വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1. ചരിത്രപരമായ കൃത്യത

1. ചരിത്രപരമായ കൃത്യത

ബൈബിൾ വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ

1. ചരിത്രപരമായ കൃത്യത

വസ്‌തുനിഷ്‌ഠമല്ലാത്ത വിവരങ്ങൾ അടങ്ങിയ ഒരു പുസ്‌തകത്തെ ആശ്രയിക്കാൻ ബുദ്ധിമുട്ടാണ്‌. രണ്ടാം ലോകമഹായുദ്ധം നടന്നത്‌ 1800-കളിലാണെന്നോ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ്‌ രാജാവാണെന്നോ പറയുന്ന ഒരു ആധുനിക ചരിത്രപുസ്‌തകം വായിക്കുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക. അത്തരം വിശദാംശങ്ങൾ പുസ്‌തകത്തിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുകയില്ലേ?

ബൈബിളിന്റെ ചരിത്രപരമായ കൃത്യതയെ വസ്‌തുനിഷ്‌ഠമായി ചോദ്യം ചെയ്യാൻ ഇന്നോളം ആർക്കും സാധിച്ചിട്ടില്ല. അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കൽപ്പികമല്ല; തീർത്തും യഥാർഥമാണ്‌.

കഥാപാത്രങ്ങൾ. യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചുകൊടുത്ത യഹൂദ്യയിലെ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അസ്‌തിത്വത്തെ നിരൂപകർ ചോദ്യം ചെയ്‌തിട്ടുണ്ട്‌. (മത്തായി 27:1-26) പീലാത്തൊസ്‌ യഹൂദ്യയുടെ ഭരണാധികാരിയായിരുന്നു എന്നു തെളിയിക്കുന്ന ഒരു ശിലാഫലകം [1] 1961-ൽ മെഡിറ്ററേനിയൻ തുറമുഖനഗരമായ കൈസര്യയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്‌.

യിസ്രായേലിന്റെ രാജാവായിത്തീർന്ന ദാവീദ്‌ എന്ന ധീരനായ ഇടയബാലനെക്കുറിച്ചുള്ള ചരിത്ര വസ്‌തുതകളൊന്നുംതന്നെ 1993 വരെ ലഭ്യമല്ലായിരുന്നു. ആ വർഷം പക്ഷേ പുരാവസ്‌തുഗവേഷകർ വടക്കൻ യിസ്രായേലിൽ പൊതുയുഗത്തിനുമുമ്പ്‌ 9-ാം നൂറ്റാണ്ടിലെ ഒരു കൃഷ്‌ണശില (basalt stone) [2] കണ്ടെടുക്കുകയുണ്ടായി. “ദാവീദിന്റെ ഗൃഹം,” “യിസ്രായേൽ രാജാവ്‌” എന്നിങ്ങനെ അതിൽ ആലേഖനം ചെയ്‌തിരുന്നുവെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

സംഭവങ്ങൾ. ദാവീദിന്റെ കാലത്ത്‌ ഏദോമ്യർ യിസ്രായേല്യരുമായി യുദ്ധം ചെയ്‌തതു സംബന്ധിച്ച ബൈബിൾവിവരണത്തെ അടുത്തകാലംവരെ അനേകം പണ്ഡിതന്മാർ സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചിരുന്നത്‌. (2 ശമൂവേൽ 8:13, 14) അന്ന്‌ ഏദോം ഒരു എളിയ ഇടയസമൂഹമായിരുന്നെന്നും അതിനു വളരെക്കാലത്തിനു ശേഷമാണ്‌ അവർ യിസ്രായേലിനെ എതിർക്കാൻ തക്കവിധം സജ്ജരോ ശക്തരോ ആയിത്തീർന്നതെന്നും ആയിരുന്നു അവരുടെ വാദം. എന്നിരുന്നാലും, “ബൈബിൾ പറയുന്നതുപോലെ ഏദോം [മുമ്പു വിചാരിച്ചതിനെക്കാൾ] വളരെ പണ്ടുതന്നേ വലിയൊരു സമൂഹമായിരുന്നു” എന്ന്‌ അടുത്തകാലത്തായി നടത്തിയ ഖനനങ്ങൾ സൂചിപ്പിക്കുന്നതായി ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ എന്ന പത്രികയിൽ വന്ന ഒരു ലേഖനം പ്രസ്‌താവിക്കുന്നു.

പദവിനാമങ്ങൾ. ബൈബിൾ എഴുതപ്പെട്ടുകൊണ്ടിരുന്ന 16-ാം നൂറ്റാണ്ടിൽ ലോകരംഗത്ത്‌ ധാരാളം ഭരണാധികാരികൾ ഉണ്ടായിരുന്നു. ഒരു ഭരണാധികാരിയെക്കുറിച്ചു പറയുമ്പോൾ ബൈബിൾ എല്ലായ്‌പോഴും കൃത്യമായ പദവിനാമം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌, ഹെരോദാവ്‌ അന്തിപ്പാസിനെ “ഇടപ്രഭു”വെന്നും ഗല്ലിയോനെ “ദേശാധിപതി”യെന്നും പരാമർശിക്കുന്നു. (ലൂക്കൊസ്‌ 3:1; പ്രവൃത്തികൾ 18:12) “[യൂഫ്രട്ടീസ്‌] നദിക്കു ഇക്കരെ” പേർഷ്യൻ പ്രദേശത്തെ ദേശാധിപതിയായ തത്‌നായിയെക്കുറിച്ച്‌ എസ്രാ 5:6 പരാമർശിക്കുന്നുണ്ട്‌. പൊതുയുഗത്തിനുമുമ്പ്‌ നാലാം നൂറ്റാണ്ടിൽ പുറത്തിറക്കിയ ഒരു നാണയത്തിൽ സമാനമായ വിവരണം കാണാനാകും; അത്‌ പാർസി ദേശാധിപതി മാസാവുസിനെ “നദിക്കു ഇക്കരെ”യുള്ള ദേശത്തിന്റെ ഭരണാധിപനായി ചിത്രീകരിക്കുന്നു.

ചെറിയ വിശദാംശങ്ങളോടുള്ള ബന്ധത്തിൽപ്പോലും കൃത്യത വളരെ പ്രാധാന്യമുള്ള ഒരു സംഗതിയാണ്‌. നിസ്സാരമായ വിശദാംശങ്ങളിൽ ബൈബിളെഴുത്തുകാരെ വിശ്വസിക്കാൻ നമുക്കു സാധിക്കുന്നെങ്കിൽ അവർ എഴുതിയിരിക്കുന്ന മറ്റു സംഗതികളിലുള്ള നമ്മുടെ വിശ്വാസത്തെ അതു ശക്തമാക്കേണ്ടതല്ലേ?

[5-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

1: Photograph © Israel Museum, Jerusalem; courtesy of Israel Antiquities Authority; 2: HUC, Tel Dan Excavations; photo: Zeev Radovan