“പകൽ ഇരുട്ടിയപ്പോൾ”
“പകൽ ഇരുട്ടിയപ്പോൾ”
ബെനിനിലെ ഉണരുക! ലേഖകൻ
“ദശലക്ഷങ്ങളെ അത്ഭുതസ്‌തബ്ധരാക്കിയ സൂര്യഗ്രഹണം!” 2006 മാർച്ച് 29-ലെ സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പിറ്റേന്ന് ഘാനയിലെ ഡെയ്‌ലി ഗ്രാഫിക്കിൽ പ്രത്യക്ഷപ്പെട്ട തലക്കെട്ടായിരുന്നു അത്. രാവിലെ 8 മണിയോടെ ബ്രസീലിന്റെ കിഴക്കൻ മുനമ്പിൽ ദൃശ്യമായ ഗ്രഹണം മണിക്കൂറിൽ ഉദ്ദേശം 1,600 കിലോമീറ്റർ വേഗത്തിൽ അറ്റ്‌ലാന്റിക് കുറുകെക്കടന്ന് തീരദേശ രാജ്യങ്ങളായ ഘാന, ടോഗോ, ബെനിൻ എന്നിവിടങ്ങളിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി. ആ പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾക്ക് അത് എങ്ങനെയുള്ള ഒരനുഭവമായിരുന്നു?
1947-ലാണ് ഘാനയിൽ ഇതിനുമുമ്പു പൂർണ സൂര്യഗ്രഹണമുണ്ടായത്. അന്ന് 27 വയസ്സായിരുന്ന തിയോഡർ അനുസ്‌മരിക്കുന്നു: “അന്നുള്ള പലരും മുമ്പു സൂര്യഗ്രഹണം കണ്ടിട്ടില്ലായിരുന്നു, അതുകൊണ്ടുതന്നെ എന്താണു സംഭവിക്കുന്നതെന്ന് അവർക്കു യാതൊരു രൂപവുമില്ലായിരുന്നു. ‘പകൽ ഇരുട്ടിയപ്പോൾ’ എന്നാണ് അവർ അതിനെക്കുറിച്ചു പറഞ്ഞത്.”
പൊതുജന ബോധവത്‌കരണം
ഗ്രഹണസമയത്ത് നഗ്നനേത്രങ്ങളാൽ സൂര്യനെ നോക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്‌കരിക്കാൻ അധികാരികൾ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. “കണ്ണുകൾ സൂക്ഷിക്കൂ! കാഴ്‌ചശക്തി നഷ്ടമായേക്കാം!” എന്നെഴുതിയ പോസ്റ്ററുകൾ ടോഗോയിലെങ്ങും സ്ഥാനംപിടിച്ചു.
അധികാരികൾ രണ്ടു വഴികൾ മുന്നോട്ടുവെച്ചു. ഒന്നുകിൽ, വീട്ടിലിരുന്ന് ടിവി-യിൽ ആ ദൃശ്യം കാണുക. അല്ലെങ്കിൽ, പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സുരക്ഷാക്കണ്ണടകൾ ധരിച്ച് നേരിട്ടു വീക്ഷിക്കുക. ദശലക്ഷങ്ങൾ ടിവി-യിലും കമ്പ്യൂട്ടറിലും കണ്ണിമയ്‌ക്കാതെ നോക്കിയിരുന്ന് ആ അത്ഭുതരംഗത്തിനു സാക്ഷ്യംവഹിച്ചു. ഗ്രഹണസമയത്തും അതിനു തൊട്ടുമുമ്പും ജനങ്ങൾക്കിടയിലുണ്ടായ ആവേശാരവങ്ങളൊന്നും പക്ഷേ അവർ അറിഞ്ഞില്ല. ആ രംഗം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ?
ആകാംക്ഷയുടെ കൊടുമുടിയിൽ
എന്നെത്തെയുംപോലെതന്നെയാണ് അന്നും ആ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രഭാതം പൊട്ടിവിടർന്നത്; ഊർജസ്വലനായ സൂര്യൻ, തെളിഞ്ഞ ആകാശം. ‘കാത്തിരിപ്പെല്ലാം വെറുതെയാകുമോ’ എന്നു ചിലർ സംശയിച്ചപ്പോൾ, സംഭവിക്കാൻപോകുന്നതു കൺകുളിർക്കെ കാണാനുള്ള ആവേശത്തിലായിരുന്നു മറ്റുചിലർ. ഗ്രഹണമുണ്ടാകുമെന്ന് അറിയിച്ചിരുന്ന സമയമായതും കണ്ണടകൾ ധരിച്ച് ആളുകൾ മാനത്തേക്ക് ഉറ്റുനോക്കി. മറ്റിടങ്ങളിലുള്ള സുഹൃത്തുക്കളോട് ‘എന്തെങ്കിലും കാണുന്നുണ്ടോയെന്ന്’ പലരും സെൽഫോണിൽ വിളിച്ചുചോദിച്ചു.
3,50,000 കിലോമീറ്റർ മുകളിലായി ആരുടെയും കണ്ണിൽപ്പെടാതെ, സൂര്യനുമായുള്ള മുഖാമുഖത്തിനായി അനുസ്യൂതം മുന്നേറുകയായിരുന്നു ചന്ദ്രൻ. പെട്ടെന്ന് അതാ, കറുത്ത എന്തോ ഒന്ന് സൂര്യനെ മറയ്‌ക്കാൻ തുടങ്ങുന്നു! ഓരോരുത്തരായി അതു കണ്ടുതുടങ്ങിയതോടെ ആവേശം കത്തിപ്പടർന്നു.
ചുറ്റുപാടും യാതൊരു മാറ്റവും കാണാൻ ആദ്യമൊന്നും കാഴ്‌ചക്കാർക്കായില്ല. എന്നാൽ ചന്ദ്രൻ സൂര്യനു മുന്നിലേക്കു നീങ്ങിത്തുടങ്ങവേ, ആകാശത്തിന്റെ
മട്ടും ഭാവവും മാറി. നീലാകാശത്ത് ഇരുട്ടുപരന്നു. താപനില കുത്തനെ താണു. പ്രകാശസംവേദകത്വമുള്ള വഴിവിളക്കുകൾ മിഴിതുറന്നു. തെരുവുകൾ ശൂന്യമായി. കടകൾ അടഞ്ഞു. പക്ഷികളുടെ കളകൂജനം നിലച്ചു, മൃഗങ്ങൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ താവളങ്ങളിലേക്കു മടങ്ങി. സർവത്ര ഇരുട്ട്. സമ്പൂർണ സൂര്യഗ്രഹണം! എങ്ങും നിശ്ശബ്ദത.അവിസ്‌മരണീയം ആ കാഴ്‌ച!
നക്ഷത്രങ്ങൾ കണ്ണുചിമ്മി. ഇരുണ്ട ചന്ദ്രനു ചുറ്റും സൂര്യന്റെ ഉജ്ജ്വലമായ കൊറോണ (സൂര്യോപരിതലത്തിലെ അന്തരീക്ഷം) പവിഴവർണത്തിൽ ഒരു പ്രഭാവലയം തീർത്തു. ചന്ദ്രോപരിതലത്തിലെ പർവതങ്ങളുടെയും താഴ്‌വാരങ്ങളുടെയും പിന്നിലൂടെ സൂര്യൻ എത്തിനോക്കവെ ബെയ്‌ലീസ് ബീഡ്‌സ് * എന്നറിയപ്പെടുന്ന പ്രഭാകന്ദളങ്ങൾ അഥവാ പ്രകാശപ്പൊട്ടുകൾ ചന്ദ്രബിംബത്തിന്റെ അരികുകൾക്കു കസവുചാർത്തി. വജ്രമോതിരപ്രഭാവം വർണോജ്ജ്വലമായിരുന്നു. കൊറോണയ്‌ക്കും ഫോട്ടോസ്‌ഫിയറിനും ഇടയ്‌ക്കുള്ള ക്രോമോസ്‌ഫിയർ പിങ്ക്-റോസ് വർണങ്ങളിൽ മിന്നിത്തിളങ്ങി. “ഇന്നോളം കണ്ടിട്ടുള്ളതിലേക്കും ഉജ്ജ്വലമായ അഭൗമസുന്ദരദൃശ്യം” എന്നാണ് ഒരു നിരീക്ഷകൻ അതിനെ വർണിച്ചത്.
ആ സമ്പൂർണഗ്രഹണം മൂന്നു മിനിട്ടോളം നീണ്ടുനിന്നു. ക്രമേണ സൂര്യൻ പഴയ സ്ഥിതിയിലേക്കു മടങ്ങിവന്നു. കാഴ്‌ചക്കാർ ആർത്തുവിളിച്ചു. മാനം തെളിഞ്ഞു, താരങ്ങൾ മിഴിപൂട്ടി. പ്രഭാതത്തിലെ കോടമഞ്ഞ് അപ്രത്യക്ഷമാകുന്ന വേഗത്തിൽ അന്തരീക്ഷം പൂർവസ്ഥിതി പ്രാപിച്ചു.
“ആകാശത്തിലെ വിശ്വസ്‌തസാക്ഷി”യാണു ചന്ദ്രൻ. അതുകൊണ്ട് നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഗ്രഹണങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകും. (സങ്കീ. 89:37) ഈ സമ്പൂർണഗ്രഹണത്തിനു സാക്ഷ്യംവഹിക്കാൻ പശ്ചിമാഫ്രിക്ക 60 വർഷം കാത്തിരിക്കേണ്ടിവന്നു. അവിടെയുള്ളവർക്ക് ഇനി 2081-ലേ അതു കാണാനാകൂ. അതിലുമൊക്കെ വളരെമുമ്പുതന്നെ അവിസ്‌മരണീയമായ ഒരു സൂര്യഗ്രഹണം കാണാൻ നിങ്ങൾക്കായേക്കും.
[അടിക്കുറിപ്പ്]
^ ഖ. 13 ബ്രിട്ടീഷ് ജ്യോതിശ്ശാസ്‌ത്രജ്ഞനായ ഫ്രാൻസിസ് ബെയ്‌ലിയാണ് 1836-ലെ സൂര്യഗ്രഹണവേളയിൽ ഇക്കാര്യം ആദ്യമായി രേഖപ്പെടുത്തിയത്.
[11-ാം പേജിലെ ചതുരം/ചിത്രം]
യേശുവിന്റെ മരണസമയത്തു സംഭവിച്ചതു സൂര്യഗ്രഹണമോ?
“ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി,” മർക്കൊസ് 15:33 പറയുന്നു. ഏകദേശം ഉച്ചമുതൽ വൈകിട്ട് 3 വരെയുണ്ടായ മൂന്നു മണിക്കൂർ നേരത്തെ ഈ ഇരുട്ട് ഒരത്ഭുതമായിരുന്നു. മറിച്ച് അതൊരു സൂര്യഗ്രഹണമായിരുന്നില്ല. ഒന്നാമതായി, സൂര്യഗ്രഹണം ഭൂമിയുടെ ഏതൊരു ഭാഗത്തും കൂടിപ്പോയാൽ ഏതാണ്ട് ഏഴര മിനിട്ടു മാത്രമേ നീണ്ടുനിൽക്കൂ. രണ്ടാമതായി, ചാന്ദ്രമാസമായ നീസാൻ 14-നാണ് യേശു മരിച്ചത്. പുതുചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് നീസാൻ മാസം തുടങ്ങുന്നത്. ആ സമയത്ത് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലായതിനാൽ സൂര്യഗ്രഹണത്തിനു സാധ്യതയുണ്ട്. എന്നാൽ നീസാൻ 14 ആകുമ്പോഴേക്കും ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ പാതിദൂരം പിന്നിട്ടുകഴിഞ്ഞിരിക്കും. ഭൂമി സൂര്യനും ചന്ദ്രനുമിടയിൽവരുന്ന ആ സമയത്ത് ചന്ദ്രൻ സൂര്യപ്രകാശത്തെ മറയ്‌ക്കുകയല്ല, അതിനെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. പൂർണചന്ദ്രൻ പുഞ്ചിരിതൂകുന്ന അത്തരമൊരു പശ്ചാത്തലം യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ തികച്ചും അനുയോജ്യമാണ്.
[ചിത്രം]
നീസാൻ 14 എപ്പോഴും പൗർണമിനാളിലോ അതിനോടടുത്തോ ആയിരിക്കും
[10, 11 പേജുകളിലെ രേഖാചിത്രം/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഗ്രഹണപഥം
●
⇧
●
⇧
●
⇧ ആഫ്രിക്ക
ബെനിൻ ●
⇧
ടോഗോ ●
⇧
ഘാന ●
⇧
●
⇧
●
⇧
●
⇧
●
⇧
●
[കടപ്പാട്]
ഭൂപടം: Based on NASA/Visible Earth imagery
[10-ാം പേജിലെ ചിത്രം]
പൂർണ സൂര്യഗ്രഹണം, 2006 മാർച്ച് 29
[10-ാം പേജിലെ ചിത്രം]
സൂര്യഗ്രഹണം നേരിൽക്കാണാൻ പ്രത്യേകം തയ്യാറാക്കിയ കണ്ണടകൾ അവസരമൊരുക്കി