വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അശ്ലീലത്തിന്റെ കെണി എങ്ങനെ ഒഴിവാക്കാം?

അശ്ലീലത്തിന്റെ കെണി എങ്ങനെ ഒഴിവാക്കാം?

യുവജനങ്ങൾ ചോദിക്കുന്നു . . .

അശ്ലീലത്തിന്റെ കെണി എങ്ങനെ ഒഴിവാക്കാം?

“വ്യക്തിപരമായ സാധനങ്ങൾ സൂക്ഷിക്കാൻ സ്‌കൂളിൽ ഞങ്ങൾക്കോരോരുത്തർക്കും ഓരോ ലോക്കറുണ്ട്‌. ഒരു കുട്ടിയുടെ ലോക്കർഡോറിന്റെ ഉൾവശത്ത്‌ ഒരു പെൺകുട്ടിയുടെ നഗ്നചിത്രം പതിപ്പിച്ചിരിക്കുന്നു. എന്റേതിനു തൊട്ടടുത്താണ്‌ അവന്റെ ലോക്കർ.”—റോബർട്ട്‌. *

“സ്‌കൂൾ റിപ്പോർട്ടു തയ്യാറാക്കുന്നതിനായി ഞാൻ ഇന്റർനെറ്റ്‌ ഉപയോഗിക്കുകയായിരുന്നു. പെട്ടെന്നാണ്‌ ഒരു അശ്ലീല വെബ്‌സൈറ്റ്‌ സ്‌ക്രീനിൽ തെളിഞ്ഞത്‌.”—അനിത.

നിങ്ങളുടെ മാതാപിതാക്കളുടെ ചെറുപ്പത്തിൽ അശ്ലീലം ഇത്ര വ്യാപകമായിരുന്നില്ല. ഇന്നാണെങ്കിലോ അതു നിങ്ങളെ തേടിയെത്തുകയാണ്‌. മേൽപ്പരാമർശിച്ച റോബർട്ടിനെപ്പോലെ, സഹപാഠികൾ സൂക്ഷിക്കുന്ന അശ്ലീലചിത്രങ്ങളിൽ യാദൃച്ഛികമായി നിങ്ങളുടെ കണ്ണുകളുടക്കിയേക്കാം. അല്ലെങ്കിൽ അനിതയ്‌ക്കു സംഭവിച്ചതുപോലെ അപ്രതീക്ഷിതമായി ഇന്റർനെറ്റിൽ അതു കാണാനിടയായേക്കാം. 19 വയസ്സുള്ള ഒരു പെൺകുട്ടി പറയുന്നു: “ഇന്റർനെറ്റിൽ ബ്രൗസ്‌ ചെയ്യുകയോ ഷോപ്പിങ്‌ നടത്തുകയോ ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌ പരിശോധിക്കുകയോ ചെയ്യുമ്പോഴായിരിക്കും ഓർക്കാപ്പുറത്ത്‌ ഒരു അശ്ലീല സൈറ്റ്‌ പ്രത്യക്ഷപ്പെടുന്നത്‌!” *

ഇതത്ര അസാധാരണമല്ല. ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ—മിക്കപ്പോഴും സ്‌കൂൾ പ്രോജക്ടുകൾ തയാറാക്കിക്കൊണ്ടിരിക്കുമ്പോൾ—അവിചാരിതമായി അശ്ലീല സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നതായി 8-നും 16-നും ഇടയ്‌ക്കു പ്രായമുള്ള കുട്ടികളിൽ 90 ശതമാനം പറഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടി. ലൈംഗിക അതിപ്രസരമുള്ള കോടിക്കണക്കിനു വെബ്‌സൈറ്റുകൾ നിമിത്തം അശ്ലീലം ഇന്നു സർവവ്യാപി ആയിരിക്കുകയാണെന്നു പറയാം. സെൽഫോണുകളിൽപ്പോലും അതിന്നു ലഭ്യമാണ്‌. 16 വയസ്സുള്ള ഡെയ്‌സി പറയുന്നു: “എന്റെ സ്‌കൂളിൽ ഇതൊരു മഹാസംഭവമാണ്‌. ‘എന്തൊക്കെ പടങ്ങളാണ്‌ നിന്റെ സെല്ലിലേക്കു ഡൗൺലോഡ്‌ ചെയ്‌തത്‌’ എന്നതാണ്‌ തിങ്കളാഴ്‌ചകളിലെ പ്രധാന സംഭാഷണം.”

ഇത്രയധികം പേർ അശ്ലീലം വീക്ഷിക്കുന്ന സ്ഥിതിക്ക്‌ ‘അതത്ര ഹാനികരമാണോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അതേ എന്നാണ്‌ ഉത്തരം. അതിനു പല കാരണങ്ങളുണ്ട്‌. അവയിൽ മൂന്നെണ്ണം മാത്രം നമുക്കിപ്പോൾ പരിശോധിക്കാം:

അശ്ലീലം അതു നിർമിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും അധഃപതിപ്പിക്കുന്നു.—1 തെസ്സലൊനീക്യർ 4:3-5.

അശ്ലീലത്തിലുള്ള താത്‌പര്യം നോഹയുടെ നാളിലെ ദുഷ്ടാത്മാക്കളുടെ രതിപ്രിയത്തിന്റെ അനുകരണമാണ്‌.—ഉല്‌പത്തി 6:2; യൂദാ 6, 7.

അശ്ലീലാസ്വാദനം മിക്കപ്പോഴും ലൈംഗിക അധാർമികതയിലേക്കുള്ള ചവിട്ടുപടിയാണ്‌.—യാക്കോബ്‌ 1:14, 15.

അശ്ലീലത്തിന്‌ അടിമപ്പെട്ടവരുടെമേൽ അതു വിനാശകമായ സ്വാധീനം ചെലുത്തുന്നു. രണ്ടുദാഹരണങ്ങൾ പരിചിന്തിക്കുക:

“നന്നേ ചെറുപ്പത്തിൽ തുടങ്ങിയതാണ്‌ അശ്ലീലവുമായുള്ള എന്റെ ബന്ധം. അതു പൊട്ടിച്ചെറിയുക അത്യന്തം ദുഷ്‌കരമായിരുന്നു. വർഷങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നെങ്കിലും ആ ചിത്രങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. അതിന്റെ ഓർമകൾ ഇന്നും മനസ്സാക്ഷിയെ വേട്ടയാടുന്നു. അശ്ലീലം ആത്മാഭിമാനത്തെ നശിപ്പിക്കുകയും നമ്മൾ വൃത്തികെട്ടവരും വിലകെട്ടവരുമാണെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നു.”—എൽസി.

“10 വർഷം ഞാൻ അശ്ലീലത്തിന്‌ അടിമയായിരുന്നു, അതുപേക്ഷിച്ചിട്ട്‌ ഇപ്പോൾ 14 വർഷമായി. പക്ഷേ ഇന്നും അതിനെതിരെ നിരന്തരം പോരാടുകയാണ്‌. അത്ര ശക്തമല്ലെങ്കിലും ആ ആഗ്രഹം ഇപ്പോഴും എന്നോടൊപ്പമുണ്ട്‌. ജിജ്ഞാസ ഇനിയും കെട്ടടങ്ങിയിട്ടില്ല. പഴയ ചിത്രങ്ങൾ വീണ്ടും തെളിഞ്ഞുവരുന്നു. അശ്ലീലത്തിന്റെ കരാളഹസ്‌തങ്ങളിൽ പെടാതിരുന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. ആദ്യമൊക്കെ അതു തികച്ചും നിരുപദ്രവകരമായിട്ടാണു തോന്നിയത്‌. എന്നാൽ അതങ്ങനെയല്ലെന്ന്‌ ഇപ്പോൾ എനിക്കറിയാം. അശ്ലീലം ഹാനികരവും വികടവുമാണ്‌, ഉൾപ്പെടുന്നവരെയെല്ലാം അത്‌ അധഃപതിപ്പിക്കുന്നു. അശ്ലീലത്തിന്റെ വക്താക്കൾ എന്തുതന്നെ അവകാശപ്പെട്ടാലും അതു നമുക്കു യാതൊരു ഗുണവും ചെയ്യുന്നില്ല, ചെയ്യുകയുമില്ല.”—ജെയ്‌മി.

സാഹചര്യം വിലയിരുത്തുക

അവിചാരിതമായിപ്പോലും അശ്ലീലം കാണുന്നത്‌ എങ്ങനെ ഒഴിവാക്കാനാകും? സാഹചര്യം വിശകലനം ചെയ്യുക എന്നതാണ്‌ ആദ്യപടി.

എത്ര കൂടെക്കൂടെ നിങ്ങൾ അശ്ലീലം കാണാനിടയാകുന്നു?

❑ ഒരിക്കലുമില്ല

❑ വല്ലപ്പോഴും

❑ വാരന്തോറും

❑ ദിവസേന

എപ്പോഴാണ്‌ അതു സംഭവിക്കാറുള്ളത്‌?

❑ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ

❑ സ്‌കൂളിൽവെച്ച്‌

❑ ടിവി-യിൽ

❑ മറ്റു സന്ദർഭങ്ങളിൽ

അതിനൊരു പൊതുസ്വഭാവമുണ്ടോ?

ഉദാഹരണത്തിന്‌:

നിങ്ങളുടെ ചില സഹപാഠികൾ, ഇ-മെയിലിലൂടെയോ സെൽഫോണിലൂടെയോ അശ്ലീലഫയലുകൾ അയച്ചുതരാനുള്ള സാധ്യതയുണ്ടോ? അതറിഞ്ഞിരിക്കുന്നത്‌, തുറക്കാതെതന്നെ അവ ഡിലീറ്റു ചെയ്യാൻ നിങ്ങളെ സഹായിക്കും.

ചില പദങ്ങൾ ഉപയോഗിച്ച്‌ ഓൺലൈൻ സെർച്ച്‌ ചെയ്യുമ്പോൾ പോപ്‌-അപ്പ്‌ ലിങ്കുകൾ പ്രത്യക്ഷപ്പെടാറുണ്ടോ? ഇതു തിരിച്ചറിയുന്നത്‌, ഏറെ കൃത്യമായ പദങ്ങൾ അതിനായി ഉപയോഗിക്കാൻ നിങ്ങളെ ജാഗരൂകരാക്കും.

അശ്ലീലം കാണാനിടയായിട്ടുണ്ടെങ്കിൽ അതിലേക്കു നയിച്ച സാഹചര്യങ്ങൾ താഴെയെഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

മേൽപ്പറഞ്ഞതിന്റെ വീക്ഷണത്തിൽ, യാദൃച്ഛികമായി അശ്ലീലം കാണാനിടയാകുന്ന അവസരങ്ങൾ കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? (നിങ്ങളുടെ അഭിപ്രായമെഴുതുക.)

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

അശ്ലീലം കാണാനിടയാകുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?

❑ ക്ഷണത്തിൽ അത്‌ ഒഴിവാക്കുന്നു.

❑ ജിജ്ഞാസമൂലം അൽപ്പനേരം വീക്ഷിക്കുന്നു.

❑ നോക്കിക്കൊണ്ടിരിക്കുകയും കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്യുന്നു.

രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസ്‌താവനയാണു നിങ്ങൾ മാർക്കുചെയ്‌തതെങ്കിൽ ഇതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

അശ്ലീലാസക്തിയിൽനിന്നു മോചനം

അറിയാതെ അശ്ലീലം കാണാനിടയാകുന്നവർ അതിൽ ജിജ്ഞാസുക്കളായിത്തീരുകയും ക്രമേണ അതിന്റെ അടിമകളാകുകയും ചെയ്യുന്നു. ഈ സ്വഭാവം ഉപേക്ഷിക്കുക എളുപ്പമല്ല. മേലുദ്ധരിച്ച ജെയ്‌മി പറയുന്നു: “ബൈബിൾ പഠിക്കുന്നതിനുമുമ്പ്‌ കുപ്രസിദ്ധമായ എല്ലാ മയക്കുമരുന്നുകളും ഞാൻ ധാരാളമായി ഉപയോഗിക്കുമായിരുന്നു. എന്നാൽ എനിക്കുണ്ടായിരുന്ന എല്ലാ ദുശ്ശീലങ്ങളിലുംവെച്ച്‌ ഉപേക്ഷിക്കാൻ ഏറ്റവും പ്രയാസം അശ്ലീലാസ്വാദനമായിരുന്നു.”

നിങ്ങൾ അശ്ലീലത്തിന്റെ കെണിയിൽ വീണിരിക്കുന്നെങ്കിൽ നിരാശപ്പെടേണ്ടതില്ല. സഹായം ലഭ്യമാണ്‌. എങ്ങനെ?

അശ്ലീലത്തിന്റെ തനിനിറം മനസ്സിലാക്കുക. നിസ്സംശയമായും, ആദരണീയമായ ഒരു ഉദ്ദേശ്യത്തോടെ യഹോവ ഏർപ്പെടുത്തിയ ഒരു ക്രമീകരണത്തെ നിന്ദ്യമാക്കാനുള്ള സാത്താന്റെ ശ്രമമാണ്‌ ഇത്‌. അശ്ലീലത്തെ ഈ വീക്ഷണകോണിലൂടെ കാണുന്നത്‌ ‘ദോഷത്തെ വെറുക്കാൻ’ നിങ്ങളെ സഹായിക്കും.—സങ്കീർത്തനം 97:10.

ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുക. അശ്ലീലം വിവാഹബന്ധങ്ങൾ തകർക്കുന്നു, സ്‌ത്രീകളെയും പുരുഷന്മാരെയും വിലകുറച്ചുകാണിക്കുന്നു, ആളുകളെ അധഃപതിപ്പിക്കുന്നു. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന്‌ ബൈബിൾ പറയുന്നതിനു നല്ല കാരണമുണ്ട്‌. (സദൃശവാക്യങ്ങൾ 22:3) അശ്ലീലം വീക്ഷിക്കുന്നതു ശീലമായാലുണ്ടായേക്കാവുന്ന ഒരു ഭവിഷ്യത്ത്‌ എന്തായിരിക്കുമെന്ന്‌ താഴെയെഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ഒരു ഉടമ്പടി ഉണ്ടാക്കുക. വിശ്വസ്‌തനായിരുന്ന ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “എന്റെ കണ്ണുകളുമായി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു; പിന്നെ എങ്ങനെ ഞാൻ ഒരു കന്യകയിൽ കണ്ണുവയ്‌ക്കും?” (ഇയ്യോബ്‌ 31:1, ഓശാന ബൈബിൾ) നിങ്ങൾക്കു നിങ്ങളുമായിത്തന്നെ ചെയ്യാവുന്ന ചില ‘ഉടമ്പടികളാണു’ താഴെക്കൊടുത്തിരിക്കുന്നത്‌:

❑ മുറിയിൽ ഒറ്റയ്‌ക്കായിരിക്കുമ്പോൾ ഞാൻ ഇന്റർനെറ്റ്‌ ഉപയോഗിക്കില്ല.

❑ ലൈംഗികതയോടു ബന്ധപ്പെട്ട പോപ്‌-അപ്പ്‌ ലിങ്കുകളും സൈറ്റുകളും ഞാൻ ക്ഷണത്തിൽ തള്ളിക്കളയും.

❑ വീണ്ടും അതിന്റെ കെണിയിൽ വീണാൽ പക്വതയുള്ള ഒരാളുമായി അക്കാര്യം ഞാൻ സംസാരിക്കും.

അശ്ലീലത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ഒന്നോ രണ്ടോ മറ്റു തീരുമാനങ്ങളെക്കുറിച്ചു ചിന്തിക്കാനാകുമോ? അവ താഴെയെഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

പ്രാർഥിക്കുക. “വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ” തിരിക്കേണമേയെന്നു സങ്കീർത്തനക്കാരൻ യഹോവയോടു പ്രാർഥിച്ചു. (സങ്കീർത്തനം 119:37) ആകർഷകമായ കാര്യങ്ങൾ വേണ്ടെന്നുവെക്കുന്നത്‌ പാപപൂർണമായ ജഡത്തിനു പ്രയാസമായിരുന്നേക്കാം. എന്നാൽ നിങ്ങൾ വിജയിക്കാൻ യഹോവയാം ദൈവം ആഗ്രഹിക്കുന്നു, ശരിയായതു ചെയ്യാൻ കഴിയേണ്ടതിനു നിങ്ങൾക്ക്‌ “അത്യന്തശക്തി” പ്രദാനംചെയ്യാനും അവനു കഴിയും!—2 കൊരിന്ത്യർ 4:7.

ആശ്രയിക്കാവുന്ന ഒരാളോടു സംസാരിക്കുക. അതു നിങ്ങൾക്ക്‌ ഒരുപക്ഷേ നാണക്കേടായി തോന്നിയേക്കാം. എന്നാൽ മനസ്സിന്റെ ഭാരം ഇറക്കിവെക്കുമ്പോഴുള്ള ആശ്വാസത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ ആശ്രയിക്കുന്ന വ്യക്തിയെ, ‘അനർഥകാലത്തു നിങ്ങളുടെ സഹായത്തിനായി ജനിച്ച ഒരു സഹോദരനെപ്പോലെ’ വീക്ഷിക്കാവുന്നതാണ്‌. (സദൃശവാക്യങ്ങൾ 17:17, NW) ആ സ്വഭാവം ഉപേക്ഷിക്കാൻ ഒരു വിശ്വസ്‌ത വ്യക്തിയുടെ പിന്തുണ നിശ്ചയമായും നിങ്ങളെ സഹായിക്കും.

അശ്ലീലം വീക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അക്കാര്യം സംബന്ധിച്ചു സംസാരിക്കാൻ, പക്വതയുള്ളതും നിങ്ങൾക്ക്‌ ആശ്രയിക്കാനാകുന്നതുമായ ഒരു വ്യക്തിയുടെ പേരെഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

അശ്ലീലത്തിനെതിരായ പോരാട്ടത്തിൽ നിശ്ചയമായും നിങ്ങൾക്കു വിജയിക്കാനാകും. അതു തള്ളിക്കളയുന്ന ഓരോ അവസരത്തിലും നിങ്ങൾ വിജയത്തിന്റെ ഓരോ പടി കയറുകയാണ്‌. അക്കാര്യം യഹോവയെ അറിയിക്കുകയും ശക്തി നൽകിയതിനായി അവനോടു നന്ദിപറയുകയും ചെയ്യുക. അശ്ലീലത്തിന്റെ കെണി ഒഴിവാക്കുന്നതിലൂടെ നിങ്ങൾ യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കുകയാണെന്ന്‌ എപ്പോഴും ഓർക്കുക!—സദൃശവാക്യങ്ങൾ 27:11.

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ ആദരണീയമായ ഒരു ക്രമീകരണത്തെ അശ്ലീലം അധഃപതിപ്പിക്കുന്നതെങ്ങനെ?

▪ അശ്ലീലത്തെ ചെറുക്കാൻ പ്രായോഗികമായ എന്തു നടപടികൾ നിങ്ങളെ സഹായിക്കും?

▪ അശ്ലീലാസക്തിയുമായി മല്ലിടുന്ന ഒരു കൂടപ്പിറപ്പിനെ നിങ്ങൾക്കെങ്ങനെ സഹായിക്കാം?

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 5 നിരീക്ഷകനെയോ വായനക്കാരനെയോ ശ്രോതാവിനെയോ ലൈംഗികമായി ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ചിത്രങ്ങളെയോ വിവരണങ്ങളെയോ ആണ്‌ അശ്ലീലം എന്ന പദം അർഥമാക്കുന്നത്‌.

[12, 13 പേജുകളിലെ ചിത്രം]

നിങ്ങളുടെ ചില സഹപാഠികൾ സെൽഫോണിലൂടെ അശ്ലീല വിവരങ്ങൾ കൈമാറാൻ സാധ്യതയുണ്ടോ?