വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വൈദ്യശാസ്‌ത്രത്തിന്‌ മഹത്തായ ഒരു സംഭാവന”

“വൈദ്യശാസ്‌ത്രത്തിന്‌ മഹത്തായ ഒരു സംഭാവന”

“വൈദ്യശാസ്‌ത്രത്തിന്‌ മഹത്തായ ഒരു സംഭാവന”

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

ചികിത്സയിൽ രക്തം ഉപയോഗിക്കാത്തതിന്റെ പേരിൽ ലോകശ്രദ്ധ നേടിയവരാണു യഹോവയുടെ സാക്ഷികൾ. അവരുടെ ഈ ബൈബിളധിഷ്‌ഠിത നിലപാടിനെ ചിലർ വിമർശിക്കുന്നു. എങ്കിലും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓൺകോളജിയിലെ ശസ്‌ത്രക്രിയാവിദഗ്‌ധരിൽ പ്രധാനിയായ ഡോ. ആൻകെൽ ഹെരേരാ പിൻവരുംവിധം പറഞ്ഞതായി മെക്‌സിക്കോ നഗരത്തിലെ ഒരു പ്രമുഖ ദിനപ്പത്രമായ റിഫോർമ എഴുതി: “സാക്ഷികൾ അജ്ഞരോ മതഭ്രാന്തരോ അല്ല. . . . രക്തനഷ്ടം പരമാവധി കുറയ്‌ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കാൻ വൈദ്യശാസ്‌ത്രത്തെ പ്രേരിപ്പിക്കുകവഴി മഹത്തായ ഒരു സംഭാവനയാണ്‌ [അവർ] ആ രംഗത്തു നൽകിയിരിക്കുന്നത്‌.”

രക്തരഹിത ശസ്‌ത്രക്രിയകൾ നടത്തുന്നതിനായി സർജന്മാരും അനസ്‌തേഷ്യോളജിസ്റ്റുമാരും ഉൾപ്പെടുന്ന ഒരു സംഘത്തെ 15 വർഷംമുമ്പ്‌ ഡോ. ഹെരേരാ ഏകോപിപ്പിക്കുകയുണ്ടായി. അതിലെ ഒരു അനസ്‌തേഷ്യോളജിസ്റ്റായ ഡോ. ഇസിഡ്രോ മാർട്ടീനെസ്‌ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയാണ്‌: “ശരിയായ അനസ്‌തെറ്റിക്‌ നടപടിക്രമങ്ങൾ പിൻപറ്റുന്നെങ്കിൽ രക്തം നഷ്ടപ്പെടാതെയുള്ള എല്ലാ ചികിത്സാമാർഗങ്ങളും സ്വീകരിക്കാനാകും. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ മതപരമായ നിലപാടിനെ മാനിച്ചുകൊണ്ട്‌ ഞങ്ങൾക്ക്‌ അവരെ തീർച്ചയായും സഹായിക്കാനാകും.”

രക്തപ്പകർച്ചയ്‌ക്കു പകരമായി 30-ലധികം ചികിത്സാരീതികളുണ്ടെന്നു 2006 ഒക്ടോബറിൽ റിഫോർമ റിപ്പോർട്ടു ചെയ്യുകയുണ്ടായി. രക്തവ്യാപ്‌ത വർധിനികൾ ഉപയോഗിക്കുന്നതും രക്തക്കുഴലുകളിൽനിന്നു രക്തമൊലിക്കാതിരിക്കാൻ താപംകൊണ്ട്‌ മുറിവു കരിക്കുന്നതും രക്തസ്രാവം തടയുന്ന ചില രാസവസ്‌തുക്കൾ പുറപ്പെടുവിക്കാൻ കഴിവുള്ള നേർത്ത തുണി ഉപയോഗിക്കുന്നതുമൊക്കെ അത്തരം ചികിത്സകളിൽ ചിലതാണ്‌. *

രക്തരഹിത ശസ്‌ത്രക്രിയകൾ നിത്യേനയെന്നോണം ചെയ്യുന്ന ഡോക്ടറാണ്‌ മെക്‌സിക്കോ നഗരത്തിലുള്ള ലാ റാസാ ജനറൽ ഹോസ്‌പിറ്റലിലെ ഹൃദയ ശസ്‌ത്രക്രിയാവിദഗ്‌ധരിൽ പ്രധാനിയായ മോയ്‌സസ്‌ കാൽഡേരോൺ. റിഫോർമയിൽ അദ്ദേഹം ഇങ്ങനെ പ്രസ്‌താവിച്ചു: “രക്തപ്പകർച്ച നിരുപദ്രവകരമായ ഒരു സംഗതിയല്ല. വൈറസുകൾ, ബാക്ടീരിയകൾ, പരാദങ്ങൾ എന്നിവയൊക്കെ അതിലൂടെ സംക്രമിക്കാനുള്ള സാധ്യതയുണ്ട്‌. തന്നെയുമല്ല, വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന അലർജികൾ ഉണ്ടാകാനും അത്‌ ഇടയാക്കുന്നു.” അത്തരം അപകടങ്ങളുടെ വീക്ഷണത്തിൽ ഡോ. കാൽഡേരോൺ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ പിൻപറ്റുന്ന അതേ ശസ്‌ത്രക്രിയാരീതിയാണ്‌ മറ്റെല്ലാ രോഗികളുടെയും കാര്യത്തിൽ ഞങ്ങൾ അവലംബിക്കുന്നത്‌. രക്തനഷ്ടം പരമാവധി കുറയ്‌ക്കാനും നഷ്ടപ്പെടുന്ന രക്തം വീണ്ടെടുക്കാനും രക്തസ്രാവം നേരിയതോതിലാവാൻ സഹായകമായ മരുന്നുകൾ ഉപയോഗിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.”

പ്രസ്‌തുത ദിനപ്പത്രം പ്രവൃത്തികൾ 15:28, 29 ഉദ്ധരിച്ചു, യഹോവയുടെ സാക്ഷികളുടെ നിലപാടിന്‌ ആധാരമായ ഒരു മുഖ്യ തിരുവെഴുത്താണിത്‌. അപ്പൊസ്‌തലന്മാർ പുറപ്പെടുവിച്ച പിൻവരുന്ന കൽപ്പനയെക്കുറിച്ചാണ്‌ അതു പറയുന്നത്‌: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.”

രാജ്യത്ത്‌ അങ്ങോളമിങ്ങോളം, 950 സ്വമേധയാ സേവകരടങ്ങിയ 75 ആശുപത്രി ഏകോപന സമിതികൾ ഉള്ളതായി മെക്‌സിക്കോയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ ഡെസ്‌ക്‌ റിപ്പോർട്ടു ചെയ്യുന്നു. രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സാവിധികൾ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാർക്കു പ്രദാനം ചെയ്യുക എന്നതാണ്‌ ഈ സമിതികളുടെ ദൗത്യം. യഹോവയുടെ സാക്ഷികൾക്കു രക്തരഹിത ചികിത്സ നൽകാൻ സന്നദ്ധരായി കുറഞ്ഞപക്ഷം 2,000 ഡോക്ടർമാരെങ്കിലും മെക്‌സിക്കോയിലുണ്ട്‌. ഈ ഡോക്ടർമാരുടെ സഹകരണ മനോഭാവത്തിനു യഹോവയുടെ സാക്ഷികൾ അകമഴിഞ്ഞ നന്ദിയുള്ളവരാണ്‌. സാക്ഷികളെ ചികിത്സിക്കുകവഴി മറ്റുള്ളവർക്കും മികച്ച ചികിത്സ നൽകാൻ അവർ സജ്ജരായിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഏതുതരം ചികിത്സ സ്വീകരിക്കണമെന്നതു വ്യക്തിപരമായ തീരുമാനം ആയതിനാൽ ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല.

[30-ാം പേജിലെ ചിത്രം]

ഡോ. ആൻകെൽ ഹെരേരാ

[30-ാം പേജിലെ ചിത്രം]

ഡോ. ഇസിഡ്രോ മാർട്ടീനെസ്‌

[30-ാം പേജിലെ ചിത്രം]

ഡോ. മോയ്‌സസ്‌ കാൽഡേരോൺ