വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അചേതനമെങ്കിലും അനന്യം!

അചേതനമെങ്കിലും അനന്യം!

അചേതനമെങ്കിലും അനന്യം!

ഇസ്രായേലിലെ ഉണരുക! ലേഖകൻ

ഏറ്റവും ലവണത്വമുള്ള, ഏറ്റവും താഴ്‌ന്ന നിരപ്പിലുള്ള, ഏറ്റവും നിർജീവമായ ജലാശയം, എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആരോഗ്യദായകമായ ജലാശയവും അതാണ്‌. ചരിത്രത്താളുകളിൽ അതിനു ദുർഗന്ധക്കടൽ, ചെകുത്താന്റെ കടൽ, താർതടാകം എന്നീ പേരുകളുമുണ്ട്‌. ബൈബിൾ അതിനെ ഉപ്പുകടൽ എന്നും അരാബയിലെ കടൽ എന്നും വിളിക്കുന്നു. (ഉല്‌പത്തി 14:3; യോശുവ 3:16) പല ബൈബിൾ പണ്ഡിതരും അംഗീകരിക്കുന്ന പാരമ്പര്യവിശ്വാസമനുസരിച്ചു സൊദോമിന്റെയും ഗൊമോരയുടെയും നാശാവശിഷ്ടങ്ങൾ ഈ കടലിന്റെ അടിത്തട്ടിൽ വിശ്രമംകൊള്ളുന്നു. അതുകൊണ്ട്‌ ഈ കടൽ സൊദോമിന്റെ കടൽ അല്ലെങ്കിൽ ലോത്തിന്റെ കടൽ എന്നും അറിയപ്പെടുന്നു. ഈ രണ്ടു നഗരങ്ങളും ഉൾപ്പെട്ട പുരാതന ബൈബിൾ സംഭവങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ലോത്ത്‌.—2 പത്രൊസ്‌ 2:6, 7.

മേൽപ്പറഞ്ഞ ചില പേരുകൾ കേട്ടാൽ അവിടം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണെന്നേ തോന്നില്ല. എന്നിരുന്നാലും വർഷംതോറും ആയിരക്കണക്കിനാളുകൾ അനുപമമായ ഈ ജലാശയം സന്ദർശിക്കാൻ എത്തുന്നുണ്ട്‌. ഇന്ന്‌ അതു പൊതുവേ അറിയപ്പെടുന്നത്‌ ചാവുകടൽ അല്ലെങ്കിൽ ഉപ്പുകടൽ എന്നാണ്‌. എന്തുകൊണ്ടാണ്‌ ഈ കടലിന്‌ ഇത്ര ലവണത്വം? അത്‌ ശരിക്കും മൃതമാണോ? അതിലെ ജലം ആരോഗ്യദായകമാണോ?

ഏറ്റവും താഴ്‌ന്നതും ലവണത്വമുള്ളതും

കിഴക്കേ ആഫ്രിക്കയിലേക്കു നീളുന്ന ദ ഗ്രേറ്റ്‌ റിഫ്‌റ്റ്‌ വാലി ഭ്രംശരേഖയുടെ ഉത്തരഭാഗത്താണു ചാവുകടൽ സ്ഥിതിചെയ്യുന്നത്‌. വടക്കുനിന്ന്‌ ഉത്ഭവിക്കുന്ന യോർദ്ദാൻനദി ചുറ്റിത്തിരിഞ്ഞ്‌ ഒടുവിൽ ഭൂമിയിലെ ഏറ്റവും താഴ്‌ന്ന പ്രദേശത്ത്‌—സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 1,370 അടി താഴെ എത്തിച്ചേരുന്നു. അവിടെ, പടിഞ്ഞാറ്‌ യെഹൂദ്യ മലനിരകളും കിഴക്ക്‌ യോർദ്ദാനിലെ മോവാബ്‌ പീഠഭൂമിയും ഈ ഉൾനാടൻ തടാകത്തിന്‌ അതിരു നിർണയിക്കുന്നു.

ഉപ്പുകടലിന്‌ പക്ഷേ ഇത്ര ഉപ്പുരസം ഉണ്ടാകാനുള്ള കാരണമെന്താണ്‌? മുഖ്യമായും മഗ്നീഷ്യം, സോഡിയം, കാൽസ്യം ക്ലോറൈഡ്‌ എന്നീ ലവണങ്ങളുടെ സാന്നിധ്യം. യോർദ്ദാൻ നദിയും മറ്റു ചെറുനദികളും അരുവികളുമൊക്കെയാണ്‌ ഈ ലവണങ്ങൾ ചാവുകടലിലെത്തിക്കുന്നത്‌. യോർദ്ദാൻ നദി മാത്രം ഓരോ വർഷവും 8,50,000 ടൺ ലവണങ്ങൾ ഒഴുക്കിക്കൊണ്ടുവരുന്നതായി കണക്കാക്കുന്നു. ചാവുകടൽ ഏറ്റവും താഴ്‌ന്ന സ്ഥലത്ത്‌ ആയിരിക്കുന്നതിനാൽ ഇവിടെയെത്തുന്ന ജലത്തിന്‌ മറ്റെങ്ങോട്ടേക്കെങ്കിലും ഒഴുകിപ്പോകാനാകുന്നില്ല, ‘രക്ഷപ്പെടാനുള്ള’ ഒരേ ഒരു മാർഗം ബാഷ്‌പീകരണമാണ്‌. നല്ല വേനൽക്കാലത്ത്‌ 70 ലക്ഷം ടൺ വെള്ളമാണ്‌ ഒരു ദിവസം ബാഷ്‌പീകരിക്കപ്പെടുന്നത്‌. ഈ ഉൾനാടൻ തടാകത്തിന്റെ വ്യാപ്‌തം വർധിക്കാത്തതിന്റെ കാരണവും ഇതുതന്നെയാണ്‌. ജലം ബാഷ്‌പീകരിച്ചുപോയാലും ലവണങ്ങളും ധാതുക്കളും അവശേഷിക്കും. അങ്ങനെ ഇതു ഭൂമിയിലെ ഏറ്റവും ഉപ്പുരസമുള്ള ജലാശയം ആയിത്തീരുന്നു. ലവണത്വം 30 ശതമാനത്തോളമാണ്‌, സാധാരണ സമുദ്രജലത്തെ അപേക്ഷിച്ച്‌ പലമടങ്ങ്‌.

ചാവുകടലിന്റെ പ്രത്യേകതകൾ പുരാതനകാലം മുതൽക്കേ ആളുകളിൽ കൗതുകം ഉണർത്തിയിട്ടുണ്ട്‌. ചാവുകടലിലെ ജലത്തിന്‌ “ഉപ്പുരസം വളരെ കൂടുതലാണ്‌, കയ്‌പുണ്ട്‌, അതിൽ മത്സ്യങ്ങളൊന്നും ഇല്ല,” എന്ന്‌ ആളുകൾ പറയുന്നതായി ഗ്രീക്ക്‌ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ എഴുതി. ജലത്തിന്റെ അതിസാന്ദ്രതമൂലം ചാവുകടലിൽ യാതൊന്നുംതന്നെ താഴ്‌ന്നുപോകാറില്ല, അതുകൊണ്ട്‌ നീന്തൽ അറിയാത്തവർക്കുപോലും വെള്ളത്തിൽ പൊങ്ങിക്കിടക്കാനാകും. യുദ്ധത്തടവുകാരെ ചാവുകടലിലേക്ക്‌ എറിഞ്ഞുകൊണ്ടാണ്‌ റോമൻ സൈന്യാധിപനായ വെസ്‌പാസിയൻ ഈ പ്രതിഭാസം പരീക്ഷിച്ചുനോക്കിയതെന്നു യഹൂദ ചരിത്രകാരനായ ഫ്‌ളേവിയസ്‌ ജോസീഫസ്‌ പറയുന്നു.

ഈ ജലാശയം നിർജീവമെങ്കിലും ആരോഗ്യദായകമായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.

ഏറ്റവും ആരോഗ്യദായകമായ കടൽ?

കടൽപക്ഷികളും മത്സ്യങ്ങളും സസ്യങ്ങളുമൊന്നുമില്ലാത്ത ഒരു കടലിനെക്കുറിച്ചുള്ള കഥകൾ മധ്യകാല സഞ്ചാരികൾ പ്രചരിപ്പിച്ചു. തടാകത്തിൽനിന്നുയരുന്ന ദുർഗന്ധം വമിക്കുന്ന ബാഷ്‌പം മാരകമാണെന്നുപോലും കരുതിയിരുന്നു. അങ്ങനെ, ചത്തുനാറുന്ന ഒരു കടലിനെക്കുറിച്ചുള്ള കഥകൾ പരന്നു. വാസ്‌തവത്തിൽ, അമിതലവണത്വം കാരണം ലഘുജീവരൂപങ്ങൾക്കു മാത്രമേ ഇവിടെ അതിജീവിക്കാനാകൂ, ഉദാഹരണത്തിന്‌ ഉയർന്ന അതിജീവനപ്രാപ്‌തിയുള്ള ചില ബാക്ടീരിയകൾ. മത്സ്യങ്ങളെങ്ങാനും ഒഴുക്കിൽപ്പെട്ട്‌ ഈ കടലിൽ എത്തിയാൽ അവ ചത്തുപൊങ്ങാൻ താമസമുണ്ടാകില്ല.

ഈ കടൽ ജീവയോഗ്യമല്ലെങ്കിലും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങൾ അങ്ങനെയല്ല. മിക്കവാറും പ്രദേശങ്ങൾ തരിശാണെങ്കിലും, വെള്ളച്ചാട്ടങ്ങളും ഉഷ്‌ണമേഖലാ സസ്യങ്ങളുമുള്ള ഹരിതാഭമായ മരുപ്പച്ചകൾ ഇവിടെ കാണാനാകും. വന്യജീവികൾക്കിണങ്ങിയ ആവാസകേന്ദ്രംകൂടിയാണീ പ്രദേശം. സാൻഡ്‌ ക്യാറ്റും, അറേബ്യൻ ചെന്നായും കൂടെക്കൂടെ കാണാനാകുന്ന കാട്ടാടും ഉൾപ്പെടെ 24 തരം സസ്‌തനികൾ കടലിനോടടുത്ത പ്രദേശങ്ങളിൽ വസിക്കുന്നുണ്ട്‌. ഇവിടെയുള്ള ശുദ്ധജല സ്രോതസ്സുകൾ ഉഭയജീവികൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കും അനുയോജ്യമായ വാസസ്ഥലമാണ്‌. ദേശാടനപക്ഷികളുടെ ഒരു മുഖ്യ സഞ്ചാരപഥത്തിൽ പെടുന്നതിനാൽ ചാവുകടൽ പ്രദേശത്തു വെള്ളക്കൊക്കും കറുത്തകൊക്കും ഉൾപ്പെടെ 90-ലധികം പക്ഷിയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഗ്രിഫോൺ കഴുകനെയും ഈജിപ്‌ഷ്യൻ കഴുകനെയും ഇവിടെ കാണാൻ കഴിയും.

പക്ഷേ ഇതിലെ ജലം എങ്ങനെയാണ്‌ ഏറ്റവും ആരോഗ്യദായകമായിരിക്കുന്നത്‌? രോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നു കരുതി പണ്ടുകാലത്ത്‌ ആളുകൾ ഇതിലെ വെള്ളം കുടിച്ചിരുന്നതായി പറയപ്പെടുന്നു. ഇന്നെന്തായാലും ആരും അതു പ്രോത്സാഹിപ്പിക്കുന്നില്ല. ഉപ്പുവെള്ളത്തിൽ കുളിച്ചാൽ ശരീരം ശുദ്ധമാകുമെന്നു പറയുന്നത്‌ അൽപ്പംകൂടെ യുക്തിയാണ്‌. ആരോഗ്യം മെച്ചപ്പെടുന്നതിന്‌ അനുകൂലമായ ഘടകങ്ങൾ ഈ മുഴു പ്രദേശത്തുമുണ്ട്‌. താഴ്‌ന്ന പ്രദേശമായതിനാൽ അന്തരീക്ഷം ഓക്‌സിജൻ സമ്പുഷ്ടമാണ്‌. ബ്രോമൈഡ്‌ ഉയർന്ന അളവിലുള്ള അന്തരീക്ഷം മനസ്സിനും ശരീരത്തിനും അയവു വരുത്തുന്നു. പല ത്വഗ്രോഗങ്ങളും സന്ധിവാതവും ചികിത്സിക്കാനായി തീരപ്രദേശത്തുള്ള ധാതുസമ്പുഷ്ടമായ കറുത്ത ചേറും ഗന്ധകനീരുറവകളും ഉപയോഗിക്കുന്നു. കൂടാതെ ഈ പ്രദേശത്തു വളർന്നിരുന്ന ബാൾസം സൗന്ദര്യവർധക വസ്‌തുവായും ഔഷധമായും ഉപയോഗിച്ചിരുന്നു.

കടലിൽനിന്നു ബിറ്റുമിൻ

ചാവുകടലിന്റെ അപൂർവ പ്രതിഭാസങ്ങളിലൊന്നാണ്‌ ബിറ്റുമിൻ പുറന്തള്ളുകയെന്നത്‌. ഇടയ്‌ക്കൊക്കെ ഇവ കട്ടകളായി ഉപരിതലത്തിലേക്കു പൊങ്ങിവരും. ഉദ്ദേശം 2,700 കിലോ ഭാരമുള്ള ഒരു ബിറ്റുമിൻകട്ട 1834-ൽ കരയ്‌ക്കടിഞ്ഞതായി 1905-ൽ ദ ബിബ്ലിക്കൽ വേൾഡ്‌ എന്ന ജേർണൽ റിപ്പോർട്ടു ചെയ്‌തു. “മനുഷ്യരാശി ഏറ്റവും ആദ്യം ഉപയോഗിച്ച പെട്രോളിയം ഉൽപ്പന്നം” എന്നാണു ബിറ്റുമിനെ വിശേഷിപ്പിക്കുന്നത്‌. (സൗദി ആരാംകോ വേൾഡ്‌, നവംബർ/ഡിസംബർ 1984) ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ചാവുകടലിന്റെ അടിത്തട്ടിൽനിന്ന്‌ അടർന്നു പോരുന്ന ബിറ്റുമിൻ കഷണങ്ങളാണ്‌ ഉപരിതലത്തിലെത്തുന്നത്‌ എന്നാണു ചിലർ കരുതിയിരുന്നത്‌. എന്നാൽ കൂടുതൽ സാധ്യതയുള്ളത്‌ ഇതിനാണ്‌: ഭൂമിക്കടിയിൽനിന്ന്‌ പാറകളിലെ വിള്ളലുകളിൽക്കൂടി ബിറ്റുമിൻ കടലിന്റെ അടിത്തട്ടിലെത്തുകയും അവിടെ അത്‌ ഉപ്പുപാറകളിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. പിന്നീട്‌ ഉപ്പുപാറകൾ അലിയുമ്പോൾ ബിറ്റുമിൻ ഉപരിതലത്തിലേക്കു പൊന്തിവരുന്നു.

ബോട്ടുകളിൽ വെള്ളം കടക്കാതെ തടയുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കും കീടങ്ങളെ അകറ്റുന്നതിനും മറ്റുമായി ബിറ്റുമിൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ബി.സി. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, മൃതശരീരം കേടുവരാതെ സൂക്ഷിക്കുന്നതിന്‌ ഈജിപ്‌തുകാർ ബിറ്റുമിൻ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയെന്നു കരുതപ്പെടുന്നു, എന്നാൽ എല്ലാവരും ഇതിനോടു യോജിക്കുന്നില്ല. അക്കാലത്ത്‌ ചാവുകടലിന്റെ പരിസരപ്രദേശത്തു താമസിച്ചിരുന്ന നാബാത്തേയർ എന്ന നാടോടികൾക്കായിരുന്നു ബിറ്റുമിൻ വ്യാപാരത്തിന്റെ കുത്തക. കടലിൽ ഒഴുകിനടക്കുന്ന ബിറ്റുമിൻ കരയ്‌ക്കെത്തിച്ച്‌ കഷണങ്ങളായി മുറിച്ചെടുത്ത്‌ അവർ ഈജിപ്‌തിൽ എത്തിച്ചിരുന്നു.

തീർച്ചയായും, ചാവുകടൽ അനന്യമാണ്‌. ഏറ്റവും ലവണത്വമുള്ള, ഏറ്റവും താഴ്‌ന്ന നിരപ്പിലുള്ള, ഏറ്റവും നിർജീവമായ, ഒരുപക്ഷേ ഏറ്റവും ആരോഗ്യദായകമായ ജലാശയം എന്നൊക്കെ ചാവുകടലിനെ വിശേഷിപ്പിച്ചാൽ അത്‌ അതിശയോക്തിയാവില്ല. അതേ, കൗതുകങ്ങളുടെ കലവറതന്നെയാണീ കടൽ!

[27-ാം പേജിലെ ചതുരം/ചിത്രം]

‘ഉപ്പിലിട്ട’ നങ്കൂരം

ഒരുകാലത്ത്‌ ചാവുകടൽ തിരക്കേറിയ ഒരു വാണിജ്യ പാത ആയിരുന്നുവെന്നാണു ചരിത്രകാരന്മാർ റിപ്പോർട്ടു ചെയ്യുന്നത്‌. അടുത്തകാലത്ത്‌ കണ്ടെടുത്ത രണ്ടു തടിനങ്കൂരങ്ങൾ ഈ റിപ്പോർട്ടുകളെ പിന്താങ്ങുന്നു.

ചാവുകടൽതീരത്ത്‌, പണ്ട്‌ ഏൻ-ഗെദി തുറമുഖം സ്ഥിതിചെയ്‌തിരുന്നതിന്‌ അടുത്തുനിന്നാണ്‌ അവ കണ്ടെടുത്തത്‌. അതിലൊന്നിന്‌ ഏതാണ്ട്‌ 2,500 വർഷം പഴക്കമുണ്ടെന്നാണു കരുതുന്നത്‌, ചാവുകടൽ പ്രദേശത്തു കണ്ടെത്തിയ നങ്കൂരങ്ങളിൽ ഏറ്റവും പഴക്കം ഇതിനാണ്‌. രണ്ടാമത്തേതിന്‌ 2000-ത്തോളം വർഷം പഴക്കമുണ്ടെന്നു കണക്കാക്കുന്നു, അക്കാലത്തെ ഏറ്റവും മികച്ച റോമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു പണിത നങ്കൂരമാണിതെന്നു വിശ്വസിക്കപ്പെടുന്നു.

സാധാരണ കടൽവെള്ളത്തിൽ ലോഹനങ്കൂരങ്ങൾ കേടുപാടൊന്നും കൂടാതെ ദീർഘനാൾ കിടക്കുമ്പോൾ തടിനങ്കൂരങ്ങൾ നശിച്ചുപോകുകയാണു പതിവ്‌. എന്നിരുന്നാലും, ചാവുകടലിലെ ഓക്‌സിജന്റെ ദൗർലഭ്യവും അതിലവണത്വവും ഈ രണ്ടു തടിനങ്കൂരങ്ങളും അവയോടു ബന്ധിപ്പിച്ചിരുന്ന കയറുകളും ദ്രവിച്ചുപോകാതെ സാമാന്യം ഭേദപ്പെട്ടനിലയിൽത്തന്നെ സംരക്ഷിച്ചു.

[ചിത്രം]

ബി.സി. ഏഴാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്‌ക്കുള്ള തടിനങ്കൂരം

[കടപ്പാട്‌]

Photograph © Israel Museum, Courtesy of Israel Antiquities Authority

[26-ാം പേജിലെ ചിത്രം]

ചൂടുനീരുറവ

[26-ാം പേജിലെ ചിത്രം]

കാട്ടാട്‌

[26-ാം പേജിലെ ചിത്രം]

കടലിൽ പൊങ്ങിക്കിടന്നുകൊണ്ട്‌ പത്രപാരായണം