പുരാവസ്‌തുശാസ്‌ത്രം ബൈബിളിനെ പിന്തുണയ്‌ക്കുന്നുവോ?
പുരാവസ്‌തുശാസ്‌ത്രം ബൈബിളിനെ പിന്തുണയ്‌ക്കുന്നുവോ?
ബൈ ബിൾകാലങ്ങളിലെ ജീവിതം, ജീവിതസാഹചര്യങ്ങൾ, ആചാരങ്ങൾ, ഭാഷ എന്നിവയെക്കുറിച്ചെല്ലാമുള്ള അറിവ് വർധിപ്പിക്കുന്നതിനാൽ പുരാവസ്‌തുശാസ്‌ത്രം ബൈബിൾവിദ്യാർഥികൾക്ക് ഉപകാരപ്രദമാണ്. ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ചു മനസ്സിലാക്കുന്നതിനു സഹായകമായ പല വിവരങ്ങളും പുരാവസ്‌തുശാസ്‌ത്രം പ്രദാനംചെയ്യുന്നു. ഉദാഹരണത്തിന് പുരാതന ബാബിലോൺ, സോർ, നീനെവേ എന്നിവയുടെ പതനത്തെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറിയെന്ന് പുരാവസ്‌തുശാസ്‌ത്രം തെളിയിക്കുന്നു. (യിരെമ്യാവു 51:37; യെഹെസ്‌കേൽ 26:4, 12; സെഫന്യാവു 2:13-15) എന്നിരുന്നാലും ഈ ശാസ്‌ത്രത്തിന് അതിന്റേതായ പരിമിതികളുണ്ട്. കുഴിച്ചെടുക്കുന്ന കരകൗശലവസ്‌തുക്കളും മറ്റും പഠിക്കുകയും നിഗമനങ്ങളിലെത്തുകയും വേണം, ഈ പ്രക്രിയ പക്ഷേ, മനുഷ്യസഹജമായ പിഴവുകൾക്കും തിരുത്തലുകൾക്കും വിധേയമാണ്.
പുരാവസ്‌തുശാസ്‌ത്രജ്ഞർ കണ്ടെടുക്കുന്ന പൊട്ടിയ പാത്രങ്ങളും ദ്രവിച്ച ഇഷ്ടികയും പൊട്ടിപ്പൊളിഞ്ഞ മതിലുകളും ഒന്നുമല്ല ക്രിസ്‌തീയ വിശ്വാസത്തിന്റെ അടിത്തറ, മറിച്ച് ബൈബിളിൽ കാണുന്ന പൂർവാപര യോജിപ്പുള്ള ആത്മീയസത്യങ്ങളാണ്. (2 കൊരിന്ത്യർ 5:7; എബ്രായർ 11:1) ബൈബിളിന്റെ ആന്തരിക യോജിപ്പ്, സത്യസന്ധത, നിവൃത്തിയേറിയ പ്രവചനങ്ങൾ തുടങ്ങിയ അനേകം സവിശേഷതകൾ, ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ്’ എന്നതിന്റെ തർക്കമറ്റ തെളിവുകളാണ്. (2 തിമൊഥെയൊസ് 3:16) എന്നിരുന്നാലും ബൈബിൾ വിവരണങ്ങൾ ശരിവെക്കുന്ന പുരാവസ്‌തുശാസ്‌ത്രത്തിന്റെ ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ നമുക്കിപ്പോൾ പരിശോധിക്കാം.
1970-ൽ യെരൂശലേമിൽ ഉത്‌ഖനനം നടത്തിക്കൊണ്ടിരുന്ന പുരാവസ്‌തു ഗവേഷകരുടെ ഒരു സംഘം കത്തിക്കരിഞ്ഞ ചില നാശാവശിഷ്ടങ്ങൾ കണ്ടെത്തി. “എന്താണു സംഭവിച്ചതെന്ന് ഈ രംഗത്തു പരിചയമുള്ള ഒരാൾക്കു പെട്ടെന്നു മനസ്സിലാകും. . . . തീ കത്തിയാണു കെട്ടിടം നശിച്ചത്. ചുമരും മച്ചും തകർന്നുവീഴുകയും ചെയ്‌തു,” പര്യവേക്ഷക സംഘത്തിനു നേതൃത്വം കൊടുത്തിരുന്ന നമാൻ ആവിഗാഡ് എഴുതി. വാതിൽപ്പടിയിൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന സ്ഥിതിയിൽ, വിടർത്തിയ വിരലുകളോടുകൂടിയ ഒരു കൈയുടെ എല്ലുകൾ [1] ഒരു മുറിയിൽ കണ്ടെത്തി.
മുറിയിലാകെ നാണയങ്ങൾ [2] ചിതറിക്കിടന്നിരുന്നു, അതിൽ ഏറ്റവും പുതിയതു പൊതുയുഗം (പൊ.യു.) 69-ലേത് അതായത് റോമിനെതിരെയുള്ള യഹൂദരുടെ കലാപത്തിന്റെ നാലാം വർഷത്തിലേത് ആയിരുന്നു. കെട്ടിടം തകരുന്നതിനു മുമ്പുതന്നെ വസ്‌തുക്കളെല്ലാം മുറിയിൽ ചിതറിയിരുന്നു. ആവിഗാഡ് പറയുന്നു: “ഇതു കണ്ടപ്പോൾ, നഗരം കീഴടക്കിയതിനുശേഷം വീടുകൾ കൊള്ളയടിച്ച റോമൻ സൈന്യത്തെക്കുറിച്ചുള്ള ജോസീഫസിന്റെ വിവരണമാണു ഞങ്ങൾക്ക് ഓർമവന്നത്.” പൊ.യു. 70-ൽ റോമാക്കാർ യെരൂശലേം നശിപ്പിച്ചതായി ചരിത്രകാരന്മാർ കണക്കുകൂട്ടുന്നു.
ഇരുപതുകളിലായിരുന്ന ഒരു യുവതിയുടേതാണ് ആ എല്ലുകൾ എന്ന് പരിശോധനകൾ വെളിപ്പെടുത്തി. ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു: “റോമൻസൈന്യം ആക്രമിച്ചപ്പോൾ, തീയിൽ കുടുങ്ങിപ്പോയ യുവതി തറയിലൂടെ ഇഴഞ്ഞ് അടുക്കളവാതിലിന്റെ പടികളിൽ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തീ
അതിവേഗം പടർന്നതിനാൽ അവൾക്കു രക്ഷപ്പെടാനായില്ല . . . തകർന്നുവീണ കെട്ടിടം അവളെ മൂടിക്കളഞ്ഞു.”യെരൂശലേമിന്റെ നാശത്തിന് ഏതാണ്ട് 40 വർഷംമുമ്പ് അതു സംബന്ധിച്ച് യേശു നടത്തിയ പിൻവരുന്ന പ്രവചനമാണ് ഈ രംഗം നമ്മെ ഓർമിപ്പിക്കുന്നത്: “നിന്റെ ശത്രുക്കൾ . . . നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.”—ലൂക്കൊസ് 19:43, 44.
ബൈബിൾ വിവരണങ്ങളെ പിന്താങ്ങുന്ന പുരാവസ്‌തുശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളിൽ, തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകളും ഉൾപ്പെടുന്നു. ഈ കണ്ടെത്തലുകളിൽ ചിലത് വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. ബൈബിളെഴുത്തുകാർ ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുകയോ അവരുടെ പ്രശസ്‌തി ഊതിപ്പെരുപ്പിക്കുകയോ ചെയ്‌തെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്.
ബൈബിളിൽനിന്നുള്ള പേരുകൾ
ബൈബിളിൽ യെശയ്യാവു 20:1-ൽ കാണുന്ന അശ്ശൂർ രാജാവായ സർഗോൻ രണ്ടാമൻ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന് പണ്ഡിതന്മാർ ഒരിക്കൽ ചിന്തിച്ചിരുന്നു. എന്നാൽ 1843-ൽ, ഇറാക്കിലുള്ള ഇന്നത്തെ കൊർസാബാദിൽ ടൈഗ്രീസിന്റെ പോഷകനദികളിൽ ഒന്നിന്റെ തീരത്ത് 25 ഏക്കറിൽ പരന്നുകിടക്കുന്ന സർഗോന്റെ കൊട്ടാരം [3] കണ്ടെത്തി. മുമ്പ്, തിരുവെഴുത്തുകളുമായി പരിചയമില്ലാത്തവർക്ക് അജ്ഞാതനായിരുന്നു സർഗോൻ രണ്ടാമൻ, എന്നാലിന്ന് ഏറ്റവും പ്രശസ്‌തരായ അശ്ശൂർ രാജാക്കന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വൃത്താന്ത പുസ്‌തകങ്ങളിലൊന്നിൽ [4] ഇസ്രായേൽ നഗരമായ ശമര്യ പിടിച്ചെടുത്തതായി അദ്ദേഹം അവകാശപ്പെടുന്നു. ബൈബിളനുസരിച്ച് പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 740-ൽ അശ്ശൂർ ശമര്യ കീഴടക്കി. അസ്‌തോദ് പിടിച്ചടക്കിയതായും സർഗോൻ രേഖപ്പെടുത്തുന്നു. യെശയ്യാവു 20:1-ലെ പ്രസ്‌താവനയ്‌ക്കു കൂടുതൽ കരുത്തുപകരുന്ന ഒരു രേഖയാണത്.
ഇന്നത്തെ ഇറാക്കിൽ, പുരാതന നഗരമായ ബാബിലോണിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽ ഉത്‌ഖനനം നടത്തിയപ്പോൾ പുരാവസ്‌തു ഗവേഷകർ 300-ഓളം ക്യൂണിഫോം ഫലകങ്ങൾ ഇഷ്ടാർ ഗേറ്റിനു സമീപം കണ്ടെത്തി. ബാബിലോണിയൻ രാജാവായ നെബൂഖദ്‌നേസറിന്റെ ഭരണകാലത്തോടു ബന്ധപ്പെട്ട ഈ രേഖകളിൽ ചില പേരുകളും കാണാനാകും. അതിലൊന്നാണു യാഹൂദ് ദേശത്തെ രാജാവായ യാവുക്കിന്റേത്. പൊ.യു.മു. 617-ൽ, യെരൂശലേമിനെതിരെയുള്ള നെബൂഖദ്‌നേസറിന്റെ ഒന്നാമത്തെ പടയോട്ടത്തിൽ ബാബിലോണിലേക്കു ബന്ദിയാക്കി കൊണ്ടുപോയ യെഹൂദാ രാജാവായിരുന്ന യെഹോയാഖീനെയാണ് ഇതു പരാമർശിക്കുന്നത്. (2 രാജാക്കന്മാർ 24:11-15) യെഹോയാഖീന്റെ അഞ്ചു പുത്രന്മാരെക്കുറിച്ചും ഫലകങ്ങളിൽ പരാമർശമുണ്ട്.—1 ദിനവൃത്താന്തം 3:17, 18.
2005-ൽ, ദാവീദ് രാജാവിന്റെ കൊട്ടാരം കണ്ടെത്താമെന്ന പ്രതീക്ഷയിൽ ഒരു സ്ഥലത്ത് ഉത്‌ഖനനം നടത്തുകയായിരുന്നു പുരാവസ്‌തു ഗവേഷകർ. അപ്പോൾ, ഏകദേശം 2,600 വർഷംമുമ്പ് പ്രവാചകനായ യിരെമ്യാവിന്റെ കാലത്ത് ബാബിലോണിയർ യെരൂശലേമിനെ നശിപ്പിച്ചപ്പോൾ തകർക്കപ്പെട്ടതെന്നു കരുതുന്ന, കല്ലുകൊണ്ടുള്ള ഒരു വലിയ നിർമിതി അവർ കണ്ടെത്തി. ഇത് ദാവീദിന്റെ കൊട്ടാരമാണോ അല്ലയോ എന്ന കാര്യം വ്യക്തമല്ല. എന്നുവരികിലും പുരാവസ്‌തു ഗവേഷകയായ ഏലാറ്റ് മാസാർ താത്‌പര്യജനകമായ ഒരു വസ്‌തു കണ്ടെത്തി, ഒരു സെന്റിമീറ്റർ വീതിയുള്ള കളിമൺമുദ്രണം [5]. ആ മുദ്രണം ഇപ്രകാരം വായിക്കുന്നു: “ഷോവെയുടെ മകനായ ഷെലെമ്യാഹുവിന്റെ മകനായ യെഹുഖാലിന്റേത്.” വ്യക്തമായും, ഇത് യിരെമ്യാവിന്റെ എതിരാളിയായി ബൈബിൾ പരാമർശിക്കുന്ന, ജെഹുക്കൽ എന്നും ജൂക്കൽ എന്നും അറിയപ്പെട്ട യഹൂദ ഉദ്യോഗസ്ഥനായ യെഹൂഖലിന്റെ സീൽ ഉപയോഗിച്ചുള്ള മുദ്രണമാണ്.—യിരെമ്യാവു 37:3; 38:1-6.
‘ദാവീദിന്റെ നഗര’ത്തിൽനിന്നു കണ്ടെടുത്ത മുദ്രണത്തിൽ പേര് പ്രത്യക്ഷപ്പെടുന്ന രണ്ടു മന്ത്രിമാരിൽ “രണ്ടാമത്തെ മന്ത്രിയാണ്” യെഹുഖാൽ എന്ന് മാസാർ പറയുന്നു. ശാഫാന്റെ പുത്രനായ ഗെമര്യാവിന്റേതാണ് ആദ്യത്തെ പേര്. ഷെലെമ്യാവിന്റെ (ഷെലെമ്യാഹു) പുത്രനായ യെഹൂഖലിനെ യെഹൂദായിലെ രാജകുമാരനായി ബൈബിൾ തിരിച്ചറിയിക്കുന്നു. ഈ കളിമൺമുദ്രണം കണ്ടെത്തുന്നതിനുമുമ്പ് തിരുവെഴുത്തുകൾക്കു പുറത്ത് ഇദ്ദേഹത്തിന്റെ പേർ അറിയപ്പെട്ടിരുന്നില്ല.
അവർക്ക് എഴുതാനും വായിക്കാനും അറിയാമായിരുന്നോ?
പുരാതന ഇസ്രായേല്യർ സാക്ഷരരായിരുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (സംഖ്യാപുസ്‌തകം 5:23; യോശുവ 24:26; യെശയ്യാവു 10:19) എന്നാൽ വിമർശകർ ഇതിനോടു യോജിക്കുന്നില്ല, ആശ്രയയോഗ്യമല്ലാത്ത വാമൊഴിയിലൂടെയാണ് ബൈബിൾചരിത്രം തലമുറകളിലേക്കു കൈമാറിയതെന്ന് അവർ വാദിക്കുന്നു. 2005-ൽ പക്ഷേ ഈ സിദ്ധാന്തത്തിനു തിരിച്ചടിയേറ്റു. യെരൂശലേമിനും മെഡിറ്ററേനിയൻ പ്രദേശത്തിനും ഇടയിലുള്ള ടെൽ സയിറ്റ് എന്ന സ്ഥലത്തു പ്രവർത്തിക്കുകയായിരുന്ന പുരാവസ്‌തു ഗവേഷകർ ചുണ്ണാമ്പുകല്ലിൽ കൊത്തിവെച്ച ഒരു പ്രാചീന അക്ഷരമാല കണ്ടെത്തി. ഒരുപക്ഷേ, കണ്ടെത്തിയിട്ടുള്ളതിലേക്കും പഴക്കമുള്ള എബ്രായ അക്ഷരമാലയാണിത്[6].
ഇത് പൊ.യു.മു. പത്താം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കിയിരിക്കുന്നു. “ഔപചാരിക പകർപ്പെഴുത്തു പരിശീലനത്തിന്റെ,” ഒരു “ഉയർന്ന സാംസ്‌കാരിക നിലവാരത്തിന്റെ,” “യെരൂശലേമിൽ വളരെവേഗം വികാസം പ്രാപിച്ചുകൊണ്ടിരുന്ന ഇസ്രായേല്യ ഉദ്യോഗസ്ഥാധിപത്യത്തിന്റെ” തെളിവായി ഈ കണ്ടെത്തലിനെ ചില പണ്ഡിതന്മാർ വീക്ഷിക്കുന്നു. വിമർശകരുടെ അവകാശവാദത്തിനു വിപരീതമായി, ചുരുങ്ങിയപക്ഷം പൊ.യു.മു. പത്താം നൂറ്റാണ്ടു മുതലെങ്കിലും ഇസ്രായേല്യർ സാക്ഷരരായിരുന്നുവെന്നും അവരുടെ ചരിത്രം വരമൊഴിയായി സൂക്ഷിക്കാൻ അവർക്കു സാധിച്ചിരുന്നുവെന്നും ഇതു കാണിക്കുന്നു.
അശ്ശൂർചരിത്രം കൂടുതൽ തെളിവു നൽകുന്നു
ഒരിക്കൽ ഒരു വൻശക്തിയായിരുന്ന അശ്ശൂരിന്റെ ചരിത്രം ബൈബിളിന്റെ താളുകളിൽ വായിക്കാനാകും. തിരുവെഴുത്തുകളുടെ കൃത്യതയെ സാക്ഷ്യപ്പെടുത്തുന്നതാണ് അവിടെനിന്നുള്ള പുരാവസ്‌തുശാസ്‌ത്രത്തിന്റെ പല കണ്ടെത്തലുകളും. ഉദാഹരണത്തിന്, അശ്ശൂരിന്റെ തലസ്ഥാനമായിരുന്ന പുരാതന നീനെവേയിൽ നടത്തിയ ഉത്‌ഖനനത്തിന്റെ ഫലമായി ഒരു ചിത്രഫലകം [7] സൻഹേരീബ് രാജാവിന്റെ കൊട്ടാരത്തിൽ കണ്ടെത്തി. പൊ.യു.മു. 732-ൽ ലാഖീശിന്റെ പതനത്തെത്തുടർന്ന് അശ്ശൂർ പടയാളികൾ യഹൂദാ ബന്ദികളെ പ്രവാസത്തിലേക്കു കൊണ്ടുപോകുന്നതാണ് അതിൽ ചിത്രീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച ബൈബിൾചരിത്രം 2 രാജാക്കന്മാർ 18:13-15-ൽ നിങ്ങൾക്കു വായിക്കാനാകും.
നീനെവേയിൽ കണ്ടെത്തിയ സൻഹേരീബിന്റെ വൃത്താന്തപുസ്‌തകം [8], യഹൂദാ രാജാവായിരുന്ന ഹിസ്‌കീയാവിന്റെ കാലത്തു സൻഹേരീബ് നടത്തിയ യുദ്ധത്തെക്കുറിച്ചു വിവരിക്കുന്നു; അതിൽ ഹിസ്‌കീയാവിനെ പേരു പറഞ്ഞു പരാമർശിക്കുന്നുണ്ട്. മറ്റ് ഭരണാധികാരികളുടെ ക്യൂണിഫോം രേഖകൾ യഹൂദാ രാജാക്കന്മാരായിരുന്ന ആഹാസ്, മനശ്ശെ എന്നിവരെക്കുറിച്ചും ഇസ്രായേല്യ രാജാക്കന്മാരായിരുന്ന ഒമ്രി, യേഹൂ, യോവാശ്, മെനഹേം, ഹോശേയ എന്നിവരെക്കുറിച്ചും പ്രതിപാദിക്കുന്നു.
സൈനിക വിജയങ്ങളെക്കുറിച്ച് സൻഹേരീബ് തന്റെ വിവരണങ്ങളിൽ കൊട്ടിഘോഷിക്കുമ്പോൾ യെരൂശലേമിന്റെ കാര്യത്തിൽ അവൻ മൗനംപാലിക്കുന്നു എന്നതു ശ്രദ്ധേയമാണ്. അർഥപൂർണമായ ഈ മൗനം ബൈബിളിന്റെ വിശ്വാസ്യത വർധിപ്പിക്കുകയാണു ചെയ്യുന്നത്, കാരണം സൻഹേരീബ് ഒരിക്കലും യെരൂശലേം പിടിച്ചടക്കിയിട്ടില്ലെന്നും മറിച്ച് ദൈവത്തിന്റെ കയ്യിൽനിന്നു പരാജയം ഏറ്റുവാങ്ങിയിട്ടേ ഉള്ളുവെന്നും ബൈബിൾ പറയുന്നു. അപമാനിതനായ സൻഹേരീബ് നീനെവേയിലേക്കു മടങ്ങി; അവിടെവെച്ച് അവന്റെ പുത്രന്മാർ അവനെ കൊന്നുകളഞ്ഞു. (യെശയ്യാവു 37:33-38) രണ്ട് അശ്ശൂർ ആലേഖനങ്ങളും ഈ വധത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നീനെവേക്കാരുടെ ദുഷ്ടതനിമിത്തം യഹോവയുടെ പ്രവാചകന്മാരായ നഹൂം, സെഫന്യാവ് എന്നിവർ നീനെവേയുടെ സമ്പൂർണ നാശത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞു. (നഹൂം 1:1; 2:8-3:19; സെഫന്യാവു 2:13-15) പൊ.യു.മു. 632-ൽ ബാബിലോണിയൻ രാജാവായ നെബോപോളസ്സരിന്റെയും മേദ്യരാജാവായ സൈയാക്‌സരിസിന്റെയും സംയുക്ത സൈന്യം നീനെവേയെ ഉപരോധിച്ചു കീഴടക്കിയപ്പോൾ അവരുടെ പ്രവചനങ്ങൾ നിവൃത്തിയേറി. അതിന്റെ നാശാവശിഷ്ടങ്ങളുടെ കണ്ടെത്തലും ഉത്‌ഖനനവും മറ്റും ബൈബിൾ വിവരണങ്ങൾ ശരിവെക്കുന്നു.
ടൈഗ്രിസ് നദിക്കു കിഴക്കായും നീനെവേക്കു തെക്കുകിഴക്കായും ഉള്ള നൂസി എന്ന ഒരു പുരാതന നഗരത്തിൽ 1925-നും 1931-നും ഇടയിൽ നടത്തിയ ഉത്‌ഖനനങ്ങൾ 20,000 കളിമൺ ഫലകങ്ങൾ ഉൾപ്പെടെ പല കരകൗശല വസ്‌തുക്കളുടെയും കണ്ടെത്തലിന് ഇടയാക്കി. ബാബിലോണിയൻ ഭാഷയിൽ എഴുതിയ ഫലകങ്ങൾ വിവരങ്ങളുടെ ഒരു കലവറതന്നെ ആയിരുന്നു. ഉല്‌പത്തി പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന, ഗോത്രപിതാക്കന്മാരുടെ കാലത്തേതിനു സമാനമായ നിയമ നടപടികൾ അതിൽ പ്രതിപാദിച്ചിരുന്നു. ഒരു ഉദാഹരണം പരിശോധിക്കാം. കുടുംബദൈവങ്ങൾ, പലപ്പോഴും ചെറിയ കളിമൺ പ്രതിമകൾ, അതിന്റെ ഉടമസ്ഥർക്കു സ്വത്തവകാശം ലഭിക്കുന്നതിനുള്ള ഒരു ആധാരംപോലെ ആയിരുന്നു. ഗോത്രപിതാവായ യാക്കോബിന്റെ ഭാര്യ റാഹേൽ അവളുടെ പിതാവായ ലാബാന്റെ കുടുംബദൈവങ്ങളെ അവളുടെ കൂടെ കൊണ്ടുപോയതിന്റെ കാരണം ഇതു വിശദീകരിച്ചേക്കും. ലാബാൻ അതെല്ലാം തിരിച്ചെടുക്കാൻ ശ്രമിച്ചത് എന്തുകൊണ്ടാണെന്നു നമുക്കിപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ.—ഉല്‌പത്തി 31:14-16, 19, 25-35.
യെശയ്യാവിന്റെ പ്രവചനവും സൈറസ് സിലിണ്ടറും
ഇവിടെ കാണിച്ചിരിക്കുന്ന കളിമൺ സിലിണ്ടറിലെ ക്യൂണിഫോം ആലേഖനങ്ങൾ മറ്റൊരു ബൈബിൾ വിവരണത്തെ പിന്താങ്ങുന്നു. സൈറസ് സിലിണ്ടർ [9] എന്നറിയപ്പെടുന്ന ഈ രേഖ ബാഗ്‌ദാദിൽനിന്നു 32 കിലോമീറ്റർ മാറി യൂഫ്രട്ടീസ് തീരത്തെ പുരാതന സിപ്പാറിന്റെ സ്ഥാനത്തുനിന്നാണു കണ്ടെത്തിയത്. അത് പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മഹാനായ കോരെശ് [സൈറസ്] ബാബിലോൺ കീഴടക്കിയതിനെ പരാമർശിക്കുന്നു. ആശ്ചര്യകരമെന്നുതന്നെ പറയാം, അതിന് ഏതാണ്ട് 200 വർഷം മുമ്പുതന്നെ, തന്റെ പ്രവാചകനായ യെശയ്യാവിലൂടെ യഹോവ ഒരു മേദോ-പേർഷ്യൻ ഭരണാധിപനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും . . . യെരൂശലേം പണിയപ്പെടും.”—യെശയ്യാവു 13:1, 17-19; 44:26-45:3.
ശ്രദ്ധേയമായി, മുൻഭരണകൂടം ബന്ദികളാക്കിയിരുന്നവരെ അവരുടെ മാതൃദേശത്തേക്കു മടക്കി അയയ്‌ക്കുക എന്ന കോരെശിന്റെ നയം ഈ സിലിണ്ടറിൽനിന്നു മനസ്സിലാക്കാനാകും—മറ്റു പുരാതന അധിനിവേശക്കാർ ചെയ്‌തതിൽനിന്നു തികച്ചും വിഭിന്നമായ കാര്യമാണിത്. ബൈബിൾ വിവരണവും ലൗകിക ചരിത്രവും കോരെശ് യഹൂദരെ വിട്ടയച്ചുവെന്നും അവർ പിന്നീട് യെരൂശലേം പുതുക്കിപ്പണിതുവെന്നും രേഖപ്പെടുത്തുന്നു.—2 ദിനവൃത്താന്തം 36:23; എസ്രാ 1:1-4.
ബൈബിൾപുരാവസ്‌തുശാസ്‌ത്രം താരതമ്യേന ഒരു പുതിയ ശാസ്‌ത്രമാണെങ്കിലും വിലപ്പെട്ട ചില വിവരങ്ങൾ നൽകിയ ഒരു പ്രധാന പഠനശാഖയായി തീർന്നിരിക്കുന്നു അതിപ്പോൾ. കൂടാതെ നാം കണ്ടുകഴിഞ്ഞതുപോലെ പല കണ്ടെത്തലുകളും ബൈബിളിന്റെ പ്രാമാണികതയുടെയും കൃത്യതയുടെയും സാക്ഷ്യമാണ്, ചിലപ്പോൾ അതിസൂക്ഷ്‌മമായ വിശദാംശങ്ങളിൽപ്പോലും.
കൂടുതൽ വിവരങ്ങൾക്ക്
സന്തുഷ്ടവും ഉദ്ദേശ്യപൂർണവുമായ ഒരു ജീവിതം നയിക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ? ബൈബിൾ—വസ്‌തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്‌തകം എന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഡിവിഡി-യിൽ സുപ്രധാനമായ ഈ വിഷയം ജീവസ്സുറ്റ അഭിമുഖങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നു.—32 ഭാഷകളിൽ ലഭ്യമാണ്.
The Bible—God’s Word or Man’s?
കെട്ടുകഥയും വൈരുധ്യങ്ങളും ബൈബിളിൽ ഇല്ലെന്നതിനു കൂടുതൽ തെളിവുകൾ നിങ്ങൾക്ക് ആവശ്യമുണ്ടോ? ബൈബിളിൽ പ്രസ്‌താവിച്ചിരിക്കുന്ന അത്ഭുതങ്ങൾ സത്യമാണോ? 192 പേജുള്ള ഈ പുസ്‌തകത്തിൽ വസ്‌തുതകൾ പരിശോധിച്ചു നോക്കൂ.—56 ഭാഷകളിൽ ലഭ്യമാണ്, മലയാളത്തിൽ ലഭ്യമല്ല.
[കടപ്പാട്]
മഹാനായ അലക്‌സാണ്ടർ: Roma, Musei Capitolini
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
19 അധ്യായങ്ങളുള്ള ഈ പഠന സഹായി പ്രധാനപ്പെട്ട എല്ലാ ബൈബിളുപദേശങ്ങളും പഠിപ്പിക്കുകയും ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവോദ്ദേശ്യം വിശദീകരിക്കുകയും ചെയ്യുന്നു.—ഇപ്പോൾ 162 ഭാഷകളിൽ ലഭ്യമാണ്.
എന്റെ ബൈബിൾ കഥാപുസ്‌തകം
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത, മനോഹരമായ ചിത്രങ്ങളുള്ള ഈ പുസ്‌തകം 116 അധ്യായങ്ങളിലൂടെ വ്യത്യസ്‌ത ആളുകളെയും സംഭവങ്ങളെയും കുറിച്ചു ചർച്ചചെയ്യുന്നു—എല്ലാം കാലാനുക്രമത്തിൽ.—194 ഭാഷകളിൽ ലഭ്യമാണ്.
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
നാണയങ്ങൾ: Generously Donated by Company for Reconstruction & Development of Jewish Quarter, Jerusalem Old City
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Society for Exploration of Land of Israel and its Antiquities
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
3: Musée du Louvre, Paris; 4: Photograph taken by courtesy of the British Museum; 5: Gabi Laron/Institute of Archaeology/Hebrew University © Eilat Mazar
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
6: AP Photo/Keith Srakocic; 7, 8: Photograph taken by courtesy of the British Museum
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Photograph taken by courtesy of the British Museum