വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻകൂട്ടിക്കണ്ട “വിനാശക യന്ത്രങ്ങൾ”

മുൻകൂട്ടിക്കണ്ട “വിനാശക യന്ത്രങ്ങൾ”

മുൻകൂട്ടിക്കണ്ട “വിനാശക യന്ത്രങ്ങൾ”

“സഹജീവികളെ അടിമകളാക്കുക, നശിപ്പിക്കുക, ചൂഷണം ചെയ്യുക എന്നിവയ്‌ക്കായി തന്റെ നേട്ടങ്ങളെ ദുരുപയോഗം ചെയ്യുന്നതിൽ മനുഷ്യന്റെ ദുഷ്ടമനസ്സ്‌ സദാ വ്യാപൃതമാണ്‌.”​​—⁠ഹോറേസ്‌ വാൾപോൾ, 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ സാഹിത്യകാരൻ.

വ്യോമയാനം മാനവരാശിക്കു നൽകിയിരിക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. എന്നുവരികിലും, ഹോറേസ്‌ വാൾപോളിന്റെ മേൽപ്പറഞ്ഞ വാക്കുകൾ എത്ര സത്യമാണ്‌! ആകാശയാത്ര സാധ്യമാകുന്നതിനും ഏറെക്കാലംമുമ്പേ, പറക്കൽയന്ത്രങ്ങളെ യുദ്ധോപകരണങ്ങളായി ഉപയോഗിക്കാവുന്നതിന്റ വിവിധ സാധ്യതകളെപ്പറ്റിയായിരുന്നു മനുഷ്യരുടെ ചിന്തമുഴുവൻ.

യാത്രചെയ്യാവുന്ന ആദ്യ ബലൂൺയാനങ്ങൾ കണ്ടുപിടിക്കുന്നതിന്‌ 100 വർഷം മുമ്പ്‌, 1670-ൽ ഇറ്റലിയിൽനിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതൻ, ഫ്രാഞ്ചെസ്‌കോ ലാനാ, “പൗരജനങ്ങളും രാഷ്‌ട്രങ്ങളും നേരിട്ടേക്കാവുന്ന നിരവധി ദോഷഫലങ്ങൾ തടയുന്നതിനായി അത്തരമൊരു യന്ത്രം [വിമാനം] നിർമിക്കാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല” എന്ന സാധ്യതയെക്കുറിച്ചു പറയുകയുണ്ടായി. എങ്കിലും, അൽപ്പം ദീർഘവീക്ഷണത്തോടെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അപ്രതീക്ഷിതമായ ആക്രമണങ്ങളിൽനിന്ന്‌ ഒരു നഗരവും സുരക്ഷിതമായിരിക്കില്ലെന്ന്‌ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതു നിമിഷവും അതിന്റെ വ്യാപാരമേഖലയ്‌ക്കുമീതെ ഒരു വിമാനം പ്രത്യക്ഷപ്പെടുകയും അതിലെ ജീവനക്കാർ അവിടെ ചാടിയിറങ്ങുകയും ചെയ്‌തേക്കാം. സ്വകാര്യഭവനങ്ങളുടെ മുറ്റത്തും സമുദ്രയാനങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചേക്കാം. . . . പറന്നിറങ്ങാതെതന്നെ ഇരുമ്പു കഷണങ്ങൾ മുകളിൽനിന്ന്‌ ഇടുന്നതിനും കപ്പലിനെ മുക്കി അതിലെ ആളുകളെ കൊന്നൊടുക്കുന്നതിനും അതിലൂടെ സാധിക്കും. കൂടാതെ, നശീകരണ ശേഷിയുള്ള വെടിക്കോപ്പുകളും ബോംബുകളും മറ്റും ഉപയോഗിച്ചുകൊണ്ട്‌ കപ്പലുകളെ ചാമ്പലാക്കുന്നതിനും സാധിച്ചേക്കാം.”

ഒടുവിൽ, 18-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ചൂടുവായു ബലൂണുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ കണ്ടുപിടിച്ചു. അതോടെ “മനുഷ്യരാശിയുടെ വിനാശക യന്ത്രങ്ങളായി” അവ പെട്ടെന്നുതന്നെ രൂപപ്പെടുമെന്നു വാൾപോൾ ഭയന്നു. വാസ്‌തവത്തിൽ, 1794-ന്റെ അവസാനത്തോടെ ശത്രുസൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും തദനുസരണം സൈനികമുന്നേറ്റം നടത്തുന്നതിനുമായി ഫ്രഞ്ച്‌ ജനറൽമാർ ഹൈഡ്രജൻ ബലൂണുകൾ ഉപയോഗിച്ചിരുന്നു. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്തും 1870-കളിലെ ഫ്രാങ്കോ-പ്രഷ്യൻ പോരാട്ടങ്ങളിലും ബലൂണുകൾ ഉപയുക്തമാക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളിലും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, ജർമനി മുതലായ രാജ്യങ്ങൾ തങ്ങളുടെ നിരീക്ഷണ ദൗത്യങ്ങൾക്കായി ബലൂണുകൾ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാൻസൈന്യം ബോംബ്‌ ഘടപ്പിച്ച 9,000 മനുഷ്യരഹിത ബലൂണുകൾ അമേരിക്കയെ ലക്ഷ്യമാക്കി അയച്ചപ്പോൾ അതു മനുഷ്യനെ കൊന്നൊടുക്കുന്നതിനുള്ള യന്ത്രമായി മാറുകയായിരുന്നു. അതിൽ 280-നുമേൽ ബലൂണുകൾ വടക്കേ അമേരിക്കയുടെ മുകളിൽ എത്തിച്ചേർന്നു.

പ്രതീക്ഷിക്കപ്പെട്ട വ്യോമാക്രമണം

വിമാനം കണ്ടുപിടിച്ച നാൾമുതൽക്കേ, അതൊരു യുദ്ധസാമഗ്രിയായിട്ടാണു വീക്ഷിക്കപ്പെട്ടത്‌. അലക്‌സാണ്ടർ ഗ്രഹാം ബെൽ 1907-ൽ, ഇങ്ങനെ പറയുകയുണ്ടായി: “യുദ്ധരംഗത്തെ ഒരു പ്രശ്‌നം പരിഹരിക്കുന്നതിൽ അമേരിക്ക ഇപ്പോൾ എത്ര സജ്ജമാണെന്ന കാര്യം അധികമാർക്കും അറിയില്ല, ലോകവ്യാപകമായി യുദ്ധരീതികളിൽ വിപ്ലവാത്മക പരിവർത്തനം സൃഷ്ടിക്കുന്ന ഒന്നായിരിക്കും ആ മുന്നേറ്റം​—⁠ഞാൻ ഉദ്ദേശിച്ചത്‌ വ്യോമാക്രമണത്തിനു തികച്ചും പ്രായോഗികമായ യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തെയാണ്‌.” അതേവർഷംതന്നെ, ബലൂണിസ്റ്റായ ക്യാപ്‌റ്റൻ തോമസ്‌ റ്റി. ലവ്‌ലേസ്‌ പിൻവരുംവിധം പറഞ്ഞതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു: “ഇപ്പോഴത്തെ ടോർപ്പിഡോ ബോട്ടുകളെയും ടോർപ്പിഡോബോട്ട്‌ നാശിനികളെയും പോലെ ഇന്നുമുതൽ ഏതാണ്ട്‌ രണ്ടിനും അഞ്ചിനും വർഷത്തിനിടയ്‌ക്ക്‌ എല്ലാ വലിയ രാഷ്‌ട്രങ്ങളും പോർവിമാനങ്ങളും പോർവിമാന നാശിനികളും സ്വന്തമാക്കും.”

വെറും മൂന്നു മാസത്തിനുശേഷം, യു.എ⁠സ്‌. സിഗ്നൽ കോർപ്പറേഷൻ റൈറ്റ്‌ സഹോദരങ്ങളുമായി ആദ്യത്തെ സൈനികവിമാനം നിർമിക്കാനുള്ള കരാറുണ്ടാക്കി. 1908 സെപ്‌റ്റംബർ 13-ലെ ന്യൂയോർക്ക്‌ ടൈംസിൽവന്ന ഒരു ലേഖനം സൈന്യത്തിനു വിമാനത്തിന്മേലുള്ള താത്‌പര്യത്തെക്കുറിച്ചു പറയുകയുണ്ടായി: “ഒരു കപ്പലിന്റെ പുകക്കുഴലിലേക്കു ഷെൽ വർഷിച്ചാൽ അതിന്റെ യന്ത്രസാമഗ്രികൾക്കു സാരമായ കേടുവരുത്താനും ബോയിലറുകളെ തകർത്തുകൊണ്ട്‌ സമ്പൂർണ നാശംവരുത്താനും സാധിക്കും.”

ബെല്ലിന്റെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ട്‌, വിമാനങ്ങൾ “ലോകവ്യാപകമായി യുദ്ധരീതികളിൽ വിപ്ലവാത്മക പരിവർത്തനം” വരുത്തി മുന്നേറിയിരിക്കുന്നു. 1915-ഓടെ പോർവിമാന നിർമാതാക്കൾ പ്രൊപ്പെല്ലർ ബ്ലെയ്‌ഡുകൾക്കിടയിലൂടെ വെടിയുതിർക്കാൻ കഴിയുന്ന ഫോർവേഡ്‌-ഫേസിംഗ്‌ യന്ത്രത്തോക്കുകളാൽ സായുധമാക്കപ്പെട്ട വിമാനങ്ങൾ വികസിപ്പിച്ചെടുത്തു. ബോംബറുകളും പോർവിമാനങ്ങൾക്കൊപ്പം സ്ഥാനംപിടിക്കാൻ വലിയ കാലതാമസം ഉണ്ടായില്ല. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തോടെ അവയുടെ വലുപ്പവും കാര്യക്ഷമതയും വർധിക്കുകയും ചെയ്‌തു. 1945 ആഗസ്റ്റ്‌ 6-ന്‌ ബി-29 സൂപ്പർഫോർട്രസിന്റെ സഹായത്തോടെ യുദ്ധചരിത്രത്തിൽ ആദ്യമായി ആറ്റംബോംബ്‌ വർഷിച്ചു. ഫലമോ? ജപ്പാനിലെ ഹിരോഷിമ നഗരത്തെ നിലംപരിചാക്കിയ അത്‌ ക്രമേണ 1,00,000 പേരുടെ ജീവൻ അപഹരിച്ചു.

കേവലം രണ്ടു വർഷംമുമ്പ്‌, 1943-ൽ, വിമാനം കണ്ടുപിടിച്ചതിനെപ്രതി താൻ ഖേദിക്കുന്നതായി ഓർവിൽ റൈറ്റ്‌ ഒരു സ്വകാര്യ പ്രസ്‌താവന നടത്തി. രണ്ടു ലോകമഹായുദ്ധങ്ങളിലും അതൊരു മാരകായുധമായി പരിണമിക്കുന്നത്‌ അദ്ദേഹം നേരിൽക്കണ്ടു. അതേത്തുടർന്ന്‌, ലേസർ സംവിധാനം സഹിതമുള്ള മിസൈലുകളും ‘സ്‌മാർട്ട്‌ ബോംബുകളും’ രംഗത്തുവരികയും ‘രാജ്യം രാജ്യത്തിനെതിരെ’ തിരിയുകയും ചെയ്‌തിരിക്കവേ അതിന്റെ വിനാശകശക്തി പതിന്മടങ്ങു വർധിച്ചിരിക്കുന്നു.​—⁠മത്തായി 24:⁠7.

[22, 23 പേജുകളിലെ ചിത്രങ്ങൾ]

1. മനുഷ്യരഹിത ബോംബ്‌-വാഹക ബലൂൺ

2. ബരാജ്‌ ബലൂൺ

[കടപ്പാട്‌]

Library of Congress, Prints & Photographs Division, FSA/OWI Collection, LC-USE6-D-004722

3. ബി-29 സൂപ്പർഫോർട്രസ്‌

[കടപ്പാട്‌]

USAF photo

4. സ്‌ട്രൈക്ക്‌ ഫൈറ്റർ എഫ്‌/എ-18സി ഹോർനെറ്റ്‌

5. എഫ്‌-117എ നൈറ്റ്‌ഹോക്ക്‌ സ്റ്റെൽത്‌ ഫൈറ്റർ

[കടപ്പാട്‌]

U.S. Department of Defense