വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയുടെ പരിസ്ഥിതിയിൽ തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഭൂമിയുടെ പരിസ്ഥിതിയിൽ തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബിളിന്റെ വീക്ഷണം

ഭൂമിയുടെ പരിസ്ഥിതിയിൽ തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

മനുഷ്യന്റെ പ്രവർത്തനങ്ങൾ മുമ്പെന്നത്തേതിലും അധികമായി ഇന്നു ഭൂഗ്രഹത്തെ രോഗാതുരമാക്കുകയാണെന്നു തോന്നുന്നു. ആഗോളതപനം പോലുള്ള പ്രശ്‌നങ്ങളുടെ ഭീഷണി ഉരുണ്ടുകൂടുമ്പോൾ ശാസ്‌ത്രജ്ഞരും ഗവൺമെന്റും വ്യവസായലോകവും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കംകൂട്ടുകയാണ്‌.

വ്യക്തികൾ എന്നനിലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കുവഹിക്കാൻ നമുക്ക്‌ ഉത്തരവാദിത്വമുണ്ടോ? ഉണ്ടെങ്കിൽ എത്രത്തോളം? നാം ഭൂമിയുടെ ക്ഷേമം മുൻനിറുത്തി പ്രവർത്തിക്കേണ്ടതിന്റെ ഈടുറ്റ കാരണങ്ങൾ ബൈബിളിലുണ്ട്‌. നമ്മുടെ ശ്രമങ്ങളെ സമനിലയിൽ നിറുത്താനും അതു സഹായിക്കും.

സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തെ പിന്താങ്ങൽ

മനുഷ്യവർഗത്തിന്റെ ഉദ്യാനഭവനം ആയിരിക്കാനാണ്‌ യഹോവയാം ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌. ദൈവം താൻ ഉണ്ടാക്കിയവയെല്ലാം “എത്രയും നല്ലതെന്നു” പ്രഖ്യാപിക്കുകയും “[ഭൂമിയിൽ] വേല ചെയ്‌വാനും അതിനെ കാപ്പാനും” മനുഷ്യരെ നിയമിക്കുകയും ചെയ്‌തു. (ഉല്‌പത്തി 1:28, 31; 2:15) ഭൂമിയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചു ദൈവത്തിന്‌ എന്തു തോന്നുന്നുണ്ടാവും? ഭൂമിയോടുള്ള മനുഷ്യന്റെ പരിഗണനയില്ലായ്‌മ ദൈവത്തെ വേദനിപ്പിക്കുകതന്നെ ചെയ്യുന്നു. എന്തെന്നാൽ, ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി’ക്കുമെന്നു വെളിപ്പാടു 11:18 പറയുന്നു. അതുകൊണ്ട്‌ ഭൂമിയുടെ ശോചനീയമായ അവസ്ഥയെ നാം നിസ്സാരമായിക്കാണരുത്‌.

ദൈവം “സകലവും പുതുതാക്കു”മ്പോൾ മനുഷ്യൻ വരുത്തിവെച്ച കെടുതികളെല്ലാം തുടച്ചുമാറ്റപ്പെടും എന്നു ബൈബിൾ ഉറപ്പുതരുന്നു. (വെളിപ്പാടു 21:5ബി) ദൈവം ഭൂമിയെ കാലാന്തരത്തിൽ പുനഃസ്ഥാപിക്കും എന്നതുകൊണ്ട്‌ നമ്മുടെ പ്രവർത്തനങ്ങൾക്കു പ്രസക്തിയില്ലെന്നു വരുന്നില്ല. അവയ്‌ക്കു പ്രസക്തിയുണ്ട്‌! നമുക്കു ഭൂഗ്രഹത്തെക്കുറിച്ച്‌ ദൈവത്തിന്റെ അതേ വീക്ഷണമുണ്ടെന്നും അതൊരു പറുദീസയാകണം എന്ന അവന്റെ ഉദ്ദേശ്യത്തെ നാം പിന്താങ്ങുന്നുവെന്നും എങ്ങനെ പ്രകടമാക്കാം?

ഭൂമിയെ ശുദ്ധമായി സൂക്ഷിക്കാൻ . . .

മനുഷ്യന്റെ സാമാന്യ പ്രവർത്തനങ്ങൾ ഒരു പരിധിവരെ മാലിന്യം ഉളവാക്കുന്നവയാണ്‌. അത്തരം മാലിന്യങ്ങൾ നിർമാർജനം ചെയ്‌ത്‌, വായുവും മണ്ണും ജലവും ശുദ്ധമാക്കാൻ യഹോവ ജ്ഞാനപൂർവ്വം പരിവൃത്തികൾക്കു രൂപം നൽകി. (സദൃശവാക്യങ്ങൾ 3:19) ഈ പ്രക്രിയയ്‌ക്ക്‌ ചേരുംവിധമായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ. അതുകൊണ്ട്‌ പരിസ്ഥിതി പ്രശ്‌നങ്ങൾ അനാവശ്യമായി വഷളാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അത്തരം ശ്രദ്ധ അയൽക്കാരെ നമ്മെപ്പോലെതന്നെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്‌. (മർക്കൊസ്‌ 12:31) നമുക്കിപ്പോൾ ബൈബിൾ കാലത്തെ രസകരമായ ഒരു ഉദാഹരണം നോക്കാം.

മനുഷ്യവിസർജ്യം “പാളയത്തിന്നു പുറത്തു” കുഴിച്ചുമൂടണമെന്നു യഹോവ ഇസ്രായേല്യരോടു നിർദേശിച്ചു. (ആവർത്തനപുസ്‌തകം 23:12, 13) ഇതു പാളയത്തെ ശുചിയായി സൂക്ഷിച്ചുവെന്നു മാത്രമല്ല ദ്രവീകരണം വേഗത്തിലാക്കുകയും ചെയ്‌തു. സമാനമായി ഇന്ന്‌, സത്യക്രിസ്‌ത്യാനികൾ ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും താമസംവിനാ ഉചിതമായ രീതിയിൽ നീക്കംചെയ്യണം, വിഷവസ്‌തുക്കൾ പ്രത്യേകിച്ചും.

അനേകം പാഴ്‌വസ്‌തുക്കൾ വീണ്ടും ഉപയോഗിക്കാവുന്നവയോ പുനഃപര്യയനം നടത്താവുന്നവയോ ആണ്‌. പ്രാദേശിക നിയമം പുനഃപര്യയനം നിഷ്‌കർഷിക്കുന്നെങ്കിൽ, അത്തരം നിയമം അനുസരിക്കുന്നത്‌ “കൈസർക്കുള്ളതു കൈസർക്കു” കൊടുക്കുന്നതിന്റെ ഭാഗമാണ്‌. (മത്തായി 22:21) പുനഃപര്യയനം കൂടുതൽ പ്രയത്‌നം ആവശ്യമാക്കിത്തീർത്തേക്കാമെങ്കിലും ശുദ്ധമായ ഭൂമി നാം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരിക്കും അത്‌.

പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കൽ

ഭക്ഷണം, പാർപ്പിടം, ഇന്ധനം എന്നീ ആവശ്യങ്ങൾ നിറവേറ്റി നമ്മുടെ ജീവൻ നിലനിറുത്താൻ പ്രകൃതി വിഭവങ്ങൾ കൂടിയേതീരൂ. ഈ വിഭവങ്ങളെല്ലാം ഉപയോഗിക്കുന്ന വിധം, ദൈവത്തിന്റെ ദാനമായാണോ നാം അവയെ കാണുന്നത്‌ എന്നു തെളിയിക്കും. മരുഭൂമിയിൽവെച്ച്‌ ഇസ്രായേല്യർ മാംസം തിന്നാൻ ആഗ്രഹിച്ചപ്പോൾ യഹോവ അവർക്കു കാടകളെ ധാരാളമായി നൽകി. അത്യാർത്തിപൂണ്ട അവർ ആ ദാനത്തെ സ്വാർഥപൂർവം ദുരുപയോഗം ചെയ്‌തു. അങ്ങനെ അവർ യഹോവയാം ദൈവത്തെ കോപിപ്പിച്ചു. (സംഖ്യാപുസ്‌തകം 11:31-33) ദൈവത്തിനു മാറ്റം വന്നിട്ടില്ല. അതുകൊണ്ട്‌, ഉത്തരവാദിത്വബോധമുള്ള ക്രിസ്‌ത്യാനികൾ അനാവശ്യമായി വിഭവങ്ങൾ പാഴാക്കുകയില്ല. അല്ലാത്തപക്ഷം അത്‌ അത്യാഗ്രഹത്തിന്റെ സൂചനയായിരിക്കും.

ഊർജമോ മറ്റു വിഭവങ്ങളോ അനിയന്ത്രിതമായി ഉപയോഗിക്കാൻ തങ്ങൾക്ക്‌ അവകാശമുണ്ടെന്നു ചിലർ കരുതുന്നു. എന്നാൽ, വാങ്ങാൻ പണമുള്ളതുകൊണ്ടോ സമൃദ്ധമായി ലഭിക്കുന്നതുകൊണ്ടോ മാത്രം പ്രകൃതി വിഭവങ്ങൾ പാഴാക്കിക്കളയരുത്‌. ഒരു വലിയ ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിച്ചതിനുശേഷം ഭാക്കിയുള്ള അപ്പവും മീനും ശേഖരിച്ചുവയ്‌ക്കാൻ യേശു നിർദേശിച്ചു. (യോഹന്നാൻ 6:12) തന്റെ പിതാവു പ്രദാനം ചെയ്‌തിരിക്കുന്നതൊന്നും പാഴാക്കിക്കളയാതിരിക്കാൻ അവൻ ശ്രദ്ധാലുവായിരുന്നു.

സമനില ആവശ്യം

പരിസ്ഥിതിയെ ബാധിക്കുന്ന തീരുമാനങ്ങൾ അനുദിനം നാം എടുക്കുന്നു. ഭൂമിക്കു യാതൊരു കോട്ടവും തട്ടാതിരിക്കാൻ സമൂഹത്തിൽനിന്നുതന്നെ മാറിനിൽക്കുന്ന അളവോളം നാം പോകേണ്ടതുണ്ടോ? ബൈബിൾ ഒരിടത്തും അത്തരമൊരു നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. യേശുവിന്റെ കാര്യമെടുക്കുക. ഭൂമിയിലായിരുന്നപ്പോൾ അവൻ ഒരു സാധാരണ ജീവിതമാണ്‌ നയിച്ചത്‌. അത്‌ ദൈവനിയമിത പ്രസംഗവേല നിർവഹിക്കാൻ അവനെ സഹായിച്ചു. (ലൂക്കൊസ്‌ 4:43) അന്നത്തെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി രാഷ്‌ട്രീയത്തിൽ ഉൾപ്പെടാനും യേശു വിസമ്മതിച്ചു. “എന്റെ രാജ്യം ഐഹികമല്ല,” അവൻ വ്യക്തമാക്കി.—യോഹന്നാൻ 18:36.

എന്നിരുന്നാലും വീട്ടുസാധനങ്ങൾ വാങ്ങുമ്പോഴും യാത്ര, വിനോദം എന്നിവ സംബന്ധിച്ച തിരഞ്ഞെടുപ്പു നടത്തുമ്പോഴും അവയ്‌ക്കു പരിസ്ഥിതിയുടെ മേലുള്ള പ്രഭാവം കണക്കിലെടുക്കുന്നത്‌ ഉചിതമായിരിക്കും. ഉദാഹരണത്തിന്‌, പരിസ്ഥിതിക്കു കാര്യമായ ക്ഷതമേൽക്കാത്തവിധം നിർമ്മിക്കപ്പെട്ടതോ പ്രവർത്തിക്കുന്നതോ ആയ ഉത്‌പന്നങ്ങളാണ്‌ ചിലർ വാങ്ങുന്നത്‌. മറ്റുചിലർ മലിനീകരണം ഉളവാക്കുന്ന അല്ലെങ്കിൽ പ്രകൃതിവിഭവങ്ങൾ അനാവശ്യമായി ചിലവാക്കുന്ന പ്രവർത്തനങ്ങൾ പരമാവധി കുറയ്‌ക്കാൻ ശ്രമിക്കുന്നു.

പരിസ്ഥിതി സംബന്ധമായ ഒരാളുടെ തീരുമാനങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കേണ്ടതില്ല. വ്യക്തിപരവും പ്രാദേശികവുമായ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്‌. എന്നുവരികിലും ഓരോരുത്തരും സ്വന്തംതീരുമാനങ്ങൾക്കു കണക്കു ബോധിപ്പിക്കേണ്ടവരാണ്‌. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നു ബൈബിൾ പറയുന്നു.—ഗലാത്യർ 6:5.

ഭൂമിയുടെ സംരക്ഷണചുമതല ദൈവം മനുഷ്യർക്കു നൽകി. ഈ നിയമനത്തോടുള്ള വിലമതിപ്പും ദൈവത്തോടും അവന്റെ സൃഷ്ടിക്രിയകളോടുമുള്ള ആദരവും പരിസ്ഥിതിയോടുള്ള ബന്ധത്തിൽ മനസ്സാക്ഷിപൂർവം, ചിന്തിച്ച്‌ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവം ഇടപെടുമോ?—വെളിപ്പാടു 11:18.

▪ ഭൂമിയോടുള്ള ബന്ധത്തിൽ എന്ത്‌ ഉത്തരവാദിത്വമാണ്‌ ദൈവം മനുഷ്യർക്കു നൽകിയിരിക്കുന്നത്‌?—ഉല്‌പത്തി 1:28; 2:15.

▪ വിഭവങ്ങൾ പാഴാക്കാതിരിക്കുന്നതിൽ യേശു എന്തു മാതൃകവെച്ചു?—യോഹന്നാൻ 6:12.