വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറ്റകൃത്യങ്ങളുടെ ക്രൂരമുഖം

കുറ്റകൃത്യങ്ങളുടെ ക്രൂരമുഖം

കുറ്റകൃത്യങ്ങളുടെ ക്രൂരമുഖം

▪ മാനസികരോഗിയായ ഒരു വിദ്യാർഥി അധ്യാപകരെയും സഹപാഠികളെയും നിർദയം തോക്കിനിരയാക്കി.

▪ ഒരു കൊച്ചുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മാതാപിതാക്കൾ തീവ്രദുഃഖത്തിൽ.

▪ കൊല നടത്തിയത്‌ ഒരു ‘ത്രില്ലിനു’ വേണ്ടിയാണെന്നും ജഡം കൂട്ടുകാരെ കാണിച്ചെന്നും ഒരു കൗമാരക്കാരന്റെ കുറ്റസമ്മതം. കൂട്ടുകാരാകട്ടെ ആ വിവരം ആഴ്‌ചകളോളം പുറത്തുവിട്ടതുമില്ല.

▪ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്ന ഒരാൾ, കുട്ടികളെ പാട്ടിലാക്കാൻ പറ്റിയ സൂത്രങ്ങൾ ഇന്റർനെറ്റിലൂടെ മറ്റു ബാലലൈംഗിക പീഡകർക്കു കൈമാറി.

അടുത്തകാലത്തായി വാർത്തകളിൽ സ്ഥാനംപിടിക്കുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിൽ ഏതാനും ചിലതുമാത്രമാണിവ. നേരം ഇരുട്ടിയാൽ വീടിനു പുറത്ത്‌ നിങ്ങൾക്കു സുരക്ഷിതത്വം തോന്നാറുണ്ടോ? നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ കുറ്റകൃത്യങ്ങൾക്ക്‌ ഇരയായിട്ടുണ്ടോ? കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുമെന്ന ഭയം തങ്ങളെ വേട്ടയാടുന്നുവെന്നു ലോകമെങ്ങും, താരതമ്യേന സുരക്ഷിതമെന്നു മുമ്പു കരുതിയിരുന്ന രാജ്യങ്ങളിൽപ്പോലും, ആളുകൾ സമ്മതിക്കുന്നു. വ്യത്യസ്‌ത രാജ്യങ്ങളിൽനിന്നുള്ള പിൻവരുന്ന റിപ്പോർട്ടുകൾ വായിക്കുക.

ജപ്പാൻ: ഏഷ്യ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു: “ഒരു കാലത്ത്‌ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്നു ജപ്പാൻ . . . എന്നാലിന്ന്‌ ആ പഴയകാലം ഒരോർമ മാത്രം. ഒരു സുരക്ഷിത രാജ്യത്താണു ജീവിക്കുന്നതെന്ന വിശ്വാസം പക്ഷേ ഇന്ന്‌, കുറ്റകൃത്യങ്ങളെയും ആഗോള ഭീകരവാദത്തെയും കുറിച്ചുള്ള കടുത്ത ഭീതിക്കു വഴിമാറിയിരിക്കുന്നു.”

ലാറ്റിനമേരിക്ക: സാവൊ പൗലോ നഗരം അക്രമത്തിന്റെയും അട്ടിമറിയുടെയും പിടിയിലമരുമെന്നു ബ്രസീലിലെ പ്രമുഖ വ്യക്തികൾ മുന്നറിയിപ്പു നൽകുന്നതായി 2006-ലെ ഒരു ന്യൂസ്‌ റിപ്പോർട്ടു പറയുകയുണ്ടായി. ഒറ്റതിരിഞ്ഞുള്ള അക്രമങ്ങൾ ആഴ്‌ചകൾ നീണ്ടപ്പോൾ, പൊതുനിരത്തുകളിൽ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റ്‌ ഉത്തരവിട്ടു. മധ്യ അമേരിക്കയിലും മെക്‌സിക്കോയിലും “അക്രമി സംഘങ്ങളിൽപ്പെട്ട ഏതാണ്ട്‌ 50,000 കൗമാരക്കാരുണ്ട്‌. ഇതു നിമിത്തം അധികാരികൾ അതീവ ജാഗ്രതയിലാണ്‌” എന്ന്‌ ടൈയെംപോസ്‌ ഡെൽ മുണ്ടോ റിപ്പോർട്ടു ചെയ്യുന്നു. പത്രം തുടർന്നു പറയുന്നു, “2005-ൽ മാത്രം, എൽ സാൽവഡോർ, ഹോണ്ടുറാസ്‌, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ കൗമാരക്കാരായ അക്രമികൾ അപഹരിച്ചത്‌ 15,000-ത്തോളം പേരുടെ ജീവനാണ്‌.”

കാനഡ: “കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കുന്ന വിദഗ്‌ധർ ഗുണ്ടാസംഘങ്ങൾ പെരുകുന്നതായി മുന്നറിയിപ്പു നൽകുന്നു” എന്ന്‌ യുഎസ്‌എ ടുഡേ 2006-ൽ പറഞ്ഞു. “ടൊറൊന്റൊയിൽ 73 ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നു പോലീസ്‌ കണ്ടെത്തി.” നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ വളർച്ചയ്‌ക്ക്‌ തടയിടുക അത്ര എളുപ്പമല്ലെന്നു ടൊറൊന്റൊ പോലീസ്‌ മേധാവി പറയുന്നു.

ദക്ഷിണാഫ്രിക്ക: കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കുന്ന പാട്രിക്ക്‌ ബെർട്ടൺ ഫിനാൻഷ്യൽ മെയിലിൽ എഴുതി: “കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയം ദക്ഷിണാഫ്രിക്കൻ യുവാക്കളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ചൂഴ്‌ന്നു നിൽക്കുന്നു.” “സായുധകൊള്ള, തട്ടിക്കൊണ്ടുപോകൽ, ബാങ്കുകൊള്ള എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ” അവർ ഭയക്കുന്നുവെന്ന്‌ ആ പത്രം റിപ്പോർട്ടു ചെയ്യുന്നു.

ഫ്രാൻസ്‌: ഹൗസിങ്‌ കോളനികളിൽ താമസിക്കുന്ന മിക്കവരും ഭയത്തിന്റെ നിഴലിലാണു ജീവിക്കുന്നത്‌. “കേടുവരുത്തിയ ഗോവണി കയറുമ്പോഴും അപകടം പതിയിരിക്കുന്ന കാർ പാർക്കിങ്‌ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും ഇരുട്ടിയശേഷം അത്ര സുരക്ഷിതമല്ലാത്ത പൊതുവാഹനത്തിൽ സഞ്ചരിക്കുമ്പോഴുമെല്ലാം” ഭയം അവരെ പിന്തുടരുന്നു.—ഗാർഡിയൻ വീക്ക്‌ലി.

ഐക്യനാടുകൾ: കുറ്റകൃത്യങ്ങളുടെ വർധനയ്‌ക്ക്‌ ഗുണ്ടാസംഘങ്ങൾ ആക്കംകൂട്ടുന്നു. ഒരു സംസ്ഥാനത്ത്‌ 700-ഓളം ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഏതാണ്ട്‌ 17,000 യുവതീയുവാക്കൾ അവയിൽ അംഗങ്ങളാണെന്നും ഒരു പോലീസ്‌ സർവേ കാണിക്കുന്നു, ദ ന്യൂയോർക്ക്‌ ടൈംസ്‌. നാലു വർഷത്തിനുള്ളിൽ ഏതാണ്ട്‌ 10,000 പേരുടെ വർധന!

ബ്രിട്ടൻ: കുറ്റകൃത്യങ്ങൾക്കു കുട്ടികളുടെമേലുള്ള സ്വാധീനത്തെക്കുറിച്ചു ‘യുനിസെഫ്‌’ തയ്യാറാക്കിയ ഒരു റിപ്പോർട്ടിനെ അധികരിച്ച്‌ ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ദ ടൈംസ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “വെടിവെപ്പിൽ കൊല്ലപ്പെടുന്ന ബ്രിട്ടീഷ്‌ യുവാക്കളുടെ എണ്ണം കൂടിവരുന്നു. . . . കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും പ്രായം ഒന്നിനൊന്നു കുറഞ്ഞുവരികയാണ്‌.” ഇംഗ്ലണ്ടിലെയും വെയ്‌ൽസിലെയും ജയിൽപ്പുള്ളികളുടെ എണ്ണം ഏതാണ്ട്‌ 80,000 ആയി കുതിച്ചുയർന്നിരിക്കുന്നു.

കെനിയ: ഒരമ്മയും മകളും കാറിൽനിന്നു വേഗം ഇറങ്ങാഞ്ഞതിന്റെ പേരിൽ കാർമോഷ്ടാക്കളുടെ തോക്കിനിരയായി, അതും തിരക്കുള്ള ഒരു ഹൈവേയിൽവെച്ച്‌, എന്ന്‌ ഒരു ന്യൂസ്‌ റിപ്പോർട്ട്‌. കാർ തട്ടിക്കൊണ്ടുപോകൽ, കൊള്ള, വീടുകേറിയുള്ള ആക്രമണം എന്നിങ്ങനെ എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായിത്തീർന്നിരിക്കുന്നു കെനിയയുടെ തലസ്ഥാനമായ നയ്‌റോബി.

കുറ്റകൃത്യങ്ങൾ പിടിവിട്ടുപോവുകയാണോ? കുറ്റകൃത്യങ്ങളുടെ മൂലകാരണം എന്താണ്‌? ഒരുനാൾ മനുഷ്യരെല്ലാം യഥാർഥ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടെ വസിക്കുമെന്ന പ്രത്യാശയ്‌ക്ക്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുന്നതായിരിക്കും.