വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിലന്തിനൂൽ രൂപകൽപ്പനയോ?

ചിലന്തിനൂൽ രൂപകൽപ്പനയോ?

ചിലന്തിനൂൽ രൂപകൽപ്പനയോ?

▪ പഞ്ഞിനൂലിനെക്കാൾ നേർമയേറിയത്‌. എന്നാൽ ഒരേ തൂക്കത്തിൽ എടുത്താൽ ഉരുക്കിനെക്കാൾ ബലമേറിയത്‌. ചിലന്തിനൂലിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്‌. വർത്തുളാകൃതിയിൽ വലനെയ്യുന്ന ചിലന്തികൾ ഉത്‌പാദിപ്പിക്കുന്ന പട്ടുനൂൽ ദശാബ്ദങ്ങളോളം ശാസ്‌ത്രജ്ഞന്മാരുടെ പഠനവിഷയമായിരുന്നിട്ടുണ്ട്‌. ചിലന്തികൾക്കു നൂൽക്കാൻ കഴിയുന്ന ഏഴുതരം പട്ടുനൂലുകളിൽ ഏറ്റവും ബലവത്തായ ഡ്രാഗ്‌ലൈൻ സിൽക്ക്‌ ആണ്‌ ഏറെ ശ്രദ്ധയാകർഷിച്ചത്‌. വസ്‌ത്രനിർമാണത്തിൽ സാധാരണമായി ഉപയോഗിക്കുന്ന പട്ടുനൂൽപ്പുഴുവിന്റെ നൂലിനെക്കാൾ ഈടുനിൽക്കുന്നതും ജലരോധകവുമാണിത്‌.

ഇതു ശ്രദ്ധിക്കുക: കെവ്‌ലർ പോലുള്ള കൃത്രിമനാരുകൾ നിർമിക്കുന്നതിന്‌ ഉയർന്ന ഊഷ്‌മാവും ഓർഗാനിക്‌ ലായകങ്ങളും ആവശ്യമാണ്‌. ചിലന്തിയാകട്ടെ നൂൽനൂൽക്കുന്നതു സാധാരണ ഊഷ്‌മാവിലാണ്‌, ലായകമായി ഉപയോഗിക്കുന്നതോ ജലവും. ഇനിയുമുണ്ട്‌ മേന്മ: കെവ്‌ലറിനെക്കാൾ ബലമേറിയതാണ്‌ ഡ്രാഗ്‌ലൈൻ സിൽക്ക്‌. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിനോളം വലുപ്പത്തിൽ ഡ്രാഗ്‌ലൈൻ സിൽക്കുകൊണ്ട്‌ വല നെയ്‌തെടുത്താൽ അതിന്‌ പറക്കുന്ന ഒരു ജംബോ ജെറ്റിനെ പിടിച്ചുനിറുത്താനാകും!

ഡ്രാഗ്‌ലൈൻ സിൽക്കിന്റെ ദൃഢത ഗവേഷകരെ വിസ്‌മയിപ്പിച്ചതിൽ തെല്ലും അതിശയമില്ല. “ബുള്ളറ്റ്‌ പ്രൂഫ്‌ വസ്‌ത്രങ്ങൾമുതൽ തൂക്കുപാലങ്ങളുടെ കേബിളുകൾവരെ നിർമിക്കുന്നതിന്‌ അതേ ഉറപ്പും ദൃഢതയുമുള്ള എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ ശാസ്‌ത്രജ്ഞന്മാർക്കു താത്‌പര്യമുണ്ട്‌” എന്ന്‌ സയൻസ്‌ ന്യൂസ്‌ മാസികയിൽ ഐമി കണ്ണിങ്‌ഹാം എഴുതുന്നു.

പക്ഷേ, ഡ്രാഗ്‌ലൈൻ സിൽക്കുപോലെയൊന്ന്‌ ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല. കാരണം ചിലന്തിയുടെ ശരീരത്തിനുള്ളിലാണു സിൽക്ക്‌ രൂപംകൊള്ളുന്നത്‌. ആ പ്രക്രിയയൊട്ട്‌ മുഴുവനായി മനസ്സിലാക്കാനായിട്ടുമില്ല. “വീട്ടുമൂലകളിലെ ചിലന്തികൾ സ്വതസ്സിദ്ധമായി ഉണ്ടാക്കുന്നതു പകർത്താൻ ഒട്ടേറെ മിടുമിടുക്കന്മാർ തലപുകഞ്ഞിട്ടും ഒരു രക്ഷയുമില്ല. നമ്മുടെ നിസ്സാരത്വമല്ലേ അതു വെളിവാക്കുന്നത്‌!” ജീവശാസ്‌ത്രജ്ഞയായ ഷെറിൽ വൈ. ഹയാഷി പറഞ്ഞതായി കെമിക്കൽ & എൻജിനീയറിങ്‌ ന്യൂസ്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങൾക്കെന്തു തോന്നുന്നു? ചിലന്തിയും ഉരുക്കിനെ വെല്ലുന്ന അതിന്റെ പട്ടുനൂലും യാദൃച്ഛികമായി ഉണ്ടായതാണോ? അതോ ബുദ്ധിശാലിയായ ഒരു സ്രഷ്ടാവിന്റെ കരവേലയാണോ?

[24-ാം പേജിലെ ചിത്രം]

ചിലന്തി പട്ടുനൂൽ സ്രവിക്കുന്നത്‌ സൂക്ഷ്‌മദർശിനിയിലൂടെ നോക്കുമ്പോൾ

[കടപ്പാട്‌]

Copyright Dennis Kunkel Microscopy, Inc.