ആത്മീയ വെളിച്ചം വൈദ്യുത നിലയത്തിൽനിന്ന്
ആത്മീയ വെളിച്ചം വൈദ്യുത നിലയത്തിൽനിന്ന്
ഇറ്റലിയിലെ ഉണരുക! ലേഖകൻ
▪ ഇറ്റലിയിലെ പിസ്റ്റോയായിലുള്ള പർവതനിരകളിൽ വ്യവസായങ്ങൾ തഴയ്‌ക്കാൻ തുടങ്ങിയ 1900-കളുടെ ആരംഭകാലം. അസംസ്‌കൃത വസ്‌തുക്കളുടെയും ഉത്‌പന്നങ്ങളുടെയും നീക്കത്തിനായി ഒരു ഇലക്‌ട്രിക്-റെയിൽ നിർമിക്കുകയുണ്ടായി. 1926 ജൂൺ 21-ന് ഉദ്‌ഘാടനം ചെയ്‌ത 15-ഓളം കിലോമീറ്റർ നീളംവരുന്ന ഈ നാരോ-ഗേജ് പാത കുന്നുകളെയും പർവതങ്ങളെയും ചുറ്റിയാണു കടന്നുപോയിരുന്നത്.
ഒരു സബ്‌സ്റ്റേഷൻ വഴിയാണ് ട്രെയിനിലേക്കു വൈദ്യുതി എത്തിച്ചിരുന്നത് (മുകളിൽ ഇടത്ത്). എന്നിരുന്നാലും, കാലാന്തരത്തിൽ ചരക്കു ഗതാഗതം കുറഞ്ഞതോടെ റെയിൽവേയും ക്ഷയിച്ചുതുടങ്ങി. ഒടുവിൽ, 1965-ൽ അത് അടച്ചുപൂട്ടി. എന്നാൽ, പാളത്തിന് അരികിൽ, ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് എന്തു സംഭവിച്ചു? ചിലത് നശിച്ചുപോയി. മറ്റുള്ളവയെ മദ്യഷാപ്പുകളായും ബസ് ഡിപ്പോകളായും മാറ്റിയെടുത്തു.
വൈദ്യുത സബ്‌സ്റ്റേഷൻ പുനരുദ്ധരിച്ചെടുക്കുകയുണ്ടായി. 1997-ൽ സാൻ മാർചിലോ പിസ്റ്റോയേസെ സഭയിലെ യഹോവയുടെ സാക്ഷികൾ ആ കെട്ടിടം വാങ്ങി ടസ്‌കനിയിലെ മനോഹരമായ രാജ്യഹാളുകളിൽ ഒന്നാക്കി മാറ്റിയെടുത്തു (താഴെ ഇടത്ത്). ഈ മുൻകാല സബ്‌സ്റ്റേഷനിൽ കൂടിവരുന്ന സഭാംഗങ്ങൾ ആ മലമ്പ്രദേശത്തെങ്ങും “ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” എങ്ങനെയാണെന്നല്ലേ? തിരക്കോടെ ദൈവരാജ്യ സുവാർത്ത ഘോഷിച്ചുകൊണ്ടുതന്നെ. (ഫിലിപ്പിയർ 2:15; മത്തായി 24:14) അതേ, ആ വൈദ്യുത നിലയം ഇപ്പോൾ ആത്മീയ വെളിച്ചം പ്രസരിപ്പിക്കുന്നു.—മത്തായി 5:14-16; 28:19, 20.