വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ വഴക്കിടുന്നെങ്കിൽ ഞാൻ എന്തു ചെയ്യണം?

മാതാപിതാക്കൾ വഴക്കിടുന്നെങ്കിൽ ഞാൻ എന്തു ചെയ്യണം?

യുവജനങ്ങൾ ചോദിക്കുന്നു . . .

മാതാപിതാക്കൾ വഴക്കിടുന്നെങ്കിൽ ഞാൻ എന്തു ചെയ്യണം?

മാതാപിതാക്കളുടെ കലഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്താതിരിക്കില്ല. നിങ്ങൾ അവരെ അതിരറ്റു സ്‌നേഹിക്കുന്നു, അവർ നിങ്ങൾക്കു താങ്ങും തണലുമാണ്‌. അതുകൊണ്ടുതന്നെ അവർക്കിടയിൽ അസ്വാരസ്യങ്ങൾ തലപൊക്കുമ്പോൾ നിങ്ങളുടെ മനസ്സ്‌ ആകുലതകളാൽ നിറയുന്നു. മാതാപിതാക്കൾ ചിലപ്പോഴൊക്കെ രണ്ടു ധ്രുവങ്ങളിലായിരിക്കുന്നതായി തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?

വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ

വിവാഹിതരാകുന്നതോടെ പുരുഷനും സ്‌ത്രീയും “ഒരു ദേഹമായി” തീരുന്നുവെന്നു യേശു പറയുകയുണ്ടായി. (മത്തായി 19:5) എന്നാൽ അതിനർഥം ഡാഡിയുടെയും മമ്മിയുടെയും വീക്ഷണങ്ങൾ എല്ലായ്‌പോഴും ഒരുപോലെയായിരിക്കും എന്നാണോ? ഒരിക്കലുമല്ല. രണ്ടു വ്യക്തികൾക്കിടയിൽ, അവർ ആരായാലും,​—⁠വിവാഹത്തിലൂടെ ഒന്നായി തീർന്നവരായാലും ശരി​—⁠ചിലപ്പോഴെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാകും എന്നതാണു വാസ്‌തവം.

മാതാപിതാക്കൾക്ക്‌ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ, അവരുടെ വിവാഹം തകർച്ചയുടെ വക്കിലാണെന്നു വിചാരിക്കേണ്ടതില്ല. ഇടയ്‌ക്കൊക്കെ ശുണ്‌ഠിപിടിപ്പിക്കുമെങ്കിലും സർവസാധ്യതയുമനുസരിച്ച്‌ അവർ പരസ്‌പരം സ്‌നേഹിക്കുന്നുണ്ട്‌. പിന്നെന്തുകൊണ്ടാണ്‌ അവർ തമ്മിൽ ഇടയുന്നത്‌? ഒരുപക്ഷേ അവർക്കു വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്ടായിരിക്കാം. അത്‌ എല്ലായ്‌പോഴും തെറ്റല്ല, അത്‌ അവരുടെ വിവാഹബന്ധത്തിനു ഭീഷണിയുമല്ല.

കൂട്ടുകാരോടൊപ്പം നിങ്ങൾ സിനിമയ്‌ക്കുപോയ ഒരു സന്ദർഭത്തെക്കുറിച്ചു ചിന്തിക്കുക. സിനിമ കണ്ട്‌ ഇറങ്ങിയപ്പോൾ അതേക്കുറിച്ചു നിങ്ങൾക്കെല്ലാം ഏകാഭിപ്രായമായിരുന്നോ? അങ്ങനെയായിരിക്കാൻ ഇടയില്ല! അതേ, ഏറെ അടുപ്പമുള്ളവരുടെപോലും കാഴ്‌ചപ്പാടുകൾ വ്യത്യസ്‌തമായിരിക്കും.

മാതാപിതാക്കളുടെ കാര്യത്തിലും അതു സത്യമാണ്‌. ഒരുപക്ഷേ, രണ്ടുപേരും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുമെങ്കിലും പണം വിനിയോഗിക്കുന്ന കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായക്കാരായിരിക്കാം; അവധിക്കാലത്തെക്കുറിച്ചു പദ്ധതിയിടുന്നുണ്ടായിരിക്കുമെങ്കിലും എവിടെ പോകണം, എന്തു ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങളിൽ രണ്ടുപേരുടെയും ഇഷ്ടങ്ങൾ രണ്ടായിരിക്കാം. അതുമല്ലെങ്കിൽ, നിങ്ങൾ മിടുക്കരായി പഠിക്കണമെന്നാണ്‌ ആഗ്രഹമെങ്കിലും ഏതു വിധത്തിൽ പ്രചോദനമേകണമെന്ന കാര്യത്തിൽ അവർ രണ്ടു തട്ടിലായിരിക്കാം. പറഞ്ഞുവരുന്നത്‌, ഒരുമയ്‌ക്കു സമാന ചിന്താഗതി വേണമെന്നില്ല എന്നാണ്‌. ഒരേ ദേഹമായിരിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെപോലും വീക്ഷണങ്ങൾ ഒന്നായിരിക്കണമെന്നില്ല.

എന്നാൽ കൊച്ചുകൊച്ചു അഭിപ്രായവ്യത്യാസങ്ങൾ ചൂടുപിടിച്ച വാഗ്വാദങ്ങളായി പരിണമിക്കാൻ ചിലപ്പോഴൊക്കെ അവർ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഒരഭിപ്രായം മറ്റൊന്നിനെക്കാൾ മെച്ചമല്ലെന്നിരിക്കെ പിന്നെന്തിനാണ്‌ അതിന്റെ പേരിൽ ഇത്ര വലിയ കോലാഹലം?

അപൂർണതയുടെ പങ്ക്‌

മിക്ക കുടുംബകലഹങ്ങൾക്കും ‘ഉത്തരവാദി’ അപൂർണതയാണ്‌. “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ . . . സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 3:2) മാതാപിതാക്കൾ അപൂർണരാണ്‌, നിങ്ങളും അങ്ങനെതന്നേ. നാം എല്ലാവരും ചിലപ്പോഴെങ്കിലും ഉദ്ദേശിക്കാത്തതു പറഞ്ഞുപോകുന്നു. നമ്മുടെ വാക്കുകൾ “വാളുകൊണ്ടു കുത്തുംപോലെ” മറ്റുള്ളവരെ മുറിവേൽപ്പിച്ചെന്നും വരാം.​—⁠സദൃശവാക്യങ്ങൾ 12:18.

ഒരുപക്ഷേ നിങ്ങൾക്കും അതേ അനുഭവമുണ്ടായിരിക്കും. ഉദാഹരണത്തിന്‌, ഏറെ അടുപ്പമുള്ള ഒരാളുമായി ഉരസലുണ്ടായ ഒരു സന്ദർഭം നിങ്ങളുടെ ഓർമയിലുണ്ടാകും. “അഭിപ്രായവ്യത്യാസങ്ങൾ ആർക്കും ഉണ്ടാകാം,” മാരീ എന്ന യുവതി സമ്മതിക്കുന്നു. * “വാസ്‌തവത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവർക്കാണ്‌ എന്നെ ഏറ്റവുമധികം അരിശംകൊള്ളിക്കാനാകുന്നതും​—⁠ഞാൻ അവരിൽനിന്ന്‌ ഏറെ പ്രതീക്ഷിക്കുന്നതുകൊണ്ടായിരിക്കാം അത്‌!” ക്രിസ്‌തീയ ഭാര്യാഭർത്താക്കന്മാർ അന്യോന്യം വളരെയധികം പ്രതീക്ഷിക്കുന്നു. ബൈബിൾ അവർക്കായി ഉയർന്ന നിലവാരങ്ങൾ വെച്ചിരിക്കുന്നതിനാൽ അതിലൊട്ട്‌ അതിശയിക്കാനുമില്ല. (എഫെസ്യർ 5:24, 25) എന്നാൽ അപൂർണരായതിനാൽ ഒരാൾക്കോ രണ്ടുപേർക്കുമോ തെറ്റുപറ്റാം. “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്ന്‌ ബൈബിൾ പറയുന്നു.​—⁠റോമർ 3:23; 5:12.

അതുകൊണ്ട്‌, മാതാപിതാക്കൾക്കിടയിൽ ഒരൽപ്പം അസ്വാരസ്യമൊക്കെയുണ്ടാകുന്നതു സ്വാഭാവികമാണ്‌. വാസ്‌തവത്തിൽ, വിവാഹിതർക്ക്‌ “ജഡത്തിൽ കഷ്ടത ഉണ്ടാകും,” [“ജീവിതത്തിൽ നിരവധി ക്ലേശങ്ങളെ നേരിടേണ്ടിവരും,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 7:28) ഒരിക്കലും തൃപ്‌തിപ്പെടുത്താനാകാത്ത ബോസ്‌, ഗതാഗതക്കുരുക്ക്‌, അപ്രതീക്ഷിതമായി ഉണ്ടായ ഒരു ചെലവ്‌ എന്നിങ്ങനെ കുടുംബാന്തരീക്ഷം സമ്മർദപൂരിതമാക്കുന്ന കാര്യങ്ങളുടെ പട്ടിക നീളുന്നു.

മാതാപിതാക്കൾ അപൂർണരാണെന്നും ചിലപ്പോഴൊക്കെ അവർ കടുത്ത സമ്മർദത്തിൻ കീഴിലായിരിക്കുമെന്നുമുള്ള വസ്‌തുത പരിഗണിക്കുന്നത്‌ അവരുടെ പ്രശ്‌നങ്ങളെ യാഥാർഥ്യബോധത്തോടെ കാണാൻ നിങ്ങളെ സഹായിക്കും. അതിന്റെ സത്യത മാരി മനസ്സിലാക്കി. “മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ ഈയിടെയായി വർധിച്ചിരിക്കുന്നു. രണ്ടുപേർക്കും പരസ്‌പരം മടുത്തുതുടങ്ങിയിരിക്കുന്നുവെന്ന്‌ ചിലപ്പോഴൊക്കെ എനിക്കു തോന്നിപ്പോകും. പക്ഷേ പിന്നെ ഞാൻ ചിന്തിക്കും, ‘യാഥാർഥ്യത്തിനു നേരെ കണ്ണടയ്‌ക്കരുത്‌​—⁠25 വർഷത്തെ ദാമ്പത്യം, അഞ്ചു മക്കളെ വളർത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്വം, ഇതൊന്നും നിസ്സാര സംഗതികളല്ലല്ലോ!’” മാതാപിതാക്കളുടെ ചുമലിൽ നിരവധി ഉത്തരവാദിത്വങ്ങളുണ്ടെന്നു മനസ്സിലാക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്കും അവരോടു “സഹാനുഭൂതി” തോന്നും.​—⁠1 പത്രൊസ്‌ 3:⁠8, NW.

ഫലകരമായി കൈകാര്യം ചെയ്യാൻ

മാതാപിതാക്കൾ അപൂർണരാണെന്നതിനോടും അവർ നിത്യേന സമ്മർദങ്ങളെ നേരിടുന്നുവെന്നതിനോടും നിങ്ങൾ യോജിച്ചേക്കാം. പക്ഷേ, അവശേഷിക്കുന്ന ചോദ്യമിതാണ്‌: അവർ വഴക്കിടുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? പിൻവരുന്ന നിർദേശങ്ങൾ പരീക്ഷിച്ചുനോക്കൂ:

തലയിടാതിരിക്കുക. (സദൃശവാക്യങ്ങൾ 26:17) വിവാഹോപദേഷ്ടാവു ചമഞ്ഞ്‌ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതു നിങ്ങളുടെ ജോലിയല്ല. തർക്കങ്ങളിൽ തലയിടുന്നത്‌ മിക്കവാറും വിപരീതഫലം ഉളവാക്കുകയേയുള്ളൂ. “മുമ്പൊക്കെ ഞാൻ മധ്യസ്ഥത വഹിക്കാൻ പോകുമായിരുന്നു, മിക്കപ്പോഴും ‘നീ ഇതിൽ ഇടപെടേണ്ട’ എന്ന ആക്രോശവും കേൾക്കുമായിരുന്നു” എന്ന്‌ 18-കാരിയായ ഷാർലീൻ പറയുന്നു. മാതാപിതാക്കൾതന്നെ പ്രശ്‌നം പരിഹരിക്കട്ടെ.

വസ്‌തുനിഷ്‌ഠമായ വീക്ഷണമുണ്ടായിരിക്കുക. (കൊലൊസ്സ്യർ 3:13) മുമ്പു പറഞ്ഞതുപോലെ, മാതാപിതാക്കൾ ഇടയ്‌ക്കൊക്കെ വഴക്കിടുമെന്നുവെച്ച്‌, അവരുടെ ദാമ്പത്യം തകർച്ചയുടെ വക്കിലാണെന്ന്‌ അനുമാനിക്കരുത്‌. വല്ലപ്പോഴുമുള്ള അവരുടെ കലഹങ്ങൾ നിങ്ങളെ ആധിപിടിപ്പിക്കേണ്ടതില്ല. 20-കാരിയായ മെലാനി തന്റെ മാതാപിതാക്കളെക്കുറിച്ചു പറയുന്നു: “വഴക്കടിച്ചാലും അവർ പരസ്‌പരവും അതുപോലെതന്നെ ഞങ്ങളെയും സ്‌നേഹിക്കുന്നുണ്ടെന്ന്‌ എനിക്കറിയാം. അവർ പ്രശ്‌നം പരിഹരിച്ചുകൊള്ളും.” നിങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിലും അതു സത്യമായിരിക്കാം.

ആകുലതകൾ ദൈവത്തോടു പറയുക. ആകുലതകൾ ഉള്ളിൽ മൂടിക്കെട്ടി വെക്കേണ്ടതില്ല. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) പ്രാർഥന വളരെ സഹായകമായിരിക്കും. ഫിലിപ്പിയർക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”​—⁠ഫിലിപ്പിയർ 4:6, 7.

തളരരുത്‌. നിങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്തു വ്യാകുലപ്പെടുന്നതു ബുദ്ധിമോശമാണ്‌. അതു നിങ്ങളുടെ ആരോഗ്യത്തിനുപോലും ദോഷംചെയ്യും. “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 12:25) പ്രോത്സാഹനം പകരുന്ന സുഹൃത്തുക്കളോടൊപ്പം ആയിരുന്നുകൊണ്ടും ഗുണകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടും വ്യസനം അകറ്റുക.

മാതാപിതാക്കളോടു സംസാരിക്കുക. മാതാപിതാക്കളുടെ വാക്കുതർക്കങ്ങളിൽ തലയിടാനൊന്നും പോകേണ്ടെങ്കിലും അതു നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു തീർച്ചയായും അവരോടു പറയണം. ഉചിതമായ ഒരു സന്ദർഭത്തിൽ അവരിൽ ഒരാളോടു സംസാരിക്കുക, അതും “ശാന്തതയോടും ബഹുമാനത്തോടുംകൂടെ.” (സദൃശവാക്യങ്ങൾ 25:​11; 1 പത്രൊസ്‌ 3:​15, പി.ഒ.സി. ബൈബിൾ) അവരെ കുറ്റപ്പെടുത്തരുത്‌. അവരുടെ വാക്‌പയറ്റുകൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു മാത്രം വിശദീകരിക്കുക.

ഈ നിർദേശങ്ങൾ പരീക്ഷിച്ചുനോക്കരുതോ? നിങ്ങളുടെ ശ്രമങ്ങളോടു മാതാപിതാക്കൾ അനുകൂലമായി പ്രതികരിക്കാനിടയുണ്ട്‌. അല്ലെങ്കിലും സംതൃപ്‌തിക്കു വകയുണ്ട്‌. കാരണം മാതാപിതാക്കൾ കലഹിക്കുന്നെങ്കിൽപോലും എന്തു ചെയ്യണമെന്നു നിങ്ങൾക്ക്‌ അറിയാം!

“യുവജനങ്ങൾ ചോദിക്കുന്നു . . . ”എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ

▪ മാതാപിതാക്കൾക്ക്‌ ചിലപ്പോഴൊക്കെ ഒത്തുപോകാൻ കഴിയാതെവരുന്നത്‌ എന്തുകൊണ്ടാണ്‌?

▪ മാതാപിതാക്കളുടെ കലഹം കാരണം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന അനുജനോടോ അനുജത്തിയോടോ നിങ്ങൾ എന്തു പറയും?

[അടിക്കുറിപ്പ്‌]

^ ഖ. 12 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ മാറ്റിയിട്ടുണ്ട്‌.

[20-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

ദമ്പതികൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്‌. പക്ഷേ, നിങ്ങൾ അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു കാര്യം. നിങ്ങൾ പരസ്‌പരം വാക്‌പയറ്റുകൾ നടത്തുമ്പോൾ കുട്ടികളെ അത്‌ ഗണ്യമായ വിധത്തിൽ സ്വാധീനിക്കുമെന്ന്‌ ഓർക്കുക. അത്‌ ഗൗരവാർഹമാണ്‌, കാരണം മക്കൾ വിവാഹിതരാകുമ്പോൾ സാധ്യതയനുസരിച്ച്‌ അവർ മാതൃകയാക്കുന്നത്‌ നിങ്ങളുടെ ദാമ്പത്യമായിരിക്കും. (സദൃശവാക്യങ്ങൾ 22:6) അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളുമൊക്കെ ഉടലെടുക്കുമ്പോൾ മെച്ചമായ വിധത്തിൽ അവ പരിഹരിക്കുക സാധ്യമാണ്‌. അതിനുള്ള ഏതാനും നിർദേശങ്ങളാണ്‌ താഴെ:

പറയാനുള്ളത്‌ കേൾക്കുക. ‘കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവരുമായിരിക്കാൻ’ ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ്‌ 1:19) “തിന്മെക്കു പകരം തിന്മ” ചെയ്‌തുകൊണ്ട്‌ എരിതീയിൽ എണ്ണയൊഴിക്കരുത്‌. (റോമർ 12:17) ഇണ നിങ്ങളെ കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിൽപോലും ഇണയ്‌ക്കു പറയാനുള്ളത്‌ നിങ്ങൾ കേൾക്കുക.

വിമർശിക്കാതിരിക്കുക, വിശദീകരിക്കുക. ഭർത്താവിന്റെ/ഭാര്യയുടെ പെരുമാറ്റം നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന്‌ ശാന്തമായി അദ്ദേഹത്തോടു/അവരോടു പറയുക. (“നിങ്ങൾ . . . പറഞ്ഞതിൽ/ചെയ്‌തതിൽ എനിക്ക്‌ വല്ലാത്ത വിഷമം തോന്നി.”) കുറ്റപ്പെടുത്തലും വിമർശനവും ഒഴിവാക്കുക. (“നിങ്ങൾക്ക്‌ എന്നെക്കുറിച്ച്‌ യാതൊരു ചിന്തയുമില്ല.” “ഞാൻ പറയുന്നതൊന്നും നിങ്ങൾ കേൾക്കാറില്ല”)

ഒരു ഇടവേള നൽകുക. രംഗം ചൂടുപിടിക്കുന്നതായി കണ്ടാൽ സംഭാഷണം അവിടംകൊണ്ടു നിറുത്തുക. പിന്നീട്‌ എല്ലാമൊന്ന്‌ ആറിത്തണുത്തശേഷം അതു തുടരുന്നതായിരിക്കും ബുദ്ധി. ബൈബിൾ പറയുന്നു: “കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.”​—⁠സദൃശവാക്യങ്ങൾ 17:14.

ക്ഷമാപണം നടത്തുക​—⁠പരസ്‌പരവും ഉചിതമെങ്കിൽ കുട്ടികളോടും. 14 വയസ്സുകാരിയായ ബ്രിയാൻ പറയുന്നു: “വഴക്കൊക്കെ കഴിഞ്ഞ്‌ ചിലപ്പോൾ മാതാപിതാക്കൾ എന്നോടും ജ്യേഷ്‌ഠനോടും ക്ഷമ ചോദിക്കും, കാരണം അവർക്കറിയാം അതു ഞങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെന്ന്‌.” താഴ്‌മയോടെ “ക്ഷമിക്കൂ” എന്നു പറയാൻ മക്കൾ നിങ്ങളിൽനിന്നും പഠിക്കും. അതു വിലയേറിയ ഒരു പാഠമാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌, ഉണരുക!യുടെ 2001, ജനുവരി 8 ലക്കം, പേജുകൾ 8-14; 1994, ജനുവരി 22 ലക്കം, പേജുകൾ 3-12 എന്നിവ കാണുക.

[19-ാം പേജിലെ ചിത്രം]

കുറ്റപ്പെടുത്താതെ നിങ്ങളുടെ മനസ്സു തുറക്കുക