വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“ആഗോളതപനമോ മറ്റെന്തെങ്കിലുമോ നിമിത്തമായാലും, കാലാവസ്ഥാസംബന്ധിയായ വിപത്തുകളുടെ എണ്ണം 1970-കൾക്കും 1990-കൾക്കുമിടയിൽ മൂന്നിരട്ടിയായിത്തീർന്നു.”—ദി എക്കണോമിസ്റ്റ്‌, ബ്രിട്ടൻ.

യു.എസ്‌.എ.-യിലെ ഇല്ലിനോയ്‌സിലുള്ള 10 മാസം പ്രായമുള്ള ഒരു ആൺകുട്ടിക്ക്‌ തോക്കു കൈവശം വെക്കാൻ പെർമിറ്റുണ്ട്‌. പെർമിറ്റിനുള്ള അപേക്ഷയിൽ, കുട്ടിയുടെ പൊക്കം രണ്ടടി മൂന്നിഞ്ചാണെന്നും തൂക്കം 9 കിലോയാണെന്നും അവന്റെ പിതാവ്‌ കാണിച്ചിരുന്നു. അപേക്ഷകരുടെ പ്രായം അവിടെ ഒരു പ്രശ്‌നമേയല്ല!—കേബിൾ ന്യൂസ്‌ നെറ്റ്‌വർക്ക്‌, യു.എസ്‌.എ.

“അശ്ലീലചിത്രങ്ങളും മറ്റും തങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡു ചെയ്‌തതായി [ഗ്രീസിലെ] 16 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 62 ശതമാനവും സമ്മതിക്കുന്നു.”—എലിഫ്‌തെറോറ്റിപ്പിയ, ഗ്രീസ്‌.

“മതം ഭിന്നിപ്പിനും പിരിമുറുക്കത്തിനും കാരണ”മാകുന്നതായി ബ്രിട്ടനിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 82 ശതമാനവും കരുതുന്നു.—ദ ഗാർഡിയൻ, ബ്രിട്ടൻ.

ജോർജിയ മതസ്വാതന്ത്ര്യത്തിലേക്ക്‌

യഹോവയുടെ സാക്ഷികൾക്കെതിരായ ആക്രമണങ്ങൾക്കുനേരെ കണ്ണടച്ചതിന്റെ പേരിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ജോർജിയ ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കി. അറിയപ്പെടുന്ന ഒരു ക്രിസ്‌തീയ മതമെന്ന നിലയിൽ ആരാധനയ്‌ക്കും ബൈബിൾപഠനത്തിനുമായി കൂടിവരാൻ സാക്ഷികൾക്ക്‌ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, നിയമ നടപടികൾക്കും മറ്റും ചെലവായ തുക നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. 1999 ഒക്ടോബറിനും 2002 നവംബറിനുമിടയിൽ ജോർജിയയിൽ യഹോവയുടെ സാക്ഷികൾക്കുനേരെ 138 അക്രമസംഭവങ്ങൾ നടന്നതായി റിപ്പോർട്ടു ചെയ്‌തു. അതിനെതിരെ 784 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ കാര്യമായ അന്വേഷണമൊന്നുമുണ്ടായില്ല. തക്കസമയത്ത്‌ ഇടപെടാനോ നിരപരാധികളെ രക്ഷിക്കാനോ പോലീസും കൂട്ടാക്കിയില്ല. 2003 നവംബറിനുശേഷം ആക്രമണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

സ്‌ത്രീകൾക്ക്‌ അനിഷ്ടം ഈ ചിത്രങ്ങൾ

“മാസികകളുടെ പുറംചട്ടയിലുള്ള ഈർക്കിൽസുന്ദരിമാരുടെ ചിത്രങ്ങൾ കാണുന്ന എല്ലാ സ്‌ത്രീകൾക്കും തങ്ങളുടെ വലുപ്പച്ചെറുപ്പമോ ആകാരവടിവോ പൊക്കമോ പ്രായമോ എന്തുതന്നെയായിരുന്നാലും സ്വന്തം ശരീരത്തെക്കുറിച്ചു ജാള്യത തോന്നുന്നു” എന്ന്‌ ഐക്യനാടുകളിലെ മിസൗറി-കൊളംബിയ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ഒരു റിപ്പോർട്ട്‌ പറയുന്നു. “മാധ്യമങ്ങളിലെ മെലിഞ്ഞ മോഡലുകളുടെ ചിത്രങ്ങൾ കാണുമ്പോൾ വണ്ണംകുറഞ്ഞ സ്‌ത്രീകളെക്കാൾ വണ്ണംകൂടിയവർക്കു കൂടുതൽ മനഃപ്രയാസം അനുഭവപ്പെടുന്നതായി കരുതപ്പെട്ടിരുന്നു” എന്ന്‌ അവിടത്തെ മനശ്ശാസ്‌ത്രവിഭാഗം അസ്സോസിയേറ്റ്‌ പ്രൊഫസറായ ലോറി മിന്റ്‌സ്‌ പറയുന്നു. എന്നാൽ “ഇക്കാര്യത്തിൽ വണ്ണമോ തൂക്കമോ ഒന്നും ഒരു പ്രശ്‌നമല്ല. ഏതൊരു സ്‌ത്രീയെയും അത്തരം ദൃശ്യങ്ങൾ അലോസരപ്പെടുത്തുന്നു,” മിന്റ്‌സ്‌ തുടരുന്നു.

തലവേദനയുമായി 64 വർഷം!

മൂന്നു സെന്റിമീറ്റർ നീളമുള്ള വെടിയുണ്ട ഡോക്ടർമാർ തന്റെ തലയിൽനിന്നു നീക്കംചെയ്‌തപ്പോഴാണ്‌ ‘വിട്ടുമാറാത്ത തലവേദനയുടെ’ കാരണം ആ ചൈനക്കാരി മനസ്സിലാക്കിയത്‌. 64 വർഷം അവരതു സഹിച്ചു! 13 വയസ്സുള്ളപ്പോൾ, 1943 സെപ്‌റ്റംബറിൽ സിനി പ്രവിശ്യയിലെ ഒരു ഗ്രാമത്തിലുണ്ടായ ജാപ്പനീസ്‌ ആക്രമണത്തിൽ അവരുടെ തലയ്‌ക്കു മുറിവേറ്റിരുന്നു. തലവേദനയ്‌ക്കു കാരണം ഒരു വെടിയുണ്ടയാണെന്ന്‌ ആരും കരുതിയില്ല. തലവേദന കലശലായതിനെത്തുടർന്ന്‌ എക്‌സ്‌-റേ എടുത്തുനോക്കിയപ്പോഴാണ്‌ വെടിയുണ്ട കണ്ടെത്തിയതെന്ന്‌ സിൻഹുവ വാർത്താ ഏജൻസി പറയുന്നു. ഇപ്പോൾ 77 വയസ്സുള്ള അവർ ‘തികഞ്ഞ ആരോഗ്യവതിയാണ്‌.’

മുത്തച്ഛൻ തിമിംഗലം

2007-ൽ അലാസ്‌കയിലെ തദ്ദേശീയ വേട്ടക്കാർ ഒരു ബോഹെഡ്‌ തിമിംഗലത്തെ പിടികൂടിയപ്പോൾ പഴയ ഒരു ചാട്ടുളിയുടെ ഭാഗങ്ങൾ അതിന്റെ ശരീരത്തിൽ തറഞ്ഞിരിക്കുന്നത്‌ അവരുടെ ശ്രദ്ധയിൽപ്പെട്ടു. 1880-കളുടെ അന്ത്യത്തിൽ ന്യൂ ബെഡ്‌ഫോർഡിൽ നിർമിച്ച, “തിമിംഗലവേട്ടയ്‌ക്ക്‌ ഉപയോഗിക്കുന്ന ഒരു വെടിക്കോപ്പിന്റെ ഭാഗങ്ങൾ” ആണ്‌ അവയെന്ന്‌ പിന്നീടു കണ്ടെത്തിയതായി ദ ബോസ്റ്റൺ ഗ്ലോബ്‌ പറയുന്നു. ഇത്തരം വെടിക്കോപ്പുകൾ പെട്ടെന്നു കാലഹരണപ്പെട്ടതിനാൽ ഈ തിമിംഗലത്തെ “1885-നും 1895-നും ഇടയ്‌ക്കെപ്പോഴോ” പിടിക്കാൻ ശ്രമിച്ചതായി ന്യൂ ബെഡ്‌ഫോർഡ്‌ തിമിംഗല മ്യൂസിയത്തിലെ ചരിത്രകാരന്മാർ നിഗമനം ചെയ്യുന്നു. അതുകൊണ്ട്‌ ഇത്തവണ പിടിക്കുമ്പോൾ അതിന്‌ കുറഞ്ഞത്‌ 115 വയസ്സ്‌ ഉണ്ടായിരുന്നിരിക്കണം. “ഉദ്ദേശം ഒന്നര നൂറ്റാണ്ടു പിന്നിട്ടുകൊണ്ട്‌ ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്‌തനികളിൽ ഒന്നാണ്‌ ബോഹെഡ്‌ തിമിംഗലം എന്ന ചിരകാല വിശ്വാസത്തിന്‌ [ഈ കണ്ടെത്തൽ] അടിവരയിടുന്നു” എന്ന്‌ ഗ്ലോബ്‌ പറയുന്നു.