വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹബന്ധത്തിൽ ശിരസ്ഥാനത്തിന്റെ അർഥമെന്താണ്‌?

വിവാഹബന്ധത്തിൽ ശിരസ്ഥാനത്തിന്റെ അർഥമെന്താണ്‌?

ബൈബിളിന്റെ വീക്ഷണം

വിവാഹബന്ധത്തിൽ ശിരസ്ഥാനത്തിന്റെ അർഥമെന്താണ്‌?

പല ദേശങ്ങളിലും വിവാഹ ചടങ്ങുകളിൽ വധൂവരന്മാർ പ്രതിജ്ഞയെടുക്കാറുണ്ട്‌. ഭർത്താവിനെ അനുസരിച്ചുകൊള്ളാമെന്ന്‌ വധു തന്റെ പ്രതിജ്ഞയിൽ പറയുന്നു. പക്ഷേ, ദാമ്പത്യത്തിൽ ഭർത്താവിനാണു ശിരസ്ഥാനം എന്ന ആശയം പല സ്‌ത്രീകളെയും അലോസരപ്പെടുത്തുന്നു. ശിരസ്ഥാനത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു നോക്കാം. ഇക്കാര്യത്തിൽ അതിന്റെ നിലപാടു സന്തുലിതവും പ്രായോഗികവുമാണെന്നു നിങ്ങൾക്കു മനസ്സിലാകും.

ശിരസ്ഥാനം ദൈവത്തിന്റെ ദൃഷ്ടിയിൽ

എഫെസ്യർ 5:22-24-ൽ ശിരസ്ഥാനത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്‌തു . . . സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്‌തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.” ‘ഭാര്യയുടെ തല’ എന്ന നിലയിൽ കുടുംബത്തിൽ നേതൃത്വമെടുക്കേണ്ടതു ഭർത്താവാണ്‌. ഭാര്യ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴ്‌പെട്ടിരുന്നുകൊണ്ട്‌ ശിരസ്ഥാനത്തെ ആദരിക്കണം.—എഫെസ്യർ 5:33.

ഭർത്താവ്‌ ദൈവത്തിനും ക്രിസ്‌തുവിനും കീഴ്‌പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ അധികാരം പരിമിതമാണ്‌. ദൈവനിയമങ്ങൾ ലംഘിക്കാനോ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കാനോ ഭാര്യയോട്‌ ആവശ്യപ്പെടാൻ ഭർത്താവിന്‌ അധികാരമില്ല. ഈ പരിമിതികളുണ്ടെങ്കിലും കുടുംബത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം ദൈവം ഭരമേൽപ്പിച്ചിരിക്കുന്നതു ഭർത്താവിനെയാണ്‌.—റോമർ 7:2; 1 കൊരിന്ത്യർ 11:3.

തന്റേതിനെക്കാൾ ഭാര്യയുടെ ക്ഷേമത്തിനു മുൻതൂക്കം നൽകിക്കൊണ്ട്‌ നിസ്സ്വാർഥം ശിരസ്ഥാനം പ്രയോഗിക്കാൻ ഭർത്താക്കന്മാരോടു ബൈബിൾ കൽപ്പിക്കുന്നു. എഫെസ്യർ 5:25, 27 പറയുന്നു: ‘ഭർത്താക്കന്മാരേ, ക്രിസ്‌തുവും സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ. അവൻ തന്നെത്താൻ അവൾക്കു വേണ്ടി ഏല്‌പിച്ചുകൊടുത്തു.’ ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാതൃക അനുകരിക്കുന്ന ഒരു ഭർത്താവ്‌ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകുന്ന രീതിയിൽ ശിരസ്ഥാനം പ്രയോഗിക്കുകയില്ല.

കൂടാതെ, “വിവേകത്തോടെ” ഭാര്യയോടുകൂടെ വസിക്കാനും ബൈബിൾ പുരുഷനോടു നിർദേശിക്കുന്നു. (1 പത്രൊസ്‌ 3:7) സ്‌ത്രീപുരുഷന്മാർ തമ്മിലുള്ള ശാരീരികവും വൈകാരികവുമായ വ്യത്യാസങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടായിരുന്നാൽ മാത്രം പോരാ, ഭാര്യയുടെ ആവശ്യങ്ങൾ നന്നായി അറിഞ്ഞിരിക്കുകയും വേണം.

“അവൾ നിന്റെ കൂട്ടാളി” ആകുന്നു

കീഴ്‌പെട്ടിരിക്കുക എന്നുവെച്ചാൽ എല്ലാം നിശ്ശബ്ദം അനുസരിക്കുക എന്നാണോ? അബ്രാഹാമിന്റെ ഭാര്യ സാറായുടെ കാര്യമെടുക്കുക. ഭർത്താവിനോടുള്ള അനുസരണത്തിന്റെ മകുടോദാഹരണമായി ബൈബിൾ അവളെ ചിത്രീകരിക്കുന്നു. (1 പത്രൊസ്‌ 3:5, 6) സുഖസൗകര്യങ്ങളുള്ള വീടുവിട്ട്‌ ഒരു കൂടാരവാസിയായി അവൾ ഭർത്താവിനൊപ്പം പലനാടുകളിൽ അലഞ്ഞു. അപ്രതീക്ഷിതമായെത്തിയ വിരുന്നുകാർക്കായി ഭർത്താവിന്റെ നിർദേശപ്രകാരം അവൾ ഞൊടിയിടയിൽ ഭക്ഷണമൊരുക്കി. (ഉല്‌പത്തി 12:5-9; 18:6) ഇങ്ങനെ ചെറുതും വലുതുമായ കാര്യങ്ങളിൽ അവൾ ഭർത്താവിനോടു വിധേയത്വം കാണിച്ചു. പക്ഷേ, ഗൗരവമായ ഒരു കാര്യം വന്നപ്പോൾ അബ്രാഹാമിന്റേതിൽനിന്നു വിഭിന്നമായ വീക്ഷണമാണ്‌ അവൾക്കുണ്ടായിരുന്നത്‌. അത്‌ അവൾ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്‌തു. ഭർത്താവിന്റെ വെപ്പാട്ടിയായ ഹാഗാറിനെയും ആദ്യജാതനായ യിശ്‌മായേലിനെയും വീട്ടിൽനിന്നു പുറത്താക്കുന്ന കാര്യത്തിലാണ്‌ അതുണ്ടായത്‌. എന്നാൽ ഇക്കാര്യത്തിൽ ദൈവം സാറായെ ശാസിച്ചില്ല, പകരം “അവളുടെ വാക്കു കേൾക്ക” എന്ന്‌ അബ്രാഹാമിനോടു പറഞ്ഞു. അതേസമയം, ദാസിയെയും മകനെയും പുറത്താക്കാൻ ഒരുമ്പെടാതെ അബ്രാഹാംതന്നെ അതു ചെയ്യട്ടെ എന്നുവെച്ച്‌ സാറാ കാത്തിരുന്നു. അങ്ങനെ അവൾ അദ്ദേഹത്തിനു കീഴ്‌പെട്ടിരുന്നു.—ഉല്‌പത്തി 21:8-14.

ഭർത്താവിന്റെ നിഴലിൽ കഴിഞ്ഞുകൂടുന്ന, കേവലം ആജ്ഞാനുവർത്തിയല്ല ഭാര്യ; പിന്നെയോ അവൾ ഭർത്താവിന്റെ “കൂട്ടാളി”യാണെന്നും ഒരു ആദരണീയ സ്ഥാനം അവൾക്കുണ്ടെന്നും സാറായുടെ ദൃഷ്ടാന്തം കാണിക്കുന്നു. (മലാഖി 2:14) കുടുംബകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഭർത്താവിന്റെ കൂട്ടാളി എന്ന നിലയ്‌ക്ക്‌ ചില വിലപ്പെട്ട അഭിപ്രായങ്ങളും ആശയങ്ങളുമൊക്കെ ഭാര്യക്കു നൽകാനാകും. വീട്ടുകാര്യങ്ങൾ പലതും നോക്കിനടത്തുക, ചില സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക തുടങ്ങി കുടുംബത്തിൽ ഒരളവുവരെയുള്ള അധികാരവും അവൾക്കുണ്ട്‌. എങ്കിലും ആത്യന്തികമായി തീരുമാനങ്ങൾ എടുക്കേണ്ടത്‌ കുടുംബനാഥനായ ഭർത്താവായിരിക്കണം.—സദൃശവാക്യങ്ങൾ 31:10-31; 1 തിമൊഥെയൊസ്‌ 5:14.

വിവാഹത്തിന്റെ കാരണഭൂതനോടുള്ള ആദരവ്‌

ആദ്യ സ്‌ത്രീയെയും പുരുഷനെയും സൃഷ്ടിച്ച യഹോവയാം ദൈവം അവർക്കിടയിൽ ഒരു പാവനബന്ധമായി വിവാഹവും ക്രമീകരിച്ചു. (ഉല്‌പത്തി 2:18-24) ഭർത്താവിന്റെയും ഭാര്യയുടെയും ധർമവും അവൻ സ്‌പഷ്ടമാക്കി. അവ അനുസരിക്കുന്നത്‌ അവർക്ക്‌ അളവറ്റ സന്തോഷം കൈവരുത്തുമായിരുന്നു.—ആവർത്തനപുസ്‌തകം 24:5; സദൃശവാക്യങ്ങൾ 5:18.

വിവാഹത്തിന്റെ കാരണഭൂതനായ യഹോവയ്‌ക്ക്‌ വിവാഹക്രമീകരണത്തിൽ മാനദണ്ഡങ്ങൾ വെക്കാനുള്ള അധികാരവും പ്രാപ്‌തിയും ഉണ്ട്‌. ഓരോരുത്തരുടെയും ധർമങ്ങൾ യഥോചിതം നിറവേറ്റുകയും ദൈവത്തിന്റെ ശിരസ്ഥാനക്രമീകരണം പിൻപറ്റുകയും ചെയ്യുന്ന വിവാഹ ഇണകൾക്ക്‌ അവന്റെ അംഗീകാരവും പിന്തുണയും ഉണ്ടായിരിക്കും. അവർ അങ്ങനെ ചെയ്യുന്നത്‌ അതിന്റെ പ്രയോജനം ഒന്നുകൊണ്ടു മാത്രമായിരിക്കരുത്‌ പിന്നെയോ ദൈവത്തിന്റെ അധികാരത്തോടുള്ള ആദരവുകൊണ്ടുകൂടെ ആയിരിക്കണം.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ആരാണ്‌ ശിരസ്ഥാനത്തിന്റെ ഉത്‌കൃഷ്ട മാതൃക?—എഫെസ്യർ 5:25, 27.

▪ ഭർത്താവിന്റെ അധികാരത്തിന്‌ ദൈവം പരിധിവെച്ചിട്ടുണ്ടോ?—1 കൊരിന്ത്യർ 11:3.

▪ വിവാഹത്തിന്റെയും ശിരസ്ഥാനക്രമീകരണത്തിന്റെയും ഉദ്ദേശ്യമെന്താണ്‌?—സദൃശവാക്യങ്ങൾ 5:18.

[28-ാം പേജിലെ ചിത്രം]

ക്രിസ്‌തുവിന്റെ മാതൃകയ്‌ക്കു ചേർച്ചയിൽ ശിരസ്ഥാനം പ്രയോഗിക്കുന്നത്‌ ഇരുവർക്കും സന്തോഷവും സംതൃപ്‌തിയും കൈവരുത്തും