ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
▪ 2006-ൽ, “167 മാധ്യമപ്രവർത്തകരും [ഡ്രൈവർമാരും ദ്വിഭാഷികളും ഉൾപ്പെടെയുള്ള] അവരുടെ സഹായികളും വാർത്ത റിപ്പോർട്ടു ചെയ്യാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞു.” കുറ്റകൃത്യവും അഴിമതിയും പ്രാദേശിക ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യുകയായിരുന്നു മിക്കവരും. 133 പേർ കൊലചെയ്യപ്പെട്ടു.—ഇന്റർനാഷണൽ ന്യൂസ് സേഫ്‌റ്റി ഇൻസ്റ്റിറ്റ്യൂട്ട്, ബെൽജിയം.
▪ ഓരോ വർഷവും 1,000 കോടി മുതൽ 1,400 കോടി വരെ വെടിയുണ്ടകൾ ഉത്‌പാദിപ്പിക്കപ്പെടുന്നു; “ലോകത്തിലുള്ള മനുഷ്യരെയെല്ലാം രണ്ടു തവണ കൊല്ലാൻ മതിയായവ.”—റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഓസ്‌ട്രേലിയ.
മനുഷ്യനിർമിത ഭൂകമ്പങ്ങൾ
19-ാം നൂറ്റാണ്ടുമുതലിങ്ങോട്ട് മനുഷ്യന്റെ പ്രവർത്തനങ്ങൾ 200-ൽപ്പരം ശക്തമായ ഭൂകമ്പങ്ങൾക്കു കാരണമായതായി ജർമൻ ദിനപ്പത്രമായ ഡി റ്റ്‌സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. ഇതിൽ പകുതിയോളം എണ്ണത്തിന് തിരികൊളുത്തിയത് ഖനനമാണ്. പ്രകൃതി വാതകം, എണ്ണ, വെള്ളം എന്നിവ കുഴിച്ചെടുക്കുന്നതും ദ്രാവകങ്ങൾ ആഴമേറിയ കിണറുകളിലേക്ക് അടിക്കുന്നതും അണക്കെട്ടുകൾ നിർമിക്കുന്നതും മറ്റു കാരണങ്ങളായി പറയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ ന്യൂകാസിലിൽ 1989-ൽ നടന്ന ഭൂകമ്പത്തിനു കാരണമായി ശാസ്‌ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത് ഭൗമാന്തർഭാഗത്തെ കൽക്കരി ഖനനമാണ്. ദുരന്തത്തിൽ 13 പേർ മരിച്ചു; 165 പേർക്കു പരിക്കേറ്റു; 35 ലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായി. ഈ ഖനിയുടെ രണ്ടു നൂറ്റാണ്ടത്തെ പ്രവർത്തനം കൊണ്ടുണ്ടായ വരുമാനത്തെക്കാൾ അധികമാണു ഭൂകമ്പം മൂലം ഉണ്ടായ നഷ്ടം എന്നു കണക്കാക്കപ്പെടുന്നു.
കത്തോലിക്കാ സഭയും ഫ്രാൻസും
1994-ൽ ഫ്രാൻസിലെ 67 ശതമാനം ആളുകളും കത്തോലിക്കരാണെന്ന് അവകാശപ്പെട്ടിരുന്നു. ലി മോൺഡി ഡെസ് റിലിജിയൻസ് എന്ന മാസിക പറയുന്നതനുസരിച്ച് അതിപ്പോൾ 51 ശതമാനമായി കുറഞ്ഞു. വിവാഹം പോലുള്ള വിശേഷ അവസരങ്ങളൊഴിച്ചാൽ ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അതിൽ പകുതിയും എന്ന് ഒരു സർവേ വെളിപ്പെടുത്തി. 88 ശതമാനം കത്തോലിക്കരും ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന അറിയാമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 30 ശതമാനം ഒരിക്കലും പ്രാർഥിക്കാറില്ല. പകുതിയോളം കത്തോലിക്കാ ഭവനങ്ങളിൽ ബൈബിൾ ഉണ്ട്, എന്നുകരുതി അത് അവർ വായിക്കുന്നുണ്ടെന്നു പറയാനാവില്ല.
കുട്ടികളിലെ സംസാരവൈകല്യം
“മുതിർന്നവർ കുട്ടികളോടു സംസാരിക്കാത്തതിനാൽ, സംസാരിക്കാൻ വൈകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുകയാണ്; അവരുടെ പദസമ്പത്തും വളരെ പരിമിതമാണ്,” പോളണ്ടിലെ വ്‌പ്രോസ്റ്റ് മാസിക പറയുന്നു. കുട്ടികളോടൊത്ത് അമ്മമാർ ശരാശരി 30 മിനിട്ട് ദിവസേന ചെലവഴിക്കുമ്പോൾ പിതാക്കന്മാരുടെ കാര്യത്തിൽ അതു “വെറും ഏഴു മിനിട്ടാണ്.” ഇതുമൂലം ഏതാണ്ട് അഞ്ചു കുട്ടികളിൽ ഒന്നു വീതം “മാതാപിതാക്കളുടെ അശ്രദ്ധകൊണ്ടു മാത്രം ഉണ്ടാകുന്ന ഒരുതരം സംസാരവൈകല്യത്താൽ കഷ്ടപ്പെടുന്നു.” സിലേഷ്യൻ യൂണിവേഴ്‌സിറ്റിയിലെ സംസാരവൈകല്യ ചികിത്സകനും ബഹുഭാഷാവിദഗ്‌ധനുമായ മീകാവു ബിറ്റ്‌നിയോക്കിന്റെ മുന്നറിയിപ്പ് ഇതാണ്: “അങ്ങനെയുള്ള കുട്ടികളെ എത്രയും വേഗം ചികിത്സിക്കാതിരുന്നാൽ അവരുടെ സംസാരവൈകല്യം സ്‌കൂളിലും പിൽക്കാല ജീവിതത്തിലും ദോഷം ചെയ്യും.”
അന്ധവിശ്വാസത്തെ മുതലാക്കുന്നു
ജപ്പാനിൽ മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് അനധികൃതമായി ചപ്പുചവറുകൾ വലിച്ചെറിയുന്നത് ഒരു തലവേദനയായിത്തീർന്നിരിക്കുകയാണ്. ഇതിനു കടിഞ്ഞാണിടാൻ പകൽസമയത്തെ റോന്തുചുറ്റലിന് ആവുന്നില്ല. ആളുകൾ ചവറു കൊണ്ടുവന്നിടുന്നതു രാത്രിയിലാണ് എന്നതുതന്നെ കാരണം. ഇപ്പോൾ പ്രാദേശിക ഗവൺമെന്റ് റ്റോറീ ഉണ്ടാക്കിവെച്ച് അന്ധവിശ്വാസത്തിൽ അഭയം തേടുകയാണ്. ഷിന്റോ ക്ഷേത്ര കവാടത്തിന്റെ പ്രതീതി ഉളവാക്കുന്ന തടികൊണ്ടുള്ള ചുവന്ന പടിവാതിലാണിത്. ഐഎച്ച്‌റ്റി ആസാഹി ഷിംബുൺ എന്ന ദിനപ്പത്രം വിശദീകരിക്കുന്നു: “സംഗതി ലളിതമാണ്. ആളുകൾ പൊതുവേ റ്റോറീയെ പരിപാവനമായി കരുതുന്നു. അതുകൊണ്ടുതന്നെ അതിനരികെ ചവറിടുന്നതു ദോഷം ചെയ്യുമെന്നാണ് വിശ്വാസം.” പ്രതീക്ഷിച്ചതുപോലെ ആളുകൾ റ്റോറീക്കരികെ ചപ്പുചവറിടുന്നതു നിറുത്തിയിരിക്കുന്നു. പത്രം തുടരുന്നു: “പക്ഷേ അതിന്റെ ചുറ്റുവട്ടത്ത് സ്ഥിതി പഴയതുപോലെതന്നെയാണ്.”