വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയ്‌ക്കു ചൂടുപിടിക്കുകയാണ്‌ എന്നത്‌ “അനിഷേധ്യമാണ്‌.” മനുഷ്യന്റെ കറുത്തകരങ്ങളാണ്‌ അവയ്‌ക്കു പിന്നിലെന്ന്‌ “ഉറപ്പാണ്‌.”​—⁠കാലാവസ്ഥാ വ്യതിയാന പഠന ബഹുരാഷ്‌ട്ര സമിതി (ഐപിസിസി), സ്വിറ്റ്‌സർലൻഡ്‌.

ജർമനിയിലെ 14 ലക്ഷത്തിനും 19 ലക്ഷത്തിനും ഇടയ്‌ക്ക്‌ ആളുകൾ “മരുന്നുകൾക്ക്‌ അടിമകളാണ്‌.” മദ്യാസക്തിയോടു കിടപിടിക്കുന്ന ഒരു പ്രശ്‌നമാണിത്‌.​—⁠ടാഗെസ്‌ഷായു, ജർമനി.

ബ്രിട്ടനിലെ ആളുകളിൽ കൊല്ലപ്പെടാൻ സാധ്യതയുള്ളവരിൽ ഏറെയും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളാണ്‌.​—⁠ദ ടൈംസ്‌, ബ്രിട്ടൻ.

ഐക്യനാടുകളെയും കാനഡയെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പുകൾ പലയിടത്തും കാടുപിടിച്ചു കിടക്കുന്നതിനാൽ അധികൃതർ “അതു കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്‌.” “അതു കണ്ടെത്താൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ അതു കാത്തുസൂക്ഷിക്കാനും നിങ്ങൾക്കു കഴിയില്ല” എന്ന്‌ അന്താരാഷ്ട്ര അതിർത്തി കമ്മീഷനിലെ ഡെന്നിസ്‌ ഷോർനാ പറയുന്നു.​—⁠അസ്സോസിയേറ്റഡ്‌ പ്രസ്സ്‌, ഐക്യനാടുകൾ.

ശരീരം ഡോക്ടറിന്റെ റോളിൽ

“60 മുതൽ 70 വരെ ശതമാനം രോഗങ്ങളെയും മനുഷ്യ ശരീരത്തിനു സ്വയം ഭേദമാക്കാൻ കഴിയും” എന്ന്‌ ജർമനിയിലെ എസനിൽ ഖനിത്തൊഴിലാളികൾക്കായുള്ള ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റായ പ്രൊഫസ്സർ ഗുസ്റ്റാഫ്‌ ഡോബോസ്‌ പറയുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതു തടയുന്ന പദാർഥങ്ങൾ, കോർട്ടിസോൺ എന്നിവപോലുള്ള ഏകദേശം 30 മുതൽ 40 വരെ മരുന്നുകൾ ശരീരം ഉത്‌പാദിപ്പിക്കുന്നതായി പറയപ്പെടുന്നു. ഇത്തരം സ്വാഭാവിക രോഗനിവാരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രക്രിയകൾ ഗവേഷകർക്ക്‌ അറിവുള്ളതാണ്‌. എന്നാൽ ഇനിയും പലതും ചുരുളഴിയപ്പെടേണ്ടതുണ്ട്‌. “ഹോർമോണുകൾ, രോഗപ്രതിരോധത്തിനു സഹായിക്കുന്ന ഘടകങ്ങൾ, കൊലയാളി കോശങ്ങൾ എന്നിവ തമ്മിൽ സങ്കീർണമായ പ്രതിപ്രവർത്തനം നടക്കുന്നതായും വികാരങ്ങൾക്കും മാനസിക ഭാവങ്ങൾക്കും രോഗനിവാരണത്തിൽ പങ്കുള്ളതായും” ശാസ്‌ത്രജ്ഞന്മാർ തിരിച്ചറിയുന്നതായി വിറ്റൽ മാസിക പറയുന്നു. “സമ്മർദത്തിനും വ്യക്തിപരമായ പ്രശ്‌നങ്ങൾക്കും പ്രതിരോധ വ്യവസ്ഥയെ ആഴ്‌ചകളോളം ദുർബലമാക്കാൻ” കഴിയുമെന്നും അത്‌ കൂട്ടിച്ചേർക്കുന്നു.

ആഗോള സമ്പത്തിന്റെ തമ്പുരാക്കൾ

ലണ്ടനിലെ ഗാർഡിയൻ ദിനപ്പത്രം റിപ്പോർട്ടുചെയ്യുന്നു: “ഈ ഭൂഗ്രഹത്തിലെ സമ്പത്തിന്റെ 40%-വും അതിസമ്പന്നരായ 1% പൗരന്മാരുടെ കൈകളിലാണ്‌. സാമ്പത്തിക സേവന രംഗത്തും ഇന്റർനെറ്റ്‌ വാണിജ്യത്തിലും ഉൾപ്പെട്ടിരിക്കുന്നവരാണു സമ്പന്നരിൽ അഗ്രഗണ്യർ.” ഇവരിൽ 37 ശതമാനം ഐക്യനാടുകളിലും 27 ശതമാനം ജപ്പാനിലും 6 ശതമാനം യുണൈറ്റഡ്‌ കിങ്‌ഡത്തിലും ഉള്ളവരാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന നടത്തിയ ഒരു പഠനം തെളിയിക്കുന്നു. അതിദരിദ്രരായ 50% പൗരന്മാരുടെ കൈവശം ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമേയുള്ളൂ. ബ്രിട്ടനിലെ ജീവകാരുണ്യ സംഘടനയായ ഓക്‌സ്‌ഫാമിലെ ഗവേഷണ വിഭാഗം മേധാവിയായ ഡങ്കൻ ഗ്രീൻ പറയുന്നു: “ഈ അസമത്വം ഞെട്ടിപ്പിക്കുന്നതാണ്‌. . . . 80 കോടി ആളുകൾ ഒഴിഞ്ഞവയറുമായി അന്തിയുറങ്ങുമ്പോൾ ഏതാനും പേരുടെ കൈകളിൽ മാത്രമായി സമ്പത്ത്‌ കുന്നുകൂടുന്നതു ന്യായീകരിക്കാനാവില്ല.”

ചൈനയിലെ അസന്തുലിതമായ സ്‌ത്രീപുരുഷ അനുപാതം

2005-ൽ ചൈനയിലെ ജനനനിരക്ക്‌ ഓരോ 100 പെൺകുട്ടിക്കും 118 ആൺകുട്ടികൾ എന്ന ക്രമത്തിലായിരുന്നു. രാജ്യത്തെ ചിലയിടങ്ങളിൽ “ഓരോ 100 പെൺകുട്ടിക്കും 130 ആൺകുട്ടികൾ എന്നനിലവരെ എത്തിയിരിക്കുന്നു” എന്ന്‌ ചൈനാ ഡെയ്‌ലി റിപ്പോർട്ടുചെയ്യുന്നു. കുട്ടി ആണോ പെണ്ണോ എന്നു മനസ്സിലാക്കിയശേഷം ഗർഭച്ഛിദ്രം നടത്തുന്നതാണ്‌ ഈ അസന്തുലിതാവസ്ഥയ്‌ക്കു കാരണം. ചൈനയിലെ നഗരങ്ങളിൽ നടപ്പാക്കപ്പെട്ട, ഒരു ദമ്പതികൾക്ക്‌ ഒരു കുട്ടി എന്ന ജനനനിയന്ത്രണ നയമാണ്‌ ഈ അവസ്ഥയിലേക്കു നയിച്ചതെന്ന്‌ അധികൃതർ സമ്മതിക്കുന്നു. “2020-ഓടെ, വിവാഹപ്രായമായ സ്‌ത്രീകളെക്കാൾ അധികമായി ഏകദേശം 3 കോടി പുരുഷന്മാർ അവിടെ ഉണ്ടായിരിക്കും” എന്നും ഈ അസന്തുലിതാവസ്ഥ “സാമൂഹിക സുസ്ഥിതിയെ ബാധിക്കും” എന്നും പത്രം റിപ്പോർട്ടുചെയ്യുന്നു.