വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യനാളുകൾ എന്തിന്റെ?

അന്ത്യനാളുകൾ എന്തിന്റെ?

അന്ത്യനാളുകൾ എന്തിന്റെ?

‘അന്ത്യയാമം’ എന്നു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? രാത്രി കഴിയാറായെന്നും താമസിയാതെ നേരം പുലരുമെന്നുമല്ലേ? എന്നാൽ ‘അന്ത്യനാളുകളിലാണു നാം ജീവിക്കുന്നത്‌’ എന്ന്‌ ആരെങ്കിലും പറയുന്നെങ്കിൽ അതിന്റെ അർഥം എന്തായിരിക്കും?

‘അന്ത്യനാളുകൾ,’ “അന്ത്യകാലം” എന്നീ പദങ്ങൾ നാം ആദ്യമായി കേൾക്കുന്നവയല്ല. (2 തിമൊഥെയൊസ്‌ 3:1; ദാനീയേൽ 12:4) ലോകശക്തികളുടെയും “അന്ത്യകാലം”വരെ അവയ്‌ക്കിടയിൽ അരങ്ങേറുന്ന പോരാട്ടങ്ങളുടെയും ദർശനങ്ങൾ 2,500-ലേറെ വർഷങ്ങൾക്കുമുമ്പ്‌ ദാനീയേൽപ്രവാചകനു ലഭിച്ചു. ആ ദർശനങ്ങളുടെ അർഥം അന്ത്യകാലത്തു വ്യക്തമായിത്തീരുമെന്നും അവനോടു പറയപ്പെട്ടു. (ദാനീയേൽ 8:17, 19; 11:35, 40; 12:9) അവൻ ഇങ്ങനെ എഴുതി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീയേൽ 2:44.

തന്റെ “ആഗമനത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം” എന്തായിരിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയിൽ യേശുക്രിസ്‌തു “അന്ത്യ”ത്തെക്കുറിച്ചു പറഞ്ഞു. (മത്തായി 24:3-42, ഓശാന ബൈബിൾ) വ്യക്തമായും, ഇപ്പോൾ ജീവിക്കുന്നവരെയും ഇന്നോളം ഈ ഭൂഗ്രഹത്തിൽ ജീവിച്ചിരുന്നിട്ടുള്ളവരെയും ബാധിക്കുന്ന ഒരു പരിസമാപ്‌തിയെ—ഒരു നാടകീയ പരിവർത്തനത്തെ—പരാമർശിക്കുകയായിരുന്നു ദാനീയേലും യേശുവും. ദാനീയേൽ എല്ലാ മാനുഷിക ഗവൺമെന്റുകളുടെയും അന്ത്യത്തെക്കുറിച്ച്‌ എഴുതിയപ്പോൾ യേശു “യുഗസമാപ്‌തി”യെക്കുറിച്ചു പ്രസ്‌താവിച്ചു.

നിങ്ങൾ ഇതേക്കുറിച്ചു ചിന്തിക്കേണ്ടതുണ്ടോ? മുഴുമനുഷ്യവർഗവും ബാധിക്കപ്പെടുമെന്നതിനാൽ എല്ലാവരും ഇക്കാര്യത്തിൽ തത്‌പരരായിരിക്കേണ്ടതാണ്‌. പലരും പക്ഷേ ഇതു ഗൗരവമായി എടുക്കുന്നില്ല. ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (2 പത്രൊസ്‌ 3:3, 4) എല്ലാം ചരിത്രത്തിന്റെ ഒരു തനിയാവർത്തനമാണെന്നും ഇന്നു നാം കാണുന്ന ജീവിതം ഇതേവിധം അനന്തമായി തുടരുമെന്നുമാണ്‌ ചിലർ കരുതുന്നത്‌.

അന്ത്യനാളുകളെന്നു ബൈബിൾ വിളിക്കുന്ന ഒരു കാലത്താണു നാം യഥാർഥത്തിൽ ജീവിക്കുന്നത്‌ എന്നതിന്‌ എന്തെങ്കിലും തെളിവുണ്ടോ? നമുക്കു നോക്കാം.