വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമേരിന്ത്യർ നാമാവശേഷത്തിന്റെ വക്കിലോ?

അമേരിന്ത്യർ നാമാവശേഷത്തിന്റെ വക്കിലോ?

അമേരിന്ത്യർ നാമാവശേഷത്തിന്റെ വക്കിലോ?

ബ്രസീലിലെ ഉണരുക! ലേഖകൻ

ബ്രസീലിലെ മാട്ടൊ ഗ്രോസ്സൊ സംസ്ഥാനത്താണ്‌ ഷീങ്‌ഗു നാഷണൽ പാർക്ക്‌ സ്ഥിതിചെയ്യുന്നത്‌. ആ പാർക്കിന്‌ ഏതാണ്ട്‌ 27,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്‌​—⁠കേരളത്തിന്റെ വിസ്‌തീർണം ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ ആണെന്നു കേൾക്കുമ്പോൾ ഈ പാർക്കിന്റെ വലുപ്പം ഊഹിക്കാമല്ലോ. 14 വംശീയ കൂട്ടങ്ങളിൽനിന്നുള്ള 3,600-ഓളം അമേരിക്കൻ ഇന്ത്യക്കാരുടെ അഥവാ അമേരിന്ത്യരുടെ സ്വന്തം നാടാണ്‌ ഈ പാർക്ക്‌. ഉപഗ്രഹഫോട്ടോകളിൽ “ഭീമാകാരമായ ഒരു ബില്യാർഡ്‌ ടേബിളായി” തോന്നിക്കുന്ന ഒരു പ്രദേശത്തിനു നടുവിലുള്ള ഹരിതാഭമായ ഒരു ‘തുരുത്താണ്‌’ ഇത്‌. ചുറ്റുമുള്ള കാടുകൾ വാണിജ്യോപയുക്തമായ മരങ്ങൾക്കായി തീയിട്ടു നശിപ്പിക്കുകയോ കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങളായി രൂപാന്തരപ്പെടുത്തുകയോ ചെയ്‌തിരിക്കുന്നു.

1960-കളിൽ ബ്രസീൽ ഗവൺമെന്റ്‌ ഇന്ത്യക്കാർക്കായി സംവരണമേഖലകൾ സ്ഥാപിക്കാൻ തുടങ്ങി. മുഖ്യമായും ആമസോൺ പ്രദേശത്തുള്ള ഈ സംവരണമേഖലകൾ, നിലവിൽ ബ്രസീലിന്റെ 12 ശതമാനത്തോളം ഭൂപ്രദേശം ഉൾക്കൊള്ളുന്നതാണ്‌. അത്തരം മേഖലകൾ അപ്രതീക്ഷിതമായ ഒരു അനുഗ്രഹം കൈവരുത്തിയിരിക്കുന്നു: ബ്രസീലിൽ അമേരിന്ത്യരുടെ അംഗസംഖ്യ വർധനയുടെ പാതയിലാണ്‌, അതും കഴിഞ്ഞ 500 വർഷത്തിനിടയിൽ ആദ്യമായി! ഇപ്പോൾ ഏകദേശം മൂന്നു ലക്ഷം അമേരിന്ത്യർ ഉള്ളതായി കണക്കാക്കപ്പെടുന്നു. പക്ഷേ, 1500-ൽ ഉണ്ടായിരുന്നതിന്റെ ഒരംശം മാത്രമാണ്‌ അത്‌! കാരണം അക്കാലത്ത്‌ അവരുടെ അംഗസംഖ്യ ഇരുപതു ലക്ഷത്തിനും അറുപതു ലക്ഷത്തിനും ഇടയ്‌ക്കായിരുന്നിരിക്കാം എന്നാണു കണക്കാക്കപ്പെടുന്നത്‌.

ഒരു എഴുത്തുകാരൻ പറയുന്നത്‌, കഴിഞ്ഞ 500 വർഷത്തിനിടയ്‌ക്ക്‌ അവരുടെ “അംഗസംഖ്യയിൽ ഭയാനകമായ ഒരു കുറവു സംഭവിച്ചിരിക്കുന്നു” എന്നാണ്‌. അമേരിന്ത്യക്കാരുടെ അംഗസംഖ്യയിൽ സംഭവിച്ച കുത്തനെയുള്ള ഈ കുറവിനു കാരണം എന്താണ്‌? അടുത്തകാലത്തു രേഖപ്പെടുത്തിയ ജനസംഖ്യ വർധന സൂചിപ്പിക്കുന്നത്‌ ബ്രസീലിലെ ഇന്ത്യക്കാർ ഒടുവിൽ നാമാവശേഷത്തിന്റെ വക്കിൽനിന്നു കരകയറിയെന്നാണോ?

അധിനിവേശത്തിന്റെ ആരംഭം

1500-ൽ പോർച്ചുഗീസുകാർ ബ്രസീലിനുമേൽ ആധിപത്യം നേടിയശേഷമുള്ള ആദ്യത്തെ 30 വർഷം മുഖ്യമായും അവരുടെ കണ്ണ്‌ ബ്രസീൽമരത്തിലായിരുന്നു​—⁠ചുവന്ന ഡൈ സ്രവിപ്പിക്കുന്ന ഒരുതരം വൃക്ഷം. ബ്രസീൽ എന്ന പേര്‌ ഈ മരത്തിൽനിന്നാണു പിറവിയെടുത്തത്‌. യൂറോപ്പിലെങ്ങും നല്ല പ്രചാരമുണ്ടായിരുന്ന ബ്രസീൽമരം കൊച്ചുകൊച്ച്‌ അലങ്കാരവസ്‌തുക്കൾ പകരംവെച്ച്‌ അവർ കൈക്കലാക്കി.

എന്നിരുന്നാലും, വൈകാതെതന്നെ ബ്രസീലിലെ കാലാവസ്ഥ കരിമ്പു കൃഷിക്ക്‌ അനുയോജ്യമാണെന്നു കണ്ടെത്തുകയുണ്ടായി. എങ്കിലും, ഒരു പ്രശ്‌നമുണ്ടായിരുന്നു. ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്ന ശ്രമകരമായ ജോലി അതിനു പിന്നിലുണ്ടായിരുന്നു. അങ്ങനെ, അടിമപ്പണിക്കാരുടെ ആവശ്യവും ഏറിവന്നു. യൂറോപ്യൻ കുടിയേറ്റക്കാർക്ക്‌ തൊഴിലാളികളെ തിരഞ്ഞ്‌ ദൂരേക്കൊന്നും പോകേണ്ടിവന്നില്ല. കാരണം തദ്ദേശീയരായ പണിയാളന്മാർ ഇഷ്ടംപോലെ ലഭ്യമായിരുന്നു.

അടിമത്തം വേരോടുന്നു

കഴിഞ്ഞുകൂടാൻ വേണ്ടുന്നതുമാത്രം കൃഷിചെയ്‌തുണ്ടാക്കുന്ന രീതിയായിരുന്നു ഇന്ത്യക്കാർക്ക്‌. വേട്ടയാടലും മീൻപിടിത്തവുമായിരുന്നു മുഖ്യമായും പുരുഷന്മാരുടെ തൊഴിൽ. കാടു വെട്ടിത്തെളിക്കുന്ന ശ്രമകരമായ ജോലിയും അവർ ഏറ്റെടുത്തിരുന്നു. കൃഷിയിറക്കൽ, വിളവെടുപ്പ്‌, ഭക്ഷണം പാകംചെയ്യൽ എന്നിങ്ങനെയുള്ള ജോലികളാണു സ്‌ത്രീകൾ ചെയ്‌തിരുന്നത്‌. ധനത്തോടുള്ള ഇന്ത്യക്കാരുടെ നിസ്സംഗതയും അത്യാർത്തിയില്ലായ്‌മയും യൂറോപ്പിലെ അഭ്യസ്‌തവിദ്യർക്കിടയിലെങ്ങും നല്ല മതിപ്പുളവാക്കി. എന്നാൽ, ആ പ്രദേശത്തു കുടിയേറിപാർത്തിരുന്ന യൂറോപ്പുകാർ അവരെ തികഞ്ഞ അലസരായിട്ടാണു കണ്ടിരുന്നത്‌.

ശത്രുതാ മനോഭാവമില്ലാതിരുന്ന ഇന്ത്യക്കാരെ തങ്ങളുടെ അധിവാസ കേന്ദ്രത്തിനടുത്തേക്കു മാറിപ്പാർക്കാൻ പോർച്ചുഗീസുകാർ പ്രോത്സാഹിപ്പിച്ചു. എന്തിനായിരുന്നു അത്‌? അവർക്കുവേണ്ടി പണിയെടുക്കുന്നതിനും അവരെ സംരക്ഷിച്ചുകൊണ്ടു കഴിയുന്നതിനും. ജെസ്യൂട്ടുകാരും മറ്റു മതപ്രസ്ഥാനങ്ങളും ആയിരുന്നു മിക്കപ്പോഴും അതിനുള്ള ഒത്താശ ചെയ്‌തുകൊടുത്തത്‌. ഇന്ത്യക്കാർക്ക്‌ അത്‌ എത്ര ദോഷകരമായിരിക്കുമെന്ന്‌ അവർ തിരിച്ചറിഞ്ഞതേയില്ല. സ്വാതന്ത്ര്യവും സ്വന്തം മണ്ണിന്മേലുള്ള അവകാശവും നിയമപ്രകാരം അവർക്ക്‌ ഉണ്ടായിരുന്നെങ്കിലും അധിനിവേശകർ അവരെ നിർബന്ധിത അടിമവേല ചെയ്യിച്ചു. കൂലിയും സ്വന്തം മണ്ണിൽ കൃഷിയിറക്കുന്നതിനുള്ള അനുവാദവും അവർക്കു വിരളമായേ ലഭിച്ചിരുന്നുള്ളൂ.

അടിമത്തം നിരോധിക്കാൻ പോർച്ചുഗീസ്‌ ഗവൺമെന്റ്‌ നടത്തിയ ശ്രമങ്ങൾ ഉദ്ദേശിച്ച ഫലം കണ്ടില്ല. അടിമത്ത വിരുദ്ധ നിയമങ്ങളിൽ പഴുതു കണ്ടെത്തുന്നതിൽ വിരുതന്മാരായിരുന്നു കുടിയേറ്റക്കാർ. തങ്ങൾക്കു ഭീഷണിയാകുമെന്നു കരുതിയ ഇന്ത്യക്കാരെ ‘നീതിനിഷ്‌ഠമായ യുദ്ധം’ ചെയ്‌തു പിടിച്ചുകൊണ്ടുവന്ന്‌ അടിമവേല ചെയ്യിക്കുന്നതിലോ അടിമകളായി വിൽക്കുന്നതിലോ യാതൊരു കുഴപ്പവുമില്ലെന്ന ചിന്താഗതിയായിരുന്നു പൊതുവേ. മറ്റു ഗോത്രക്കാർ അടിമകളാക്കിയ ഇന്ത്യക്കാരെയും വാങ്ങിയോ “മോചനപ്പണം നൽകിയോ” അടിമകളാക്കിയിരുന്നു.

ആത്യന്തികമായ ഒരു പരിശോധന വെളിപ്പെടുത്തുന്നത്‌ പഞ്ചസാര വ്യവസായം ലാഭകരമായ ഒരു സംരംഭമായിരുന്നു എന്നാണ്‌. അന്നൊക്കെ അതു നിലനിന്നിരുന്നതാകട്ടെ അടിമപ്പണിയെ ആശ്രയിച്ചും. അതുകൊണ്ട്‌, വരുമാനം കുറയാതിരിക്കാൻ അടിമത്തത്തിനു നേരെ കണ്ണടയ്‌ക്കാൻ പോർച്ചുഗീസ്‌ ഭരണകൂടം മിക്കപ്പോഴും നിർബന്ധിതരായി.

അധിനിവേശ ശക്തികൾ കൊമ്പുകോർക്കുന്നു

അധിനിവേശ ശക്തികൾ തമ്മിലുള്ള കൊമ്പുകോർക്കലിൽ ബലിയാടുകൾ ആയത്‌ മുഖ്യമായും ഇന്ത്യക്കാരായിരുന്നു. ഫ്രഞ്ചുകാരും ഡച്ചുകാരും പോർട്ടുഗലിൽനിന്നു ബ്രസീൽ കൈക്കലാക്കാൻ ശ്രമിച്ചു. ഓരോ അധിനിവേശ ശക്തിയും ഇന്ത്യക്കാരെ സ്വന്തം പക്ഷത്താക്കാൻ കിണഞ്ഞുശ്രമിച്ചു. എന്നാൽ തങ്ങളുടെ ഭൂപ്രദേശങ്ങൾ തട്ടിയെടുക്കുക എന്നതാണു വിദേശ ശക്തികളുടെ ഉള്ളിലിരുപ്പെന്ന്‌ ഇന്ത്യക്കാർ മനസ്സിലാക്കിയതേയില്ല. പകരം സ്വന്തം ശത്രുക്കളായ മറ്റ്‌ ഇന്ത്യൻ ഗോത്രങ്ങളോടു പകതീർക്കാനുള്ള അവസരമായിട്ടാണ്‌ ഈ പോരാട്ടങ്ങളെ അവർ കണക്കാക്കിയത്‌. അങ്ങനെ അവർ ഈ അധികാര തർക്കങ്ങളിൽ സ്വയം എടുത്തുചാടി.

ഒരു ഉദാഹരണം നോക്കുക. 1555 നവംബർ 10-ന്‌ നീക്കോലാ ഡി വീൽജെന്യോ എന്ന ഫ്രഞ്ചു പ്രഭു ഗ്വാനാബാരാ ബേയിൽ (ആധുനിക റിയോ ഡി ജനീറോ) വന്നിറങ്ങി അവിടെ ഒരു കോട്ട കെട്ടി. എന്നിട്ട്‌, തദ്ദേശീയരായ റ്റാമോയോ ഇന്ത്യക്കാരുമായി സഖ്യം ചേർന്നു. പോർച്ചുഗീസുകാരാകട്ടെ ബഹിയായിൽനിന്നു ടൂപിനാമ്പാ ഇന്ത്യക്കാരെ കൊണ്ടുവന്ന്‌ അതിശക്തമെന്നു കരുതിയ ആ കോട്ട 1560 മാർച്ചിൽ ആക്രമിച്ചു. ഫ്രഞ്ചുകാർ തോറ്റോടിയെങ്കിലും റ്റാമോയോക്കാരുമായുള്ള ബിസ്സിനസ്‌ ഇടപാടുകൾ തുടരുകയും പോർച്ചുഗീസുകാരെ ആക്രമിക്കാൻ അവരെ ചൂടുകയറ്റുകയും ചെയ്‌തു. കുറെ പോരാട്ടങ്ങൾക്കുശേഷം ഒടുവിൽ, റ്റാമോയോക്കാർ തറപറ്റി. ഒരൊറ്റ പോരാട്ടത്തിൽമാത്രം 10,000-പേർ കൊല്ലപ്പെടുകയും 20,000-പേർ അടിമത്തത്തിലാവുകയും ചെയ്‌തത്രേ!

യൂറോപ്പിൽനിന്നുള്ള മഹാവ്യാധികൾ

പോർച്ചുഗീസുകാർ ആദ്യമായി ബ്രസീലിൽ കാലുകുത്തിയപ്പോൾ അവിടെ കണ്ടത്‌ നല്ല ആയുരാരോഗ്യം ഉള്ളവരെയായിരുന്നു. പ്രായംചെന്ന ഇന്ത്യക്കാരിൽ പലരും നൂറോ അതിനു മേലെയോ വയസ്സുള്ളവരായിരുന്നു എന്നാണ്‌ ആദ്യകാല പര്യവേഷകർ മനസ്സിലാക്കിയത്‌. എന്നാൽ യൂറോപ്പിലെയും ആഫ്രിക്കയിലെയും രോഗങ്ങളോടുള്ള പ്രതിരോധശേഷി അവർക്കു തീരെ കുറവായിരുന്നു. സാധ്യതയനുസരിച്ച്‌, ഇതാണ്‌ മറ്റെല്ലാറ്റിലുമുപരിയായി അവരെ തിരോഭാവത്തിന്റെ വക്കിലെത്തിച്ചത്‌.

ഇന്ത്യൻ ജനസംഖ്യ ക്രമാതീതമായി കുറച്ച മാരകവ്യാധികളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്‌ പോർച്ചുഗീസുകാരുടെ രേഖകളിൽ ഉടനീളം. 1561-ൽ വസൂരിയെന്ന മാരകരോഗം പോർട്ടുഗലിനെ ഗ്രസിക്കുകയും അറ്റ്‌ലാന്റിക്ക്‌ കടന്ന്‌ പോർച്ചുഗീസ്‌ കോളനികളിൽ പടർന്നുപിടിക്കുകയും ചെയ്‌തു. പരിണതഫലമോ, വളരെ വിനാശകവും. 1563 മേയ്‌ 12-ന്‌ ജെസ്യൂട്ടുകാരനായ ലിയോനാർഡോ ഡോ വാലെ ആ മാരകവ്യാധിയുടെ ഭീകരതയെ വിവരിച്ചുകൊണ്ട്‌ ഒരു കത്തെഴുതുകയുണ്ടായി. അദ്ദേഹം എഴുതി: “വസൂരിയുടെ ഒരു വകഭേദമായിരുന്ന അത്‌ അങ്ങേയറ്റം അറപ്പുളവാക്കുന്നതും [രോഗിയുടെ] അടുത്തു നിൽക്കാനാകാത്തത്ര ദുർഗന്ധം വമിക്കുന്നതും ആയിരുന്നു. തത്‌ഫലമായി പരിചരണം കിട്ടാതെ അനേകർ മരണമടഞ്ഞു. ദേഹമാസകലം പുഴുവരിക്കുന്ന വ്രണങ്ങളോടുകൂടിയ അവരുടെ രൂപം അങ്ങേയറ്റം അറപ്പുളവാക്കുന്നതും ബീഭത്സവുമായിരുന്നു.”

ജെസ്യൂട്ടുകാരെ ഞെട്ടിച്ച ‘ബന്ധങ്ങൾ’

വംശീയ കലർപ്പും പല ഗോത്രങ്ങളുടെയും അസ്‌തമയത്തിനു കാരണമായി. “വംശങ്ങൾ തമ്മിൽ കലരുന്നതിൽ പോർച്ചുഗീസുകാർക്കോ ബ്രസീലുകാർക്കോ തെല്ലും പ്രശ്‌നമില്ലായിരുന്നു” എന്ന്‌ റെഡ്‌ ഗോൾഡ്‌​—⁠ദ കോൺക്വസ്റ്റ്‌ ഓഫ്‌ ദ ബ്രസീലിയൻ ഇൻഡ്യൻസ്‌ എന്ന കൃതി പറയുന്നു. സ്‌ത്രീകളെ, മിക്കപ്പോഴും സ്വന്തം പുത്രിമാരെ, വിദേശികൾക്കു കാഴ്‌ചവെക്കുന്നത്‌ അതിഥിപ്രിയത്തിന്റെ ഭാഗമായാണ്‌ അവർ കണക്കാക്കിയിരുന്നത്‌. 1549-ൽ, ആദ്യമായി ജെസ്യൂട്ടുകാർ ബ്രസീലിലെത്തിയപ്പോൾ അവിടെ കണ്ടത്‌ അവരെ സ്‌തബ്ധരാക്കി. “പുരുഷന്മാരോട്‌ ഭാര്യമാരല്ലാത്ത ഇന്ത്യൻ സ്‌ത്രീകളോടൊപ്പം കഴിയുന്നതിൽ തെറ്റില്ലെന്ന്‌ അവർ [പുരോഹിതർ] പരസ്യമായി പറയുന്നു” എന്നു മാൻവെൽ ഡാ നുബ്രെഗ പരാതിപ്പെട്ടു. തുടർന്ന്‌ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “കുടിയേറ്റക്കാർ തങ്ങളുടെ അടിമകളായ ഇന്ത്യൻ സ്‌ത്രീകളെയെല്ലാം വെപ്പാട്ടികളാക്കിയിരിക്കുന്നു.” ഒരു പോർച്ചുഗീസുകാരന്‌ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി ഒരു പരമ്പരതന്നെയുണ്ടെന്നും അവരുടെ മൊത്തം എണ്ണം രാജാവിനോടു പറയുന്നതിനുള്ള ധൈര്യം തനിക്ക്‌ ഇല്ലെന്നും ഒരു വ്യക്തി പോർച്ചുഗീസ്‌ രാജാവിനെ ബോധിപ്പിക്കുകയുണ്ടായി.

ഒരുകാലത്ത്‌ ബ്രസീലിന്റെ തീരപ്രദേശങ്ങളിൽ തിങ്ങിപ്പാർത്തിരുന്ന ഇന്ത്യൻ ജനത 17-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അടിമത്തത്തിലാവുകയോ മറ്റു വംശങ്ങളുമായി ലയിക്കുകയോ മാരകവ്യാധികളാൽ മരണമടയുകയോ ഒക്കെ ചെയ്‌തു. ആമസോൺ പ്രദേശത്തുള്ള ഗോത്രങ്ങൾക്കും വൈകാതെ അതുതന്നെയാണു സംഭവിച്ചത്‌.

പോർച്ചുഗീസുകാർ ആമസോൺ പ്രദേശത്ത്‌ എത്തിയതിനെ തുടർന്ന്‌ ആമസോണിന്റെ കീഴ്‌ഭാഗത്തുള്ള നിവാസികൾ മിക്കവാറും അനിയന്ത്രിതമായ “വേട്ടയാടലിന്‌” വിധേയരായി. മാരാൻഹാവോയിലെ വികാരി ജനറലായ മനോയൽ റ്റഷാരേ പറയുന്നത്‌, ഏതാനും ദശകങ്ങളിലായി മാരാൻഹാവോ, പാരാ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള ഏതാണ്ട്‌ ഇരുപതു ലക്ഷം ഇന്ത്യക്കാരെ പോർച്ചുഗീസുകാർ കൊന്നൊടുക്കി എന്നാണ്‌. ഈ സംഖ്യ ഒരുപക്ഷേ ഊതിപ്പെരുപ്പിച്ചതായിരിക്കാം, പക്ഷേ, അവിടെ നടന്ന യാതനകളും രക്തച്ചൊരിച്ചിലും പച്ചയായ യാഥാർഥ്യങ്ങളാണ്‌. ആമസോണിന്റെ മേൽഭാഗത്തുള്ളവർക്കും പിന്നീട്‌ അതേ അനുഭവമുണ്ടായി. 18-ാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും ആമസോൺ മേഖലയിൽ, ഒറ്റപ്പെട്ട ചില പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടത്തുമുള്ള ഇന്ത്യക്കാർ മിക്കവാറും തുടച്ചുനീക്കപ്പെട്ടിരുന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിലും ആമസോണിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ടായ വികസനത്തിന്റെ ഫലമായി വെള്ളക്കാർ അവിടെയുള്ള ഇന്ത്യൻ ഗോത്രങ്ങളുമായി ക്രമേണ സമ്പർക്കത്തിൽവന്നു. 1839-ൽ ചാൾസ്‌ ഗുഡ്‌ഇയർ വൾക്കനൈസേഷൻ എന്ന പ്രക്രിയ കണ്ടുപിടിക്കുകയും അതേത്തുടർന്നു റബ്ബർ ടയറുകൾ ആവിർഭവിക്കുകയും ചെയ്‌തതോടെ റബ്ബറിനു ഡിമാന്റും വർധിച്ചു. അസംസ്‌കൃത റബ്ബറിന്റെ ഒരേയൊരു സ്രോതസ്സായ ആമസോൺ പ്രദേശത്തേക്കു വ്യാപാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. തദ്ദേശീയർ അമിതമായ ചൂഷണത്തിനു വിധേയരായതിന്റെ പേരിൽ ഈ പ്രത്യേക കാലഘട്ടം ശ്രദ്ധിക്കപ്പെട്ടു. ഇതും ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി കുറയാൻ ഇടയാക്കി.

അമേരിന്ത്യരും 20-ാം നൂറ്റാണ്ടും

1970-ൽ ബ്രസീലിലെ ഗവൺമെന്റ്‌ ഒരു വികസന പദ്ധതിക്കു രൂപം നൽകുകയുണ്ടായി. ഒറ്റപ്പെട്ടു കിടക്കുന്ന ആമസോൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ദേശീയപാതാ ശൃംഖലയുടെ നിർമാണമാണ്‌ അതിൽ ഉൾപ്പെട്ടിരുന്നത്‌. അത്തരം പാതകളിൽ പലതും ഇന്ത്യക്കാരുടെ ഭൂമിയെ കീറിമുറിച്ചുകൊണ്ടു കടന്നുപോയി. തത്‌ഫലമായി നിധിവേട്ടക്കാരുടെ ആക്രമണത്തിന്‌ അവർ വിധേയരായെന്നു മാത്രമല്ല മാരകമായ പല രോഗങ്ങൾ പിടിപെടുന്നതിനും കാരണമായി.

പാനറാസുകാർക്കു സംഭവിച്ചത്‌ അതിനൊരു ഉദാഹരണമാണ്‌. 18-ഉം 19-ഉം നൂറ്റാണ്ടുകളിലെ യുദ്ധത്തിന്റെയും അടിമത്തത്തിന്റെയും ഫലമായി ഈ ഗോത്രത്തിന്റെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു. അവശേഷിച്ച ഒരു ചെറിയ കൂട്ടം വടക്കുപടിഞ്ഞാറൻ ദിശയിലേക്കു പലായനം ചെയ്‌ത്‌ വടക്കൻ മാട്ടൊ ഗ്രോസ്സൊയിലെ വനാന്തരത്തിൽ അഭയംപ്രാപിച്ചു. പിന്നീട്‌ കൂയെബാ-സാന്റാറം ഹൈവേ അവരുടെ പ്രദേശത്തിനു കുറുകെയാണു നിർമിക്കപ്പെട്ടത്‌.

യൂറോപ്പുകാരുമായുള്ള ഇടപെടൽ പലരെയും സംബന്ധിച്ചിടത്തോളം വളരെ വിനാശകമായിരുന്നു. ഒരിക്കൽ നല്ല അംഗസംഖ്യ ഉണ്ടായിരുന്ന ആ ഗോത്രത്തിൽ 1975-ആയപ്പോഴേക്കും 80 പേർ മാത്രമാണു ശേഷിച്ചത്‌. പാനറാസുകാരെ ഷീങ്‌ഗു നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ചു. എന്നാൽ മുമ്പ്‌ താമസിച്ചിരുന്ന വനപ്രദേശത്തിനു സമാനമായ ചുറ്റുപാടുകൾ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങൾ വിഫലമായി. അങ്ങനെ, സ്വന്തം പ്രദേശത്തേക്കു തന്നെ മടങ്ങിപ്പോകണമെന്നായി അവർക്ക്‌. 1996 നവംബർ 1-ന്‌ ബ്രസീലിയൻ നീതിന്യായമന്ത്രി 4,95,000 ഹെക്ടർവരുന്ന ഒരു പ്രദേശം “സ്ഥിരമായ തദ്ദേശീയ അവകാശമായി” പ്രഖ്യാപിച്ചു. അങ്ങനെ പാനറാസുകാർ നാമാവശേഷത്തിന്റെ വക്കിൽനിന്നു കരകയറിയെന്നു പറയാം.

അവരുടെ ഭാവി ശോഭനമോ?

പ്രത്യേക സംവരണമേഖലകൾ മറ്റുള്ള ഇന്ത്യൻ ഗോത്രങ്ങളെയും നാശത്തിൽനിന്നു കരകയറ്റുമോ? ഇന്ന്‌, അമേരിന്ത്യർ അന്യംനിന്നു പോകാനുള്ള സാധ്യതകൾ വിദൂരമാണ്‌. എന്നാൽ, അവരുടെ ഭൂമി പ്രകൃതിവിഭവങ്ങളുടെ വൻകലവറയാണ്‌. ഒരു ലക്ഷം കോടി ഡോളറിനു തത്തുല്യമായ സ്വർണം, പ്ലാറ്റിനം, രത്‌നങ്ങൾ, ഇരുമ്പ്‌, ഈയം എന്നിവ ഉൾപ്പെടെയുള്ള ധാതുക്കൾ ലീഗൽ ആമസോണിയ മേഖലയിൽ, അതായത്‌ ബ്രസീലിന്റെ വടക്കും മധ്യപശ്ചിമ ഭാഗത്തുമുള്ള ഒമ്പതു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത്‌, മറഞ്ഞുകിടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യക്കാരുടെ പ്രദേശത്തിന്റെ ഏകദേശം 98 ശതമാനവും ഈ മേഖലയിലാണ്‌. ചില ഇന്ത്യൻ പ്രദേശങ്ങളിൽ നിയമവിരുദ്ധമായ നിധിവേട്ടകൾ ഇപ്പോൾത്തന്നെ നടന്നുവരുന്നു.

യൂറോപ്പുകാരുമായുള്ള ഇടപാടുകളിൽ ഇന്ത്യക്കാർക്കുണ്ടായ നഷ്ടങ്ങളുടെ കദനകഥയാണു ചരിത്രത്തിനു പറയാനുള്ളത്‌. കണ്ണാടികളും കൊച്ചുകൊച്ച്‌ അലങ്കാര വസ്‌തുക്കളും പകരംവെച്ച്‌ വെള്ളക്കാർ അവരിൽനിന്നു തട്ടിയെടുത്തത്‌ സ്വർണവും ബ്രസീൽമരവുമായിരുന്നു. അടിമകളായി പിടിക്കപ്പെടാതിരിക്കാൻ അവർക്കു വനാന്തരങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നു. ചരിത്രം ഇനിയും ആവർത്തിക്കുമോ?

അനേകം ഇന്ത്യക്കാരും നമ്മുടെ സാങ്കേതികശാസ്‌ത്ര യുഗത്തിന്റെ സംഭാവനകളായ വിമാനങ്ങൾ, യന്ത്രവത്‌കൃത ബോട്ടുകൾ, സെൽഫോണുകൾ എന്നിവ ഉപയോഗിക്കാൻ പഠിച്ചിരിക്കുന്നു. പക്ഷേ, 21-ാം നൂറ്റാണ്ടിലെ മറ്റു വെല്ലുവിളികളെ അവർ വിജയകരമായി തരണം ചെയ്യുമോ? കാലം തെളിയിക്കട്ടെ!

[15-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

■ ഷീങ്‌ഗു നാഷണൽ പാർക്ക്‌

□ ഇന്ത്യൻ സംവരണമേഖല

ബ്രസീൽ

ബ്രസീലിയ

റിയോ ഡി ജനീറോ

ഫ്രഞ്ച്‌ ഗയാന

സുരിനാം

ഗയാന

വെനെസ്വേല

കൊളംബിയ

ഇക്വഡോർ

പെറു

ബൊളീവിയ

പരാഗ്വേ

ഉറുഗ്വേ

[15-ാം പേജിലെ ചിത്രം]

വ്യാപാരികൾ ഇന്ത്യക്കാരെ റബ്ബർ തോട്ടങ്ങളിൽ അടിമപ്പണിയെടുപ്പിച്ചു ചൂഷണം ചെയ്‌തു

[കടപ്പാട്‌]

© Jacques Jangoux/​Peter Arnold, Inc.

[12-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Line drawing and design: From the book Brazil and the Brazilians, 1857