വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അൽപ്പംകൂടിക്കഴിഞ്ഞാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാകും

അൽപ്പംകൂടിക്കഴിഞ്ഞാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാകും

അൽപ്പംകൂടിക്കഴിഞ്ഞാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാകും

“അല്‌പസമയം കഴിഞ്ഞാൽ ദുഷ്ടൻ ഇല്ലാതാകും.”—സങ്കീർത്തനം 37:10, പി.ഒ.സി. ബൈബിൾ.

ചിലർ കരുതുംപോലെ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം മനുഷ്യരുടെ കാര്യത്തിൽ നിസ്സംഗനൊന്നുമല്ല, നമ്മളിൽ അത്യന്തം തത്‌പരനാണ്‌ അവൻ. (സങ്കീർത്തനം 11:4, 5) കുറ്റകൃത്യങ്ങളും അനീതിയുമൊന്നും അവന്റെ കണ്ണിൽപ്പെടാതെ പോകുന്നില്ല, മനുഷ്യർ കാണാത്തവപോലും അവൻ കാണുന്നുണ്ട്‌. “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” (സദൃശവാക്യങ്ങൾ 15:3) അതുകൊണ്ട്‌ ദുഷ്ടന്മാർ “വഴുവഴുപ്പിൽ” നിൽക്കുന്നു എന്നു തീർത്തു പറയാനാകും.—സങ്കീർത്തനം 73:12, 18.

അതേസമയം നിഷ്‌കളങ്കർക്കും നേരുള്ളവർക്കും, അവർ പാവപ്പെട്ടവരും അധഃസ്ഥിതരും ആയാൽപ്പോലും, നല്ലൊരു ഭാവിപ്രത്യാശയുണ്ട്‌. “നിർദോഷിയെ വീക്ഷിക്കുകയും നേരുള്ളവനെ ശ്രദ്ധിക്കുകയും ചെയ്യുക, എന്തെന്നാൽ ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതി. (സങ്കീർത്തനം 37:37, NW) ഈ വാക്കുകൾ അങ്ങേയറ്റം ആശ്വാസപ്രദമാണ്‌ കാരണം ഇതിന്റെ ലോകവ്യാപക നിവൃത്തിക്കായി നമുക്ക്‌ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

ഇത്‌ അന്ത്യകാലം

‘ലോകാവസാനത്തിന്റെ അടയാളം എന്ത്‌’ എന്ന്‌ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാർ അവനോടു ചോദിച്ചു. (മത്തായി 24:3) യേശുവിന്റെ വിശദമായ മറുപടി ബൈബിളിൽ മത്തായി 24, മർക്കൊസ്‌ 13, ലൂക്കൊസ്‌ 21 എന്നീ അധ്യായങ്ങളിൽ കാണാനാകും. ഈ ലോകത്തിന്റെ അന്ത്യനാളുകളുടെ ലക്ഷണങ്ങളെക്കുറിച്ച്‌ ഈ സുവിശേഷഭാഗങ്ങൾ വിവരിക്കുന്നു. യുദ്ധം, ക്ഷാമം, മഹാവ്യാധികൾ, വലിയ ഭൂകമ്പങ്ങൾ, വർധിച്ചുവരുന്ന അധർമം എന്നിവയൊക്കെ ആ അടയാളത്തിൽപ്പെടും.

യേശു മുൻകൂട്ടിപറഞ്ഞ ദുർഘടസമയങ്ങൾ 1914-ൽ ആരംഭിച്ചു. ചരിത്രകാരനായ എറിക്‌ ഹോബ്‌സ്‌ബാം ഏജ്‌ ഓഫ്‌ എക്‌സ്‌ട്രീംസ്‌ എന്ന തന്റെ പുസ്‌തകത്തിൽ 20-ാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കുന്നത്‌ “ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ട്‌” എന്നാണ്‌.

ദുഷ്ടത പെരുകുന്നത്‌ എന്തിലേക്കാണു വിരൽചൂണ്ടുന്നത്‌? ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക, “ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.” (സങ്കീർത്തനം 92:7) അതേ, ഇന്ന്‌ ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും തഴെക്കുന്നതും സൂചിപ്പിക്കുന്നത്‌ അവരുടെ നാശം ആസന്നമായിരിക്കുന്നു എന്നാണ്‌. അതൊരു നല്ല വാർത്തയല്ലേ?—2 പത്രൊസ്‌ 3:7.

‘നീതിമാന്മാർ ഭൂമിയെ അവകാശമാക്കും’

“നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ സങ്കീർത്തനം 37:29 പറയുന്നു. അനീതിയും അക്രമവുമെല്ലാം പഴങ്കഥകളാകും. സെക്യൂരിറ്റി അലാറങ്ങൾ, കോടതികൾ, വക്കീലന്മാർ, പോലീസ്‌, ജയിൽ എന്നിങ്ങനെ കുറ്റകൃത്യങ്ങളോടു ബന്ധപ്പെട്ട ഒന്നും അന്നുണ്ടാകില്ല. “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു.—യെശയ്യാവു 65:17.

ഭൂമിയും മനുഷ്യസമൂഹവും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം ഒരു സമൂലമാറ്റത്തിനു വിധേയമാകും. (യെശയ്യാവു 11:9; 2 പത്രൊസ്‌ 3:13) യഹോവയുടെ സാക്ഷികളുടെ ഉറച്ച ബോധ്യമാണിത്‌. ആ മാറ്റം ഉണ്ടാകുകതന്നെ ചെയ്യും എന്ന്‌ കാര്യകാരണ സഹിതം നിങ്ങളും മനസ്സിലാക്കണമെന്ന്‌ അവർ ആഗ്രഹിക്കുന്നു. തിരുവെഴുത്തുകൾ നിശ്വസ്‌തമാക്കിയതു “ഭോഷ്‌കില്ലാത്ത ദൈവം” ആണെന്ന്‌ ഓർക്കുക.—തീത്തൊസ്‌ 1:2.

[9-ാം പേജിലെ ചതുരം/ചിത്രം]

അന്തേവാസികൾക്ക്‌ ആത്മീയ സഹായം

കഴിഞ്ഞ കുറെ വർഷങ്ങളായി ജയിലുകൾ, തടവുകാർക്കുള്ള ആശുപത്രികൾ, മയക്കുമരുന്നു പുനരധിവാസ കേന്ദ്രങ്ങൾ (മൊത്തം 4,169) എന്നിവിടങ്ങളിലെ അന്തേവാസികളിൽനിന്ന്‌ ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികൾക്കു കത്തുകൾ ലഭിക്കുന്നുണ്ട്‌. ചിലർ ബൈബിൾ സാഹിത്യങ്ങളും മറ്റു ചിലർ ബൈബിളധ്യയനങ്ങളും ആവശ്യപ്പെടുന്നു. പ്രാപ്‌തിയുള്ള സാക്ഷികൾ അവരെ സന്ദർശിച്ച്‌ ആവശ്യമായ സഹായം നൽകുന്നു. ഇതുപോലെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലും, ആത്മീയ സഹായം തേടുന്ന തടവുകാരെ—സ്‌ത്രീകളെയും പുരുഷന്മാരെയും—സഹായിക്കുന്നതിനായി സാക്ഷികൾ ക്രമമായി ജയിലുകൾ സന്ദർശിച്ച്‌ അവർക്കു ബൈബിളധ്യയനങ്ങൾ നടത്തുന്നു. തടവുകാരിൽ അനേകരും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി, ക്രിസ്‌ത്യാനികളായി സ്‌നാനമേൽക്കുകയും നിയമാനുസാരികളായി ജീവിക്കുകയും ചെയ്യുന്നു.