വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗുരുതരമായ പാപങ്ങൾ ദൈവം ക്ഷമിക്കുമോ?

ഗുരുതരമായ പാപങ്ങൾ ദൈവം ക്ഷമിക്കുമോ?

ബൈബിളിന്റെ വീക്ഷണം

ഗുരുതരമായ പാപങ്ങൾ ദൈവം ക്ഷമിക്കുമോ?

ദൈവത്തിന്റെ ഉത്‌കൃഷ്ടമായ ഗുണങ്ങളിലൊന്നാണ്‌ കരുണ. (സങ്കീർത്തനം 86:15) ആ കരുണ എത്ര വലുതാണ്‌? സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്‌.” (സങ്കീർത്തനം 130:3, 4) മറ്റൊരു ഭാഗം പറയുന്നു: “ഉദയം അസ്‌തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:12-14.

യഹോവയുടെ കരുണ തികവുറ്റതാണെന്നു വ്യക്തം, അവൻ ഉദാരമായി ക്ഷമിക്കുന്നു. നമ്മുടെ പരിമിതികളും അപൂർണതകളും കണക്കിലെടുത്തുകൊണ്ട്‌ നാം “പൊടി”യാണെന്ന പരമാർഥം അവൻ ഓർക്കുന്നു. ദൈവത്തിന്റെ കരുണ എത്ര വലുതാണെന്നു കാണിക്കുന്ന ചില ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുക.

പത്രൊസ്‌ അപ്പൊസ്‌തലൻ മൂന്നു പ്രാവശ്യം ക്രിസ്‌തുവിനെ തള്ളിപ്പറയുകയുണ്ടായി. (മർക്കൊസ്‌ 14:66-72) വിശ്വാസിയാകുന്നതിനുമുമ്പ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചിരുന്നു. അവരിൽ ചിലരുടെ വധത്തെ അവൻ അനുകൂലിക്കുകയും സ്‌തെഫാനൊസിനെ കൊല്ലുന്നതിന്‌ അംഗീകാരം നൽകുകപോലും ചെയ്‌തെന്നു രേഖ പറയുന്നു. (പ്രവൃത്തികൾ 8:1, 3; 9:1, 2, 11; 26:10, 11; ഗലാത്യർ 1:13, 14) ക്രിസ്‌ത്യാനികളായിത്തീരുന്നതിനുമുമ്പ്‌ കൊരിന്ത്യസഭയിലെ ചിലർ മദ്യപാനികളും പിടിച്ചുപറിക്കാരും കള്ളന്മാരും ആയിരുന്നു. (1 കൊരിന്ത്യർ 6:9-11) എന്നിട്ടും അവർക്കെല്ലാം ദൈവാംഗീകാരം ലഭിച്ചു. ദൈവം എന്തുകൊണ്ടാണ്‌ അവരോടു ക്ഷമിച്ചത്‌?

ദൈവത്തിന്റെ കരുണ ലഭിക്കാനുള്ള മൂന്നു പടികൾ

“അവിശ്വാസത്തിൽ അറിയാതെ ചെയ്‌തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു” എന്നു പൗലൊസ്‌ പറയുകയുണ്ടായി. (1 തിമൊഥെയൊസ്‌ 1:13) പൗലൊസിന്റെ വാക്കുകൾ കരുണ നേടാനുള്ള ഒന്നാമത്തെ പടി നമുക്കു കാണിച്ചുതരുന്നു—ബൈബിളിൽനിന്നു യഹോവയെയും അവന്റെ നിലവാരങ്ങളെയും കുറിച്ച്‌ സൂക്ഷ്‌മപരിജ്ഞാനം നേടിക്കൊണ്ട്‌ അജ്ഞതയുടെ ലോകത്തുനിന്നു പുറത്തുവരിക എന്നതുതന്നെ. (2 തിമൊഥെയൊസ്‌ 3:16, 17) ദൈവത്തെ അടുത്തറിയാതെ അവനെ പ്രസാദിപ്പിക്കാനാവില്ല എന്നതിനു സംശയമില്ല. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ” എന്ന്‌ പിതാവിനോടു പ്രാർഥിക്കവേ യേശുതന്നെ പറയുകയുണ്ടായി.—യോഹന്നാൻ 17:3.

സന്മനസ്സുള്ളവർ ഈ അറിവു സമ്പാദിക്കുമ്പോൾ തങ്ങളുടെ കഴിഞ്ഞകാല പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ഹൃദയംഗമമായ അനുതാപം പ്രകടമാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ക്ഷമയിലേക്കുള്ള രണ്ടാമത്തെ പടിയാണ്‌ അത്‌. “നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” എന്ന്‌ പ്രവൃത്തികൾ 3:19 നമ്മോടു പറയുന്നു.

“തിരിഞ്ഞുകൊൾവിൻ” എന്നു പറഞ്ഞുകൊണ്ട്‌ ആ തിരുവെഴുത്ത്‌ മൂന്നാമത്തെ പടി വ്യക്തമാക്കുന്നു. ഒരു വ്യക്തി തന്റെ കഴിഞ്ഞകാല മനോഭാവങ്ങളും പ്രവർത്തനരീതികളും ഉപേക്ഷിച്ചുകൊണ്ട്‌ ദൈവത്തിന്റെ നിലവാരങ്ങളും വീക്ഷണങ്ങളും സ്വീകരിക്കണം എന്നാണ്‌ അതിനർഥം. (പ്രവൃത്തികൾ 26:20) ചുരുക്കിപ്പറഞ്ഞാൽ, “ദൈവമേ എന്നോടു ക്ഷമിക്കേണമേ” എന്ന വാക്കുകളുടെ ആത്മാർഥത പ്രതിഫലിപ്പിക്കുന്നതായിരിക്കണം പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം.

ദൈവത്തിന്റെ ക്ഷമയ്‌ക്കും പരിധിയുണ്ട്‌

ചിലരുടെ പാപങ്ങൾ ദൈവം ക്ഷമിക്കുകയില്ല. “സത്യം അറിഞ്ഞതിനു ശേഷവും പാപം ചെയ്യുന്നതു തുടരാനാണു നാം തീരുമാനിക്കുന്നതെങ്കിൽ നമ്മുടെ പാപം പോക്കുവാനുള്ള മറ്റൊരു യാഗവുമുണ്ടാകില്ല. നാം പാപം ചെയ്യുന്നതു തുടരുകയാണെങ്കിൽ, ആകെക്കൂടി നമുക്കുള്ളത്‌ വിധികാത്തിരിപ്പിലുള്ള ഭയവും ദൈവത്തിനെതിരെ ജീവിച്ച എല്ലാവരേയും നശിപ്പിക്കുന്ന കോപാഗ്നിയുമാണ്‌,” പൗലൊസ്‌ എഴുതി. (എബ്രായർ 10:26, 27, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) ‘പാപംചെയ്യുന്നതു തുടരാൻ തീരുമാനിക്കുക,’ മറ്റുവാക്കുകളിൽ പറഞ്ഞാൽ, മനഃപൂർവം പാപത്തിൽ തുടരുക എന്ന പ്രയോഗം രൂഢമൂലമായിരിക്കുന്ന ദുഷ്ടതയെ, ദുഷ്ടമായ ഹൃദയാവസ്ഥയെ ആണു കാണിക്കുന്നത്‌.

ഈസ്‌കര്യോത്താ യൂദായുടെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. “ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 26:24, 25) തന്റെ നാളിലെ ചില മതനേതാക്കന്മാരെ സംബന്ധിച്ച്‌ യേശു പിൻവരുന്ന പ്രസ്‌താവന നടത്തി: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; . . . അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) സാത്താനെപ്പോലെ ഇവരും അങ്ങേയറ്റം ദുഷ്ടരായിരുന്നു—അതേ, ദുഷ്ടതയുടെ ആൾരൂപങ്ങൾ. സ്വന്തം തെറ്റുകൾ സംബന്ധിച്ച്‌ അവർക്കു തരിമ്പും ദുഃഖംതോന്നിയില്ലെന്നു മാത്രമല്ല, അവരുടെ ദുഷ്ടതയുടെ കാഠിന്യം വർധിക്കുകയും ചെയ്‌തു. * അപൂർണതയും ബലഹീനതയും നിമിത്തം സത്യക്രിസ്‌ത്യാനികൾപോലും പാപംചെയ്യാറുണ്ട്‌, ചിലപ്പോൾ ഗുരുതരമായിപ്പോലും. എന്നാൽ അവരുടെ വീഴ്‌ചകൾ ഒരിക്കലും ഒരു ദുഷ്ട ഹൃദയാവസ്ഥയുടെ പ്രതിഫലനമല്ല.—ഗലാത്യർ 6:1.

ദണ്ഡനസ്‌തംഭത്തിലും കരുണ

പാപം മാത്രമല്ല പാപിയുടെ മനോഭാവവും യഹോവ കണക്കിലെടുക്കും. (യെശയ്യാവു 1:16-19) യേശുവിനോടൊപ്പം വധിക്കപ്പെട്ട രണ്ടു കുറ്റവാളികളുടെ കാര്യംതന്നെയെടുക്കുക. ഇരുവരും ഗുരുതരമായ പാപങ്ങൾ ചെയ്‌തിട്ടുണ്ടായിരുന്നു, കാരണം ഒരാൾ പിൻവരുംവിധം പറയുകയുണ്ടായി: “നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ [യേശുവോ] അരുതാത്തതു ഒന്നും ചെയ്‌തിട്ടില്ല.” ആ കുറ്റവാളിക്ക്‌ യേശുവിനെക്കുറിച്ച്‌ അറിയാമായിരുന്നെന്ന്‌ ആ വാക്കുകൾ സൂചിപ്പിക്കുന്നു. ആ അറിവ്‌ അയാളുടെ മനോഭാവത്തിൽ മാറ്റംവരുത്താൻ ഇടയാക്കിയിരിക്കാം. തുടർന്ന്‌ യേശുവിനോടു നടത്തിയ അഭ്യർഥന അതു വ്യക്തമാക്കുന്നുണ്ട്‌: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.” ആത്മാർഥമായ ആ അഭ്യർഥനയോട്‌ ക്രിസ്‌തു എങ്ങനെയാണു പ്രതികരിച്ചത്‌? “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും,” (NW) യേശു പറഞ്ഞു.—ലൂക്കൊസ്‌ 23:41-43.

ഒന്നാലോചിച്ചുനോക്കൂ: മനുഷ്യജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ യേശു നടത്തിയ ഒരു പ്രസ്‌താവന കരുണയുടെ പ്രതിഫലനമായിരുന്നു, അതും വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടിരുന്ന ഒരു കുറ്റവാളിയോടുള്ള ബന്ധത്തിൽ. എത്ര പ്രോത്സാഹജനകം, അല്ലേ? നമ്മുടെ ഭൂതകാലം എന്തുതന്നെ ആയിരുന്നാലും ആത്മാർഥമായി അനുതപിക്കുന്നപക്ഷം യേശുക്രിസ്‌തുവും പിതാവായ യഹോവയും നമ്മോടു കരുണ കാണിക്കും എന്നതിന്‌ തെല്ലും സംശയംവേണ്ട.—റോമർ 4:7.

[അടിക്കുറിപ്പ്‌]

^ ഖ. 12 2007 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-20 പേജുകളിലെ “പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ?” എന്ന ലേഖനം കാണുക.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ദൈവത്തിന്റെ കരുണയെ നിങ്ങൾ എങ്ങനെ വർണിക്കും?—സങ്കീർത്തനം 103:12-14; 130:3, 4.

▪ ദൈവത്തിന്റെ പ്രീതി നേടാൻ എന്തു ചെയ്യണം?—യോഹന്നാൻ 17:3; പ്രവൃത്തികൾ 3:19.

▪ മരണസമയത്ത്‌ യേശു ഒരു കുറ്റവാളിക്ക്‌ എന്തു വാക്കുകൊടുത്തു?—ലൂക്കൊസ്‌ 23:43.