സ്‌ത്രീപീഡനം ഒരു ആഗോള പ്രശ്‌നം
സ്‌ത്രീപീഡനം ഒരു ആഗോള പ്രശ്‌നം
നവംബർ 25 അന്താരാഷ്‌ട്ര സ്‌ത്രീപീഡന നിവാരണ ദിനമായി ലോകം ആചരിക്കുന്നു. സ്‌ത്രീകൾക്കുള്ള അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തിൽ ഐക്യരാഷ്‌ട്ര ജനറൽ അസംബ്ലിയാണ് 1999-ൽ അതിനു തുടക്കംകുറിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നീക്കം ആവശ്യമെന്നു തോന്നിയത്?
പല സംസ്‌കാരങ്ങളും സ്‌ത്രീകളെ തരംതാണവരായി വീക്ഷിക്കുകയും ആ വിധത്തിൽ അവരോടു പെരുമാറുകയും ചെയ്യുന്നു. രൂഢമൂലമായ മുൻവിധികളും വിവിധ രൂപങ്ങളിലുള്ള സ്‌ത്രീപീഡനവും, വികസിതമെന്ന് അഭിമാനിക്കുന്ന രാജ്യങ്ങളിൽപ്പോലും ഒരു തുടർക്കഥയാണ്. “സ്‌ത്രീകൾക്കു നേരെയുള്ള അക്രമം ഒരു ആഗോള പ്രതിഭാസമാണ്. ഇക്കാര്യത്തിൽ എല്ലാ സമുദായങ്ങളും സംസ്‌കാരങ്ങളും തുല്യമാണ്. ദേശഭേദമന്യേ എല്ലാ വർഗത്തിലും വംശത്തിലും സാമൂഹിക പശ്ചാത്തലത്തിലുംപെട്ട സ്‌ത്രീകൾ അതിന് ഇരയാകുന്നു” എന്ന് മുൻ യുഎൻ സെക്രട്ടറി ജനറലായ കോഫി അന്നൻ പറയുന്നു.
ഭൂരിപക്ഷം സ്‌ത്രീകളുടെ കാര്യത്തിലും സ്‌ത്രീപീഡനം “പരസ്യമായ രഹസ്യവും പരിതാപകരമായ ഒരു യാഥാർഥ്യവുമാണ്” എന്ന് സ്‌ത്രീകൾക്കു നേരെയുള്ള അക്രമം കൈകാര്യംചെയ്യുന്ന യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക റിപ്പോർട്ടറായിരുന്ന രാധിക കുമാരസ്വാമി പറയുന്നു. തെക്കേ അമേരിക്കയിലെ ഒരു രാജ്യത്ത് 23 ശതമാനം സ്‌ത്രീകൾ, ഏതെങ്കിലും തരത്തിലുള്ള ഗാർഹികാക്രമത്തിനു വിധേയരാകുന്നുവെന്ന് ഹോളണ്ടിലെ ഒരു സംഘടന കണക്കാക്കുന്നു. സമാനമായി, യൂറോപ്പിലെ സ്‌ത്രീകളിൽ കാൽഭാഗവും കുടുംബത്തിനുള്ളിലെ അക്രമം സഹിച്ചു ജീവിക്കുന്നതായി യൂറോപ്യൻ കൗൺസിൽ വെളിപ്പെടുത്തുന്നു. സമീപ വർഷങ്ങളിലൊന്നിൽ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ഓരോ ആഴ്‌ചയിലും ശരാശരി രണ്ടു സ്‌ത്രീകൾ, അവരുടെ ഇപ്പോഴത്തെയോ മുമ്പത്തെയോ പങ്കാളിയാൽ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ ടുഡേ ഇന്റർനാഷണൽ എന്ന മാസികയുടെ അഭിപ്രായത്തിൽ, “ഇന്ത്യയിലെങ്ങുമുള്ള സ്‌ത്രീകളുടെ സന്തതസഹചാരിയാണ് ഭയം. മുക്കിലും മൂലയിലും പാതയോരത്തും പൊതുസ്ഥലങ്ങളിലും, രാവും പകലും എന്നില്ലാതെ ബലാത്സംഗഭീതി അവരെ വേട്ടയാടുന്നു.” സ്‌ത്രീകളും പെൺകുട്ടികളും നേരിടുന്ന അക്രമത്തെ “മനുഷ്യാവകാശത്തിനു നേരെയുള്ള ഏറ്റവും വ്യാപകമായ കടന്നാക്രമണം” എന്ന് അമ്‌നിസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിക്കുന്നു.
മുകളിൽ പരാമർശിച്ചിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ സ്‌ത്രീകളെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണവുമായി യോജിപ്പിലാണോ? ഉത്തരത്തിനായി അടുത്ത ലേഖനം കാണുക.