സത്യവും മിഥ്യയും
സത്യവും മിഥ്യയും
‘അന്യഥാ ഉപദേശങ്ങൾക്കും’ ‘കെട്ടുകഥകൾക്കും,’ അഥവാ മിഥ്യകൾക്കും ശ്രദ്ധ നൽകരുതെന്ന് ക്രിസ്തീയ മേൽവിചാരകനായ തിമൊഥെയൊസ് സത്യദൈവത്തെ ആരാധിക്കാൻ ആഗ്രഹിച്ചിരുന്നവരെ ബുദ്ധിയുപദേശിക്കുകയുണ്ടായി. (1 തിമൊഥെയൊസ് 1:3, 4) അത്തരമൊരു മുന്നറിയിപ്പിന്റെ ആവശ്യം ഇന്നുണ്ടോ? ഉണ്ട്. കാരണം ബൈബിളിനെയും അതിന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള അബദ്ധധാരണകൾ സത്യാരാധനയിൽനിന്ന് ആളുകളെ അകറ്റിയിരിക്കുന്നു. പൊതുവേയുള്ള അത്തരം ചില തെറ്റിദ്ധാരണകളാണ് താഴെ കൊടുത്തിരിക്കുന്നത്. ബൈബിളിന്റെ പ്രസ്താവനകൾക്ക് സൂക്ഷ്മശ്രദ്ധ നൽകുക. സത്യത്തെ മിഥ്യയിൽനിന്നു വേർതിരിച്ചെടുക്കാൻ അവ നിങ്ങളെ സഹായിക്കും.
▪ മിഥ്യ: ബൈബിളിലെ അത്ഭുതങ്ങൾ അസംഭവ്യമാണ്.
സത്യം: ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് മനുഷ്യൻ ഇനിയും ഒരുപാടൊരുപാടു മനസ്സിലാക്കാനുണ്ട്. ഗുരുത്വാകർഷണത്തെ സമഗ്രമായി വിശദീകരിക്കാനോ ഒരു ആറ്റത്തിന്റെ എല്ലാ ഘടകങ്ങളെയും കൃത്യമായി നിർവചിക്കാനോ സമയത്തിന്റെ യഥാർഥ സ്വഭാവം വിശദമാക്കാനോ ഒരു ശാസ്ത്രജ്ഞനും കഴിഞ്ഞിട്ടില്ല. “ദൈവത്തിന്റെ അഗാധത്ത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?” (ഇയ്യോബ് 11:7) സൃഷ്ടിയെ പൂർണമായി ഗ്രഹിക്കാൻ സാധിക്കുന്നില്ല എന്ന കാരണത്താൽ എന്തെങ്കിലും അസംഭവ്യമാണെന്നു പറയുന്നതിനുമുമ്പേ ശാസ്ത്രപ്രതിഭകൾ പലവട്ടം ചിന്തിക്കുന്നു.
▪ മിഥ്യ: എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്നു.
സത്യം: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 8:31, 32) എല്ലാ മതങ്ങളും ദൈവത്തിലേക്കാണ് നയിക്കുന്നതെങ്കിൽ അവയിലെ അംഗങ്ങൾ സ്വതന്ത്രരാക്കപ്പെടേണ്ട ആവശ്യമുണ്ടോ? വാസ്തവത്തിൽ, ‘ജീവനിലേക്കു പോകുന്ന വഴിയിൽ’ താരതമ്യേന കുറച്ചുപേർ മാത്രമേ കാണുകയുള്ളൂ എന്നാണ് യേശു പഠിപ്പിച്ചത്.—മത്തായി 7:13, 14.
▪ മിഥ്യ: എല്ലാ നല്ല ആളുകളും മരണാനന്തരം സ്വർഗത്തിൽ പോകുന്നു.
സത്യം: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.” (സങ്കീർത്തനം 37:11, 29, 34) വിശ്വസ്തരായ 1,44,000 പേർ മാത്രമേ സ്വർഗത്തിൽ പോകുകയുള്ളൂ. രാജാക്കന്മാരെന്ന നിലയിൽ ‘ഭൂമിയുടെമേൽ ഭരണം നടത്തുക’ എന്ന ദൈവദത്ത നിയമനമാണ് അവർക്കുള്ളത്.—വെളിപ്പാടു 5:9, 10, പി.ഒ.സി. ബൈബിൾ; വെളിപ്പാടു 14:1, 4.
▪ മിഥ്യ: “പഴയ നിയമം” ക്രിസ്ത്യാനികൾക്ക് പ്രയോജനമുള്ളതല്ല.
സത്യം: ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുള്ളതും ആകുന്നു.’ (2 തിമൊഥെയൊസ് 3:16, 17) “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) ആത്മീയ പ്രബോധനത്തിന്റെ ഒരു മുഖ്യ സ്രോതസ്സാണ് “പഴയ നിയമം” എന്നറിയപ്പെടുന്ന എബ്രായ തിരുവെഴുത്തുകൾ. ഒപ്പം, “പുതിയ നിയമം” എന്നറിയപ്പെടുന്ന ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ വിശ്വാസമർപ്പിക്കാനുള്ള അടിസ്ഥാനവും അതു പ്രദാനം ചെയ്യുന്നു.
▪ മിഥ്യ: ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള വിവരണം ഉൾപ്പെടെ ഉല്പത്തി പുസ്തകത്തിൽ അധികപങ്കും സാങ്കൽപ്പിക കഥകളാണ്.
സത്യം: ആദാംവരെ ചെന്നെത്തുന്ന യേശുവിന്റെ വംശാവലി സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊസ് 3:23-38) ഉല്പത്തി പുസ്തകം കെട്ടുകഥയാണെങ്കിൽ, ആ വംശാവലിയിൽ യഥാർഥ പേരുകൾ അവസാനിച്ച് സാങ്കൽപ്പികമെന്നു പറയുന്ന പേരുകൾ തുടങ്ങുന്നത് എവിടംമുതലാണ്? ഭൂമിയിൽ വരുന്നതിനുമുമ്പ് സ്വർഗത്തിലായിരുന്ന യേശു, ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള വിവരണം ഉൾപ്പെടെ ഉല്പത്തിയിൽ എഴുതിയിരുന്നതൊക്കെയും വിശ്വസിച്ചിരുന്നു. (മത്തായി 19:4-6) അതുകൊണ്ട്, ഉല്പത്തിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നത് യേശുവിന്റെയും അതുപോലെതന്നെ പല ബൈബിളെഴുത്തുകാരുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതിനു തുല്യമാണ്.—1 ദിനവൃത്താന്തം 1:1; 1 കൊരിന്ത്യർ 15:22; യൂദാ 14.