വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ധവിശ്വാസം ബൈബിളിനു നിരക്കുന്നതോ?

അന്ധവിശ്വാസം ബൈബിളിനു നിരക്കുന്നതോ?

ബൈബിളിന്റെ വീക്ഷണം

അന്ധവിശ്വാസം ബൈബിളിനു നിരക്കുന്നതോ?

ഒരു ജേണലിസ്റ്റ്‌ ഒരു വർഷത്തേക്ക്‌ വിമാനയാത്ര വേണ്ടെന്നുവെച്ചു. കാരണം, ആ വർഷം അദ്ദേഹം ഒരു വിമാനാപകടത്തിൽ മരിക്കുമെന്ന്‌ ഒരു സിദ്ധൻ പ്രവചിച്ചിരുന്നത്രേ. രാഷ്‌ട്രീയക്കാർ, ബിസിനസ്സുകാർ, അഭിനേതാക്കൾ, കായികതാരങ്ങൾ, കോളേജ്‌ വിദ്യാർഥികൾ എന്നുവേണ്ട എല്ലാ തുറകളിലുംപെട്ടവരുടെ ജീവിതത്തിൽ അന്ധവിശ്വാസത്തിനു വലിയ സ്ഥാനമുണ്ട്‌. അത്തരം ആചാരങ്ങൾ ലക്ഷ്യപ്രാപ്‌തിക്കു സഹായിക്കുമെന്നോ അനിശ്ചിതത്വത്തിന്റെയും ആകുലതകളുടെയും സമയങ്ങളിൽ അപകടത്തിൽനിന്നു സംരക്ഷിക്കുമെന്നോ ആണ്‌ അവരുടെ വിശ്വാസം.

പല അന്ധവിശ്വാസങ്ങളും ആളുകൾ പിൻപറ്റുന്നത്‌ അത്‌ ആകർഷകമാണെന്നു തോന്നുന്നതുകൊണ്ടാകാം. അല്ലെങ്കിൽ അത്‌ അവർക്ക്‌ ഒരുതരം ആത്മധൈര്യം പകർന്നുകൊടുക്കുന്നുണ്ടാകാം. പരേതയായ നരവംശശാസ്‌ത്രജ്ഞ മാർഗ്രെറ്റ്‌ മീഡിന്റെ വാക്കുകൾ ശ്രദ്ധിക്കുക. “ചില കാര്യങ്ങൾ സംഭവിച്ചുകാണാനോ മോശമായ ചിലതു സംഭവിക്കാതിരിക്കാനോ ഉള്ള നമ്മുടെ ഉത്‌കടമായ ആഗ്രഹമാണ്‌ അന്ധവിശ്വാസങ്ങളിൽ നിഴലിച്ചു കാണുന്നത്‌. ഇവ വിശ്വസിക്കാതെയാണെങ്കിലും പിൻപറ്റുന്നതുകൊണ്ടു പ്രയോജനങ്ങൾ മാത്രമേയുള്ളൂ—അന്ധവിശ്വാസങ്ങൾക്ക്‌ അടിമയാകാതെതന്നെ അതു പകരുന്ന ആത്മധൈര്യവും പ്രത്യാശയും അനുഭവിക്കാൻ നിങ്ങൾക്കാകും.” പക്ഷേ, ദൈവത്തെ പ്രസാദിപ്പിക്കാൻ മനസ്സിലുറച്ചിരിക്കുന്നവർ ‘അന്ധവിശ്വാസം ക്രിസ്‌ത്യാനിത്വത്തിനു നിരക്കുന്നതാണോ?’ എന്നു പരിചിന്തിക്കേണ്ടതുണ്ട്‌.

അന്ധവിശ്വാസത്തിന്റെ ഉത്ഭവം

മാനവരാശി ഭയത്തിന്റെ നീരാളിക്കൈകളിലാണ്‌. മരണത്തോടുള്ള ഭയം, ദുർജ്ഞേയമായ സംഗതികളോടുള്ള ഭയം, മരണാനന്തര ജീവിതത്തോടുള്ള ഭയം അങ്ങനെ പോകുന്നു പട്ടിക. മനുഷ്യരെ തന്റെ അടിമകളാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ദൈവത്തിന്റെ എതിരാളിയായ സാത്താൻ അത്തരം ഭയങ്ങളിൽ ദ്രോഹകരമായ നുണകൾ വിളക്കിച്ചേർത്തുകൊണ്ടാണിരിക്കുന്നത്‌. (യോഹന്നാൻ 8:44; വെളിപ്പാടു 12:9) മനുഷ്യരെ ദൈവത്തിൽനിന്നു വശീകരിച്ചകറ്റുന്നതിൽ സാത്താൻ തനിച്ചല്ല. ബൈബിൾ അവനെ വിളിക്കുന്നത്‌ ‘ഭൂതങ്ങളുടെ തലവൻ’ എന്നാണ്‌. (മത്തായി 12:24-27) ആരാണീ ഭൂതങ്ങൾ? നോഹയുടെ കാലത്ത്‌ നിരവധി ദൂതന്മാർ സാത്താന്റെ പക്ഷംചേർന്ന്‌ ദൈവത്തോടു മത്സരിക്കുകയുണ്ടായി. അവരാണ്‌ ഭൂതങ്ങളായിത്തീർന്നത്‌. അന്നുമുതൽ മനുഷ്യമനസ്സുകൾ കയ്യിലെടുക്കാൻ അവർ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്‌. അവരുടെ അടവുകളിൽ ഒന്നാണ്‌ അന്ധവിശ്വാസം—ഉല്‌പത്തി 6:1, 2; ലൂക്കൊസ്‌ 8:2, 30; യൂദാ 6.

സാത്താന്റെ ഒരു നുണയാണ്‌ അന്ധവിശ്വാസത്തിന്‌ അടിത്തറ പാകിയത്‌. അദൃശ്യമായ എന്തോ ഒന്ന്‌ മരണത്തെ അതിജീവിക്കുമെന്നും അതിന്‌ ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കാനാകുമെന്നും ഉള്ളതായിരുന്നു ആ നുണ. എന്നാൽ “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ പറയുന്നു. മരണാനന്തരം “പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നും അതു പ്രസ്‌താവിക്കുന്നു.—സഭാപ്രസംഗി 9:5, 10.

‘യഹോവെക്കു വെറുപ്പാകുന്നു’

സാത്താന്റെ നുണകൾ കണ്ണുമടച്ചു വിശ്വസിക്കുന്നവരാണ്‌ പലരും. എന്നാൽ ഇതു സംബന്ധിച്ച്‌ സ്വന്തജനമായ ഇസ്രായേലിന്‌ തന്റെ വചനത്തിലൂടെ വർഷങ്ങൾക്കുമുമ്പേ ദൈവം വ്യക്തമായ നിർദേശം നൽകിയിരുന്നു. “പ്രശ്‌നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്‌ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു” എന്നു ബൈബിൾ പറയുന്നു.—ആവർത്തനപുസ്‌തകം 18:10-12.

സങ്കടകരമെന്നു പറയട്ടെ, ഇസ്രായേല്യർ ആ മുന്നറിയിപ്പ്‌ അനുസരിക്കുന്നതിൽ വീഴ്‌ചവരുത്തി. ഉദാഹരണത്തിന്‌, യെശയ്യാപ്രവാചകന്റെ കാലത്തെ ചിലർ, നല്ല വിളവു ലഭിക്കണമെങ്കിൽ ‘ഭാഗ്യദേവനെ’ (പി.ഒ.സി. ബൈബിൾ) പ്രസാദിപ്പിക്കണമെന്നു വിശ്വസിച്ചിരുന്നു. വിപത്‌കരമായ ഫലങ്ങൾ ഉളവാക്കിയ ഒരു അന്ധവിശ്വാസമായിരുന്നു അത്‌. അവർക്കു യഹോവയുടെ പ്രീതിയും അനുഗ്രഹങ്ങളും നഷ്ടമായി.—യെശയ്യാവു 65:11, 12.

ക്രിസ്‌ത്യാനിത്വം സ്ഥാപിക്കപ്പെട്ടതോടെ അന്ധവിശ്വാസങ്ങളോടുള്ള യഹോവയുടെ മനോഭാവത്തിനു മാറ്റംവന്നോ? ഇല്ല. അത്തരം “വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ലുസ്‌ത്രയിലെ അന്ധവിശ്വാസികളായ ആളുകളെ ഉദ്‌ബോധിപ്പിച്ചതായി നാം കാണുന്നു.—പ്രവൃത്തികൾ 14:15.

അന്ധവിശ്വാസത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുന്നു

അന്ധവിശ്വാസങ്ങൾക്ക്‌ കയ്യുംകണക്കുമില്ല. എന്നാൽ അവയ്‌ക്കെല്ലാം പൊതുവായ ഒന്നുണ്ട്‌: ഒന്നിനും യുക്തിസഹമായ വിശദീകരണമില്ല എന്നതുതന്നെ. അന്ധവിശ്വാസത്തിന്‌ ഇരുണ്ട മറ്റൊരു വശം കൂടിയുണ്ട്‌—സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം സംഭവിക്കുന്ന അനർഥങ്ങൾക്ക്‌ വിധിയെ പഴിക്കാൻ അത്‌ ആളുകളെ പ്രേരിപ്പിക്കുന്നു.

അനേകരും അന്ധവിശ്വാസത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു എന്നത്‌ ആശ്വാസകരംതന്നെ. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്ന്‌ യേശു പറയുകയുണ്ടായി. (യോഹന്നാൻ 8:32) 25 വർഷത്തോളം ഭാവി പ്രവചിച്ചുകൊണ്ടിരുന്ന ബ്രസീലുകാരിയായ ക്ലെമെന്റീന പറയുന്നതു കേൾക്കുക: “എന്റെ ഒരേയൊരു ഉപജീവനമാർഗമായിരുന്നു അത്‌. എന്നാൽ ബൈബിൾസത്യം എന്നെ അന്ധവിശ്വാസത്തിന്റെ പിടിയിൽനിന്നു മോചിപ്പിച്ചു.” വാസ്‌തവത്തിൽ, പതിവായി ബൈബിൾ പഠിക്കുന്നതും യഹോവയോടു മനസ്സുരുകി പ്രാർഥിക്കുന്നതും നമുക്ക്‌ ആത്മധൈര്യം പകരും. അതാകട്ടെ, യുക്തിയുക്തം ചിന്തിച്ച്‌ ജ്ഞാനവത്തായ തീരുമാനങ്ങൾ എടുക്കാനും അങ്ങനെ അനർഥങ്ങൾ ഒഴിവാക്കാനും ആകുലതകൾ കുറയ്‌ക്കാനും നമ്മെ സഹായിക്കും.—ഫിലിപ്പിയർ 4:6, 7, 13.

ബൈബിൾ ചോദിക്കുന്നു: “വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ? ക്രിസ്‌തുവിന്നും ബെലീയാലിന്നും [സാത്താനും] തമ്മിൽ എന്തു പൊരുത്തം?” അന്ധവിശ്വാസം സത്യക്രിസ്‌ത്യാനിത്വത്തിനു നിരക്കുന്നതല്ല എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌?—2 കൊരിന്ത്യർ 6:14-16.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ യെശയ്യാവിന്റെ കാലത്ത്‌, അന്ധവിശ്വാസികളായ ഇസ്രായേല്യർ ദൈവത്തിനുപകരം ആരിൽ ആശ്രയിച്ചു?—യെശയ്യാവു 65:11, 12.

▪ ലുസ്‌ത്രയിലെ അന്ധവിശ്വാസികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എന്ത്‌ ഉദ്‌ബോധനം നൽകി?—പ്രവൃത്തികൾ 14:15.

▪ അന്ധവിശ്വാസം ക്രിസ്‌ത്യാനിത്വത്തിനു നിരക്കുന്നതാണോ?—2 കൊരിന്ത്യർ 6:14-16.