സംസ്‌കാരങ്ങൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടുമ്പോൾ എനിക്ക് എന്തുചെയ്യാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
സംസ്‌കാരങ്ങൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടുമ്പോൾ എനിക്ക് എന്തുചെയ്യാനാകും?
“ഇറ്റാലിയൻ കുടുംബമാണ് എന്റേത്. സ്‌നേഹവും സൗഹാർദവും തുറന്നു പ്രകടിപ്പിക്കുന്നവരാണ് ഇറ്റലിക്കാർ. എന്നാൽ ഞങ്ങളുടെ താമസം ഇപ്പോൾ ബ്രിട്ടനിലാണ്. വളരെ അച്ചടക്കവും മര്യാദയുമുള്ളവരാണ് ഇവിടത്തുകാർ. ഞാൻ പക്ഷേ ഇരു സംസ്‌കാരങ്ങൾക്കും അന്യനാണ്—ബ്രിട്ടീഷുകാർക്ക് ഞാൻ ഇറ്റലിക്കാരനും, ഇറ്റലിക്കാർക്ക് നേരെ തിരിച്ചും.”—ഷ്രോസ്വി, ഇംഗ്ലണ്ട്.
“സംസാരിക്കുമ്പോൾ മുഖത്തു നോക്കാൻ നിഷ്‌കർഷിക്കുന്ന അധ്യാപകൻ, അങ്ങനെ ചെയ്യുന്നത് അപമര്യാദയെന്നു ഡാഡി. രണ്ട് സംസ്‌കാരങ്ങൾക്കും ഇടയിൽപ്പെട്ട് ഞാൻ ശരിക്കും വലഞ്ഞു.”—പാട്രിക്, ഫ്രാൻസിൽ കുടിയേറിയ ഒരു അൾജീറിയക്കാരൻ.
നിങ്ങളുടെ അച്ഛനോ അമ്മയോ കുടിയേറി പാർക്കുന്ന ഒരാളാണോ?
□ അതേ □ അല്ല
സ്‌കൂളിലെ ഭാഷയോ സംസ്‌കാരമോ നിങ്ങളുടെ വീട്ടിലേതിൽനിന്നു വിഭിന്നമാണോ?
□ അതേ □ അല്ല
ഓരോ വർഷവും ദശലക്ഷങ്ങളാണു മറ്റു ദേശങ്ങളിലേക്കു ചേക്കേറുന്നത്, അവരിൽ മിക്കവരും വലിയ വെല്ലുവിളികളും നേരിടുന്നു. ഭാഷയിലും സംസ്‌കാരത്തിലും വസ്‌ത്രധാരണത്തിലും ഒക്കെ തങ്ങളിൽനിന്നു തികച്ചും വിഭിന്നരായ ആളുകൾക്കിടയിലാണ് അവർ എത്തിപ്പെടുന്നത്. തത്‌ഫലമായി അത്തരം കുടിയേറ്റക്കാർ മിക്കപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമായിത്തീരുന്നു—നൂർ എന്ന പെൺകുട്ടി തിരിച്ചറിഞ്ഞ പച്ചയായ യാഥാർഥ്യമാണത്. കുടുംബസമേതം ജോർഡാനിൽനിന്നു വടക്കേ അമേരിക്കയിലേക്കു താമസംമാറിയ അവൾ പറയുന്നത് ഇതാണ്: “വസ്‌ത്രധാരണത്തിലെ വ്യത്യസ്‌തത നിമിത്തം ആളുകൾ ഞങ്ങളെ കളിയാക്കി. ഞങ്ങൾക്ക് അമേരിക്കൻ നർമങ്ങളൊട്ടു മനസ്സിലായതുമില്ല.”
നാദിയ നേരിട്ട വെല്ലുവിളി മറ്റൊന്നാണ്. ആ പെൺകുട്ടി പറയുന്നു: “ജർമനിയിലാണു ഞാൻ ജനിച്ചത്. മാതാപിതാക്കൾ ഇറ്റലിക്കാരായതിനാൽ എന്റെ ജർമൻ ഉച്ചാരണം അൽപ്പം വ്യത്യസ്‌തമായിരുന്നു. അതുകൊണ്ട് ‘മണ്ടൂസ്’ എന്നാണു സ്‌കൂളിൽ കുട്ടികൾ എന്നെ വിളിച്ചിരുന്നത്. പക്ഷേ ഇറ്റലിയിൽ പോകുമ്പോഴാകട്ടെ എന്റെ ഇറ്റാലിയന് ജർമൻ ചുവയും. അതുകൊണ്ട് രണ്ടിടത്തും ഞാൻ അന്യയായി. എവിടെയാണെങ്കിലും ഞാൻ ഒരു വിദേശിയാണ്.”
കുടിയേറ്റക്കാരായ മാതാപിതാക്കളുടെ കുട്ടികൾ നേരിടുന്ന മറ്റു വെല്ലുവിളികൾ എന്തൊക്കെയാണ്? തങ്ങളുടെ പ്രത്യേക സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താൻ അവർക്ക് എങ്ങനെ കഴിയും?
സാംസ്‌കാരിക വിടവുകളും ഭാഷാ പ്രതിബന്ധങ്ങളും
കുടിയേറ്റക്കാരായ മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ സാംസ്‌കാരികമായ ഒരു വിടവ് രൂപപ്പെട്ടേക്കാം. എന്താണതിനു കാരണം? പുതിയ ഒരു സംസ്‌കാരവുമായി ഇഴുകിച്ചേരുന്നതിൽ മിക്കപ്പോഴും മാതാപിതാക്കളെക്കാൾ മിടുക്കരാണു കുട്ടികൾ. അന്നയുടെ കാര്യം ചിന്തിക്കുക. എട്ടാമത്തെ വയസ്സിൽ കുടുംബാംഗങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്കു ചേക്കേറിയ അന്ന പറയുന്നു: “ഞാനും അനുജനും നിഷ്‌പ്രയാസം ലണ്ടൻകാരായിത്തീർന്നു. എന്നാൽ പോർച്ചുഗലിലെ ഒരു കൊച്ചു ദ്വീപായ മഡിറയിൽ വർഷങ്ങളായി താമസിച്ചുവന്ന മാതാപിതാക്കൾക്ക് അതത്ര എളുപ്പമായിരുന്നില്ല.” കമ്പോഡിയൻ മാതാപിതാക്കളോടൊപ്പം ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ വോയിനിന് മൂന്നു വയസ്സ്. വോയിൻ പറയുന്നു: “പുതിയ സംസ്‌കാരവും ചുറ്റുപാടുകളുമായി മാതാപിതാക്കൾക്ക് അത്ര വേഗം പൊരുത്തപ്പെടാനായില്ല. ഡാഡിയുടെ ചിന്തയും വികാരങ്ങളും എനിക്കു മനസ്സിലാകാതിരുന്നതിനാൽ ഡാഡി മിക്കപ്പോഴും അസ്വസ്ഥനാകുകയും ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു.”
സാംസ്‌കാരികമായ ഈ വിടവ് മാതാപിതാക്കളെ കുട്ടികളിൽനിന്ന് അകറ്റുന്ന വലിയ ഒരു കിടങ്ങുപോലെയാണ്. തുടർന്ന് കിടങ്ങിനോടു ചേർന്നു നിർമിക്കുന്ന ഒരു കോട്ടപോലെ ഭാഷ കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. മാതാപിതാക്കളെക്കാൾ ശീഘ്രഗതിയിൽ കുട്ടികൾ പുതിയ ഭാഷ സ്വായത്തമാക്കുന്നതോടെ ആ കോട്ടമതിലിനു തറക്കല്ലു വീഴുന്നു. കുട്ടികൾ മാതൃഭാഷ മറക്കാൻ തുടങ്ങുകയും അങ്ങനെ ആശയവിനിമയം ഒന്നിനൊന്നു പ്രയാസകരമാകുകയും ചെയ്യുന്നതോടെ ആ കോട്ടമതിലിന്റെ ഉയരവും വർധിക്കുകയായി.
ഇയെൻ എന്ന 14 വയസ്സുകാരന്റെ കാര്യമെടുക്കുക. കുടുംബാംഗങ്ങളോടൊപ്പം ഇക്വഡോറിൽനിന്നു ന്യൂയോർക്കിലേക്കു താമസംമാറിയശേഷം തനിക്കും മാതാപിതാക്കൾക്കുമിടയിൽ അത്തരമൊരു കോട്ടമതിൽ ഉയർന്നു വരുന്നതായി അവൻ മനസ്സിലാക്കി. ഇയെൻ ഇങ്ങനെ പറയുന്നു: “ഇപ്പോൾ സ്‌പാനീഷിനെക്കാൾ ഇംഗ്ലീഷാണ് എന്റെ വായിൽവരുന്നത്. അധ്യാപകർ ഇംഗ്ലീഷിൽ സംസാരിക്കുന്നു; സുഹൃത്തുക്കൾ ഇംഗ്ലീഷിൽ സംസാരിക്കുന്നു; അനുജനുമായും ഇംഗ്ലീഷിലാണു ഞാൻ സംസാരിക്കുന്നത്. അങ്ങനെ എന്റെ നാവിൽ സ്‌പാനീഷ് വരാതായി.”
ഇയെനു സമാനമായ സാഹചര്യമാണോ നിങ്ങളുടേത്? നിങ്ങളുടെ ചെറുപ്രായത്തിലാണു നിങ്ങളുടെ കുടുംബം കുടിയേറിയതെങ്കിൽ മാതൃഭാഷ പിൽക്കാല ജീവിതത്തിൽ പ്രയോജനംചെയ്യുമെന്ന കാര്യം നിങ്ങൾ തിരിച്ചറിഞ്ഞിരിക്കാൻ ഇടയില്ല. അതുകൊണ്ടുതന്നെ നിങ്ങളത് ഒരുപക്ഷേ ഓർമയിൽ കാത്തുസൂക്ഷിച്ചിട്ടുണ്ടാകില്ല. നേരെത്തെ പരാമർശിച്ച നൂർ പറയുന്നത് ഇതാണ്: “വീട്ടിൽ ഞങ്ങൾ മാതൃഭാഷയിൽ സംസാരിക്കണമെന്നു അച്ഛനു നിർബന്ധമായിരുന്നു. പക്ഷേ അറബി സംസാരിക്കുന്നതു ഞങ്ങൾക്ക് ഇഷ്ടമേ അല്ലായിരുന്നു. അറബി പഠിക്കുന്നത് ഒരു അനാവശ്യ കാര്യമായിട്ടാണു ഞങ്ങൾക്കു തോന്നിയത്. സുഹൃത്തുക്കൾ ഇംഗ്ലീഷാണു സംസാരിച്ചിരുന്നത്. ഇംഗ്ലീഷിലുള്ള ടെലിവിഷൻ പരിപാടികളാണു ഞങ്ങൾ കണ്ടിരുന്നതും. പിന്നെന്തിനാണ് അറബി?”
എങ്കിലും മുതിർന്നുവരവേ, മാതൃഭാഷ ഒഴുക്കോടെ സംസാരിക്കുന്നതിന്റെ പ്രയോജനങ്ങൾ നിങ്ങൾക്കു മനസ്സിലായിത്തുടങ്ങും. മുമ്പ് നാവിൻതുമ്പത്തുണ്ടായിരുന്ന പല വാക്കുകളും പക്ഷേ ഓർത്തെടുക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മാതാപിതാക്കൾക്കൊപ്പം ചൈനയിൽനിന്ന് ഇംഗ്ലണ്ടിലേക്കു ചേക്കേറിയ 13-കാരനായ മൈക്കിൾ പറയുന്നത് ഇങ്ങനെയാണ്: “രണ്ടു ഭാഷകളും കൂട്ടിക്കലർത്തിയാണു ഞാൻ സംസാരിക്കുന്നത്.” കോംഗോയിൽനിന്ന് (കിൻഷാസ) ലണ്ടനിലേക്കു താമസംമാറ്റിയ 15-കാരിയായ ഒർനെൽ പറയുന്നു: “ഞാൻ അമ്മയോട് എന്തെങ്കിലും ലിംഗാലയിൽ സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അതു നടക്കില്ല, കാരണം ഇംഗ്ലീഷിൽ സംസാരിച്ചാണ് എനിക്കു കൂടുതൽ പരിചയം.” ഓസ്‌ട്രേലിയയിൽ കംബോഡിയൻ മാതാപിതാക്കൾക്കു പിറന്ന ലീ മാതൃഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അവൾ ഇങ്ങനെ പറയുന്നു: “ഞാൻ മാതാപിതാക്കളോടു സംസാരിക്കുമ്പോഴും ചില കാര്യങ്ങൾ സംബന്ധിച്ച എന്റെ അഭിപ്രായം വിശദീകരിക്കാൻ ശ്രമിക്കുമ്പോഴുമൊക്കെ അവരുടെ ഭാഷയിൽ അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്കു കഴിയാതെ വരുന്നു.”
വിടവു നികത്താൻ കാരണങ്ങൾ
നിങ്ങൾക്കു പ്രാഥമിക ഭാഷയിൽ സംസാരിക്കാനുള്ള കഴിവ് കുറെയൊക്കെ നഷ്ടമായെങ്കിൽ അമിതമായി ആകുലപ്പെടേണ്ടതില്ല. അത് നിങ്ങൾക്കു തിരിച്ചുപിടിക്കാനാകും. പക്ഷേ, ആദ്യമേതന്നെ അതിലൂടെ കൈവരുന്ന പ്രയോജനങ്ങളെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കണം. ചില നേട്ടങ്ങൾ എന്തൊക്കെയാണ്? നേരത്തെ പറഞ്ഞ ഷോസ്വി പറയുന്നു: “ഞാൻ മാതാപിതാക്കളുടെ ഭാഷ പഠിച്ചെടുത്തു. കാരണം അവരുമായി മാനസികമായി അടുക്കാനും അതിലുപരി അവരോടൊപ്പം ദൈവത്തെ ആരാധിക്കാനും ഞാൻ ആഗ്രഹിച്ചു. അവരുടെ ചിന്തയും വികാരങ്ങളും ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചിരിക്കുന്നു. അതുപോലെതന്നെ എന്നെ മനസ്സിലാക്കാൻ അവരെയും.”
അനേകം ക്രിസ്‌തീയ യുവതീയുവാക്കൾ മാതൃഭാഷയിൽ പ്രാവീണ്യം നേടിയെടുക്കുന്നു. കാരണം മറ്റൊന്നുമല്ല, കുടിയേറ്റക്കാരായ മറ്റുള്ളവരോടു രാജ്യസുവാർത്ത അറിയിക്കുക എന്നതുതന്നെ. (മത്തായി 24:14; 28:19, 20) 5-ാം വയസ്സിൽ ലണ്ടനിലേക്കു താമസംമാറിയ സാലോമോ പറയുന്നു: “തിരുവെഴുത്തുകൾ രണ്ടു ഭാഷയിൽ വിശദീകരിക്കാൻ കഴിയുന്നതു വളരെ പ്രയോജനകരമാണ്! എന്റെ പ്രാഥമിക ഭാഷ ഞാൻ മിക്കവാറും മറന്നിരുന്നു. എന്നാൽ ഞാനിന്ന് ഒരു പോർച്ചുഗീസ് സഭയോടൊപ്പമാണു സഹവസിക്കുന്നത്. എനിക്കിപ്പോൾ ഇംഗ്ലീഷും പോർച്ചുഗീസും ‘വെള്ളംപോലെ’ സംസാരിക്കാനാകും.” ഫ്രാൻസിൽ താമസമാക്കിയ 15-കാരനായ ഒലെഗ് പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവരെ സഹായിക്കാനാകുന്നതിൽ എനിക്കു സന്തോഷമുണ്ട്. റഷ്യനിലോ ഫ്രഞ്ചിലോ മൊൾഡോവിനിലോ എനിക്കു ബൈബിളിനെക്കുറിച്ചു വിവരിക്കാൻ കഴിയും.” അറബി വയലിൽ സുവാർത്താ ഘോഷകരുടെ ആവശ്യമുള്ളതായി നൂർ മനസ്സിലാക്കി. ആ കുട്ടി പറയുന്നു: “എനിക്കു നഷ്ടപ്പെട്ട ഭാഷ വീണ്ടും പഠിക്കുന്നതിനായി ഞാൻ ഇപ്പോൾ ക്ലാസ്സിൽ പോകുന്നുണ്ട്. എന്റെ മനോഭാവം മാറിയിരിക്കുന്നു. ഇപ്പോൾ ഭാഷയിൽ വരുത്തുന്ന തെറ്റുകൾ തിരുത്തിക്കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കു ഭാഷ പഠിച്ചെടുത്തേ മതിയാകൂ.”
മാതൃഭാഷ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് വീണ്ടെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? വീട്ടിലായിരിക്കുമ്പോൾ മാതൃഭാഷയിൽ മാത്രം സംസാരിക്കാൻ നിബന്ധന വെക്കുന്നെങ്കിൽ മക്കൾ രണ്ടു ഭാഷയും അനായാസം കൈകാര്യം ചെയ്യാൻ പഠിക്കുമെന്നു ചില കുടുംബങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. * മാതൃഭാഷ എഴുതാൻ പഠിക്കുന്നതിനും മാതാപിതാക്കളുടെ സഹായം തേടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. മാതൃഭാഷ ഗ്രീക്കായ, എന്നാൽ ജർമനിയിൽ വളർന്ന സ്റ്റെലിസ് പറയുന്നത് ഇതാണ്: “എന്നോടൊപ്പം ദിവസവും ഒരു ബൈബിൾ വാക്യം ചർച്ചചെയ്യുന്ന രീതി മാതാപിതാക്കൾക്കുണ്ടായിരുന്നു. അവർ അത് ഉച്ചത്തിൽ വായിക്കുമ്പോൾ ഞാനത് എഴുതിയെടുക്കും. എനിക്കിപ്പോൾ ഗ്രീക്കും ജർമനും എഴുതാനും വായിക്കാനും കഴിയും.”
രണ്ട് സംസ്‌കാരങ്ങളുമായി പരിചിതമാകാനും രണ്ടോ അതിലധികമോ ഭാഷ പഠിക്കാനും കഴിഞ്ഞാൽ അതൊരു നേട്ടം തന്നെയാണ്. രണ്ട് സംസ്‌കാരങ്ങളെക്കുറിച്ചുള്ള അറിവ് ആളുകളുടെ ചിന്താഗതികൾ മനസ്സിലാക്കാനും ദൈവത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുള്ള നിങ്ങളുടെ പ്രാപ്‌തി വർധിപ്പിക്കും. ബൈബിൾ ഇപ്രകാരം പറയുന്നു: “താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” (സദൃശവാക്യങ്ങൾ 15:23) ഇൻഡ്യൻ മാതാപിതാക്കൾക്ക് ഇംഗ്ലണ്ടിൽ ജനിച്ച പ്രീതി പറയുന്നത് ഇതാണ്: “രണ്ടു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് എന്റെ ശുശ്രൂഷ കൂടുതൽ ആസ്വാദ്യമാണ്. എനിക്ക് ആളുകളെ ശരിക്കും മനസ്സിലാക്കാൻ കഴിയുന്നു—അവരുടെ വിശ്വാസവും ചിന്താഗതിയും.”
‘ദൈവത്തിന് മുഖപക്ഷമില്ല’
രണ്ട് സംസ്‌കാരങ്ങളുടെ ഇടയിൽപ്പെട്ടു വീർപ്പുമുട്ടുന്ന ഒരാളാണു നിങ്ങളെങ്കിൽ നിരുത്സാഹപ്പെടേണ്ടതില്ല. കാരണം നിങ്ങളുടെ സാഹചര്യം അനേകം ബൈബിൾ കഥാപാത്രങ്ങളുടേതിനു സമാനമാണ്. യോസേഫിന്റെ കാര്യമെടുക്കുക. ഒരു കുട്ടിയായിരിക്കെ എബ്രായ സംസ്‌കാരം വിട്ട് ശിഷ്ടകാലമത്രയും അദ്ദേഹത്തിന് ഈജിപ്‌തിൽ കഴിയേണ്ടിവന്നു. എന്നിരുന്നാലും, യോസേഫ് തന്റെ മാതൃഭാഷ മറന്നുകളഞ്ഞില്ല എന്നു വ്യക്തമാണ്. (ഉല്‌പത്തി 45:1-4) തത്‌ഫലമായി, തന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.—ഉല്‌പത്തി 39:1; 45:5.
തിമൊഥെയൊസിന്റെ കാര്യമോ? അപ്പൊസ്‌തലനായ പൗലൊസിനൊപ്പം ഏറെ യാത്രചെയ്‌ത അദ്ദേഹത്തിന്റെ അച്ഛൻ ഗ്രീക്കുകാരനും അമ്മ ഒരു യഹൂദ സ്‌ത്രീയും ആയിരുന്നു. (പ്രവൃത്തികൾ 16:1-3) രണ്ടു സംസ്‌കാരങ്ങൾ കൂടിച്ചേർന്ന തന്റെ പശ്ചാത്തലം ഒരു തടസ്സമായിത്തീരാൻ അനുവദിക്കുന്നതിനു പകരം തിമൊഥെയൊസ് സാംസ്‌കാരിക വൈജാത്യങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് മിഷനറിവേലയിൽ കണ്ടുമുട്ടിയ ആളുകളെ സഹായിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.—ഫിലിപ്പിയർ 2:19-22.
നിങ്ങളുടെ സാഹചര്യത്തെയും ഒരു പോരായ്‌മയായി കാണുന്നതിനു പകരം ഒരു നേട്ടമായി കാണരുതോ? “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നും ഓർക്കുക. (പ്രവൃത്തികൾ 10:34, 35) യഹോവ നിങ്ങളെ സ്‌നേഹിക്കുന്നു; അതു നിങ്ങൾ എവിടത്തുകാരനാണ് എന്നു നോക്കിയിട്ടല്ല. ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ചെറുപ്പക്കാരെപ്പോലെ പക്ഷപാതിത്വമില്ലാത്ത, സ്‌നേഹവാനാം ദൈവമായ യഹോവയെക്കുറിച്ചു പഠിക്കാൻ സ്വന്തം വംശജരെ സഹായിക്കുന്നതിനു നിങ്ങളുടെ അറിവും അനുഭവപരിചയവും ഉപയോഗിക്കരുതോ? അത് നിങ്ങളെ സന്തുഷ്ടരാക്കും, തീർച്ച!—പ്രവൃത്തികൾ 20:35.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
▪ സാംസ്‌കാരികമായും ഭാഷാപരമായും ഏതൊക്കെ വെല്ലുവിളികളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?
▪ ഇത്തരത്തിലുള്ള ചില വെല്ലുവിളികളെ എങ്ങനെ തരണംചെയ്യാനാകും?
[അടിക്കുറിപ്പ്]
^ ഖ. 21 പ്രായോഗികമായ കൂടുതൽ വിവരങ്ങൾക്കായി2002 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “ അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ—വെല്ലുവിളികളും പ്രതിഫലങ്ങളും” എന്ന ലേഖനം കാണുക.
[20-ാം പേജിലെ ചിത്രം]
മാതൃഭാഷയിൽ സംസാരിക്കുന്നത് കുടുംബബന്ധങ്ങൾ ബലിഷ്‌ഠമാക്കും