വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

ബൈബിളിന്റെ വീക്ഷണം

മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

മനുഷ്യർ മരിക്കാൻ ദൈവം ഉദ്ദേശിച്ചില്ലായിരുന്നു. (റോമർ 8:20, 21) വാസ്‌തവത്തിൽ, യഹോവ ആദ്യമായി ആദാമിനോടു മരണത്തെക്കുറിച്ചു സംസാരിച്ചപ്പോൾ സ്വാഭാവികമായി സംഭവിക്കുമായിരുന്ന ഒരു സംഗതിയായിട്ടല്ല മറിച്ച്‌, ദൈവത്തോടുള്ള അനുസരണക്കേടിന്റെ ശിക്ഷയായിട്ടാണ്‌ അതിനെ പരാമർശിച്ചത്‌. (ഉല്‌പത്തി 2:17) മൃഗങ്ങൾ ചാകുന്നതു കണ്ടിട്ടുണ്ടായിരുന്ന ആദാമിന്‌ മരണം എന്താണെന്ന്‌ അറിയാമായിരുന്നു.

പാപംചെയ്‌ത ആദാം അതിന്റെ അനന്തരഫലമെന്നോണം 930-ാം വയസ്സിൽ മരിച്ചു. (ഉല്‌പത്തി 5:5; റോമർ 6:23) അനുസരണക്കേടു നിമിത്തം ദൈവത്തിന്റെ കുടുംബത്തിൽനിന്നു പുറത്താക്കപ്പെട്ട അവനു ദൈവപുത്രൻ എന്ന സ്ഥാനം നഷ്ടപ്പെട്ടു. (ആവർത്തനപുസ്‌തകം 32:5) ആദാമിന്റെ അനുസരണക്കേട്‌ മനുഷ്യവർഗത്തിനു വരുത്തിവെച്ച ദുഃഖകരമായ പരിണതഫലത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”​—⁠റോമർ 5:12.

നമ്മുടെ നിരൂപണങ്ങൾക്ക്‌ എന്തു സംഭവിക്കുന്നു?

ബൈബിൾ ഇങ്ങനെയും പറയുന്നു: “മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ. എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്‌തീരുന്നു [“പൊടിയിലേക്കു മടങ്ങുന്നു,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം].” (സഭാപ്രസംഗി 3:19, 20) പൊടിയിലേക്കു മടങ്ങുന്നു എന്നതിന്റെ അർഥമെന്താണ്‌?

“പൊടിയിലേക്കു മടങ്ങുന്നു” എന്ന പ്രയോഗം ആദ്യ മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രസ്‌താവന നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. അത്‌ ഇങ്ങനെയാണ്‌: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) അതിനർഥം, മൃഗങ്ങളെപ്പോലെതന്നെ മനുഷ്യരും ജഡിക സൃഷ്ടികൾ ആണെന്നാണ്‌. നാം ജഡിക ശരീരത്തിൽ വസിക്കുന്ന ആത്മാക്കളല്ല. നമ്മുടെ ശരീരം നശിക്കുമ്പോൾ നമ്മുടെ ചിന്താപ്രാപ്‌തികളും നശിക്കുന്നു. മരിക്കുമ്പോൾ മനുഷ്യനു സംഭവിക്കുന്നതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഇതാണ്‌: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”​—⁠സങ്കീർത്തനം 146:⁠4.

അതാണു സംഭവിക്കുന്നതെങ്കിൽ, മരിച്ചവരുടെ അവസ്ഥ എന്താണ്‌? ദൈവവചനം വ്യക്തമായി ഇങ്ങനെ ഉത്തരം നൽകുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മെച്ചമായ ഒരു ജീവിതത്തിലേക്കു നമ്മെ സ്വാഗതം ചെയ്യുന്ന ഒരു സുഹൃത്തെന്നല്ല പകരം “ഒടുക്കത്തെ ശത്രു”വെന്നാണു ബൈബിൾ മരണത്തെ വിളിക്കുന്നത്‌. കാരണം മരണം നമ്മുടെ സകല പ്രവർത്തനങ്ങളെയും നിശ്ചലമാക്കുന്നു. (1 കൊരിന്ത്യർ 15:26; സഭാപ്രസംഗി 9:10) അതിനർഥം, മരണം പ്രത്യാശാരഹിതമായ ഒരു അവസ്ഥയാണ്‌ എന്നാണോ?

മരണത്തിനും സദ്വാർത്തയോ!

ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, ഉണരാനിരിക്കുന്ന ഒരു നിദ്രപോലെയാണു മരണം. ഒരിക്കൽ യേശു ശിഷ്യന്മാരോട്‌ മരിച്ചുപോയ ലാസറിനെക്കുറിച്ച്‌ ഇങ്ങനെ പറയുകയുണ്ടായി: “നമ്മുടെ സ്‌നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” സ്‌മാരക കല്ലറയുടെ അടുത്തേക്കു പോകവേ വിലപിക്കുന്ന ഒരു ജനക്കൂട്ടത്തെ യേശു കാണാനിടയായി. കല്ലറയ്‌ക്കൽ എത്തിയ അവൻ അതു തുറക്കാൻ ആവശ്യപ്പെട്ടിട്ട്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ലാസരേ, പുറത്തുവരിക.” മരിച്ചിട്ടു നാലു ദിവസമായ ആ മനുഷ്യൻ പുറത്തുവന്നു. (യോഹന്നാൻ 11:11-14, 39, 43, 44) ലാസറിന്റെ ശരീരം അതിനോടകം അഴുകിത്തുടങ്ങിയിരുന്ന സ്ഥിതിക്ക്‌ മരിച്ചവരെക്കുറിച്ചുള്ള സകല വിവരങ്ങളും, അതായത്‌, അവരുടെ വ്യക്തിത്വങ്ങൾ, സ്‌മരണകൾ, രൂപസവിശേഷതകൾ തുടങ്ങിയവ ദൈവത്തിന്‌ ഓർക്കാൻ കഴിയും എന്നു യേശു അതിലൂടെ കാണിക്കുകയായിരുന്നു. ദൈവത്തിന്‌ അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ സാധിക്കും. മറ്റൊരവസരത്തിൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.”​—⁠യോഹന്നാൻ 5:28, 29.

കൂടുതലായ സദ്വാർത്ത നൽകിക്കൊണ്ട്‌ ബൈബിൾ പറയുന്നു: “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 15:26) പിന്നീടൊരിക്കലും അതീവ ദുഃഖത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കംചെയ്യാനായി ആളുകൾക്കു ശ്‌മശാനത്തിൽ പോകേണ്ടിവരില്ല. “ഇനി മരണം ഉണ്ടാകയില്ല” എന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 21:5) മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ആശ്വാസദായകമല്ലേ?

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ മരിച്ചവർ എന്തെങ്കിലും അറിയുന്നുണ്ടോ?​—സഭാപ്രസംഗി 9:⁠5.

▪ മരണം പ്രത്യാശാരഹിതമായ ഒരു അവസ്ഥയാണോ?​—⁠യോഹന്നാൻ 5:28, 29.

[29-ാം പേജിലെ ആകർഷക വാക്യം]

“അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”​—⁠സങ്കീർത്തനം 146:4