ബൈക്കോൾ ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകം
ബൈക്കോൾ ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകം
റഷ്യയിലെ ഉണരുക! ലേഖകൻ
ദക്ഷിണ സൈബീരിയ എന്ന് ഇന്നറിയപ്പെടുന്ന വിദൂരദേശത്തെ മംഗോളിയൻ വംശജർ, ഈ തടാകത്തെ എന്നും അത്ഭുതത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. വലുപ്പത്തിൽ ഇതിനെ വെല്ലുന്ന മറ്റു തടാകങ്ങളുണ്ടെങ്കിലും ലോകത്തെ ഏറ്റവും ആഴമേറിയ ശുദ്ധജലതടാകം ഇതാണ്; ഏറ്റവുമധികം വെള്ളമുള്ളതും ഇതിൽത്തന്നെ. കാലപ്രവാഹത്തിൽ ഒലിച്ചു പോകാതെ നിൽക്കുന്ന ഇതിന്റെ ഒരു പേരാണ് ബൈക്കോൾ. “സമ്പന്നമായ തടാകം” അഥവാ “കടൽ” എന്നാണ് ഇതിനർഥം എന്നു കരുതപ്പെടുന്നു. തടാകത്തിന്റെ “വലുപ്പവും ഭാവമാറ്റങ്ങളും” നിമിത്തമാകാം ഇതിനെക്കുറിച്ചു പറയുമ്പോൾ “കടലിൽ പോകുക”യാണെന്ന് നാവികർ പറയാറുണ്ട്.
ബൈക്കോൾ തടാകം റഷ്യക്കാരുടെ ഹൃദയരാഗമാണ്. “കുട്ടിക്കാലത്തേ എല്ലാവരും പഠിച്ചെടുക്കുന്ന സുന്ദര സംഗീതശകലം” എന്നാണ് മോസ്‌കോയിൽനിന്നുള്ള ഒരു ശാസ്‌ത്രജ്ഞ അതിനെ വിശേഷിപ്പിച്ചത്. ഇവിടത്തെ “സ്വരങ്ങൾ” അനേകമാണ് —ചേതോഹര തീരങ്ങൾ, സ്‌ഫടികംപോലുള്ള തെളിനീർ, മറ്റെങ്ങും കാണാനാവാത്ത ധാരാളം വിചിത്രജീവികൾ.
636 കിലോമീറ്റർ നീളവും ഏറ്റവും വീതികൂടിയ ഭാഗത്ത് 80 കിലോമീറ്ററുമുള്ള ബൈക്കോൾ തടാകം ശൂന്യാകാശത്തുനിന്നു നോക്കിയാൽ പാതിതുറന്ന നീല മിഴിയാണെന്നേ തോന്നൂ. ഭൂമിയിലെ ശുദ്ധജലത്തിൽ അഞ്ചിൽ ഒന്ന് ഇതിലാണ്; വടക്കേ അമേരിക്കയിലെ പഞ്ച മഹാതടാകങ്ങളിൽ ഉള്ളതിലും അധികം. ബൈക്കോൾ തടാകത്തിനു 1,600 മീറ്ററിൽ അധികം ആഴം വരും. ഇതിലെ വെള്ളമെങ്ങാനും പെട്ടെന്നു വറ്റിപ്പോയാൽ പിന്നെ ലോകത്തിലെ സകല നദികളിലും ഒരു വർഷം ഒഴുകുന്നത്ര വെള്ളം വേണ്ടിവരും അതൊന്നു നിറയാൻ!
വൻകരകളുടെ കൂട്ടിമുട്ടൽ
ഭൂവിജ്ഞാനികളുടെ സിദ്ധാന്തമനുസരിച്ച് ഭൂതകാലത്തെങ്ങോ വടക്കോട്ടു നീങ്ങിക്കൊണ്ടിരുന്ന ഒരു ഉപഭൂഖണ്ഡം ഏഷ്യയുമായി കൂട്ടിമുട്ടി. അതിന്റെ ആഘാതത്തിൽ ഭൗമാന്തർഭാഗത്തെ ശിലാപാളിയുടെ ഒരു ഭാഗം കടലാസുകണക്കെ ചുളുങ്ങി, ഭൂമിയുടെ ഉപരിതലത്തിലേക്കു തള്ളി ഹിമാലയൻ ഗിരിനിരകൾ രൂപംകൊണ്ടു. വൻകരകളുടെ കൂട്ടിമുട്ടലിൽനിന്നുള്ള പ്രകമ്പനങ്ങൾ സൈബീരിയയിലെ അനേകം വൻപിളർപ്പുകൾ വീണ്ടും പിളരാൻ ഇടയാക്കിയതായി അനേകർ വിശ്വസിക്കുന്നു. അത്തരത്തിലൊന്ന് ബൈക്കോൾ റിഫ്‌റ്റ് എന്നാണ് ഇന്നറിയപ്പെടുന്നത്. കാലം കടന്നുപോകവേ, സമീപത്തുള്ള മലനിരകളിൽനിന്ന് ഒലിച്ചെത്തിയ എക്കൽമൂലം ആ വിടവിന്റെ 7 കിലോമീറ്ററിലധികം നികന്നുപോയി. പിന്നീട് അതിന്റെ വക്കോളം വെള്ളം നിറഞ്ഞ് ബൈക്കോൾ തടാകമായി. ഇപ്പോൾ ഏതാണ്ട് 300-ലധികം നദികളും അരുവികളും ഇതിലേക്ക് ഒഴുകിയെത്തുന്നു. പുറത്തേക്കൊഴുകുന്നത് അൻഗാറാ നദി മാത്രം.
ലോകത്തെ മറ്റനേകം പുരാതന തടാകങ്ങൾക്കു സംഭവിച്ചതുപോലെ ബൈക്കോൾ തടാകം എക്കൽ അടിഞ്ഞു നിറയുകയോ ചേറുനിലമായിത്തീരുകയോ ചെയ്‌തില്ല. തടാകത്തിനടിയിലുള്ള ഭൂഫലകങ്ങൾ ഇപ്പോഴും നീങ്ങി പിളർപ്പു വലുതാകുന്നതാവാം ഇതിനു കാരണം എന്നു ശാസ്‌ത്രജ്ഞർ കരുതുന്നു. അതുകൊണ്ട് ക്രമേണ നിറയുന്നതിനു പകരം അതിന്റെ ആഴം
ഓരോ വർഷവും കൂടിക്കൂടി വരുകയാണ്! സജീവമായ ഈ ഭൂഫലകങ്ങൾ തടാകത്തിന്റെ അടിത്തട്ടിൽനിന്നു ഉഷ്‌ണജലം പ്രവഹിക്കാൻ ഇടയാക്കുന്നു.ഉള്ളിലേക്കൊരു എത്തിനോട്ടം
ബൈക്കോൾ തടാകത്തിനു കുറുകെയുള്ള ബോട്ടുയാത്ര ചിലരുടെ നെഞ്ചിടിപ്പു കൂട്ടും. കാരണമെന്താണെന്നോ? താഴോട്ടു നോക്കിയാൽ വിസ്‌മയിപ്പിക്കുന്ന തെളിവെള്ളത്തിലൂടെ 50 മീറ്ററോളം കാണാം—വായുവിലൂടെ നോക്കുന്നതുപോലുള്ള ഒരു പ്രതീതി. എപ്പിശുറാ എന്നറിയപ്പെടുന്ന ചെറു കവചജീവികളുടെ കൂട്ടം മിക്ക തടാകങ്ങളുടെയും തെളിമ കളയുന്ന ആൽഗകളെയും ബാക്ടീരിയകളെയും തടാകത്തിൽനിന്നു അരിച്ചുമാറ്റുന്നു. ഇവരുടെ സഹായികളാണ് തടാകമാകെ ചുറ്റിനടന്ന് അഴുകിപ്പോകുന്ന ജൈവ മാലിന്യങ്ങളെല്ലാം അകത്താക്കുന്ന ചിറ്റകൊഞ്ചു വർഗക്കാർ. ഇതുകൊണ്ടെല്ലാം വെള്ളം വളരെ ശുദ്ധമാണ്. രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ്, ലബോറട്ടറിയിൽ പരിശോധിക്കാനായി എടുത്ത വെള്ളം ഗ്ലാസ്സ് കാരണം മലിനമായത്രേ!
ബൈക്കോൾ തടാകത്തിലെ വെള്ളം സുതാര്യതയ്‌ക്കു മാത്രമല്ല പ്രാണവായുവിന്റെ കാര്യത്തിലും പേരുകേട്ടതാണ്. ആഴമുള്ള ചില തടാകങ്ങളിൽ നിശ്ചിത ആഴത്തിനപ്പുറം പ്രാണവായു ഇല്ലാത്തതുകൊണ്ട് ജലജീവികളിൽ മിക്കതും ആഴം കുറഞ്ഞയിടത്തു വാസമുറപ്പിക്കുന്നു. ബൈക്കോൾ തടാകത്തിൽ പക്ഷേ, നെടുകെയും കുറുകെയുമുള്ള ജലപ്രവാഹം പ്രാണവായുവിനെ അങ്ങാഴങ്ങളിൽ കൊണ്ടെത്തിക്കുന്നതോടൊപ്പം ജലത്തിൽ നന്നായി കലർത്തുകയും ചെയ്യുന്നു. അതിനാൽ തടാകത്തിലെങ്ങും ജീവന്റെ തുടിപ്പുണ്ട്.
ഈ തണുത്ത, ശുദ്ധജലത്തിനടിയിൽ തഴച്ചുവളരുന്ന ഒരു വനംതന്നെയുണ്ട്. പവിഴപ്പുറ്റുകൾപോലെ ശാഖകളായി പിരിയുന്ന പച്ച നിറമുള്ള സ്‌പഞ്ചുകൾ ഒട്ടനവധി ജലജീവികൾക്കു സംരക്ഷണമേകുന്നു. ഉഷ്‌ണപ്രിയരായ അനേകം ജീവികൾ ചൂടുനീരുറവകളെ (hydrothermal vents) ചുറ്റിപ്പറ്റി നിൽക്കും. തടാകങ്ങളിൽ കാണുന്ന 2,000-ത്തിൽപ്പരം സസ്യവർഗത്തിൽ 1,500-ഉം ഇവിടെ മാത്രമാണുള്ളത്.
മുക്കുവന്മാരുടെ മുത്തായ സ്വാദേറിയ ഒമൽ എന്ന വെളുത്ത ആർട്ടിക് മീനിനു പ്രസിദ്ധമാണ് ബൈക്കോൾ തടാകം. പൊതുവെ മറ്റിടങ്ങളിൽ കണാത്തവയാണ് ഇവിടെയുള്ള മറ്റു ജീവികൾ; ചിലതു വിചിത്രവും. ഒരടിയോളം വളരുന്ന ഒരുതരം പരന്ന വിരയുണ്ടിവിടെ. മീനുകളാണ് അതിന്റെ ഇഷ്ടവിഭവം. മണൽത്തരികൾക്കിടയിൽ ഏകകോശ ജീവികൾ പോലുമുണ്ട്! ഗെളാമ്യാൻക എന്ന മീനിനും പ്രസിദ്ധമാണ് ഇവിടം. ബൈക്കോളിൽ മാത്രമുള്ള ഈ മീൻ ഒരുപക്ഷേ ഇവിടെ ഉള്ളതിൽവെച്ച് ഏറ്റവും വിചിത്രമാണ്.
മഴവില്ലൊളിയാർന്ന കുഞ്ഞു ഗെളാമ്യാൻകയുടെ ശരീരം സുതാര്യമാണ്. തടാകത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ഇത് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ജീവകം എ-കൊണ്ട് സമ്പുഷ്ടമായ കൊഴുപ്പാണ് ഇതിന്റെ ശരീരത്തിലെ മൂന്നിലൊരു ഭാഗം. 700 മുതൽ 1,600 വരെ അടി താഴ്‌ചയിലുള്ള മർദം ചെറുത്തുനിൽക്കുമെങ്കിലും സൂര്യപ്രകാശം തട്ടിയാൽ ശരീരം ഉരുകിപ്പോകും, ശേഷിക്കുന്നത് എല്ലും കൊഴുപ്പും മാത്രമായിരിക്കും. ഈ തടാകത്തിലെ സുപ്രസിദ്ധ അന്തേവാസിയായ നെർപയുടെ അഥവാ ബൈക്കോൾ സീലിന്റെ ഇഷ്ട വിഭവമാണ് ഈ മത്സ്യം. ലോകത്തിലെ ഏക ശുദ്ധജല സീലാണിത്.
ഋതുഭേദങ്ങൾ
വർഷത്തിലെ ഏതാണ്ട് അഞ്ച് മാസം ബൈക്കോൾ തടാകം ഹിമപാളികൾക്ക് അടിയിലായിരിക്കും. ജനുവരി അവസാനത്തോടെ ഏതാണ്ട് മൂന്നടിയോ അതിലധികമോ കനമുണ്ടാകും ഈ ഹിമാവരണത്തിന്. മൊസെയ്‌ക്കിലെ വരകൾക്കു സമാനമായ ഡിസൈനുള്ള ഇവ വെയിലത്തു ജാലകചില്ലുപോലെ വെട്ടിത്തിളങ്ങും. ഹിമപാളികൾക്കു മീതെ നടക്കുന്നവർക്കു തടാകത്തിന്റെ അടിയിലുള്ള പാറകൾ കാണാവുന്നതുകൊണ്ട് അതു വളരെ നേർത്തതാണെന്നു തോന്നാം. പക്ഷേ വാസ്‌തവമതല്ല. മഞ്ഞുപാളിക്ക് അപാരമായ ഉറപ്പുംബലവുമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ്, റഷ്യ-ജപ്പാൻ യുദ്ധം നടന്നുകൊണ്ടിരിക്കെ ശൈത്യകാലത്ത് റഷ്യൻ സേന ഈ ഹിമപാളികൾക്കു മീതെ റെയിൽപ്പാളം പണിത് 65 തീവണ്ടികൾ ഓടിച്ചുകൊണ്ടു പോയത്രേ!
ഏപ്രിൽ അവസാനം മുതൽ ജൂൺ വരെ കാതടപ്പിക്കുന്ന കിറുകിറാ ശബ്ദത്തോടെ ഹിമപാളികൾ പൊട്ടിപ്പിളരുന്നു. തടാകത്തിൽനിന്നുള്ള ഈ നിരന്തര ശബ്ദം നാട്ടുകാർക്ക് സുപരിചിതമായ, ഋതുഭേദങ്ങളുടെ ‘ഹിമഗീതമാണ്’. പ്രകൃതിശാസ്‌ത്രജ്ഞനായ ഗെറാൾഡ് ഡൂറൽ, “ഹിമപാളികൾ ചെറുകൈത്താളംപോലെ ചിലമ്പുന്നുവെന്നും ഒരു കൊട്ടനിറയെ പൂച്ചകുട്ടികളെപോലെ കുറുകുന്നുവെന്നും” എഴുതി. തണുപ്പു കുറഞ്ഞ് തുടങ്ങുമ്പോൾ കാറ്റും തിരകളും ഹിമശകലങ്ങളെ തിളങ്ങുന്ന കൂമ്പാരമായി തൂത്തുവാരി കരക്കെറിയുന്നു.
തടാകത്തിൽ വെള്ളം കണ്ടുതുടങ്ങുന്നതോടെ പക്ഷികളുടെ വരവായി. ഡിപ്പർ പോലുള്ള ചില ബൈക്കോൾ തടാക പക്ഷികൾ ശൈത്യകാലമത്രയും അൻഗാറാ നദിയുടെ പ്രഭവസ്ഥാനത്തു ചിലവഴിക്കുന്നു—തടാകത്തിന്റെ തണുത്തുറയാത്ത
ഏക ഭാഗം ഇതാണ്. ഇനിയിപ്പോൾ അവയ്‌ക്കു താറാവ്, വാത്ത, വൂപ്പർ അരയന്നം, കൊക്ക് എന്നിവപോലുള്ള മറ്റു നീർപക്ഷികളുമായി ഇടപഴകാം.ജൂണിൽ ഇവിടം സന്ദർശിക്കുന്നവർക്ക് പാറപ്പുറത്തു വിരിയുന്ന ഈച്ചയുടെ ലാർവകളെ തിന്നാനായി വെള്ളത്തിനരികിലൂടെ ഉലാത്തുന്ന കരടിക്കൂട്ടങ്ങളെ കാണാം. ചുറ്റുമുള്ള ഇരമ്പൽ വകവയ്‌ക്കാതെ അവ കീടങ്ങളെ നക്കിത്തിന്നുകയാണ്. തടാകക്കരയിലെ ഈ പരാക്രമം കണ്ട് അനേകം മൃഗങ്ങളും പക്ഷികളും ഈ സമയത്തു അവിടെ എത്തിച്ചേരുന്നു.
വസന്താരംഭത്തിലും വേനലിലും ഹ്രസ്വകാലത്തേക്കു തടാകത്തിൽ നിറയുന്ന ആൽഗകൾ വെള്ളത്തിന് ഇളം പച്ച നിറം ചാർത്തുന്നു. ഇവ ചെറു കവചജീവികൾക്ക് ആഹാരമാണ്. എന്നാൽ, കരയിൽനിന്നു നോക്കുമ്പോൾ വെള്ളത്തിന് പൊതുവെ ഇളംപച്ച കലർന്ന നീലനിറമാണ്. ആഴം കൂടുന്തോറും അത് സമുദ്രത്തിലേതുപോലെ കടും നീലനിറമാകുന്നു.
തടാകത്തീരത്ത് മണൽക്കുന്നുകളും ചെങ്കുത്തായ പാറക്കെട്ടുകളുമുണ്ട്. മനോഹരങ്ങളായ അനേകം ‘കടലിടുക്കുകളും’ മുനമ്പുകളും വിസ്‌മയക്കാഴ്‌ചകളൊരുക്കുന്നു. ഒരു എഴുത്തുകാരന്റെ വാക്കുകളിൽ പറഞ്ഞാൽ, “മാറിമറയുന്ന വർണങ്ങൾ ഉതിർക്കുന്ന ഒരു മുത്തുപോലെ”യാണ് അത്. അതേ, ജലപ്പരപ്പും ആകാശവിതാനവും ചേർന്ന് ഒളിഞ്ഞും തെളിഞ്ഞും സൃഷ്ടിക്കുന്ന ദൃശ്യവിസ്‌മയംതന്നെ.
മിക്കപ്പോഴും വർഷത്തിന്റെ മറുപാതിയിൽ തടാകം പ്രക്ഷുബ്ധമാകും. ചുഴലിക്കൊടുങ്കാറ്റു കണക്കെ ആഞ്ഞടിച്ചേക്കാവുന്ന കാറ്റുമായാണ് ശരത്‌കാലത്തിന്റെ വരവ്. ശാന്തമായ ഉപരിതലത്തെ 15 മുതൽ 20 വരെ അടി ഉയരമുള്ള, കലിതുള്ളുന്ന തിരമാലകളാക്കി മാറ്റാൻ അവയ്‌ക്കാകും. വർഷത്തിലെ മറ്റു സമയങ്ങളിൽപ്പോലും യാത്രാ കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും കാറ്റിൽ അകപ്പെട്ട് മുങ്ങിപ്പോയിട്ടുണ്ട്.
പ്രകൃതിഭംഗിയാൽ അനുഗൃഹീതം
സൈബീരിയയിലെ അതിശൈത്യം നിമിത്തം ബൈക്കോൾ തടാകം ഒരു തണുത്ത ഏകാന്ത ഭീമനാണെന്നു തോന്നിയേക്കാം. എന്നാൽ വാസ്‌തവത്തിൽ അതിനു ചുറ്റുമുള്ള പ്രദേശം അസംഖ്യം വന്യജീവികളുടെ കേളീരംഗവും പ്രകൃതിഭംഗിയാൽ അനുഗ്രഹീതവുമാണ്. തടാകത്തെ ചുറ്റിയുള്ള നാലു വൻ മലനിരകൾ റെയിൻഡിയറിന്റെയും വംശനാശ ഭീഷണി നേരിടുന്ന സൈബീരിയൻ മലയാടുകളുടെയും വിഹാരകേന്ദ്രമാണ്.
താഴ്‌ന്ന പ്രദേശങ്ങളിൽ പുൽമേടുകളുണ്ട്. അവിടെ കാണുന്ന കാട്ടുപൂക്കളുടെ അസാധാരണ വൈവിധ്യം നിമിത്തം അവയിൽ ചിലതിനെ സൈബീരിയയുടെ പൂമെത്ത എന്നു വിളിക്കാം. ഈ പുൽപ്പുറങ്ങളിൽ കണ്ടുവരുന്ന അപൂർവ പക്ഷികളിൽപ്പെട്ടവയാണ് ചന്തമുള്ള ഡെമോയിസെൽ കൊക്കും ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിയായ ബസ്റ്റാർഡും.
ബൈക്കോൾ തടാകത്തെക്കുറിച്ചു പറയുമ്പോൾ ചുറ്റുമുള്ള റ്റൈയ്‌ഗ എന്ന നിത്യഹരിത വനം ഒഴിവാക്കാനാവില്ല. ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഇരട്ടിയാണ് ഇതിന്റെ വലുപ്പം. ലോക പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ ആമസോൺ മഴക്കാടുകളെ പോലെതന്നെ റ്റൈയ്‌ഗയും ഒരു നിർണായക പങ്കുവഹിക്കുന്നു. ഇണയെ ആകർഷിക്കാനുള്ള അത്യുഗ്ര പ്രകടനങ്ങളും പാട്ടുമായി ക്യാപ്പർകെയിലി എന്ന ഒരുതരം ചതുപ്പുനില കോഴി ഉൾപ്പെടെ പലതരം പക്ഷികളുണ്ടിവിടെ. 17-ാം പേജിൽ കാണിച്ചിരിക്കുന്ന, അഴകുള്ള ബൈക്കോൾ നീർപ്പാത്തയും കൂടെക്കൂടെ ഇവിടം സന്ദർശിക്കുന്നു.
ബാർഗുസിൻ സേബ്‌ൾ എന്ന ഒരു സസ്‌തനിയെക്കുറിച്ചും ഇപ്പോൾ പറയാതെ വയ്യ. ശോഭയുള്ള രോമക്കുപ്പായത്തിനു വേണ്ടി നിഷ്‌കരുണം അമിതമായി വേട്ടയാടപ്പെട്ട സേബ്‌ൾ, പ്രകൃതിസംരക്ഷണവാദികളുടെ സഹായത്താൽ ഒരു തിരിച്ചുവരവു നടത്തുകയാണ്. ഈ മനോഹര ജീവിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1916-ൽ ബൈക്കോൾ തടാകതീരത്ത് ബാർഗുസിൻ പ്രകൃതിസംരക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഇപ്പോൾ തീരത്തോടു ചേർന്ന് മൂന്ന് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളും പൊതുജനത്തിനു പ്രവേശനമുള്ള മൂന്ന് നാഷണൽ പാർക്കുകളുമുണ്ട്.
സൃഷ്ടിയുടെ ആഴങ്ങളിലേക്ക്
പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രവുമാണ് ബൈക്കോൾ തടാകം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇതിന് സ്ഥാനമുണ്ട്. ഒരോ വർഷവും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഏതാണ്ട് 3,00,000-ത്തിലധികംപേർ ഇവിടം സന്ദർശിക്കുന്നു. “ബൈക്കോൾ പ്രകൃതി ശാസ്‌ത്രജ്ഞരുടെ പറുദീസയും പ്രശാന്തസുന്ദരമായ ഒരു അവധിക്കാല കേന്ദ്രവും ആണ്. സുന്ദരമായ തീരങ്ങൾ, ഉഗ്രൻ മലമ്പാതകൾ, പക്ഷിനിരീക്ഷണം, ബോട്ടിൽ ഉല്ലാസയാത്ര ഇവയെല്ലാം ഒത്തിണങ്ങുമ്പോൾ ബൈക്കോൾ ഏഷ്യയിലെ ഒരു മുഖ്യ ഉല്ലാസ കേന്ദ്രമായി മാറാനുള്ള സകല സാധ്യതയുമുണ്ട്,” ഒരു വെബ്‌സൈറ്റ് പറയുന്നു.
യഹോവയുടെ അത്യഗാധ ജ്ഞാനവും സൃഷ്ടി മാഹാത്മ്യവും വിചിന്തനം ചെയ്യാൻ യോജിച്ച സ്ഥലമാണ് ഈ തടാകം. ഇത്ര സമൃദ്ധമായി ജീവൻ നിലനിൽക്കുന്ന തനതായ പ്രത്യേകതകളോടുകൂടിയ വിസ്‌മയാവഹമായ ഈ തടാകം സൃഷ്ടിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു സാധിക്കും? ഇതിന്റെ കരയിൽ നിൽക്കുന്ന ഒരുവന്, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” എന്ന് ഉദ്‌ഘോഷിച്ച ബൈബിൾ എഴുത്തുകാരന്റെ വാക്കുകൾ ആവർത്തിക്കാനേ കഴിയൂ.—റോമർ 11:33.
[16, 17 പേജുകളിലെ ചതുരം/ചിത്രം]
ഒരേയൊരു ശുദ്ധജല സീൽ
ബൈക്കോൾ തടാകം നെർപ എന്നറിയപ്പെടുന്ന ബൈക്കോൾ സീലുകളുടെ ആവാസകേന്ദ്രമാണ്. അടിത്തട്ടിൽ കാണുന്ന മത്സ്യങ്ങളെ തിന്നാണ് അവ വർഷം മുഴുവനും ജീവിക്കുന്നത്. മറ്റെങ്ങുമില്ലാതെ സൈബീരിയയുടെ നടുക്കു മാത്രം ഇവ എങ്ങനെ എത്തിപ്പെട്ടുവെന്നതു സംബന്ധിച്ച് ആർക്കും ഒരു എത്തും പിടിയുമില്ല. ഇവരുടെ ഏറ്റവും അടുത്ത ബന്ധുവിനെ കാണാനാകുന്നത് 3,220 കിലോമീറ്റർ അകലെ അങ്ങ് ആർട്ടിക് സമുദ്രത്തിലാണ്.
നാലടി ആറ് ഇഞ്ചു വരെ വളരുന്ന ഇവയാണ് ലോകത്തിലെ ഏറ്റവും ചെറിയ സീൽ. അതിന്റെ പരന്ന മുഖത്ത് അടുത്തടുത്തായാണ് വലിയ രണ്ടു കണ്ണുകൾ. അവ കൂട്ടുകാരോടൊത്ത് ഉരുളൻ പാറകളിൽ വെയിൽകായുന്നത് ഒരു സ്ഥിരം കാഴ്‌ച്ചയാണ്—മറ്റു മിക്ക സീലുകളെയുംപോലെ കടിപിടിയും ഉന്തുംതള്ളും ഒന്നും ഇല്ലാതെ. വാസ്‌തവത്തിൽ സൗമ്യപ്രകൃതരായ ഈ ജീവികളായിരിക്കാം മനുഷ്യനുമായി ഏറ്റവും അധികം ഇണങ്ങുന്ന സീൽ.
ഒരു ജീവശാസ്‌ത്രജ്ഞൻ പറയുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “പെട്ടെന്നു ക്ഷോഭിക്കാത്ത റിങ്ങ്‌ട് സീലുകളെക്കാളും ശാന്തരാണ് ഇവർ; ശാസ്‌ത്രീയ ആവശ്യങ്ങൾക്കായി വലയിൽ പിടിക്കുമ്പോൾ തിരിച്ചുകടിക്കാതെ അവ സഹകരിക്കുന്നു.” മുങ്ങൽവിദഗ്‌ധർ ഉറങ്ങിക്കിടന്ന നെർപയുടെ അടുത്തുചെന്നതായി ഒരു പരാമർശകൃതി പറയുന്നു. തൊട്ടിട്ടും മലർത്തിയിട്ടുമൊന്നും സീൽ ഉണർന്നില്ലത്രേ!
[കടപ്പാട്]
Dr. Konstantin Mikhailov/Naturfoto-Online
[18-ാം പേജിലെ ചതുരം/ചിത്രം]
നാടല്ലാത്ത നാട്ടിലേക്ക്
തങ്ങളുടെ മതവിശ്വാസത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ വിസമ്മതിച്ച അനേകം യഹോവയുടെ സാക്ഷികളെ 1951 മുതൽ 1965 വരെയുള്ള കാലങ്ങളിൽ ബൈക്കോൾ തടാക പ്രദേശത്തേക്കു നാടുകടത്തി. 1951-ൽ പ്രസ്‌കൊവ്യ വലസ്യാൻകയെ ബൈക്കോൾ തടാകത്തിലെ ഏറ്റവും വലിയ ദ്വീപായ ഒൽക്കോണിലേക്കു കൊണ്ടുപോയി. നാടുകടത്തപ്പെട്ട മറ്റു സാക്ഷികളോടൊപ്പം അവർ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട് ഉപജീവനം കഴിച്ചു. തന്റെ ബൈബിളുപയോഗിച്ച് ഒൽക്കോണിലെ പലരുമായും ദൈവരാജ്യസുവാർത്ത പങ്കുവെച്ചുകൊണ്ട് അവർ മറ്റൊരുതരം “മീൻപിടിത്തം” നടത്തി.
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതിന് 1953-ൽ പ്രസ്‌കൊവ്യയെയും മറ്റു ആറ് സാക്ഷികളെയും 25 വർഷത്തെ തടവിനു വിധിച്ചു. മോചിതയായശേഷം ഇർക്കുറ്റ്‌സ്‌ക്കിലുള്ള ഉസൊലിസെബെർസ്‌കയെ സഭയോടൊപ്പം, 2005-ൽ മരിക്കുന്നതുവരെ അവർ വിശ്വസ്‌തതയോടെ സേവിച്ചു. ഇപ്പോൾ ഏതാണ്ട് 30 സഭകൾ ബൈക്കോൾ പ്രദേശത്തും അടുത്തുള്ള ഇർക്കുറ്റ്‌സ്‌ക്ക് നഗരത്തിലുമായി തഴച്ചുവളരുന്നു.
[15-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റ ഷ്യ
ബൈക്കോൾ തടാകം
[16, 17 പേജുകളിലെ ചിത്രം]
ബൈക്കോൾ തടാകവും സയൻ പർവതനിരയും
[കടപ്പാട്]
© Eric Baccega/age fotostock
[17-ാം പേജിലെ ചിത്രം]
ബൈക്കോൾ നീർപ്പാത്ത
[കടപ്പാട്]
Dr. Erhard Nerger/Naturfoto-Online
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Dr. Konstantin Mikhailov/Naturfoto-Online
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Eric Baccega/age fotostock; Boyd Norton/Evergreen Photo Alliance