വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറ്റകൃത്യങ്ങൾക്കൊരു പരിഹാരമുണ്ടോ?

കുറ്റകൃത്യങ്ങൾക്കൊരു പരിഹാരമുണ്ടോ?

കുറ്റകൃത്യങ്ങൾക്കൊരു പരിഹാരമുണ്ടോ?

“ആവർത്തിച്ചു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, ജയിൽശിക്ഷ അനുഭവിച്ചതിനുശേഷവും, കുറ്റകൃത്യങ്ങൾ തുടരുന്നു. അത്‌ സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം അതിഭീമമാണ്‌, പണം കൊണ്ടുമാത്രം അത്‌ കണക്കാക്കാനുമാവില്ല. അത്‌ ഇനിയും കുതിച്ചുയരുകയേയുള്ളൂ.” —ഇൻസൈഡ്‌ ദ ക്രിമിനൽ മൈൻഡിൽ ഡോ. സ്റ്റാൻടൺ സാമനോ.

നടുക്കുന്ന കുറ്റകൃത്യങ്ങൾ ദിവസേനയെന്നോണം നമുക്കുചുറ്റും അരങ്ങേറുന്നു എന്നു പറയാം. അതുകൊണ്ട്‌ പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുന്നതു ന്യായമാണ്‌. കനത്ത പിഴ, ജയിൽശിക്ഷ എന്നുതുടങ്ങി കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ ഫലം കാണുന്നുണ്ടോ? ജയിൽശിക്ഷ കുറ്റവാളികളിൽ മാറ്റംവരുത്തുന്നുണ്ടോ? കുറ്റകൃത്യങ്ങളുടെ മൂലകാരണം കണ്ടെത്തി അതു പരിഹരിക്കാൻ സമൂഹത്തിനു കഴിയുന്നുണ്ടോ?

നിലവിലുള്ള ശിക്ഷാനടപടികളെക്കുറിച്ചു ഡോ. സ്റ്റാൻടൺ സാമനോ എഴുതുന്നു: “ജയിലിൽനിന്നു പുറത്തുവരുന്ന ഒരു കുറ്റവാളി കൂടുതൽ തന്ത്രശാലിയും കരുതലോടെ പ്രവർത്തിക്കുന്നവനും ആയിത്തീർന്നേക്കാം, പക്ഷേ അയാൾ കുറ്റകൃത്യങ്ങൾ തുടരുകതന്നെ ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്കു വീണ്ടും വഴുതിവീഴുന്നവരുടെ എണ്ണം കണക്കാക്കുന്നത്‌ പലപ്പോഴും എത്രപേർ വീണ്ടും പിടിയിലാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാൽ ജയിലിൽനിന്ന്‌ ഇറങ്ങുന്ന മിക്ക കുറ്റവാളികളും കുറ്റകൃത്യങ്ങൾ തുടരുകയും പിടിയിലാകുന്നതിൽനിന്നു വളരെ വിദഗ്‌ധമായി രക്ഷപ്പെട്ടുനടക്കുകയും ചെയ്യുന്നു എന്നതാണു വാസ്‌തവം.” ഫലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിലുള്ള കുറ്റവാളികളുടെ വൈദഗ്‌ധ്യത്തെ രാകിമിനുക്കി എടുക്കുന്ന പാഠശാലകളായിത്തീരുന്നു പലപ്പോഴും ജയിലുകൾ.—“‘കുറ്റകൃത്യങ്ങൾക്കൊരു പാഠശാല’!” എന്ന 7-ാം പേജിലെ ചതുരം കാണുക.

പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നതു കുറ്റകൃത്യങ്ങൾ നല്ല വരുമാനമുള്ള ഒരു തൊഴിലാണെന്നു ചിന്തിക്കാൻ കുറ്റവാളികളെ പ്രേരിപ്പിക്കുന്നു. ഇത്‌ അവരെ എന്തുംചെയ്യാൻ മടിക്കാത്തവരാക്കുന്നു. ജ്ഞാനിയായ ഒരു രാജാവ്‌ എഴുതി: “ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.”—സഭാപ്രസംഗി 8:11.

കുറ്റവാളികളെ സൃഷ്ടിക്കുന്നത്‌ സാഹചര്യങ്ങളോ?

ചിലരുടെ മുമ്പിലുള്ള ഏക ജീവിതമാർഗം കുറ്റകൃത്യങ്ങളാണോ? “കുറ്റകൃത്യങ്ങളിൽ അസാധാരണമായി ഒന്നുമില്ലെന്ന്‌, ഒരുപക്ഷേ കുറ്റവാളികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്ന കടുത്ത ദാരിദ്ര്യത്തോടും അരക്ഷിതാവസ്ഥയോടും നിരാശയോടുമുള്ള സ്വാഭാവിക പ്രതികരണമാണു കുറ്റകൃത്യങ്ങൾ എന്നുപോലും ഞാൻ ഒരിക്കൽ കരുതിയിരുന്നു” എന്ന്‌ സാമനോ പറയുന്നു. എന്നാൽ വിശദമായ ഗവേഷണങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാറ്റംവന്നു. ഒടുവിൽ അദ്ദേഹം എത്തിച്ചേർന്ന നിഗമനം ഇതാണ്‌: “കുറ്റവാളികൾ കുറ്റകൃത്യങ്ങളുടെ വഴി തിരഞ്ഞെടുക്കുകയാണ്‌. കുറ്റകൃത്യങ്ങൾ . . . ഒരു വ്യക്തിയുടെ ചിന്താഗതിയുടെ ഫലമാണ്‌ അല്ലാതെ സാഹചര്യങ്ങളുടേതല്ല.” സാമനോ തുടരുന്നു: “പൊതുവെ പറഞ്ഞാൽ, ഒരാൾ എന്തു ചിന്തിക്കുന്നുവോ അതാണ്‌ അയാൾ പ്രവർത്തിക്കുന്നത്‌. ഒരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പും ചെയ്യുമ്പോഴും ചെയ്‌തശേഷവും നാം അതേക്കുറിച്ചു ചിന്തിക്കുന്നു.” അതുകൊണ്ട്‌ സാഹചര്യങ്ങളുടെ സമ്മർദത്തിൽപ്പെട്ട്‌ ആരും കുറ്റവാളികളായിത്തീരുന്നില്ല പകരം “മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ഒരു ജീവിതവൃത്തി കുറ്റവാളികൾ സ്വയം തിരഞ്ഞെടുക്കുകയാണ്‌” എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. *

‘തിരഞ്ഞെടുക്കുന്നു’ എന്ന വാക്ക്‌ കുറിക്കൊള്ളുക. അടുത്തകാലത്ത്‌ ഒരു ബ്രിട്ടീഷ്‌ ദിനപത്രത്തിൽവന്ന ഒരു തലക്കെട്ട്‌ ഇങ്ങനെയാണ്‌: “നഗരങ്ങളിൽ, ജീവിതചുറ്റുപാടുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവാക്കൾ തിരഞ്ഞെടുക്കുന്ന ജീവിതമാർഗമാണു കുറ്റകൃത്യങ്ങൾ.” വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും മനുഷ്യർക്ക്‌ ഇച്ഛാസ്വാതന്ത്ര്യം അതായത്‌ ചെയ്യാൻ ആഗ്രഹിക്കുന്നതു ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ലക്ഷക്കണക്കിനാളുകൾ സാമൂഹിക അനീതിയും ദാരിദ്ര്യവുമായി മല്ലിടുന്നു. മറ്റു ചിലർ താളപ്പിഴകളുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്‌. പക്ഷേ അവരൊന്നും കുറ്റവാളികളാകുന്നില്ല. “കുറ്റകൃത്യങ്ങൾക്കു പിന്നിൽ കുറ്റവാളികളാണ്‌, അതിനു മോശമായ ചുറ്റുപാടുകളെയോ സാമർഥ്യമില്ലാത്ത മാതാപിതാക്കളെയോ . . . തൊഴിലില്ലായ്‌മയെയോ പഴിചാരാനാവില്ല. മനുഷ്യമനസ്സുകളിലാണു കുറ്റകൃത്യങ്ങൾ മുളപൊട്ടുന്നത്‌, സാമൂഹിക സാഹചര്യങ്ങളല്ല അതിനു കാരണം.”

കുറ്റകൃത്യങ്ങൾ ചിന്തയിൽ രൂപമെടുക്കുന്നു

കുറ്റകൃത്യങ്ങൾക്ക്‌ ഉത്തരവാദി സാഹചര്യങ്ങളല്ല, ആന്തരികമനുഷ്യനാണെന്നു ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. യാക്കോബ്‌ 1:14, 15 പറയുന്നു, “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.” തെറ്റായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരു വ്യക്തി തെറ്റായ മോഹങ്ങൾ ഊട്ടിവളർത്തുന്നു. അത്‌ ഒടുവിൽ അയാളെ തെറ്റായ പ്രവൃത്തികളിൽ കൊണ്ടെത്തിക്കുന്നു. ഉദാഹരണത്തിന്‌, അശ്ലീലം വല്ലപ്പോഴുമൊക്കെ കാണുന്ന ഒരു വ്യക്തി പിന്നീട്‌ അതൊരു പതിവാക്കി അതിനെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരവസ്ഥയിൽ എത്തിച്ചേർന്നേക്കാം. ഒടുവിൽ തന്റെ ഭാവനാവിലാസം യാഥാർഥ്യമാക്കാൻ ഒരുപക്ഷേ നിയമവിരുദ്ധ മാർഗങ്ങൾപോലും അയാൾ അവലംബിച്ചെന്നുവരാം.

സ്വാർഥതാത്‌പര്യങ്ങൾ, പണം, സുഖങ്ങൾ, ആഗ്രഹങ്ങളുടെ തത്‌ക്ഷണ സാക്ഷാത്‌കാരം എന്നിവയ്‌ക്കെല്ലാം ലോകം കൽപ്പിക്കുന്ന പ്രാധാന്യമാണു കണക്കിലെടുക്കേണ്ട മറ്റൊരു സംഗതി. നമ്മുടെ നാളുകളെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു: ‘അന്ത്യകാലത്തു മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദൈവപ്രിയമില്ലാതെ ഭോഗപ്രിയരുമായിരിക്കും.’ (2 തിമൊഥെയൊസ്‌ 3:1-5) സങ്കടകരമെന്നു പറയട്ടെ, സിനിമകൾ, വീഡിയോ ഗെയിമുകൾ, സാഹിത്യം എന്നിവയിലൂടെയൊക്കെ ലോകം ഇത്തരം സ്വഭാവവിശേഷങ്ങൾ ഉന്നമിപ്പിക്കുന്നു, അതാകട്ടെ കുറ്റകൃത്യങ്ങൾ പെരുകുന്നതിനു വഴിവെക്കുകയും ചെയ്യുന്നു. * എന്നുവെച്ച്‌ വ്യക്തികളെന്ന നിലയിൽ ആളുകൾ ഈ ദുസ്സ്വാധീനങ്ങൾക്കു വഴങ്ങണമെന്നു യാതൊരു നിർബന്ധവുമില്ല. ഒരുകാലത്ത്‌ ഇത്തരം കാര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടവർപോലും തങ്ങളുടെ വീക്ഷണത്തിലും ജീവിതരീതിയിലും സമഗ്രമായ മാറ്റംവരുത്തിയിട്ടുണ്ട്‌ എന്നതാണു വാസ്‌തവം.

ആളുകൾക്കു മാറാനാകും!

ഒരിക്കൽ കുറ്റവാളി ആയെന്നുവെച്ച്‌ എക്കാലവും കുറ്റവാളി ആയിരിക്കണമെന്നില്ല. ഇൻസൈഡ്‌ ദ ക്രിമിനൽ മൈൻഡ്‌ എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌ ഒരാൾ കുറ്റകൃത്യങ്ങളുടെ വഴി തിരഞ്ഞെടുക്കുന്നതുപോലെതന്നെ, “നേരായ വഴികൾ തിരഞ്ഞെടുക്കാനും അങ്ങനെ ഉത്തരവാദിത്വത്തോടെ ജീവിക്കാനും അയാൾക്കു കഴിയും.”

പശ്ചാത്തലം എന്തുതന്നെ ആയാലും ആളുകൾക്കു മാറ്റംവരുത്താനാകും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു. * എന്നാൽ അതിന്‌ ഒരു വ്യക്തി തന്റെ മനോഭാവങ്ങളും ആന്തരവും ചിന്താഗതിയും അടിക്കടി മാറ്റംവരുന്ന മാനുഷിക നിലവാരങ്ങൾക്കു ചേർച്ചയിലല്ല, സ്രഷ്ടാവിന്റെ മാറ്റമില്ലാത്ത നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്‌. മറ്റാർക്കാണ്‌ അവനെക്കാൾ നന്നായി നമ്മെ അറിയാവുന്നത്‌? മാത്രമല്ല നന്മയേത്‌ തിന്മയേത്‌ എന്നു തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനില്ലേ? ഏതാണ്ടു 40 ദൈവഭക്തരായ മനുഷ്യർ ദിവ്യനിശ്വസ്‌തതയിൽ എഴുതിയ ബൈബിളിലൂടെയാണ്‌ അവൻ തന്റെ നിലവാരങ്ങൾ വെളിപ്പെടുത്തുന്നത്‌. സന്തുഷ്ടവും ഉദ്ദേശ്യപൂർണവുമായ ഒരു ജീവിതം നയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്‌തകം എന്നു ന്യായമായും നമുക്കു ബൈബിളിനെ വിളിക്കാനാകും.—2 തിമൊഥെയൊസ്‌ 3:16, 17.

പാപപൂർണമായ ചായ്‌വുകളെ നമുക്കു ചെറുക്കേണ്ടതായിട്ടുണ്ട്‌, ആയതിനാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക അത്ര എളുപ്പമല്ലായിരിക്കാം. പൗലൊസ്‌ ഈ മാനസിക സംഘർഷത്തെ ഒരു ‘പോരാട്ടം’ എന്നു വിശേഷിപ്പിച്ചു. (റോമർ 7:21-25) സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചതുകൊണ്ട്‌ അവന്‌ ആ പോരാട്ടത്തിൽ വിജയിക്കാനായി, ദൈവത്തിന്റെ നിശ്വസ്‌ത വചനം ‘ജീവനും ചൈതന്യവുമുള്ളതാണ്‌.’—എബ്രായർ 4:12.

നല്ല “ഭക്ഷണക്രമത്തിന്റെ” പ്രാധാന്യം

ശാരീരിക ആരോഗ്യത്തിനു പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ്‌. കൂടാതെ ആഹാരം നല്ലതുപോലെ ചവച്ചരച്ചു കഴിക്കുകയും അതു ദഹിക്കുകയും വേണം. അതിന്‌ സമയവും ഊർജവും ആവശ്യമാണ്‌. അതുപോലെ, ആത്മീയമായി ആരോഗ്യമുള്ളവരായിരിക്കണമെങ്കിൽ നാം ദൈവത്തിന്റെ മൊഴികളെക്കുറിച്ചു ധ്യാനിക്കേണ്ടതുണ്ട്‌, എങ്കിൽമാത്രമേ മനസ്സും ഹൃദയവും അവ സ്വാംശീകരിക്കുകയുള്ളൂ. (മത്തായി 4:4) ബൈബിൾ പറയുന്നു: “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. . . . എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”—ഫിലിപ്പിയർ 4:8, 9.

ദൈവത്തിന്റെ വഴികളെക്കുറിച്ചു നാം നിരന്തരം ചിന്തിക്കുന്നത്‌’ പഴയ വ്യക്തിത്വത്തിനു പകരം പുതിയ വ്യക്തിത്വം ധരിക്കാൻ നമ്മെ സഹായിക്കും. പക്ഷേ അതിനു ക്ഷമ ആവശ്യമാണ്‌, കാരണം ഒരു ദിവസംകൊണ്ടു സംഭവിക്കുന്നതല്ല ആത്മീയ വളർച്ച.—കൊലൊസ്സ്യർ 1:9, 10; 3:8-10.

കുട്ടിയായിരുന്നപ്പോൾ ലൈംഗികചൂഷണത്തിന്‌ ഇരയായ ഒരു സ്‌ത്രീയുടെ ഉദാഹരണം ചിന്തിക്കുക. പുകവലിക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായിത്തീർന്ന അവൾ ഇപ്പോൾ വ്യഭിചാരം, മോഷണം, കൊലപാതകം എന്നിവയ്‌ക്ക്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ജയിലിൽവെച്ച്‌ അവൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. പഠിച്ച കാര്യങ്ങൾ ബാധകമാക്കാനും തുടങ്ങി. ഫലമോ? ക്രമേണ പഴയ വ്യക്തിത്വം ക്രിസ്‌തുസമാന പുതിയ വ്യക്തിത്വത്തിനു വഴിമാറി. ദുശ്ശീലത്തിനൊന്നും അവൾ ഇപ്പോൾ അടിമയല്ല. അവൾക്കിഷ്ടപ്പെട്ട ഒരു ബൈബിൾ വാക്യമാണ്‌ 2 കൊരിന്ത്യർ 3:17, അത്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കർത്താവു [യഹോവ] ആത്മാവാകുന്നു; കർത്താവിന്റെ [യഹോവയുടെ] ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്‌.” (2 കൊരിന്ത്യർ 3:17) അതേ, തടവിലാണെങ്കിലും മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത സ്വാതന്ത്ര്യം അവൾ ഇന്നനുഭവിക്കുന്നു.

ദൈവം കാരുണ്യവാനാണ്‌

യഹോവ ആരെയും കണ്ണുമടച്ച്‌ എഴുതിത്തള്ളുന്നില്ല. * ദൈവപുത്രനായ യേശുക്രിസ്‌തു പറഞ്ഞു: “ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നത്‌.” (ലൂക്കൊസ്‌ 5:32) ബൈബിൾ നിലവാരങ്ങൾക്ക്‌ അനുസരിച്ച്‌ ജീവിതത്തിൽ മാറ്റംവരുത്തുക വെല്ലുവിളി ആയിരുന്നേക്കാം. പക്ഷേ ക്ഷമ പ്രകടമാക്കുകയും ദൈവം നൽകുന്ന സഹായം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവർക്കു വിജയിക്കാനാകും. ആത്മീയമനസ്‌കരായ ക്രിസ്‌ത്യാനികളുടെ സ്‌നേഹപൂർണമായ പിന്തുണയും നിങ്ങൾക്കു പ്രതീക്ഷിക്കാം. (ലൂക്കൊസ്‌ 11:9-13; ഗലാത്യർ 5:22, 23) ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം കൊണ്ടുവരാൻ ആളുകളെ സഹായിക്കുന്നതിനായി ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ജയിലുകൾ സന്ദർശിച്ച്‌ ആത്മാർഥ ഹൃദയരായ തടവുപുള്ളികൾക്കു ബൈബിളധ്യയനങ്ങൾ എടുക്കുന്നു. * അനേകം ജയിലുകളിൽ സാക്ഷികൾ വാരംതോറും ക്രിസ്‌തീയ യോഗങ്ങൾ നടത്തുകയും ചെയ്യുന്നു.—എബ്രായർ 10:24, 25.

മുമ്പ്‌ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലർ പഴയ ജീവിതം ഉപേക്ഷിച്ച്‌ സത്യക്രിസ്‌ത്യാനികളായിത്തീർന്നിട്ടുണ്ട്‌ എന്നതു ശരിതന്നെ, എങ്കിലും ‘അധർമം പെരുകും’ എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു. (മത്തായി 24:12) നാം കാണാൻ പോകുന്നതുപോലെ വളരെ നല്ല വാർത്തകൾ അടങ്ങുന്ന വലിയൊരു പ്രവചനത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ ഇത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 7 കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ചിലർ മാനസികരോഗികളായിരിക്കാം, ചില രാജ്യങ്ങളിൽ ഇവർ നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇത്തരക്കാർക്ക്‌ ആയുധങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ ഫലം ഒരുപക്ഷേ കുറ്റകൃത്യമായിരിക്കും. സങ്കീർണമായ ഈ വിഷയത്തെക്കുറിച്ചല്ല ഈ ലേഖനം ചർച്ച ചെയ്യുന്നത്‌.

^ ഖ. 11 കൂടുതൽ വിവരങ്ങൾക്ക്‌ ഉണരുക!യുടെ 1998 ഫെബ്രുവരി 22 ലക്കത്തിലെ 3 മുതൽ 9 വരെ പേജുകളിലെ “കുറ്റകൃത്യമില്ലാത്ത ഒരു ലോകം—എപ്പോൾ?” എന്ന ലേഖനവും 1985 ആഗസ്റ്റ്‌ 8 ഇംഗ്ലീഷ്‌ ലക്കത്തിലെ 3 മുതൽ 12 വരെ പേജുകളിലെ “നമ്മുടെ തെരുവുകളിൽനിന്ന്‌ എന്നെങ്കിലും കുറ്റകൃത്യങ്ങൾ ഒഴിയുമോ?” എന്ന ലേഖനവും കാണുക.

^ ഖ. 14 ബൈബിൾസത്യങ്ങളാൽ പ്രചോദിതരായി കുറ്റകൃത്യങ്ങളുടെ വഴി ഉപേക്ഷിച്ച വ്യക്തികളുടെ അനുഭവങ്ങൾ ഈ മാസികയിലും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിലും കൂടെക്കൂടെ അച്ചടിച്ചുവരാറുണ്ട്‌. ഉണരുക! 2006 ജൂലൈ ലക്കത്തിലെ 11 മുതൽ 13 വരെ പേജുകളും 2005 നവംബർ ലക്കത്തിലെ 20-21 പേജുകളും കാണുക. കൂടാതെ വീക്ഷാഗോപുരത്തിന്റെ 2000 ജനുവരി 1 ലക്കത്തിലെ 4-5 പേജുകളും 1998 ഒക്ടോബർ 15 ലക്കത്തിലെ 27-29 പേജുകളും 1997 ഫെബ്രുവരി 15 ലക്കത്തിലെ 21-24 പേജുകളും കാണുക.

^ ഖ. 21 9-ാം പേജിലെ “അന്തേവാസികൾക്ക്‌ ആത്മീയ സഹായം” എന്ന ചതുരം കാണുക.

[5-ാം പേജിലെ ആകർഷക വാക്യം]

ദാരിദ്ര്യത്തിൽ കഴിയുന്ന ലക്ഷങ്ങൾ കുറ്റകൃത്യത്തിലേക്കു തിരിയുന്നില്ല

[6, 7 പേജുകളിലെ ചതുരം/ചിത്രം]

“രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ജയിലിലേക്ക്‌”

ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ദ ടൈംസ്‌ പത്രത്തിൽവന്ന ഒരു റിപ്പോർട്ടിന്റെ തലക്കെട്ടായിരുന്നു ഇത്‌. ബ്രിട്ടനിൽ ഭവനഭേദനത്തിനും മോഷണത്തിനും ശിക്ഷിക്കപ്പെടുന്നവരിൽ 70 ശതമാനത്തിലധികവും രണ്ടു വർഷത്തിനുള്ളിൽ വീണ്ടും ജയിലിൽ തിരിച്ചെത്തുന്നു എന്ന്‌ ആ റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്നിന്‌ അടിമപ്പെട്ടവരാണു മിക്ക കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നത്‌, മയക്കുമരുന്നിനുള്ള പണം എങ്ങനെയും കണ്ടെത്തുക എന്ന ലക്ഷ്യമാണ്‌ അതിനു പിന്നിൽ.

[7-ാം പേജിലെ ചതുരം]

‘കുറ്റകൃത്യങ്ങൾക്കൊരു പാഠശാല’!

“ജയിലുകൾ കുറ്റകൃത്യങ്ങളുടെ പാഠശാലയാണ്‌” എന്ന്‌ യുസിഎൽഎ ലോ റിവ്യൂവിൽ പ്രൊഫസർ ജോൺ ബ്രേത്ത്‌വേറ്റ്‌ എഴുതി. ഇൻസൈഡ്‌ ദ ക്രിമിനൽ മൈൻഡ്‌ എന്ന തന്റെ പുസ്‌തകത്തിൽ ഡോ. സ്റ്റാൻടൺ സാമനോ എഴുതുന്നു, “മിക്ക കുറ്റവാളികളും അനുഭവത്തിൽനിന്നു പഠിക്കുന്നുണ്ട്‌,” പക്ഷേ സമൂഹത്തിനു ദ്രോഹം ചെയ്യുന്ന കാര്യങ്ങളാണെന്നു മാത്രം. “എങ്ങനെ ഒരു വിദഗ്‌ധ കുറ്റവാളിയാകാം എന്നു പഠിക്കുന്നതിനുള്ള സമയവും സാഹചര്യവും ജയിലിലുണ്ട്‌. . . . ചിലർ വാസ്‌തവത്തിൽ വിദഗ്‌ധരായ കുറ്റവാളികൾ ആയിത്തീരുകതന്നെ ചെയ്യുന്നു. കുറ്റകൃത്യങ്ങൾ ചെയ്‌തുകൂട്ടുന്നതോടൊപ്പം അറസ്റ്റ്‌ ഒഴിവാക്കുന്ന കാര്യത്തിൽ അതിസമർഥരുമാണ്‌ അവർ.”

മറ്റൊരു അധ്യായത്തിൽ സാമനോ പറയുന്നു: “ജയിൽശിക്ഷ ഒരു കുറ്റവാളിയുടെ അടിസ്ഥാന വ്യക്തിത്വത്തിൽ മാറ്റംവരുത്തുന്നില്ല. ജയിലിനകത്തായാലും പുറത്തായാലും അയാൾ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നു, പുതിയ അടവുകൾ പഠിക്കുന്നു, മറ്റുള്ളവരെ ചിലതൊക്കെ പഠിപ്പിക്കുന്നു.” കുറ്റവാളിയായ ഒരു യുവാവ്‌ ഇങ്ങനെ പറയുകയുണ്ടായി, “ജയിൽവാസം, കുറ്റകൃത്യങ്ങൾ പഠിപ്പിക്കാനുള്ള ‘യോഗ്യത’ എനിക്കു നേടിത്തന്നു.”