പകിട്ടാർന്ന മത്സ്യങ്ങളും പവിഴപ്പുറ്റുകളുംകൊണ്ടു സമ്പന്നമായ, പളുങ്കുപോലെ വെട്ടിത്തിളങ്ങുന്ന ജലാശയത്തിന്‌ ചേതോഹരമായ കടൽത്തീരങ്ങളും കടുംതൂക്കായ പാറക്കെട്ടുകളും അതിരു ചമയ്‌ക്കുന്നു. ശാന്തപ്രകൃതക്കാരും കുസൃതിക്കുടുക്കകളുമായ ഡൂഗോങ്ങുകൾക്കൊപ്പം നീന്തിക്കളിക്കാൻ പ്രകൃതിസ്‌നേഹികളായ വിനോദസഞ്ചാരികൾ അതിവിദൂര ദിക്കുകളിൽനിന്നുപോലും ഇവിടത്തെ ഏപി ദ്വീപിലേക്കു പ്രവഹിക്കുന്നു. *

നരഭോജികളും കാർഗോ മതപ്രസ്ഥാനങ്ങളും

1606-ലാണ്‌ യൂറോപ്യൻ പര്യവേക്ഷകർ ആദ്യമായി വനുവാട്ടുവിലെത്തുന്നത്‌. * നരഭോജികളായ ഗോത്രവർഗക്കാർ വിഹരിച്ചിരുന്ന കാലം. ഏഷ്യയുടെ അമൂല്യനിധിയും സുഗന്ധിയുമായ ചന്ദനമരങ്ങൾ ഭൂമിക്കു പരവതാനി വിരിച്ച്‌ എങ്ങും ചന്ദമായി നിന്നിരുന്നു. കോടികളുടെ സൗഭാഗ്യം സ്വപ്‌നംകണ്ട യൂറോപ്യൻ കച്ചവടക്കാർ ആ ചന്ദനമരങ്ങൾക്കു കോടാലിവെച്ചു. കരിങ്കിളികൾ എന്നു പേർ വിളിക്കപ്പെട്ട, മജ്ജയും മാംസവുമുള്ള മനുഷ്യരിലേക്കായി പിന്നീടവരുടെ നോട്ടം​—⁠അവരെക്കൊണ്ടു പണിയെടുപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

സമോവ, ഫിജി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലുള്ള കരിമ്പിൻ തോട്ടങ്ങളിലും പരുത്തിക്കാടുകളിലും പണിയെടുക്കാൻ ദ്വീപുവാസികളെ സംഘടിപ്പിക്കുന്നതിനെ കരിങ്കിളിവേട്ട എന്നാണു വിശേഷിപ്പിച്ചിരുന്നത്‌. ദ്വീപുവാസികളെ അവരുടെ സമ്മതപ്രകാരം മൂന്നു വർഷത്തേക്കു പണിയെടുക്കാൻ കൊണ്ടുപോകുന്നതായി പറയപ്പെട്ടിരുന്നെങ്കിലും ഫലത്തിൽ അവരിൽ മിക്കവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അടിമക്കച്ചവടം പൊടിപൊടിച്ചിരുന്ന 1800-കളുടെ അന്ത്യത്തിൽ വനുവാട്ടുവിലെ ചില ദ്വീപുകളിലുണ്ടായിരുന്ന പുരുഷപ്രജകളിൽ പകുതിയിലേറെയും പുറംലോകത്തു വിയർപ്പൊഴുക്കുകയായിരുന്നു. പലരും മടങ്ങിവന്നില്ല. ഓസ്‌ട്രേലിയയിൽ മാത്രമായി 10,000-ത്തോളം പസിഫിക്‌ ദ്വീപുവാസികളാണു മുഖ്യമായും രോഗത്താൽ മരണമടഞ്ഞത്‌.

യൂറോപ്യർ സമ്മാനിച്ച രോഗങ്ങളും വനുവാട്ടു ദ്വീപുകളെ ദുരിതത്തിലാഴ്‌ത്തി. അഞ്ചാംപനി, കോളറ, വസൂരി തുടങ്ങിയ രോഗങ്ങളൊന്നും ഫലകരമായി ചെറുത്തുനിൽക്കാൻ ദ്വീപുവാസികൾക്കായില്ല. “ജലദോഷംപോലും മുഴു ജനസമൂഹങ്ങളെയും തുടച്ചുനീക്കാൻ പര്യാപ്‌തമായിരുന്നു” എന്ന്‌ ഒരു പുസ്‌തകം പറയുന്നു.

1839-ൽ വനുവാട്ടുവിൽ എത്തിയ ക്രൈസ്‌തവ മിഷനറിമാരെ അവിടെയുള്ളവർ അപ്പോൾത്തന്നെ വയറ്റിലാക്കിയെന്നാണ്‌ അറിവ്‌. അവർക്കു പിന്നാലെവന്ന പലരുടെയും ഗതി അതുതന്നെയായിരുന്നു. കാലാന്തരത്തിൽ പക്ഷേ, പ്രൊട്ടസ്റ്റന്റ്‌ സഭകളും കത്തോലിക്കാ സഭകളും ഈ ദ്വീപുകളിലുടനീളം വേരുറപ്പിച്ചു. ഇന്ന്‌ വനുവാട്ടുവിലെ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരാണ്‌. എന്നിരുന്നാലും “ഇന്നും അനേകം തദ്ദേശീയർ, എതിർലിംഗവർഗത്തിൽപ്പെട്ടവരെ ആകർഷിക്കാനോ പന്നിയെ കൊഴുപ്പിക്കാനോ ശത്രുക്കളെ കൊല്ലാനോപോലുമായി ഭൂതനിവേശിത കല്ലുകൾ ഉപയോഗിച്ചു മന്ത്രപ്രയോഗങ്ങൾ നടത്തുന്ന ഗ്രാമീണ ക്ഷുദ്രക്കാരുടെ ആരാധകരാണ്‌” എന്ന്‌ എഴുത്തുകാരനായ പോൾ റാഫായേല പറയുന്നു.

ലോകത്തിലെ ചിരസ്ഥായിയായ കാർഗോ മതപ്രസ്ഥാനങ്ങളിലൊന്നും വനുവാട്ടുവിലുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അഞ്ചുലക്ഷം യു.എസ്‌. ഭടന്മാർ പസിഫിക്‌ യുദ്ധമേഖലയിലേക്കു നീങ്ങിയത്‌ വനുവാട്ടുവിലൂടെയായിരുന്നു. പട്ടാളക്കാരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്‌തുക്കൾ (“കാർഗോ”) ദ്വീപുവാസികളെ അതിശയിപ്പിച്ചുകളഞ്ഞു. യുദ്ധം കഴിഞ്ഞപ്പോൾ, ലക്ഷക്കണക്കിനു ഡോളറുകൾ മതിക്കുന്ന സാധനസാമഗ്രികൾ കടലിൽ താഴ്‌ത്തിയശേഷം ആ പട്ടാളക്കാർ മടങ്ങിപ്പോകുകയാണുണ്ടായത്‌. കാർഗോ മതപ്രസ്ഥാനത്തിൽപ്പെട്ടവർ വിമാനങ്ങൾക്കും കപ്പലുകൾക്കും വന്നുചേരാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും സാങ്കൽപ്പിക യുദ്ധായുധങ്ങളുമേന്തി പട്ടാളക്കാരെപ്പോലെ പരിശീലനമുറകൾ അഭ്യസിക്കുകയും ചെയ്‌തു. ഇതെല്ലാം കണ്ട്‌ അമേരിക്കൻ സൈന്യം മടങ്ങിവരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. റ്റാന ദ്വീപിലുള്ള നൂറുകണക്കിനു ഗ്രാമവാസികൾ ഇന്നും “അമേരിക്കൻ പ്രേത മിശിഹാ” എന്നു വിളിക്കപ്പെടുന്ന ജോൺ ഫ്രമ്മിനോടു പ്രാർഥിക്കുന്നു. വിലപിടിപ്പുള്ള ചരക്കുകളുമായി അദ്ദേഹം ഒരിക്കൽ മടങ്ങിവരുമെന്നാണ്‌ അവരുടെ വിശ്വാസം.

സംസ്‌കാരങ്ങളുടെ സംഗമവേദി

ഈ ദ്വീപരാഷ്‌ട്രത്തിന്റെ ഭാഷകളും ആചാരങ്ങളും വിസ്‌മയകരമാംവിധം വിഭിന്നങ്ങളാണ്‌. “ജനസംഖ്യവെച്ചു നോക്കുമ്പോൾ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ ഭാഷകളുള്ളതു വനുവാട്ടുവിലാണ്‌” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. കുറഞ്ഞത്‌ 105 ഭാഷകളും അസംഖ്യം ഭാഷാഭേദങ്ങളും ഈ ദ്വീപസമൂഹങ്ങളിലുണ്ട്‌. ഇംഗ്ലീഷും ഫ്രഞ്ചും ദേശീയ ഭാഷയായ ബിസ്‌ലാമയും ഔദ്യോഗിക ഭാഷകളാണ്‌.

എന്നാൽ ഇവിടുള്ളവർ ഒരു കാര്യത്തിൽ തുല്യരാണ്‌, ജീവിതത്തിന്റെ സമസ്‌തമണ്ഡലങ്ങളെയും ആചാരങ്ങൾ ചൂഴ്‌ന്നുനിൽക്കുന്നു. പെന്തെക്കൊസ്‌ത്‌ ദ്വീപിൽ പ്രാചീനകാലംമുതൽക്കേ നിലവിലിരിക്കുന്ന ഒരു ഉർവരാചാരം (fertility rite), ലോകമെങ്ങും ഹരമായി മാറിയ ബെഞ്ചീ-ജമ്പിങ്ങിനു പ്രചോദനമാകുകപോലും ചെയ്‌തു. ചേനയുടെ വിളവെടുപ്പുകാലത്ത്‌ എല്ലാ വർഷവും പുരുഷന്മാരും ആൺകുട്ടികളും 20 മുതൽ 30 വരെ മീറ്റർ ഉയരത്തിൽനിന്നു താഴേക്കു ചാടുന്നു. കണങ്കാലിൽ കെട്ടുന്ന നീളമുള്ള കാട്ടുവള്ളി ഒന്നുമാത്രമാണ്‌ മരണത്തിൽനിന്ന്‌ അവരെ രക്ഷിക്കുന്നത്‌. തലകൊണ്ടു നിലം മെല്ലെ തഴുകുന്നത്‌ അടുത്തവർഷത്തെ കൃഷിക്കായി മണ്ണിനെ ‘വളക്കൂറുള്ളതാക്കു’മെന്നാണ്‌, നിലത്തേക്കു കൂപ്പുകുത്തിച്ചാടുന്ന ഇവരുടെ പ്രത്യാശ.

ഇനി മലക്കൂല ദ്വീപിന്റെ കാര്യമെടുക്കാം. അവിടത്തെ ചില ഗ്രാമങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയത്‌ സമീപ വർഷങ്ങളിൽ മാത്രമാണ്‌. പെരിയ നാമ്പാകൾ, ചിന്ന നാമ്പാകൾ എന്നീ മുഖ്യ ഗോത്രങ്ങളാണ്‌ ഇവിടുള്ളത്‌. ഒരിക്കൽ കൊടിയ നരഭോജികളായിരുന്ന അവർ 1974-ലാണ്‌ അവസാനമായി ഒരു മനുഷ്യനെ കൊന്നുതിന്നത്‌ എന്നു പറയപ്പെടുന്നു. തലയോട്ടിക്ക്‌ ‘ആകർഷകമായ’ നീളൻരൂപം കൈവരിക്കാനായി ആൺകുഞ്ഞുങ്ങളുടെ തല മുറുക്കിക്കെട്ടുന്ന അവരുടെ സമ്പ്രദായത്തിനും വർഷങ്ങൾക്കുമുമ്പു തിരശ്ശീലവീണു. അത്യന്തം സൗഹൃദരായി മാറിയ നാമ്പാകൾ ഇന്നു തങ്ങളുടെ സാംസ്‌കാരിക പൈതൃകം സന്ദർശകരുമായി സസന്തോഷം പങ്കുവെക്കുന്നു.

പറുദീസാ വാസികൾ

ഹ്രസ്വമായ ഒരു അവധിക്കാലം ചെലവിടുന്നതിനാണ്‌ മിക്ക സന്ദർശകരും വനുവാട്ടുവിലെത്തുന്നത്‌. എന്നാൽ ഉദ്ദേശം 70 വർഷംമുമ്പ്‌ യഹോവയുടെ സാക്ഷികൾ ഇവിടെയെത്തിയത്‌ ആളുകളെ ആത്മീയമായി സഹായിക്കാനായിരുന്നു. ഭൂമിയുടെ ഈ “അതിവിദൂര ഭാഗത്ത്‌” (NW) യഹോവയുടെ സാക്ഷികൾ നടത്തിയ ശ്രമങ്ങൾ ഫലംകണ്ടിരിക്കുന്നു. (പ്രവൃത്തികൾ 1:8) (“കാവാ ആസക്തൻ ക്രിസ്‌ത്യാനിയാകുന്നു” എന്ന ചതുരം കാണുക.) 2006-ൽ ഈ രാജ്യത്തുള്ള സാക്ഷികളുടെ അഞ്ചു സഭകൾ, വരാൻ പോകുന്ന ആഗോള പറുദീസയെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട്‌ 80,000-ലേറെ മണിക്കൂർ ചെലവഴിച്ചു. (യെശയ്യാവു 65:17-25) ആസന്നമായ ആ പറുദീസ, ആധുനിക ജീവിതത്തിന്റെ സമ്മർദങ്ങൾക്കും ആകുലതകൾക്കും ശാശ്വതാശ്വാസം കൈവരുത്തുമെന്നറിയുന്നത്‌ എത്രയോ സന്തോഷകരമാണ്‌!​—⁠വെളിപ്പാടു 21:⁠4, 5.

[അടിക്കുറിപ്പുകൾ]

^ ഖ. 5 മൂന്നര മീറ്റളോളംവരെ നീളവും 400 കിലോയ്‌ക്കുമേലെ തൂക്കവുമുള്ള സസ്യഭുക്കായ ഒരു സമുദ്രസസ്‌തനിയാണ്‌ ഡൂഗോങ്‌.

^ ഖ. 7 1980-ൽ സ്വതന്ത്രയാകുന്നതിനുമുമ്പ്‌ ന്യൂ ഹെബ്രഡിസ്‌ എന്നാണ്‌ വനുവാട്ടു അറിയപ്പെട്ടിരുന്നത്‌.

[17-ാം പേജിലെ ചതുരം/ചിത്രം]

അല്ലലില്ലാത്ത ദ്വീപുകൾ

2006-ൽ, മികച്ച ആവാസവ്യവസ്ഥയുള്ള രാജ്യങ്ങളുടെ ആഗോള സൂചികയിൽ വനുവാട്ടു ഒന്നാമതെത്തി. ഒരു ബ്രിട്ടീഷ്‌ ബഹുമുഖ ഗവേഷണ സമിതിയായ ന്യൂ എക്കണോമിക്‌സ്‌ ഫൗണ്ടേഷൻ തയ്യാറാക്കുന്ന ഈ സൂചിക ദേശീയ സുസ്ഥിതി, ആയുർദൈർഘ്യം, പരിസ്ഥിതിയുടെമേൽ ഏൽപ്പിക്കപ്പെടുന്ന ആഘാതം എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ 178 രാജ്യങ്ങളെ വിലയിരുത്തുകയുണ്ടായി. “ഏകദേശം 70 വർഷം ജീവിച്ചിരിക്കുകയും ഭൂമിക്കു വിനയായി ഒന്നുംതന്നെ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന അല്ലലില്ലാത്ത നിവാസികൾ നിമിത്തം [വനുവാട്ടു] ഒന്നാം സ്ഥാനം കൊയ്‌തു” എന്ന്‌ വനുവാട്ടു ഡെയ്‌ലി പോസ്റ്റ്‌ പത്രം പറഞ്ഞു.

[ചിത്രം]

പരമ്പരാഗത വേഷത്തിൽ

[കടപ്പാട്‌]

© Kirklandphotos.com

[17-ാം പേജിലെ ചതുരം/ചിത്രം]

കാവാ ആസക്തൻ ക്രിസ്‌ത്യാനിയാകുന്നു

പെന്തെക്കൊസ്‌ത്‌ ദ്വീപിലെ വില്ലി, ചെറുപ്പംമുതൽക്കേ ധാരാളം കാവാ കുടിക്കുമായിരുന്നു. ഒരുതരം കുരുമുളകു ചെടിയുടെ വേരുകൾ വാറ്റിയെടുത്താണ്‌ വീര്യമേറിയ ആ മദ്യം ഉണ്ടാക്കുന്നത്‌. എല്ലാ ദിവസവും രാത്രിയിൽ, ബാറിൽനിന്നു കാവായും കുടിച്ച്‌ ലക്കുകെട്ടായിരിക്കും വില്ലി വീട്ടിലെത്തുക. ആകെ കടംകേറിമൂടിയ അദ്ദേഹം, പലപ്പോഴും ഒരു കാട്ടാളനെപ്പോലെ ഭാര്യ ഐഡയെ മർദിക്കുമായിരുന്നു. അങ്ങനെയിരിക്കെ യഹോവയുടെ സാക്ഷിയായ ഒരു സഹപ്രവർത്തകൻ, ബൈബിൾ പഠിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. വില്ലി സമ്മതിച്ചു. അക്കാര്യത്തിൽ ആദ്യം ഐഡയ്‌ക്ക്‌ എതിർപ്പായിരുന്നു. എന്നാൽ ഭർത്താവിന്റെ സ്വഭാവം നന്നാകുന്നതു കണ്ടപ്പോൾ ഐഡയും ബൈബിൾ പഠിക്കാൻ തുടങ്ങി. അവരിരുവരും ആത്മീയമായി നല്ല പുരോഗതി കൈവരിച്ചു. ക്രമേണ വില്ലി തന്റെ എല്ലാ ദുശ്ശീലങ്ങളോടും വിടപറഞ്ഞു. 1999-ൽ അദ്ദേഹവും ഐഡയും യഹോവയുടെ സാക്ഷികളായി സ്‌നാപനമേറ്റു.

[15-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ന്യൂസിലൻഡ്‌

ഓസ്‌ട്രേലിയ

ശാന്തസമുദ്രം

ഫിജി

[16-ാം പേജിലെ ചിത്രം]

ഉർവരാചാരത്തിന്റെ ഭാഗമായി തദ്ദേശീയർ പിൻപറ്റിപ്പോരുന്ന അത്യന്തം അപകടകരമായ ഒരു സമ്പ്രദായം

[കടപ്പാട്‌]

© Kirklandphotos.com

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Kirklandphotos.com

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Kirklandphotos.com

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Kirklandphotos.com