ഒരു മുക്കുവഗ്രാമം മഹാനഗരമായ കഥ
ഒരു മുക്കുവഗ്രാമം മഹാനഗരമായ കഥ
ജപ്പാനിലെ ഉണരുക! ലേഖകൻ
വർഷം 1590. ആഗസ്റ്റിലെ സുന്ദരമായ ഒരു വേനൽദിനത്തിൽ ഇയെയാസു ടോക്കുഗാവ (വലത്ത്) കിഴക്കൻ ജപ്പാനിലെ എദോ എന്ന മുക്കുവഗ്രാമത്തിലെത്തി. ഇദ്ദേഹമാണു പിന്നീട് ആദ്യത്തെ ടോക്കുഗാവ ഷോഗൺ ആയത്. * അക്കാലത്ത് “ഇടിഞ്ഞുപൊളിഞ്ഞ കുറെ വീടുകൾ മാത്രമേ എദോയിൽ ഉണ്ടായിരുന്നുള്ളൂ; മുക്കുവരുടെയും കർഷകരുടേതുമായിരുന്നു അവ,” ഷോഗണിന്റെ നഗരം—ടോക്കിയോയുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയും എദോയ്‌ക്കു സമീപമുണ്ടായിരുന്നു.
നൂറ്റാണ്ടുകളോളം ആരുടെയും കണ്ണിൽപ്പെടാതെ കിടന്ന ഈ ഗ്രാമമാണ് ജപ്പാന്റെ തലസ്ഥാനമായി വളർന്ന ഇന്നത്തെ ടോക്കിയോ; 12 ദശലക്ഷത്തിലധികം പേർക്ക് അഭയം നൽകുന്ന തിരക്കേറിയ ഒരു മഹാനഗരം. സാങ്കേതികവിദ്യ, വാർത്താവിനിമയം, ഗതാഗതം, വാണിജ്യം എന്നിവയുടെ കാര്യത്തിൽ മുമ്പൻ. പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടെ സിരാകേന്ദ്രം. എങ്ങനെയാണ് ഇത്തരമൊരു വിസ്‌മയാവഹമായ മാറ്റത്തിനു കളമൊരുങ്ങിയത്?
മുക്കുവഗ്രാമം ഷോഗൺ നഗരമാകുന്നു
1467-നുശേഷം ഒരു നൂറ്റാണ്ടു കാലത്തേക്ക്, പരസ്‌പരം പോരടിച്ച ഫ്യൂഡൽ പ്രഭുക്കൾ ജപ്പാനെ പലതായി ഭാഗിച്ചെടുത്തു ഭരണം നടത്തി. ഒരു കർഷക കുടുംബത്തിൽനിന്നുള്ള ഹിദെയോഷി ടൊയോട്ടോമി എന്ന ഫ്യൂഡൽ പ്രഭു ഒടുവിൽ രാജ്യത്തെ ഭാഗികമായി ഏകീകരിച്ചു. അങ്ങനെ 1585-ൽ അദ്ദേഹം ചക്രവർത്തിയുടെ റീജന്റായി. ശക്തനായ ഹിദെയോഷിക്കെതിരെ ഇയെയാസു ആദ്യം പൊരുതിയെങ്കിലും പിന്നീട് അദ്ദേഹവുമായി സഖ്യംചേർന്നു. അവരൊന്നിച്ച് ഹോജോ എന്ന പ്രബല ഗോത്രത്തിന്റെ ശക്തികേന്ദ്രമായ ഓഡാവാരയിലെ ഹർമ്യം ഉപരോധിച്ച് പിടിച്ചെടുത്തു. അങ്ങനെ കിഴക്കൻ ജപ്പാനിലെ കാന്റോ മേഖല അവരുടെ അധീനതയിലായി.
ഹിദെയോഷി, കാന്റോയുടെ എട്ടു പ്രവിശ്യകളടങ്ങുന്ന വിസ്‌തൃതമായൊരു പ്രദേശം ഇയെയാസുവിനു നൽകി അദ്ദേഹത്തെ തന്റെ സ്വന്തം പ്രദേശത്തുനിന്നു കിഴക്കോട്ടു പറഞ്ഞയച്ചു. ഈ പ്രദേശത്തിലധികവും മുമ്പ് ഹോജോ ഗോത്രത്തിന്റേതായിരുന്നു. നാമമാത്ര അധികാരമുള്ള ജപ്പാൻ ചക്രവർത്തിയുടെ ആസ്ഥാനമായ ക്യോട്ടോയിൽനിന്ന് ഇയെയാസുവിനെ അകറ്റിനിറുത്താനുള്ള കരുനീക്കമായിരുന്നു അത്. എങ്കിലും ഇയെയാസു അതിനു വഴങ്ങി. അങ്ങനെയാണ് തുടക്കത്തിൽ വിവരിച്ചതുപോലെ അദ്ദേഹം എദോയിൽ എത്തിപ്പെടുന്നത്. ഇയെയാസു ഈ കൊച്ചു മുക്കുവഗ്രാമത്തെ തന്റെ ഭരണസിരാകേന്ദ്രമായി ഉയർത്താനുള്ള ഉദ്യമങ്ങൾ തുടങ്ങി.
ഹിദെയോഷിയുടെ മരണശേഷം ഇയെയാസു പടിഞ്ഞാറൻ ജപ്പാനോടു പൊരുതി. മുഖ്യമായും കിഴക്കൻ ജപ്പാനിൽനിന്നുള്ള സൈന്യങ്ങളെ ഏകോപിപ്പിച്ചായിരുന്നു ആ പോരാട്ടം. 1600-ൽ ഒറ്റദിവസത്തെ യുദ്ധംകൊണ്ട് അദ്ദേഹം വിജയിയായി. 1603-ൽ ഇയെയാസു ഷോഗൺ ആയി അവരോധിക്കപ്പെട്ടു. അങ്ങനെ അദ്ദേഹം രാജ്യത്തിന്റെ യഥാർഥ ഭരണാധിപനായി. എദോ ജപ്പാന്റെ പുതിയ ഭരണസിരാകേന്ദ്രവുമായി.
ബൃഹത്തായൊരു ഹർമ്യം പണിതുയർത്തുന്നതിന്
ആളും അർഥവും നൽകാൻ ഇയെയാസു ഫ്യൂഡൽ പ്രഭുക്കളോട് ആവശ്യപ്പെട്ടു. ഏകദേശം നൂറു കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഈസൂ ഉപദ്വീപിലെ പാറക്കെട്ടുകളിൽനിന്നാണ് പണിക്കാവശ്യമായ ഗ്രാനൈറ്റ് വെട്ടിയെടുത്തത്. ഒരു സമയത്ത് 3,000-ത്തോളം കപ്പലുകളാണ് വലിയ ഗ്രാനൈറ്റ് പാളികൾ കൊണ്ടുപോകാനെത്തിയിരുന്നത്. നൂറോ അതിലേറെയോ പേർചേർന്നു കപ്പലുകളിൽനിന്നിറക്കുന്ന ഗ്രാനൈറ്റ് പാളികൾ നിർമാണ സ്ഥലത്തേക്കു വലിച്ചുകൊണ്ടുപോയിരുന്നു.ഈ ഹർമ്യം പണിയാൻ 50 വർഷമെടുത്തു. മൂന്നാം ഷോഗണിന്റെ കാലത്താണ് ഇതു പൂർത്തിയായത്. ജപ്പാനിൽ അന്നുണ്ടായിരുന്നതിൽവെച്ച് ഏറ്റവും വലിയ കൊട്ടാരമായിരുന്ന ഇത് ടോക്കുഗാവ ഭരണത്തിന്റെ മേൽക്കോയ്‌മ വിളിച്ചോതി. ഷോഗണുകളെ സംരക്ഷിച്ചിരുന്ന സമുറായ്‌കൾ അഥവാ യോദ്ധാക്കൾ അതിനു ചുറ്റുപാടുമായി താമസമുറപ്പിച്ചു. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്വന്തം ഭരണപ്രദേശത്തെ കൊട്ടാരങ്ങൾ കൂടാതെ എദോയിലും മാളികകളുണ്ടായിരിക്കണമെന്ന് ഷോഗൺ നിബന്ധനവെച്ചു.
എദോയിൽ വാസമുറപ്പിച്ച സമുറായ് സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വ്യാപാരികളും കരകൗശലപ്പണിക്കാരും അവിടേക്കു പ്രവഹിച്ചു. ഇയെയാസു അവിടെയെത്തി ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും അതായത് 1695-ഓടെ എദോയുടെ ജനസംഖ്യ പത്തുലക്ഷമായി ഉയർന്നു! അക്കാലത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായി അതു മാറി.
വ്യാപാരികൾ മേൽക്കോയ്‌മ നേടുന്നു
ഷോഗണുകളുടെ ഭരണകാലത്ത് സമാധാനം കളിയാടി. അതിനാൽ സമുറായ്‌കൾക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും അവർ തങ്ങളുടെ തൊഴിലിൽ അഭിമാനംകൊണ്ടു. കാലാന്തരത്തിൽ യോദ്ധൃവർഗത്തിന്റെ മേൽക്കോയ്‌മ ഇല്ലാതായി, പകരം വ്യാപാരിവർഗം മുൻപന്തിയിലേക്കുവന്നു. വാൾ അങ്ങനെ അബാക്കസിനു വഴിമാറി; പൗരസ്‌ത്യദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന കാൽക്കുലേറ്ററായിരുന്നു അബാക്കസ്. 250 വർഷത്തിലേറെ അവിടെ സമാധാനം പുലർന്നു. ജനങ്ങൾ, വിശേഷാൽ വ്യാപാരികൾ സാമ്പത്തികാഭിവൃദ്ധി നേടി. അവർക്കു വലിയ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. തനതായ ഒരു സംസ്‌കാരം വികാസം പ്രാപിച്ചു.
ജനപ്രിയ വിനോദങ്ങളായിരുന്നു കബൂക്കി നാടകങ്ങൾ, (ചരിത്രനാടകങ്ങൾ) ബുൺറാകൂ (ഒരിനം പാവകളി) റാകുഗോ (ഹാസ്യകഥനം) എന്നിവയെല്ലാം. വേനൽക്കാല സായാഹ്നങ്ങളിൽ ആളുകൾ എദോയിലൂടൊഴുകുന്ന സ്വച്ഛശീതളമായ സുമിദാ നദിയുടെ തീരങ്ങളിൽ വന്നിരിക്കും; അവിടെയിരുന്ന് രാത്രികളിലെ കരിമരുന്നു പ്രയോഗങ്ങൾ അവർ ആസ്വദിക്കും. ഇന്നും അതു തുടർന്നുപോരുന്നു.
എങ്കിലും എദോ പുറംലോകത്തിന് അജ്ഞാതമായിരുന്നു. ഗവൺമെന്റ് വിലക്കുണ്ടായിരുന്നതിനാൽ 200-ലേറെ വർഷം എദോയിലുള്ളവർ ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്നും ഒറ്റപ്പെട്ടു കഴിഞ്ഞു. ഡച്ചുകാർ, ചൈനക്കാർ, കൊറിയക്കാർ എന്നിവരുമായി ഇടപാടുകൾ ഉണ്ടായിരുന്നെങ്കിലും അത്ര വ്യാപകമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു നാൾ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. അത് ആ നാടിന്റെയും നഗരത്തിന്റെയും മുഖച്ഛായതന്നെ മാറ്റിമറിച്ചു.
എദോയുടെ പുത്തൻ മുഖം—ടോക്കിയോ
ഒരുനാൾ എദോയുടെ തീരത്ത് കറുത്ത പുകതുപ്പിക്കൊണ്ട് നാലു കപ്പലുകൾ പൊടുന്നനെ വന്നുചേർന്നു. ആ വിചിത്ര നൗകകൾകണ്ടു പകച്ചുപോയ മുക്കുവന്മാർ കരുതിയത് അവ ഒഴുകുന്ന അഗ്നിപർവതങ്ങളാണെന്നാണ്! എദോയിലെങ്ങും കിംവദന്തി പരന്നു! ആളുകൾ കൂട്ടമായി പലായനം ചെയ്‌തു.
ആ കപ്പൽവ്യൂഹം 1853 ജൂലൈ 8-ന് എദോ ഉൾക്കടലിൽ നങ്കൂരമിട്ടു (മുകളിൽ). യു.എസ്. നാവികസേനയിലെ കമ്മഡോർ മാത്യു സി. പെറിയുടെ നേതൃത്വത്തിലുള്ളവയായിരുന്നു ആ കപ്പലുകൾ. യു.എസ്.-ന് വാണിജ്യബന്ധം സ്ഥാപിക്കാൻ ജപ്പാൻ തുറന്നുതരണമെന്ന് പെറി ഷോഗണേറ്റ് ഭരണകൂടത്തോട് അഭ്യർഥിച്ചു. പെറിയുടെ സന്ദർശനത്തോടെ ജപ്പാൻകാർക്ക് ഒരു കാര്യം മനസ്സിലായി: സൈനിക-സാങ്കേതിക മേഖലകളിൽ തങ്ങളുടെ നാട് ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്ന് എത്രയോ കാതം പിന്നിലാണെന്ന സത്യം.
ടോക്കുഗാവ വാഴ്‌ചയുടെ പതനത്തിനും ചക്രവർത്തിഭരണത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനും വഴിവെച്ച സംഭവവികാസങ്ങൾക്ക് ഇതു തിരികൊളുത്തി. 1868-ൽ എദോയെ “കിഴക്കൻ തലസ്ഥാനം” എന്നർഥമുള്ള ടോക്കിയോ എന്നു നാമകരണം ചെയ്‌തു. ക്യോട്ടോയിൽനിന്നുള്ള അതിന്റെ ഭൂമിശാസ്‌ത്രപരമായ സ്ഥാനം സൂചിപ്പിക്കുന്നതായിരുന്നു ഈ പുതിയ പേര്. ചക്രവർത്തി തന്റെ താമസം ക്യോട്ടോയിലെ കൊട്ടാരത്തിൽനിന്ന് എദോയിലെ ഹർമ്യത്തിലേക്കു മാറ്റി. ഇതാണ് പിന്നീട് പുതിയ ഇംപീരിയൽ പാലസായി മാറിയത്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട പുതിയ ഭരണകൂടം ജപ്പാനെ ആധുനികവത്‌കരിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. ജപ്പാന്റെ മുഖം മിനുക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അത്ഭുതങ്ങളുടെ കാലഘട്ടമെന്നാണു ചിലർ ഈ സമയത്തെ വിളിക്കുന്നത്. 1869-ൽ ടോക്കിയോയ്‌ക്കും യോക്കഹാമയ്‌ക്കും ഇടയിൽ ടെലഗ്രാഫ് സംവിധാനം ആരംഭിച്ചു. താമസിയാതെ രണ്ടു നഗരങ്ങളെയും കൂട്ടിയിണക്കുന്ന ആദ്യത്തെ തീവണ്ടിപ്പാതയും യാഥാർഥ്യമായി. തടിവീടുകൾക്കിടയിൽ ഇഷ്ടികകെട്ടിടങ്ങൾ ഉയർന്നു. ബാങ്കുകൾ, ഹോട്ടലുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, റസ്റ്ററന്റുകൾ എന്നിവയും സ്ഥാനംപിടിച്ചു. ആദ്യകാല
സർവകലാശാലകൾ സ്ഥാപിതമായി. ചെളിനിറഞ്ഞ പാതകൾ കല്ലുപാകിയ വീഥികളായി. ആവി എഞ്ചിനുകൾ ഘടിപ്പിച്ച ബോട്ടുകൾ സുമിദാ നദിയിലൂടെ തലങ്ങുംവിലങ്ങും പാഞ്ഞു.ജനങ്ങളുടെ നടപ്പിലും എടുപ്പിലും പോലും മാറ്റത്തിന്റെ അലകൾ ദൃശ്യമായി. നാട്ടുകാരിൽ ഭൂരിഭാഗത്തിന്റെയും വസ്‌ത്രം കിമോണോ ആയിരുന്നെങ്കിലും പാശ്ചാത്യവസ്‌ത്രങ്ങൾക്ക് ഒന്നിനൊന്നു പ്രചാരമേറിവന്നു. പുരുഷന്മാർക്കിടയിൽ മീശയും നീളൻതൊപ്പിയും വാക്കിങ് സ്റ്റിക്കും ഫാഷനായി. സ്‌ത്രീകൾക്കാകട്ടെ പാശ്ചാത്യ ഉടയാടകളും വാൾട്ട്‌സ് നൃത്തവും ഹരമായി.
സേക്കിനൊപ്പം ബിയറും ഇഷ്ടപാനീയമായി. ജനപ്രിയ വിനോദമായ സുമോഗുസ്‌തിപോലെതന്നെ ബേസ്‌ബോളും വിനോദപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു. സമകാലീന സംസ്‌കാരവും രാഷ്‌ട്രീയ ആദർശങ്ങളുമെല്ലാം ഒരു ഭീമൻ സ്‌പോഞ്ചിനെപ്പോലെ ടോക്കിയോ ഒപ്പിയെടുത്തു. അങ്ങനെ നഗരം പുരോഗതിയിലേക്ക് അടിവെച്ചടിവെച്ചു മുന്നേറുകയായിരുന്നു. ഒരു ദുരന്തം കാത്തിരിക്കുന്നതറിയാതെ. . .
ചാരക്കൂനയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നു
1923 സെപ്‌റ്റംബർ 1. ആളുകൾ ഉച്ചഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കെ, ശക്തമായ ഒരു ഭൂകമ്പം കാന്റോ മേഖലയെയാകെ പിടിച്ചുലച്ചു. തുടർന്ന് നൂറുകണക്കിനു ചെറുകമ്പനങ്ങളും 24 മണിക്കൂറിനുശേഷം ശക്തമായ മറ്റൊരു കുലുക്കവുമുണ്ടായി. ഭൂകമ്പം വൻതോതിൽ നാശം വിതച്ചു. എന്നാൽ തുടർന്നുണ്ടായ തീപിടിത്തം അതിലും ഭയങ്കരമായിരുന്നു. ടോക്കിയോ നഗരത്തിന്റെ ഏറിയപങ്കും കത്തിച്ചാമ്പലായി. മൊത്തം ഒരു ലക്ഷത്തിലേറെപേർ മരിച്ചു. ടോക്കിയോയിൽ മാത്രം 60,000 പേർക്കു ജീവഹാനി സംഭവിച്ചു.
ടോക്കിയോ നിവാസികൾ തങ്ങളുടെ നഗരം പുനരുദ്ധരിക്കുകയെന്ന ബൃഹത്തായ സംരംഭം ഏറ്റെടുത്തു. അങ്ങനെ ഒന്നു കരകയറിവന്നപ്പോഴാണ് അടുത്ത പ്രഹരം; രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങൾ. 1945 മാർച്ച് ഒമ്പതാം തീയതി രാത്രിയിലുണ്ടായ ബോംബാക്രമണമായിരുന്നു അതിലേറ്റവും ഭീതിദം. പാതിരാത്രിക്കും വെളുപ്പിനു മൂന്നു മണിക്കും ഇടയ്‌ക്ക് 7 ലക്ഷത്തോളം ബോംബുകളാണു നഗരത്തിന്മേൽ പെയ്‌തിറങ്ങിയത്. മഗ്നീഷ്യവും ജെല്ലിരൂപത്തിലുള്ള പെട്രോളിയവും ചേർന്ന അന്നത്തെ നൂതന തീ ബോംബുകളും നാപാം ബോംബുകളും ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന നഗരഹൃദയത്തെ അഗ്നിഗോളമാക്കി. കെട്ടിടങ്ങൾ മിക്കതും തടികൊണ്ടുള്ളതായിരുന്നു. 77,000-ത്തിലധികം പേർ അന്നു വെന്തൊടുങ്ങി. ആണവേതര ആയുധങ്ങൾ ഉപയോഗിച്ചുള്ള, ചരിത്രത്തിലെ ഏറ്റവും വിനാശകമായ ബോംബാക്രമണമായിരുന്നു അത്.
ദുരന്തഭൂമിയായെങ്കിലും ടോക്കിയോ ആ ചാരക്കൂനയിൽനിന്ന് ഉയിർത്തെഴുന്നേറ്റു. അതും അവിശ്വസനീയമായ വേഗത്തിൽ. പ്രതാപം വീണ്ടെടുത്ത നഗരം 1964-ൽ, അതായത് ദുരന്തശേഷം രണ്ടുപതിറ്റാണ്ടുകൾ തികയുംമുമ്പേ സമ്മർ ഒളിമ്പിക്‌സിനു വേദിയായി. കഴിഞ്ഞ നാലു ദശാബ്ദമായി അവിരാമം തുടരുന്ന നിർമാണ പ്രവർത്തനങ്ങൾ നഗരത്തെ ഒരു കോൺക്രീറ്റ് വനമാക്കിയിരിക്കുന്നു. ഈ ‘വന’ത്തിന്റെ വ്യാപ്‌തി നാൾക്കുനാൾ ഏറുകയാണ്. നഗരത്തിലെ അംബരചുംബികളും ഒന്നിനൊന്ന് ഉയരംവെക്കുന്നു.
ടോക്കിയോയുടെ അതിജീവനപ്രാപ്‌തി
ഇന്ന് ടോക്കിയോ എന്നറിയപ്പെടുന്ന ഈ നഗരത്തിനു 400 വർഷത്തെ പഴക്കമുണ്ടെങ്കിലും ലോകത്തിലെ പ്രമുഖ നഗരങ്ങളോടു കിടപിടിക്കുന്ന പുതുമയാണിതിന്. ഗതകാല സ്‌മരണകളും പേറി നിൽക്കുന്ന ചില നഗരഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ നോക്കിയാൽ പഴമ നിഴലിക്കുന്ന കെട്ടിടങ്ങളും നിർമിതികളും നന്നേ കുറവാണ്. എന്നാൽ ഒരു സൂക്ഷ്‌മനിരീക്ഷണം നടത്തിയാൽ പഴയ എദോ കാലഘട്ടത്തിൽ ആവിർഭവിച്ച ആ നിർമാണശൈലിയുടെ പ്രതിഫലനം ഇന്നും ഇവിടെ കാണാം.
നഗരഹൃദയത്തിൽ ഹരിതസമൃദ്ധമായൊരു വിശാലഭൂമിയുണ്ട്. ആദ്യത്തെ എദോ ഹർമ്യം പടുത്തുയർത്തിയ അതേ സ്ഥലത്താണ് ഇംപീരിയൽ പാലസും ഉദ്യാനങ്ങളും മറ്റും ഇന്നു നിലകൊള്ളുന്നത്. ഒരു ചിലന്തിവലയുടെ ആരനൂലുകൾപോലെ ഇവിടെനിന്ന് പ്രധാനവീഥികൾ നഗരത്തിനു പുറത്തേക്കു നീളുന്നു, പുരാതന എദോയിലെപ്പോലെതന്നെ. നാലുപാടും നീളുന്ന തെരുവുകൾ നഗരമെങ്ങും കെട്ടുപിണഞ്ഞുകിടക്കുന്നു. ഇതും പഴയ എദോയുടെ ഓർമയുണർത്തും. ഒട്ടുമിക്ക തെരുവുകൾക്കും പേരുപോലുമില്ല! ലോകത്തിലെ മറ്റു വൻനഗരങ്ങളിൽ, നഗരത്തെ ചതുരാകൃതിയിലുള്ള പ്ലോട്ടുകൾ അടങ്ങുന്ന ബ്ലോക്കുകളായി തിരിച്ചിട്ടുണ്ടെങ്കിൽ ഇവിടെ പ്ലോട്ടുകൾ പല വലുപ്പത്തിലും ആകൃതിയിലുമാണു കിടക്കുന്നത്.
പക്ഷേ അന്നുമിന്നും മാറ്റമില്ലാത്ത ഒന്നുണ്ട്. ടോക്കിയോ നിവാസികളിൽ അന്തർലീനമായിരിക്കുന്ന ആ ‘ടോക്കിയോ സ്‌പിരിറ്റ്’. അവർ പുതിയ എന്തിനെയും, വിശേഷിച്ച് വൈദേശികമായവയെ ഉൾക്കൊള്ളുകയും സ്വന്തമാക്കുകയും ചെയ്യും. ഭൂകമ്പമോ ദീർഘനാളത്തെ സാമ്പത്തികമാന്ദ്യമോ ജനപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളോ ഒക്കെയുണ്ടായാലും പ്രാതികൂല്യങ്ങളിൽ അവർ പിടിച്ചുനിൽക്കുകയും നിശ്ചയദാർഢ്യത്തോടെ തളരാതെ മുന്നേറുകയും ചെയ്യും. ഒരു കൊച്ചു മുക്കുവഗ്രാമം രാജ്യാന്തര പ്രശസ്‌തിയിലേക്കുയർന്ന ടോക്കിയോ ആയ കഥ മനസ്സിലായില്ലേ. ഇനി, ടോക്കിയോ സന്ദർശിക്കൂ! അപ്പോൾ ഇവിടെ നിറഞ്ഞുനിൽക്കുന്ന ഉത്സാഹം നിങ്ങൾക്കു നേരിൽക്കണ്ടറിയാം!
[അടിക്കുറിപ്പ്]
^ ഖ. 3 ജപ്പാൻ സേനയുടെ പരമ്പരാഗത സൈന്യാധിപനായിരുന്നു ഷോഗൺ. ചക്രവർത്തിയുടെ കീഴിൽ അദ്ദേഹം പരമാധികാരം കയ്യാളിയിരുന്നു.
[11-ാം പേജിലെ മാപ്പ്]
ജപ്പാൻ
ടോക്കിയോ (എദോ)
യോക്കഹാമ
ക്യോട്ടോ
ഒസാക്ക
[12, 13 പേജുകളിലെ ചിത്രം]
ടോക്കിയോ ഇന്ന്
[കടപ്പാട്]
Ken Usami/photodisc/age fotostock
[11-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© The Bridgeman Art Library
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
The Mainichi Newspapers