വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസഭ്യഭാഷ അത്രയ്‌ക്കു മോശമാണോ?

അസഭ്യഭാഷ അത്രയ്‌ക്കു മോശമാണോ?

യുവജനങ്ങൾ ചോദിക്കുന്നു

അസഭ്യഭാഷ അത്രയ്‌ക്കു മോശമാണോ?

“കൂട്ടുകാരെപ്പോലെ ആകണമെന്നായിരുന്നു എനിക്ക്‌. അങ്ങനെയാകാം ഈ ശീലം എന്നിൽ കയറിക്കൂടിയത്‌.”—മെലാനി. *

“ഇതിത്ര ഗുരുതരമാണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. സ്‌കൂളിലായാലും വീട്ടിലായാലും ഇതു കേൾക്കാത്ത ഒരു സമയം പോലുമില്ല.”—ഡേവിഡ്‌.

മുതിർന്നവർ അസഭ്യം പറയുമ്പോൾ മിക്കപ്പോഴും അതൊരു സാധാരണ സംഗതിയായും ചെറുപ്പക്കാരുടെ വായിൽനിന്ന്‌ അതു വന്നാൽ മോശമായും കരുതപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? അസഭ്യം പറയാമോ എന്നു നിർണയിക്കാനുള്ള അളവുകോൽ പ്രായമാണോ? അസഭ്യം പറയുന്നവരെ എവിടെയും കാണാം; മുതിർന്നവർ അത്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ കുഴപ്പവുമില്ല. ആ സ്ഥിതിക്ക്‌, ‘അസഭ്യഭാഷ അത്രയ്‌ക്കു മോശമാണോ?’ നിങ്ങൾ ചിന്തിച്ചേക്കാം.

അസഭ്യം ഒരു പകർച്ചവ്യാധിയോ?

അസഭ്യഭാഷയുടെ അതിപ്രസരമാണ്‌ എങ്ങും. സ്‌കൂളിലായിരിക്കെ കേൾക്കേണ്ടിവരുന്ന അസഭ്യവാക്കിനു കയ്യുംകണക്കുമില്ല. ഒരു അസഭ്യവാക്കിന്‌ ഒരു രൂപ എന്ന കണക്കിൽ കിട്ടിയാൽ, ആയുഷ്‌കാലം മുഴുവൻ അധ്വാനിക്കാതെ ജീവിക്കാമെന്നു മാത്രമല്ല മാതാപിതാക്കൾക്കു വിശ്രമജീവിതം നയിക്കുകയുമാവാം എന്ന്‌ ചില ചെറുപ്പക്കാർ അതിശയോക്തി കലർത്തി പറയാറുണ്ട്‌. “സാധാരണ സംഭാഷണങ്ങളിൽപ്പോലും എന്റെ കൂട്ടുകാർ എത്ര അസഭ്യവാക്കുകളാണു പറയുന്നതെന്നോ! സത്യം പറഞ്ഞാൽ, അതില്ലാത്ത ഒരു വാചകംപോലുമില്ല. ദിവസവും അതു കേൾക്കേണ്ടിവരുന്ന ഒരാൾക്ക്‌ അതിൽനിന്നു വിട്ടുനിൽക്കുക ബുദ്ധിമുട്ടാണെന്നു പറയേണ്ടതില്ലല്ലോ,” 15 വയസ്സുകാരി ഈവ്‌ പറയുന്നു.

ഈവിന്റെ അവസ്ഥയാണോ നിങ്ങളുടേത്‌? നിങ്ങളിൽ ആ ശീലം കടന്നുകൂടിയിട്ടുണ്ടോ? * എങ്കിൽ, അതിനു പ്രേരണയേകുന്നത്‌ എന്താണെന്നു ചിന്തിച്ചുനോക്കൂ. കാരണമറിഞ്ഞാൽ ആ ശീലം പിഴുതെറിയാൻ ഏറെ എളുപ്പമായിരിക്കും.

അസഭ്യഭാഷ ഉപയോഗിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നു കണ്ടുപിടിക്കാൻ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരമെഴുതുക.

പലപ്പോഴും നിങ്ങൾ അത്‌ ഉപയോഗിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

□ ദേഷ്യമോ അമർഷമോ പ്രകടിപ്പിക്കാൻ

□ ശ്രദ്ധ പിടിച്ചുപറ്റാൻ

□ കൂട്ടുകാരുടെ പ്രീതി നേടാൻ

□ തന്റേടമുണ്ടെന്നു കാണിക്കാൻ

□ അധികാരസ്ഥാനത്തുള്ളവരെ ഭയമില്ലെന്നു കാണിക്കാൻ

□ മറ്റുള്ളവ ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

സാധാരണ നിങ്ങൾ അസഭ്യഭാഷ ഉപയോഗിക്കുന്നത്‌ എപ്പോഴാണ്‌?

□ സ്‌കൂളിൽവെച്ച്‌

□ ജോലിസ്ഥലത്ത്‌

□ ഇ-മെയിൽ, എസ്‌എംഎസ്‌ സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ

□ തനിച്ചായിരിക്കുമ്പോൾ

അസഭ്യം പറയുന്നതിനുള്ള നിങ്ങളുടെ ന്യായീകരണം?

□ കൂട്ടുകാർ അത്‌ ഉപയോഗിക്കുന്നു

□ മാതാപിതാക്കൾ അത്‌ ഉപയോഗിക്കുന്നു

□ അധ്യാപകർ അത്‌ ഉപയോഗിക്കുന്നു

□ വിനോദമാധ്യമങ്ങളിൽ അതു നിറഞ്ഞുനിൽക്കുന്നു

□ അതത്ര ഗുരുതരമല്ല—കേവലം വാക്കുകൾ മാത്രമാണ്‌

□ കൂടെയുള്ളവരെ ബാധിക്കില്ലെന്ന്‌ ഉറപ്പുള്ളപ്പോൾ മാത്രമേ ഞാൻ അത്‌ ഉപയോഗിക്കാറുള്ളൂ

□ മറ്റുള്ളവ ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ഈ ശീലം ഒഴിവാക്കേണ്ടതിന്റെ കാരണം? അതത്രയ്‌ക്കു മോശമാണോ? തുടർന്നു വായിക്കുക.

കേവലം വാക്കുകൾ മാത്രമല്ല. യേശു പറഞ്ഞു: “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്‌.” (ലൂക്കൊസ്‌ 6:45) നിങ്ങളുടെ സംസാരം, നിങ്ങൾ ഏതുതരം വ്യക്തിയാകാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ മാത്രമല്ല ഇപ്പോൾ എങ്ങനെയുള്ള ഒരാളാണ്‌ എന്നതിന്റെകൂടെ പ്രതിഫലനമാണ്‌ എന്നോർക്കണം. ഇനി, നിങ്ങൾ അസഭ്യഭാഷ ഉപയോഗിക്കുന്നത്‌ മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതുകൊണ്ടാണെങ്കിലോ? അപ്പോൾ നിങ്ങൾ ‘ബഹുജനപക്ഷം ചേരുക’യാണെന്നുവരും, നിങ്ങൾക്കു സ്വന്തമായൊരു വ്യക്തിത്വമില്ലെന്നും.—പുറപ്പാടു 23:2.

എന്നാൽ അവിടംകൊണ്ട്‌ തീരുന്നില്ല. ഭാഷാപണ്ഡിതനായ ജയിംസ്‌ വി. ഓ’കോണർ പറയുന്നു: “അസഭ്യഭാഷ ഉപയോഗിക്കുന്നവർ പൊതുവെ വഴക്കമില്ലാത്തവരോ വിമർശനബുദ്ധിയുള്ളവരോ ദോഷൈകദൃക്കുകളോ വഴക്കാളികളോ കോപിഷ്‌ഠരോ പരാതിപറയുന്നവരോ ഒക്കെയായിരിക്കും.” ഉദാഹരണത്തിന്‌, ഒരു കാര്യം വിചാരിച്ചതുപോലെ നടക്കാതെവരുമ്പോൾ പഴിവാക്ക്‌ പറയുന്നത്‌, എല്ലാ കാര്യങ്ങളും തങ്ങളുടെ വഴിക്കു പോകണമെന്ന്‌ ശഠിക്കുന്നവരാണ്‌. ആർക്കും തെറ്റുപറ്റാം എന്ന വസ്‌തുത ഉൾക്കൊള്ളാൻ പറ്റാത്തവരാണ്‌ ഇക്കൂട്ടർ. എന്നാൽ അസഭ്യവാക്കുകൾ ഉപയോഗിക്കാത്തവർ “പൊതുവെ ശാന്തപ്രകൃതരും . . . ദൈനംദിനജീവിതത്തിൽ ഉണ്ടാകുന്ന മുഷിച്ചിലുകളും അസഹ്യതകളും മറ്റും കൈകാര്യംചെയ്യാൻ വേണ്ടത്ര പക്വതയുള്ളവരുമാണ്‌,” ഓ’കോണർ തുടരുന്നു. ഏതു കൂട്ടത്തിൽപ്പെടാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

അതു നിങ്ങളുടെ സത്‌പേര്‌ കളഞ്ഞുകുളിക്കും. എല്ലാ ചെറുപ്പക്കാരെയുംപോലെ ബാഹ്യാകാരത്തെയും സൗന്ദര്യത്തെയും കുറിച്ച്‌ ചിന്തയുള്ളവരായിരിക്കും നിങ്ങളും. മറ്റുള്ളവരിൽ മതിപ്പുളവാക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌. പക്ഷേ സൗന്ദര്യത്തെക്കാൾ, നിങ്ങളുടെ സംസാരത്തിന്‌ ആളുകളുടെ മനസ്സിൽ മായാത്ത മുദ്രപതിപ്പിക്കാനാകും എന്നു നിങ്ങൾക്കറിയാമോ? നിങ്ങളുടെ സംസാരമാണു പലപ്പോഴും പിൻവരുന്ന കാര്യങ്ങൾ നിർണയിക്കുന്നത്‌:

▪ ആരൊക്കെ നിങ്ങളുടെ സുഹൃത്തുക്കളായിത്തീരും.

▪ ചിലതരം ജോലികൾ നിങ്ങൾക്കു ലഭിക്കുമോ ഇല്ലയോ.

▪ മറ്റുള്ളവർ നിങ്ങളെ എത്രത്തോളം ആദരിക്കും.

നമ്മുടെ പുറംമോടി ആളുകളിൽ ഉണ്ടാക്കുന്ന മതിപ്പ്‌ നാം സംസാരിച്ചുതുടങ്ങുമ്പോൾ അപ്രത്യക്ഷമാവുകയാണു പതിവ്‌. ഓ’കോണർ പറയുന്നു: “ഒരു നല്ല സൗഹൃദം തുടങ്ങാനോ മറ്റുള്ളവരുടെ ആദരവ്‌ നേടാനോ ഉള്ള എത്രയെത്ര അവസരങ്ങളായിരിക്കാം അസഭ്യസംസാരത്തിലൂടെ നിങ്ങൾ കളഞ്ഞുകുളിച്ചതെന്ന്‌ ആർക്കറിയാം.” നിങ്ങൾക്കുള്ള പാഠം? അസഭ്യഭാഷ ഉപയോഗിക്കുമ്പോൾ പരിക്കേൽക്കുന്നത്‌ നിങ്ങൾക്കുതന്നെയാണ്‌.

സ്രഷ്ടാവിനോടുള്ള അനാദരവ്‌. ഒരു സുഹൃത്തിന്‌ നിങ്ങൾ ഒരു ഷർട്ടോ ചുരിദാറോ സമ്മാനമായി കൊടുക്കുന്നുവെന്നു കരുതുക. ആ വ്യക്തി അത്‌ കാലു ചവിട്ടിത്തുടയ്‌ക്കാനോ തറ തുടയ്‌ക്കാനോ ഉപയോഗിക്കുന്നതു കണ്ടാൽ നിങ്ങൾക്ക്‌ എന്തുതോന്നും? സംസാരപ്രാപ്‌തി ദുരുപയോഗം ചെയ്യുന്നതു കാണുമ്പോൾ നമ്മുടെ സൃഷ്ടികർത്താവിന്റെ വികാരം എന്തായിരിക്കുമെന്ന്‌ ഒന്നു ചിന്തിച്ചുനോക്കൂ. വെറുതെയല്ല, ദൈവവചനം പിൻവരുന്ന ഉദ്‌ബോധനം നൽകുന്നത്‌: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.”—എഫെസ്യർ 4:31.

അസഭ്യം ഒഴിവാക്കാൻ തക്കതായ കാരണങ്ങളുണ്ടെന്നു വ്യക്തമല്ലേ? എന്നാൽ ഈ ശീലം നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലോ? അതിൽനിന്നു പുറത്തുവരാൻ എന്തു ചെയ്യാനാകും?

ഒന്ന്‌: മാറ്റംവരുത്തേണ്ടത്‌ എത്ര പ്രധാനമാണെന്നു തിരിച്ചറിയുക. അത്‌ അറിഞ്ഞാലല്ലേ മാറ്റംവരുത്താനാകൂ. താഴെ കൊടുത്തിരിക്കുന്നവയിൽ എന്താണ്‌ അസഭ്യം പറയാതിരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുക?

□ സംസാരപ്രാപ്‌തി തന്ന ദൈവത്തെ പ്രീതിപ്പെടുത്തുക

□ മറ്റുള്ളവരുടെ ആദരവ്‌ നേടുക

□ പദസമ്പത്ത്‌ വർധിപ്പിക്കുക

□ വ്യക്തിത്വം മെച്ചപ്പെടുത്തുക

രണ്ട്‌: അസഭ്യം പറയാൻ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നു കണ്ടുപിടിക്കുക. മെലാനിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ കഴിവുകെട്ടവളല്ല എന്നൊരു പ്രതീതി അത്‌ എന്നിൽ ഉളവാക്കി. മറ്റുള്ളവർ എന്നെ ഭരിക്കുന്നത്‌ എനിക്ക്‌ ഇഷ്ടമല്ലായിരുന്നു. എന്റെ കൂട്ടുകാരെപ്പോലെ, മറ്റുള്ളവരെക്കാൾ ഒരുപടി ഉയർന്നുനിൽക്കാൻ, മറ്റുള്ളവരെ ശാസിച്ചമർത്താൻ ഞാൻ ആഗ്രഹിച്ചു.”

നിങ്ങളുടെ കാര്യമോ? സഭ്യേതരഭാഷ ഉപയോഗിക്കുന്നതിന്റെ കാരണം അറിഞ്ഞാലേ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിർണയിക്കാനാകൂ. ഉദാഹരണത്തിന്‌, നിങ്ങൾ അത്‌ ഉപയോഗിക്കുന്നത്‌ മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതുകൊണ്ടാണ്‌ എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്‌ ആത്മവിശ്വാസം വളർത്തിയെടുക്കാൻ നിങ്ങൾ പഠിക്കേണ്ടതുണ്ട്‌. ശരിയെന്നു നിങ്ങൾ കരുതുന്നതിനോടു പറ്റിനിൽക്കുക; അതിൽ അഭിമാനംകൊള്ളുക. അത്‌ വളർച്ചയുടെ ഭാഗമാണെന്നു മാത്രമല്ല ഈ ദുശ്ശീലത്തിന്റെ പിടിയിൽനിന്നു പുറത്തുവരാൻ അനിവാര്യവുമാണ്‌.

മൂന്ന്‌: നിങ്ങളുടെ വികാരം മറ്റുവിധങ്ങളിൽ പ്രകടിപ്പിക്കുക. അസഭ്യവാക്കുകൾ നാവിൻതുമ്പത്ത്‌ വന്നിട്ട്‌ അതു പറയാതിരിക്കുന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. പുതിയ വ്യക്തിത്വം ധരിച്ചുകൊണ്ട്‌ ഈ ദുശ്ശീലത്തെ കീഴ്‌പെടുത്തുന്നതാണ്‌ ഉൾപ്പെട്ടിരിക്കുന്ന സംഗതി. (എഫെസ്യർ 4:22-24) അങ്ങനെ, ആത്മനിയന്ത്രണവും ആത്മാഭിമാനവും വളർത്തിയെടുക്കാനും മറ്റുള്ളവരെ ആദരിക്കാനും ഇതു സഹായിക്കും.

പുതിയ വ്യക്തിത്വം ധരിക്കാനും അതു നിലനിറുത്താനും സഹായകമായ ചില തിരുവെഴുത്തുകൾ ഇതാ:

കൊലൊസ്സ്യർ 3:2: “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.”

പാഠം: നല്ല കാര്യങ്ങൾക്കു മൂല്യം കൽപ്പിക്കാൻ പഠിക്കുക. കാരണം, നിങ്ങളുടെ സംസാരം ചിന്തകളുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 13:20: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”

പാഠം: കൂട്ടുകാരുടെ ഭാഷ നാളെ നിങ്ങളുടെ ഭാഷയാകും.

സങ്കീർത്തനം 19:14: “യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.”

പാഠം: സംസാരപ്രാപ്‌തി നാം എങ്ങനെയാണ്‌ ഉപയോഗിക്കുന്നതെന്നു യഹോവ ശ്രദ്ധിക്കുന്നുണ്ട്‌.

എന്താ, ഇനിയും സഹായം വേണമെന്നുണ്ടോ? സംസാരത്തിൽ എത്ര തവണ അസഭ്യവാക്കുകൾ കടന്നുകൂടുന്നുണ്ടെന്നു തിട്ടപ്പെടുത്താൻ മുകളിൽ കാണിച്ചിരിക്കുന്ന ചാർട്ട്‌ ഉപയോഗിച്ചുകൂടേ? നിങ്ങളുടെ പുരോഗതി നിങ്ങളെ അതിശയിപ്പിച്ചേക്കാം! (3/08)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ

അസഭ്യഭാഷ ഇക്കാര്യങ്ങളെ എങ്ങനെ ബാധിക്കും:

▪ ആരൊക്കെ നിങ്ങളുടെ സുഹൃത്തുക്കളായിത്തീരും?

▪ ചിലതരം ജോലികൾ നിങ്ങൾക്കു ലഭിക്കുമോ ഇല്ലയോ?

▪ മറ്റുള്ളവർ നിങ്ങളെ എങ്ങനെ വീക്ഷിക്കും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾ യഥാർഥമല്ല.

^ ഖ. 8 അസഭ്യഭാഷ ഒഴിവാക്കാൻ ക്രിസ്‌ത്യാനികൾക്ക്‌ ഈടുറ്റ കാരണമുണ്ട്‌. ബൈബിൾ പറയുന്നു: “ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌.” “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”—എഫെസ്യർ 4:29; കൊലൊസ്സ്യർ 4:6.

[21-ാം പേജിലെ ചാർട്ട്‌]

പുരോഗതി അളക്കാൻ

തിങ്കൾ ചൊവ്വ ബുധൻ വ്യാഴം വെള്ളി ശനി ഞായർ

1-ാം വാരം ․․․․․․ ․․․․․․․ ․․․․․․․․․ ․․․․․․․․ ․․․․․․ ․․․․․․․․ ․․․․․․

2-ാം വാരം ․․․․․․ ․․․․․․․ ․․․․․․․․․ ․․․․․․․․ ․․․․․․ ․․․․․․․․ ․․․․․․

3-ാം വാരം ․․․․․․ ․․․․․․․ ․․․․․․․․․ ․․․․․․․․ ․․․․․․ ․․․․․․․․ ․․․․․․

4-ാം വാരം ․․․․․․ ․․․․․․․ ․․․․․․․․․ ․․․․․․․․ ․․․․․․ ․․․․․․․․ ․․․․․․

[20-ാം പേജിലെ ചിത്രം]

ഒരു സമ്മാനം നിങ്ങൾ ചവിട്ടിത്തൂക്കില്ല, സംസാരപ്രാപ്‌തിയുടെ കാര്യത്തിൽ എന്തിനതു ചെയ്യണം?