വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഫ്രിക്കയിൽനിന്നുള്ള മനംകവരും റോസാപ്പൂക്കൾ

ആഫ്രിക്കയിൽനിന്നുള്ള മനംകവരും റോസാപ്പൂക്കൾ

ആഫ്രിക്കയിൽനിന്നുള്ള മനംകവരും റോസാപ്പൂക്കൾ

കെനിയയിലെ ഉണരുക! ലേഖകൻ

“ഞാൻ കണ്ടിട്ടുള്ളതിൽവെച്ച്‌ ഏറ്റവും മനോഹരമായ പൂക്കൾ!” “ആത്മസുഹൃത്തിനുള്ള ഉത്തമ സമ്മാനം.” “‘സ്‌നേഹിക്കുന്നു’ എന്നു പറയാനുള്ള മറ്റൊരു മാർഗം.”

കെനിയയിലെ നയ്‌റോബിയിൽ വസിക്കുന്നവരുടെ മേലുദ്ധരിച്ച വാക്കുകളോടു സമാനമായിരിക്കാം നിങ്ങളുടെ വികാരങ്ങളും. നട്ടുവളർത്തുന്നതും അല്ലാത്തതുമായ ഒരു പൂച്ചെടിയും ലോകത്തെവിടെയും ഇത്ര പ്രിയം നേടിയിട്ടില്ലെന്നു പറയാം. നൂറ്റാണ്ടുകളായി ഇതു മനുഷ്യരുടെ സർഗാത്മകതയെ തൊട്ടുണർത്തിയിരിക്കുന്നു. കവികൾ ഇവയെക്കുറിച്ച്‌ എഴുതിയിരിക്കുന്നു, കലാകാരന്മാർ ഇവ ഉപയോഗിച്ച്‌ പലപ്പോഴും തങ്ങളുടെ വൈഭവത്തിന്റെ മാറ്റുരച്ചിരിക്കുന്നു. റോമിയോയും ജൂലിയറ്റും എന്നതിലെ പ്രശസ്‌തമായ ഈ വാക്കുകളിൽ ഷേക്‌സ്‌പിയർ ഇതിനെ പ്രകീർത്തിക്കുന്നു: “പേരിൽ എന്തിരിക്കുന്നു? റോസാപ്പൂവിന്‌ നാം എന്തു പേർ വിളിച്ചാലും അതിന്റെ സുഗന്ധം കുറയില്ലല്ലോ.” സുഹൃദ്‌ബന്ധങ്ങൾ മൊട്ടിട്ടു വിരിഞ്ഞതിന്റെ, താറുമാറായ ബന്ധങ്ങൾ വീണ്ടും പൂത്തുലഞ്ഞതിന്റെ, രോഗികളുടെ മുഖത്തു പുഞ്ചിരിയുതിർന്നതിന്റെ, അങ്ങനെ എത്രയെത്ര നല്ല അനുഭവങ്ങളാണു റോസാപ്പൂവിന്റെ മാസ്‌മരികതയോടു കടപ്പെട്ടിരിക്കുന്നത്‌.

ഇവയ്‌ക്കെല്ലാം പുറമേ റോസാപ്പൂക്കൾക്കു സാമ്പത്തിക മൂല്യവുമുണ്ട്‌. പൂച്ചെടിവളർത്തലിന്‌ അനുകൂലമായ കാലാവസ്ഥയുള്ള പല രാജ്യങ്ങൾക്കും വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്‌ റോസാപ്പൂവാണ്‌. കെനിയതന്നെ ഇതിനൊരു ഉദാഹരണമാണ്‌. ഇക്കഴിഞ്ഞ ഒരു വർഷത്തിൽ അവിടെനിന്നു കയറ്റുമതിചെയ്യപ്പെട്ട ദശലക്ഷക്കണക്കിനു പൂക്കളിൽ 70 ശതമാനത്തിലധികവും റോസാപ്പൂക്കൾ ആയിരുന്നു. അങ്ങനെ, ഈ രാജ്യം ലോകത്തിൽ റോസാപ്പൂ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

റോസാപ്പൂവിന്റെ മനോഹാരിത മനുഷ്യൻ മനസ്സിലാക്കുന്നതിനുമുമ്പ്‌ കാട്ടുചെടിയായി ഇതു വളർന്നു വിലസിയിരുന്നു. റോസാച്ചെടിയുടെ 100-ലധികം വരുന്ന കാട്ടിനങ്ങളിൽ ചിലതു ശ്രദ്ധാപൂർവം വർഗസങ്കരം നടത്തി ഇന്നറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഇനങ്ങൾ ഉത്‌പാദിപ്പിച്ചിരിക്കുന്നു. തത്‌ഫലമായി ഈ പുഷ്‌പം ലോകമെമ്പാടും അറിയപ്പെടുന്നതിനും മിക്കവാറും എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നതിനും ഇടയായിരിക്കുന്നു. എന്നാൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നതും പ്രശസ്‌തവുമായ ഇനം ‘ഹൈബ്രിഡ്‌ ടീ റോസ്‌’ ആണ്‌.

കൃഷിയിടത്തുനിന്ന്‌ ഒടുവിൽ വീട്ടിലേക്ക്‌

മിക്കവരും റോസാപ്പൂക്കൾ പൂക്കടക്കാരനിൽനിന്നു വാങ്ങുകയാണു ചെയ്യുന്നത്‌. വിശാലമായ കൃഷിസ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന റോസാച്ചെടികൾക്ക്‌ വീട്ടുമുറ്റത്തു വളർത്തുന്നവയെക്കാൾ ഏറെ പരിപാലനം ആവശ്യമാണ്‌. നയ്‌റോബിക്കടുത്തുള്ള അത്തരമൊരു കൃഷിസ്ഥലം സന്ദർശിച്ചതുമൂലം വിൽപ്പനയ്‌ക്കായി കടകളിൽ എത്തുന്നതിനുമുമ്പ്‌ ഈ പൂക്കൾക്കു നൽകുന്ന പ്രത്യേക പരിചരണം കണ്ടറിയാൻ ഞങ്ങൾക്കു സാധിച്ചു.

ഇവിടെയും കെനിയയിലെ മറ്റിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ റോസാച്ചെടികൾ വളർത്തുന്ന തോട്ടത്തിന്റെ പ്രത്യേകതയാണ്‌ പോളിത്തീൻകൊണ്ടുള്ള വിശാലമായ ഹരിതഗൃഹങ്ങൾ. അതുകൊണ്ടുതന്നെ അവ എളുപ്പത്തിൽ തിരിച്ചറിയാനാകും. (26-ാം പേജിലെ ചിത്രം കാണുക.) ഈ നിർമിതികൾകൊണ്ടു പല നേട്ടങ്ങളുണ്ട്‌. ഒട്ടിച്ചുചേർത്തുണ്ടാക്കുന്ന പുതിയ ചെടികൾ മൃദുലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽനിന്നുള്ള സംരക്ഷണം അനിവാര്യമാണ്‌. ശക്തമായ മഴയും കാറ്റും വെയിലും ഇവയ്‌ക്കു താങ്ങാനാവില്ല. ഹരിതഗൃഹങ്ങൾക്കുള്ളിൽ ഒരേ ഊഷ്‌മാവ്‌ നിലനിറുത്തുന്നതിന്‌ തണുത്തവായു അനായാസം ഇതിനകത്തു കടക്കുകയും ചൂടുവായു പുറത്തേക്കു പോകുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌.

ഹരിതഗൃഹങ്ങൾക്കുള്ളിൽ പല പ്രായത്തിലുള്ള ഇളം ചെടികളുടെ നിരകൾ കാണാനാകും. ഈ ഫാമിൽ പലയിനം റോസാച്ചെടികൾ വളർത്തുന്നുണ്ട്‌: 27 ഇഞ്ചിലധികം ഉയരത്തിൽ മുറിച്ചുനിറുത്തിയിരിക്കുന്ന പ്രസിദ്ധമായ ‘ഹൈബ്രിഡ്‌ ടീ റോസ്‌’ മുതൽ 14 ഇഞ്ച്‌ ഉയരമുള്ള ഒരു പ്രത്യേക സങ്കരയിനമായ ‘സ്വീറ്റ്‌ഹാർട്ട്‌ റോസ്‌’ വരെ. ഇവിടത്തെ രണ്ടര ഏക്കറിൽ 70,000-ത്തോളം ചെടികൾ ആണുള്ളത്‌.

ഈ ചെടികൾക്ക്‌ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത്‌ എങ്ങനെയാണ്‌? സാധാരണ മണ്ണിലല്ല ഇവ വളരുന്നത്‌. പോളിത്തീൻ ഷീറ്റിനുമേൽ അഗ്നിപർവത ശിലകളിട്ടു തയ്യാറാക്കിയ സ്ഥലത്താണ്‌ ഇവ നട്ടിരിക്കുന്നത്‌. ഇതാണ്‌ അഭികാമ്യമായ രീതി, കാരണം ഈ കല്ലുകളിൽ, സാധാരണ മണ്ണിൽ കാണുന്ന പല രോഗകാരികളും ഇല്ല. തുള്ളിതുള്ളിയായുള്ള ജലസേചനരീതി (drip-irrigation) ഉപയോഗിച്ചാണു ചെടികൾ നനയ്‌ക്കുന്നത്‌. ചെടികളുടെ ചുവട്ടിൽവരെയെത്തുന്ന നേരിയ പൈപ്പുകളിലൂടെ വെള്ളവും മറ്റു പോഷകങ്ങളും മിതമായ അളവിൽ കടത്തിവിടുന്ന രീതിയാണിത്‌. ധാരാളം ചെറു സുഷിരങ്ങളുള്ള അഗ്നിപർവത അവശിഷ്ടങ്ങൾ വെള്ളം അടിയിലെ പ്ലാസ്റ്റിക്കിലൂടെ ഒലിച്ചിറങ്ങാനിടയാക്കുന്നു. ആ വെള്ളം ശേഖരിച്ച്‌ വീണ്ടും ഉപയോഗിക്കുന്നു.

എത്ര ശ്രദ്ധാപൂർവം പരിരക്ഷിച്ചാലും റോസാച്ചെടികളെ പലവിധ കേടുകൾ ബാധിക്കാം. ഫംഗസ്സു മൂലമുള്ള കേടുകളാണു കൂടുതൽ സാധാരണം. ഇലകളെയും തണ്ടിനെയും ബാധിക്കുന്ന പൊടിപോലുള്ള ഒരുതരം പൂപ്പലും ബോട്രൈറ്റിസ്‌ എന്ന രോഗവും ഇതിൽപ്പെടുന്നു. ഇവ നിയന്ത്രിക്കാതിരുന്നാൽ, ഇത്തരം രോഗങ്ങൾ പൂക്കളുടെ ഗുണമേന്മയെ ബാധിച്ചേക്കാം. കുമിൾനാശിനികൾ ഉപയോഗിച്ച്‌ ഈ പ്രശ്‌നത്തെ നിയന്ത്രിക്കാനാകും.

കുറച്ചുകഴിയുമ്പോൾ പൂക്കളിൽ ചില കടുംവർണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പൂക്കൾ മുറിച്ചെടുക്കാൻ പാകമായിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്‌. ഇതളുകൾ വിടരുന്നതിനുമുമ്പേ, മൊട്ടായിരിക്കുമ്പോൾത്തന്നെ പൂക്കൾ ശ്രദ്ധാപൂർവം മുറിച്ചെടുക്കുന്നു. ഈ സമയത്തു മുറിക്കുന്നത്‌ പൂവിന്റെ ആയുസ്സു വർധിപ്പിക്കുമെന്നു മാത്രമല്ല നിറംമങ്ങാതിരിക്കാൻ സഹായിക്കുകയും ചെയ്യും. പൂക്കൾ മുറിക്കുന്നതിന്‌ ഏറ്റവും പറ്റിയ സമയം ഇനത്തിനനുസരിച്ച്‌ അൽപ്പമൊക്കെ മാറിയേക്കാം. അതിനുള്ള ഏറ്റവും അനുയോജ്യമായ സമയം, രാവിലെയോ വൈകുന്നേരമോ ആണ്‌. അപ്പോൾ വായുവിൽ ഈർപ്പം കൂടുതലാണെന്നു മാത്രമല്ല പൂക്കൾ അത്രപെട്ടെന്നു വാടുകയുമില്ല. തുടർന്ന്‌ ഇവ തണുപ്പുള്ള മുറിയിലേക്കു മാറ്റുന്നു. പൂക്കൾ ദീർഘസമയത്തേക്കു വാടാതിരിക്കാൻ ഇതും സഹായിക്കുന്നു.

ശ്രദ്ധേയമായ മറ്റൊരു പടിയാണ്‌ നിറവും വലിപ്പവും അനുസരിച്ച്‌ ഇവയെ വേർതിരിക്കുന്നത്‌. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പായ്‌ക്കുചെയ്യപ്പെടുന്നതോടെ കടകളിലേക്കു തിരിക്കാൻ പൂക്കൾ തയ്യാറായിക്കഴിഞ്ഞു. ഈ ഫാമിൽനിന്നു നയ്‌റോബിയിലെ പ്രമുഖ വിമാനത്താവളത്തിലേക്കും അവിടെനിന്ന്‌ ആയിരക്കണക്കിനു മൈലുകൾ ദൂരെ യൂറോപ്പിലേക്കും അവ യാത്രയാകും. ഇവ എളുപ്പം ചീത്തയാകുമെന്നതിനാൽ 24 മണിക്കൂറിനുള്ളിൽ കടകളിൽ എത്തണം, അത്‌ ഇവിടെയോ ലോകത്തെവിടെയോ ആയാലും ശരി.

അടുത്ത പ്രാവശ്യം റോസാപ്പൂ വാങ്ങുകയോ സമ്മാനമായി സ്വീകരിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ കൈകളിലെത്താൻ അവ നടത്തിയ ദീർഘയാത്രയെക്കുറിച്ച്‌, ഒരുപക്ഷേ ആഫ്രിക്കയിൽനിന്നുപോലുമുള്ള യാത്രയെക്കുറിച്ച്‌ അൽപ്പം ചിന്തിക്കൂ. അത്‌ സ്രഷ്ടാവായ യഹോവയോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിക്കാൻ ഇടയാക്കിയേക്കാം.​—⁠സങ്കീർത്തനം 115:15.

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നീല റോസാപ്പൂ എന്നെങ്കിലും വിരിയുമോ?

റോസാപ്പൂ നിരവധി മാറ്റങ്ങൾക്കു വിധേയമായാണ്‌ ഇത്രത്തോളം എത്തിയത്‌. എന്നാൽ ഇവിടംകൊണ്ടും ഇതിന്റെ യാത്ര അവസാനിച്ചെന്നു തോന്നുന്നില്ല. ഇതിന്റെ വ്യവസായത്തിനായി, സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ പല പുതിയ സങ്കരയിനങ്ങൾ ഉത്‌പാദിപ്പിക്കുന്നതിനും കൃഷിചെയ്യുന്നതിനുമുള്ള ശ്രമം തുടരുന്നു. റോസാപ്പൂക്കൾക്കുള്ളത്ര വൈവിധ്യമാർന്ന വർണങ്ങൾ മറ്റു പൂക്കൾക്കൊന്നിനുംതന്നെ ഇല്ല. ഏതു നിറമാണു നിങ്ങളെ ഏറ്റവുമധികം ആകർഷിക്കുന്നത്‌; വെള്ള, മഞ്ഞ, പിങ്ക്‌, കടുംചുവപ്പ്‌, മെറൂൺ? വിവിധ രീതിയിലുള്ള സങ്കരയിനത്തിന്റെ പ്രത്യേകതകളാണ്‌ ഇവയിൽ മിക്കവയും.

ഉദാഹരണത്തിന്‌, ആളുകൾ ഇന്ന്‌ “ചുവന്ന” റോസാപ്പൂക്കളെക്കുറിച്ച്‌ പറയാറുണ്ടെങ്കിലും, ശരിക്കും ചുവന്ന നിറത്തിലുള്ള പൂക്കൾ റോസാച്ചെടിവർഗത്തിൽ ആദ്യം ഇല്ലായിരുന്നത്രേ. ചുവന്ന വർണം നൽകാനിടയാക്കുന്ന ജീൻ ഈ വർഗത്തിൽ ഇല്ല. ഏകദേശം 1930-ൽ റോസാച്ചെടിയിൽ നടത്തിയ ജനിതക ഉത്‌പരിവർത്തനത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ കടും ചുവപ്പുനിറമാണ്‌ നാമിപ്പോൾ കാണുന്ന ഹൃദയഹാരിയായ ചുവന്ന റോസാപ്പൂക്കളുടെ പിറവിക്കു പിന്നിൽ. റോസാച്ചെടിയുടെ ഒരിനത്തിലും അടുത്തകാലംവരെ കാണപ്പെടാത്ത ഒരു നിറമുണ്ടായിരുന്നു.​—⁠നീല. നീലനിറത്തിന്‌ ആവശ്യമായ ജീൻ (delphinidin) റോസാച്ചെടിവർഗത്തിൽ തനിയെ ഉണ്ടാകുന്നില്ല. ഒരു ഓസ്‌ട്രേലിയൻ കമ്പനിയും ജാപ്പനീസ്‌ കമ്പനിയും ചേർന്നു ജനിതക എഞ്ചിനീയറിങ്‌ ഉപയോഗിച്ച്‌ വർഷങ്ങളോളം നടത്തിയ ഗവേഷണഫലമായി 2004-ൽ ഒരു “നീല” റോസാപ്പുഷ്‌പം ഇതൾവിരിഞ്ഞു. എന്നാൽ ശരിക്കുമുള്ള നീലനിറം കൈവരിക്കാൻ ഇനിയും ശ്രമം ആവശ്യമാണ്‌.

[ചിത്രം]

പോളിത്തീൻകൊണ്ടുള്ള ഹരിതഗൃഹം

[25-ാം പേജിലെ ചിത്രം]

മുറിച്ചെടുക്കാൻ പാകമായത്‌