വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗാബോൺ—വന്യജീവികളുടെ വിഹാരഭൂമി

ഗാബോൺ—വന്യജീവികളുടെ വിഹാരഭൂമി

ഗാബോൺ—വന്യജീവികളുടെ വിഹാരഭൂമി

ഗാബോണിലെ ഉണരുക! ലേഖകൻ

ആനക്കൂട്ടങ്ങൾ വിഹരിക്കുന്ന തീരങ്ങൾ, നീർക്കുതിരകൾ നീന്തിത്തുടിക്കുന്ന നീലജലാശയങ്ങൾ, തിമിംഗലങ്ങളും ഡോൾഫിനുകളും വെയിൽകായാനെത്തുന്ന കടലോരങ്ങൾ; ഇവയെല്ലാമുള്ള ഒരു ഉഷ്‌ണമേഖലാപ്രദേശം മനസ്സിൽക്കാണാൻ നിങ്ങൾക്കാകുമോ? നൂറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന, ആഫ്രിക്കയിലെ ഗാബോൺ കടലോരത്ത്‌ ഇത്തരം കാഴ്‌ചകൾ ഇന്നും സർവസാധാരണമാണ്‌.

അനുപമമായ ഈ കടലോരം വേണ്ടവിധം പരിരക്ഷിച്ചാൽ മാത്രമേ, ഹൃദ്യമായ ഇത്തരം ദൃശ്യങ്ങൾ ഭാവിതലമുറകൾക്കും ആസ്വദിക്കാനാകൂ. സന്തോഷകരമെന്നു പറയട്ടെ, 2002 സെപ്‌റ്റംബർ 4-ന്‌ ഗാബോണിന്റെ പ്രസിഡന്റ്‌ ഈ പ്രദേശം പരിരക്ഷിക്കാൻ ശ്രദ്ധേയമായ ഒരു നടപടി സ്വീകരിച്ചു. മനോഹരങ്ങളായ തീരപ്രദേശങ്ങളുൾപ്പെടെ ഗാബോണിന്റെ ഭൂപ്രദേശത്തിന്റെ 10 ശതമാനം, നാഷണൽ പാർക്കിനുവേണ്ടി നീക്കിവെക്കുന്നതായി അന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.

ഏതാണ്ട്‌ 30,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ വനമേഖലയ്‌ക്ക്‌ അവകാശപ്പെടാൻ പലതുമുണ്ട്‌. “പ്രകൃതിയുടെ മാസ്‌മരികത ഇന്നും കാത്തുസൂക്ഷിക്കുന്ന ഗാബോൺ, ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്നുപോലും ആളുകൾ ഒഴുകിയെത്തുന്ന ഒരു നൈസർഗിക മെക്കയായിത്തീരാൻ സകല സാധ്യതയുമുണ്ട്‌” എന്ന്‌ പ്രസിഡന്റായ ഓമാർ ബോങ്കോ ഓണ്ടിമ്പാ അഭിപ്രായപ്പെട്ടു.

എന്താണ്‌ ഈ സംരക്ഷിതമേഖലയെ അന്യാദൃശമാക്കുന്നത്‌? ഗാബോണിന്റെ 85 ശതമാനം ഇന്നും വനമാണ്‌. ഇവിടെയുള്ള സസ്യയിനങ്ങളുടെ 20 ശതമാനത്തോളം ഭൂമിയിൽ മറ്റെങ്ങും കാണാനാകില്ല. കൂടാതെ ഗൊറില്ലകൾ, ചിമ്പാൻസികൾ, കാട്ടാനകൾ തുടങ്ങി വംശനാശം നേരിടുന്ന നിരവധി ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമാണ്‌ ഇവിടത്തെ ഉഷ്‌ണമേഖലാ വനങ്ങൾ. ഈയിടെ ഗാബോണിൽ സ്ഥാപിച്ച പാർക്കുകൾ, അതിനെ ആഫ്രിക്കയുടെ മുഖ്യ ജൈവവൈവിധ്യപരിപാലകന്റെ സ്ഥാനത്തേക്കുയർത്തുന്നു.

ലോവാങ്കോ—ഒരു അനുപമതീരം

കണ്ണിനു വിരുന്നൊരുക്കുന്ന അതിവിശിഷ്ടമായ ആഫ്രിക്കൻ വന്യജീവിസങ്കേതങ്ങളിലൊന്നാണു ലോവാങ്കോ നാഷണൽ പാർക്ക്‌. ഇടതൂർന്ന ഉഷ്‌ണമേഖലാ വനങ്ങൾക്കും ശുദ്ധജല തടാകങ്ങൾക്കും സമാന്തരമായി നോക്കെത്താ ദൂരത്തിൽ നീണ്ടുകിടക്കുന്ന ചേതോഹരമായ കടൽത്തീരങ്ങൾ അതിന്റെ അഭിമാനമാണ്‌. എന്നാൽ ആ മണൽത്തീരങ്ങളിൽ വിരാജിക്കുന്ന നീർക്കുതിരകളും കാട്ടാനകളും കാട്ടുപോത്തുകളും പുള്ളിപ്പുലികളും ഗൊറില്ലകളും മറ്റുമാണു വാസ്‌തവത്തിൽ ലോവാങ്കോ തീരത്തെ അനുപമമാക്കുന്നത്‌.

ആ കാട്ടുമൃഗങ്ങളെ കടലോരത്തേക്ക്‌ ആകർഷിക്കുന്നത്‌ എന്താണ്‌? ലോവാങ്കോയുടെ പഞ്ചാരമണൽത്തീരങ്ങളിലുള്ള മേച്ചൽപ്പുറങ്ങളിലേക്കു നീർക്കുതിരകളും പോത്തുകളും തീറ്റതേടിയെത്തുന്നു. കടലോരത്തു വളരുന്ന റോന്യേ പനമരങ്ങൾ സമൃദ്ധമായി ഉത്‌പാദിപ്പിക്കുന്ന പഴംതിന്നാൻ കാട്ടാനക്കൂട്ടങ്ങളുമെത്താറുണ്ട്‌, കുട്ടികൾ ഐസ്‌ക്രീമിനായി ഓടിയെത്തുന്ന ഉത്സാഹത്തോടെ! എന്നാൽ ഇവിടത്തെ നിസർഗശാന്തിയാണ്‌ എല്ലാറ്റിലും വേറിട്ടുനിൽക്കുന്നത്‌. ഈ മണൽപ്പുറങ്ങളിൽ പതിഞ്ഞുകാണുന്നതു മൃഗങ്ങളുടെ കാൽപ്പാടുകൾ മാത്രം.

വംശനാശം നേരിടുന്ന ലെതർബാക്ക്‌ കടലാമകൾ മുട്ടയിടാൻ തിരഞ്ഞെടുക്കുന്നത്‌, മനുഷ്യവാസമില്ലാത്ത ഈ ഏകാന്തതീരങ്ങളാണ്‌. കടുംനിറങ്ങളിലുള്ള തേനീച്ചത്തീനികളും കൂടൊരുക്കാൻ ഇഷ്ടപ്പെടുന്നത്‌ ഇവിടെത്തന്നെ. വേലിയേറ്റമുണ്ടായാലും ബാധിക്കപ്പെടാത്തത്ര ഉയരത്തിൽ മണ്ണുതുരന്നാണ്‌ ഈ പക്ഷികൾ അവയുടെ കോളനികളുണ്ടാക്കുന്നത്‌. വേനലായാൽ ആയിരക്കണക്കിനു കൂനൻ തിമിംഗലങ്ങൾ ലോവാങ്കോയുടെ സ്വച്ഛജലാശയത്തിൽ ഇണചേരാനെത്തും.

മുതലകളും നീർക്കുതിരകളും നീന്തിത്തുടിക്കുന്ന രണ്ടു വൻതടാകങ്ങൾ ലോവാങ്കോ തീരത്തെയും ഉഷ്‌ണമേഖലാ വനത്തെയും വേർതിരിക്കുന്നു. കണ്ടൽക്കാടുകൾ അതിരുചമയ്‌ക്കുന്ന ഈ ഉൾക്കടലുകളിൽ മത്സ്യം ധാരാളമായുണ്ട്‌. ആഫ്രിക്കൻ കഴുക്കളും പരുന്തുകളും തടാകത്തിന്റെ ആഴമേറിയ ഭാഗങ്ങളിലും പൊന്മാനുകൾ ആഴംകുറഞ്ഞ സ്ഥലങ്ങളിലും ഇരതേടുന്നു. ജലപ്രേമികളായ ആനകൾ ഉത്സാഹത്തോടെ തടാകം നീന്തിക്കടന്നാണു കടലോരത്തെ ഇഷ്ടവിഭവം അകത്താക്കാനെത്തുന്നത്‌.

വനാന്തരങ്ങളിലെ മരച്ചാർത്തുകളിൽ കുരങ്ങന്മാർ ചാടിമറിഞ്ഞു രസിക്കുമ്പോൾ വർണങ്ങൾ വാരിയണിഞ്ഞ ചിത്രശലഭങ്ങൾ, തുറസ്സായ ഇടങ്ങളിലെ സൂര്യപ്രകാശത്തിൽ തത്തിക്കളിക്കുന്നു. പകൽനേരത്ത്‌ മരങ്ങളിൽ സുഖമായി ഉറങ്ങുന്ന പഴംതീനി വാവലുകൾ രാത്രികാലങ്ങളിൽ വനത്തിലുടനീളം വിത്തുവിതരണം നടത്തുന്നു. വർണപ്പകിട്ടാർന്ന പൈങ്കിളികൾ വനാതിർത്തികളിലെ പൂമരങ്ങളിൽനിന്നും കുറ്റിച്ചെടികളിൽനിന്നും തേൻനുകരുന്നു. “മധ്യരേഖാഫ്രിക്കയുടെ ആത്മാവിനെ തൊട്ടറിയാനാകുന്ന സ്ഥലം” എന്ന്‌ ലോവാങ്കോയെ വിശേഷിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.

ലോപ്പേ—ഗൊറില്ലകളുടെ അഭയസങ്കേതങ്ങളിലൊന്ന്‌

മനുഷ്യസ്‌പർശമേൽക്കാത്ത മഴക്കാടുകളും അങ്ങിങ്ങായുള്ള പുൽത്തകിടികളും നിറഞ്ഞതാണ്‌ ലോപ്പേ നാഷണൽ പാർക്ക്‌. അതിന്റെ വടക്കായി ഒരു കണ്ടൽക്കാടുമുണ്ട്‌. ഗൊറില്ലയെയും ചിമ്പാൻസിയെയും ബബൂണിനെയും അവയുടെ ആവാസസ്ഥലത്ത്‌ അടുത്തുനിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രകൃതിസ്‌നേഹികൾക്ക്‌ അതിനുള്ള അവസരമൊരുക്കുന്നു ഇവിടം. 5,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ സംരക്ഷിതമേഖലയിൽ 3,000-ത്തിനും 5,000-ത്തിനും ഇടയ്‌ക്കു ഗൊറില്ലകൾ സ്വൈരവിഹാരം നടത്തുന്നു.

പാർക്കിലെ ഒരു മുൻ ഓഫീസറായ അഗസ്റ്റിൻ, 2002-ൽ ഗൊറില്ലകളെ മുഖാമുഖം കണ്ട ഒരവിസ്‌മരണീയ സന്ദർഭം വിവരിക്കുന്നു: “കാട്ടിലൂടെ നടക്കുമ്പോൾ ഞാനൊരു നാലംഗ ഗൊറില്ലാകുടുംബത്തെ കണ്ടുമുട്ടി. അക്കൂട്ടത്തിലെ ആൺഗൊറില്ല എന്റെനേരെ നടന്നടുത്തു. ഏതാണ്ട്‌ 35 വയസ്സുള്ള അവന്‌ എന്നെക്കാളും മൂന്നിരട്ടി തൂക്കംവരും. ലഭിച്ചിട്ടുള്ള നിർദേശപ്രകാരം, കീഴടങ്ങലിന്റെ അടയാളമെന്നവണ്ണം പെട്ടെന്നുതന്നെ ഞാൻ നിലത്തു തലകുനിച്ചിരുന്നു. ഗൊറില്ല എന്റെയടുക്കൽ വന്നിരുന്ന്‌ തോളിൽ കയ്യിട്ടു. പിന്നെയവൻ എന്റെ കയ്യിൽ എന്തെങ്കിലുമുണ്ടോയെന്നു പരിശോധിച്ചു. അവനും കുടുംബത്തിനും എന്നെക്കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന്‌ ഉറപ്പായപ്പോൾ അവൻ സാവകാശം നടന്നുമറഞ്ഞു. മൃഗങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലത്തുവെച്ച്‌ അടുത്തറിയുന്നതിന്റെ രസം ഒന്നു വേറെതന്നെ! ഗൊറില്ലകൾ അപകടകാരികളാണെന്ന തെറ്റിദ്ധാരണയാലും അവയുടെ മാംസത്തിനുവേണ്ടിയുമൊക്കെ ആളുകൾ അവയെ കൊല്ലാറുണ്ടെങ്കിലും, നാം സംരക്ഷിക്കേണ്ട സാധുജീവികളാണവ.”

ചിലപ്പോഴൊക്കെ നൂറുകണക്കിനു ബബൂണുകൾ ലോപ്പേയിൽ ഒത്തുകൂടാറുണ്ട്‌. ലോകമെങ്ങുമുള്ള ഇരുകാലിമൃഗങ്ങളുടെ ഏറ്റവും വലുതും ശബ്ദമുഖരിതവുമായ കൂട്ടായ്‌മകളിലൊന്നാണിത്‌. കാമറൂണിൽനിന്നുള്ള ഒരു സന്ദർശകന്റെ അനുഭവം ശ്രദ്ധിക്കുക.

“ബബൂണുകളുടെ ഒരു കൂട്ടം അടുത്തുതന്നെയുണ്ടെന്ന്‌ ഞങ്ങളുടെ ഗൈഡ്‌ മനസ്സിലാക്കി. അവയുടെ റേഡിയോ കോളറുകളിൽനിന്നാണ്‌ അദ്ദേഹത്തിനു സിഗ്നൽ ലഭിച്ചത്‌. ഉടനെ ഞങ്ങൾ മുമ്പോട്ടോടി ഒരു കൃത്രിമ മറസൃഷ്ടിച്ച്‌ അവ വരുന്നതും കാത്തിരുന്നു. പ്രാണികളും പക്ഷികളുമൊരുക്കിയ സംഗീതക്കച്ചേരിയുമാസ്വദിച്ച്‌ 20 മിനിട്ടോളം ഞങ്ങൾ അങ്ങനെയിരുന്നു. പെട്ടെന്ന്‌ ആ സാന്ദ്രശാന്തിക്കു ഭംഗംവരുത്തിക്കൊണ്ട്‌ ബബൂൺകൂട്ടമെത്തി. മരച്ചില്ലകൾ ഒടിയുന്ന ശബ്ദവും ഉച്ചത്തിലുള്ള കൂവലുകളുമെല്ലാം ചേർന്ന്‌ ഒരു വലിയ കൊടുങ്കാറ്റ്‌ ഇളകിവരുന്ന പ്രതീതിയായിരുന്നു. അവയുടെ [നേതാക്കന്മാർ] ഒരു സൈന്യത്തിന്റെ കാവലാളന്മാരെ അനുസ്‌മരിപ്പിച്ചു. അവർ തറയിലൂടെയും പെൺകുരങ്ങുകളും കുട്ടികളും മരച്ചില്ലകളിലൂടെയുമാണു വന്നുകൊണ്ടിരുന്നത്‌. പെട്ടെന്ന്‌ കാവൽക്കാരിലൊരാൾ ബ്രേക്കിട്ടതുപോലെ നിന്നു, എന്നിട്ട്‌ സംശയത്തോടെ ചുറ്റും നോക്കി. മരച്ചില്ലകളിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഒരു ‘കൊച്ചൻ’ ഞങ്ങളെ കണ്ട്‌ വിവരം അവർക്കു കൈമാറിയിരുന്നു. സംഘം പൂർവാധികം വേഗത്തിൽ മുന്നോട്ടു നീങ്ങി. പ്രതിഷേധത്താൽ അവ ദേഷ്യത്തോടെ ഒച്ചവെക്കുന്നുമുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവ അപ്രത്യക്ഷമായി. അക്കൂട്ടത്തിൽ 400-ഓളം ബബൂണുകൾ ഉണ്ടായിരുന്നതായി ഗൈഡ്‌ അറിയിച്ചു.”

ഒച്ചപ്പാടുണ്ടാക്കുന്ന കാര്യത്തിൽ ബബൂണുകളെക്കാൾ ഒട്ടും മോശക്കാരല്ല ചിമ്പാൻസികൾ. എപ്പോഴും തീറ്റതേടി കാട്ടിലൂടെ പായുന്ന അവയെ കണ്ടുപിടിക്കുക ഏറെ പ്രയാസമാണ്‌. എന്നാൽ വനത്തിൽ സാധാരണ കാണാനാകുന്ന ഒരു മുഖമുണ്ട്‌, ചാരനിറത്തിൽ മൂക്കുള്ള ഒരുതരം കുരങ്ങന്മാരാണവ. അവിടെയുള്ള കണ്ടൽക്കാടുകളിലും ഇവ ഇടയ്‌ക്കിടെ സന്ദർശനത്തിനെത്താറുണ്ട്‌. ഒരുപക്ഷേ ലോപ്പേയിലെ ഏകാന്തവാസികളിൽ ഏറ്റവും ശ്രദ്ധേയമായവ സൂര്യവാലൻ കുരങ്ങുകളാണ്‌. ലോകത്തു മറ്റൊരിടത്തുമില്ലാത്ത ഇവയെ കണ്ടെത്തിയതോ, വെറും 20 വർഷംമുമ്പ്‌.

ടുറക്കോയും വേഴാമ്പലും പോലുള്ള വലുതും വർണാഭവുമായ കാട്ടുപക്ഷികൾ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടാണ്‌ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ 400-ഓളം പക്ഷിയിനങ്ങളുള്ള ഈ പാർക്കിനെ ‘പക്ഷിനിരീക്ഷകരുടെ മെക്ക’യെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.

ജൈവവൈവിധ്യങ്ങളുടെ പറുദീസ

ഗാബോണിലെ 13 നാഷണൽ പാർക്കുകളിൽ രണ്ടെണ്ണം മാത്രമാണ്‌ ലോവാങ്കോയും ലോപ്പേയും. മറ്റു പാർക്കുകളെല്ലാം കണ്ടൽക്കാടുകൾക്കും സവിശേഷതരമായ സസ്യജാലങ്ങൾക്കും ദേശാടനപ്പക്ഷികൾക്കും പ്രസിദ്ധമാണ്‌. “ആഫ്രിക്കയിലെ ഏറ്റവും നല്ല ആവാസവ്യവസ്ഥ ഗാബോണിലാണ്‌” എന്ന്‌ വന്യജീവി സംരക്ഷണസംഘത്തിലെ ലീ വൈറ്റ്‌ പറയുന്നു. “സംരക്ഷിതമേഖലയുടെ വലുപ്പംമാത്രമല്ല ഗുണനിലവാരവും ശ്രദ്ധേയമാണ്‌. ഒറ്റരാത്രികൊണ്ടെന്നപോലെയാണ്‌ രാജ്യത്തിന്റെ ജൈവവൈവിധ്യത്തെ മുഴുവൻ പരിരക്ഷിക്കുന്ന ഒന്നാന്തരമൊരു നാഷണൽ പാർക്ക്‌ അവർ സൃഷ്ടിച്ചെടുത്തത്‌,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഇനിയും പല വെല്ലുവിളികളും മറികടക്കേണ്ടതുണ്ടെന്ന്‌, പ്രസിഡന്റായ ബോങ്കോ ഓണ്ടിമ്പാ തുറന്നുസമ്മതിക്കുന്നു. “പ്രകൃതിയിലെ ഈ മാസ്‌മരികതകൾ വരുംതലമുറകൾക്കായി പരിരക്ഷിക്കുകയെന്ന ലക്ഷ്യംകൈവരിക്കാൻ സാധിക്കണമെങ്കിൽ ആഗോളതലത്തിലുള്ള ഒരു സംരംഭംതന്നെ വേണ്ടിവരും. അതിനായി നാം ചില ത്യാഗങ്ങളനുഷ്‌ഠിക്കേണ്ടിവന്നേക്കാം, ചിലപ്പോൾ ദീർഘകാലത്തേക്കുപോലും.”

[17-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആഫ്രിക്ക

ഗാബോൺ

ഗാബോണിലെ 13 നാഷണൽ പാർക്കുകൾ

ലോപ്പേ നാഷണൽ പാർക്ക്‌

ലോവാങ്കോ നാഷണൽ പാർക്ക്‌

[16, 17 പേജുകളിലെ ചിത്രങ്ങൾ]

കൂനൻ തിമിംഗലം; ലോവാങ്കോയുടെ വിഹഗവീക്ഷണം

[കടപ്പാട്‌]

തിമിംഗലം: Wildlife Conservation Society

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ബബൂൺ (ഇടത്ത്‌), ഗൊറില്ല (വലത്ത്‌)

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Robert J. Reoss