വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുഭാപ്‌തിവിശ്വാസവും നിങ്ങളുടെ ആരോഗ്യവും

ശുഭാപ്‌തിവിശ്വാസവും നിങ്ങളുടെ ആരോഗ്യവും

ശുഭാപ്‌തിവിശ്വാസവും നിങ്ങളുടെ ആരോഗ്യവും

“സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു,” 3000-ത്തോളം വർഷംമുമ്പ്‌ ജ്ഞാനിയായ ഒരു ഇസ്രായേൽ രാജാവ്‌ എഴുതി. (സദൃശവാക്യങ്ങൾ 17:22) ആ നിശ്വസ്‌തമൊഴിയിലെ ജ്ഞാനം ഇന്നു ഡോക്ടർമാർ മനസ്സിലാക്കിവരികയാണ്‌. എന്നാൽ ഒരു “സന്തുഷ്ടഹൃദയം” സ്വാഭാവികമായി ലഭിക്കുന്ന ഒന്നല്ല എന്നുതന്നെ പറയാം.

ജീവിതം പ്രശ്‌നപൂരിതമാണ്‌; തത്‌ഫലമായി വൈകാരിക സമ്മർദങ്ങളും അശുഭ പ്രതീക്ഷകളും പേറി ജീവിതം തള്ളിനീക്കേണ്ട അവസ്ഥയാണ്‌ ഇന്നു മിക്കവർക്കും. എന്നുവരികിലും, പ്രശ്‌നങ്ങൾക്കുമധ്യേയും ശുഭാപ്‌തിവിശ്വാസം വളർത്തിയെടുക്കുന്നതു പ്രയോജനം ചെയ്യുമെന്നാണ്‌ സമീപകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്‌.

“എല്ലാ കാര്യങ്ങളും ശുഭപ്രതീക്ഷയോടുകൂടി കാണുവാനുള്ള കഴിവ്‌; സദ്‌ഫലം പ്രതീക്ഷിക്കുന്ന ശീലം” എന്നൊക്കെയാണു ശുഭാപ്‌തിവിശ്വാസം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്‌. ശുഭാപ്‌തിവിശ്വാസമുള്ള ഒരാൾ തന്റെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികളെ നോക്കിക്കാണുന്നത്‌ എങ്ങനെയാണ്‌? എക്കാലത്തേക്കുമായുള്ള ഒരു വീഴ്‌ചയായി അയാൾ അതിനെ വീക്ഷിക്കുകയില്ല. അതിനർഥം യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു എന്നല്ല. അയാൾ അത്‌ അംഗീകരിക്കുകയും അതിനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുകയും ചെയ്യുന്നു എന്നാണ്‌. എന്നിട്ട്‌, സ്ഥിതിഗതികൾക്ക്‌ അനുസൃതമായി സാഹചര്യങ്ങളെ മാറ്റാനോ നേരെയാക്കാനോ ശ്രമിക്കുന്നു.

നേരെമറിച്ച്‌, ശുഭാപ്‌തിവിശ്വാസമില്ലാത്ത ഒരു വ്യക്തി പ്രയാസകരമായ സാഹചര്യങ്ങൾക്കു മിക്കപ്പോഴും സ്വയം പഴിക്കുന്നു. അത്തരം ഗതികേടുകളിൽനിന്ന്‌ ഒരിക്കലും കരകയറാനാകില്ലെന്നും സ്വന്തം ഭോഷത്തമോ കാര്യപ്രാപ്‌തിയില്ലായ്‌മയോ അനാകർഷകത്വമോ ഒക്കെയാണ്‌ അതിനു കാരണമെന്നും അയാൾ ചിന്തിച്ചേക്കാം. പരിണതഫലമോ? തോൽവി സമ്മതിച്ച്‌ അയാൾ തന്റെ ശ്രമം ഉപേക്ഷിക്കുന്നു.

ശുഭാപ്‌തിവിശ്വാസം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമോ? തീർച്ചയായും. യു.എസ്‌.എ.-യിലുള്ള മിനെസൊട്ടയിലെ റോച്ചെസ്റ്ററിലുള്ള മേയോ ക്ലിനിക്‌ 800-ലധികം രോഗികൾ ഉൾപ്പെട്ട 30-വർഷത്തെ ഒരു പഠനം നടത്തുകയുണ്ടായി. ഫലമോ? ശുഭാപ്‌തിവിശ്വാസമുള്ളവർക്ക്‌ മറ്റുള്ളവരെക്കാൾ മെച്ചമായ ആരോഗ്യവും ദീർഘായുസ്സും ഉണ്ടായിരുന്നതായി ശാസ്‌ത്രജ്ഞന്മാർ കണ്ടെത്തി. അത്തരക്കാർ സമ്മർദങ്ങളെ ഏറെ വിജയകരമായി കൈകാര്യം ചെയ്‌തതായും വിഷാദത്തിന്റെ പിടിയിലമരുന്നതിനുള്ള സാധ്യത അവരിൽ കുറവായിരുന്നതായും ഗവേഷകർ തിരിച്ചറിയുകയുണ്ടായി.

എന്നിരുന്നാലും, പ്രശ്‌നങ്ങൾ ഒന്നിനൊന്നു കുമിഞ്ഞുകൂടുന്ന ഈ ലോകത്തു ശുഭാപ്‌തിവിശ്വാസം നട്ടുവളർത്തുകയെന്നതു എളുപ്പമല്ല. അതുകൊണ്ടുതന്നെ അനേകർക്കും ശുഭാപ്‌തിവിശ്വാസം ഇല്ലാത്തതിൽ തെല്ലും അതിശയമില്ല. എന്നാൽ ഈ പ്രശ്‌നം നേരിടാൻ നമുക്ക്‌ എന്തു ചെയ്യാനാകും? സഹായകമായ ചില നിർദേശങ്ങൾക്കായി ഇതോടൊപ്പമുള്ള ചതുരം കാണുക.

സന്തോഷമുള്ള ഒരു മനോനില എല്ലാ പ്രശ്‌നങ്ങൾക്കുമൊന്നും പരിഹാരമല്ലെങ്കിലും മെച്ചമായ ആരോഗ്യത്തോടെയും അത്യന്തം സംതൃപ്‌തിയോടെയുമുള്ള ഒരു ജീവിതം നയിക്കാൻ സഹായിക്കും. ബൈബിൾ ഇവ്വിധം പറയുന്നു: “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.”​—⁠സദൃശവാക്യങ്ങൾ 15:15.

[26-ാം പേജിലെ ചതുരം/ചിത്രം]

ശുഭാപ്‌തിവിശ്വാസം വർധിപ്പിക്കാൻ ഏതാനും നിർദേശങ്ങൾ *

എന്തെങ്കിലും ആസ്വാദ്യമായിരിക്കില്ലെന്നോ ഏതെങ്കിലും സംരംഭങ്ങളിൽ വിജയിക്കില്ലെന്നോ നിങ്ങൾക്കു തോന്നുന്നുവെങ്കിൽ ആ ചിന്ത ഒഴിവാക്കുക. പകരം സദ്‌ഫലത്തിനായി പ്രതീക്ഷിക്കുക.

ജോലിയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക. ജോലി എന്തായിരുന്നാലും അതിന്റെ സംതൃപ്‌തിയേകുന്ന വശങ്ങൾ കണ്ടെത്തുക.

ജീവിതത്തെ ക്രിയാത്മകമായി വീക്ഷിക്കുന്നവരെ സുഹൃത്തുക്കളാക്കുക.

നിങ്ങളുടെ നിയന്ത്രണത്തിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക; അല്ലാത്തവയെ യാഥാർഥ്യബോധത്തോടെ കാണുക.

ഓരോ ദിവസവും നിങ്ങൾക്കുണ്ടാകുന്ന മൂന്നു നല്ല അനുഭവങ്ങൾ കുറിച്ചിടുക.

[അടിക്കുറിപ്പ്‌]

^ ഖ. 10 മേയോ ക്ലിനിക്‌ തയ്യാറാക്കിയ പ്രസിദ്ധീകരണത്തിലുള്ള ചില വിവരങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.