വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യനാളുകൾ എപ്പോൾ?

അന്ത്യനാളുകൾ എപ്പോൾ?

അന്ത്യനാളുകൾ എപ്പോൾ?

“ഏതാണ്ട്‌ നൂറു കോടി വർഷം കഴിയുമ്പോഴേക്കും ഭൂഗോളം ചുട്ടുപൊള്ളുന്ന, വരണ്ടുണങ്ങിയ ഒരു ഊഷരഭൂമിയായിത്തീരാൻ സകല സാധ്യതയുമുണ്ട്‌. ബഹുകോശജീവികൾ എങ്ങനെ അതിജീവിക്കുമെന്ന്‌ യാതൊരു ഊഹവുമില്ല” എന്ന്‌ സ്‌കൈ & ടെലസ്‌കോപ്പ്‌ മാസിക അടുത്തകാലത്തു പ്രസ്‌താവിച്ചു. എന്തുകൊണ്ട്‌? “വർധിച്ചുവരുന്ന സൂര്യതാപം കടൽവെള്ളത്തെ തിളപ്പിക്കുകയും വൻകരകളെ ചുട്ടുകരിക്കുകയും ചെയ്യും” എന്ന്‌ അസ്‌ട്രോണമി മാസിക പറയുന്നു. “വിനാശകമായ ഈ സംഭവവികാസം കേവലം അസുഖകരമായ ഒരു സത്യമല്ല പിന്നെയോ ഒഴിവാക്കാനാവാത്ത ഒരു അനിവാര്യതയാണ്‌” എന്നും അതു കൂട്ടിച്ചേർക്കുന്നു.

എന്നാൽ “[ദൈവം] ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:5) ഭൂമിയെ സൃഷ്ടിച്ചവന്‌ തീർച്ചയായും അതിനെ നിലനിറുത്താനും കഴിയും. യഥാർഥത്തിൽ, മനുഷ്യർക്കു പാർക്കാനാണ്‌ അവൻ അതിനെ ഉണ്ടാക്കിയത്‌. (യെശയ്യാവു 45:18) ദുഷ്ടവും നശ്വരവുമായ ഒരു മനുഷ്യരാശിയായിരുന്നില്ല അവന്റെ മനസ്സിലുണ്ടായിരുന്നത്‌. ദാനീയേൽ 2:44-ൽ പറയപ്പെട്ടിരിക്കുന്ന രാജ്യം മുഖാന്തരം തന്റെ ഭരണം പുനഃസ്ഥാപിക്കാൻ ദൈവം ഒരു സമയം നിശ്ചയിച്ചിരിക്കുന്നു.

ദൈവത്തിന്റെ ആ രാജ്യത്തെക്കുറിച്ച്‌ യേശു പ്രസംഗിച്ചു. രാഷ്‌ട്രങ്ങളെയും ജനതകളെയും ന്യായംവിധിക്കാനുള്ള ഒരു സമയത്തെക്കുറിച്ച്‌ അവൻ പറഞ്ഞു. ഇന്നോളം സംഭവിച്ചിട്ടുള്ളതിലേക്കും വലിയ ഒരു കഷ്ടം ഉണ്ടാകുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകി. നമ്മുടെ അറിവിലുള്ള ഈ ലോകത്തിന്റെ അന്ത്യം സമീപസ്ഥമായിരിക്കുന്നത്‌ എപ്പോഴായിരിക്കുമെന്നു സൂചിപ്പിക്കുന്ന ഒരു സംയുക്ത അടയാളം അവൻ നൽകി.—മത്തായി 9:35; മർക്കൊസ്‌ 13:19; ലൂക്കൊസ്‌ 21:7-11; യോഹന്നാൻ 12:31.

യേശുവിനെപ്പോലെ ശ്രദ്ധേയനായ ഒരു വ്യക്തി അത്തരം കാര്യങ്ങളെക്കുറിച്ചു പറഞ്ഞുവെന്നതിനാൽ അനേകരും അതേക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്‌. ആ സംഭവങ്ങൾ എപ്പോൾ അരങ്ങേറുമായിരുന്നു? ബൈബിൾപ്രവചനവും കാലക്കണക്കും പഠിച്ചുകൊണ്ട്‌ അന്ത്യത്തിന്റെ സമയം കണക്കുകൂട്ടാൻ ചിലർ ശ്രമിച്ചിരിക്കുന്നു. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവും കലനശാസ്‌ത്രത്തിന്റെ പിതാവും 17-ാം നൂറ്റാണ്ടിലെ ഗണിതശാസ്‌ത്രജ്ഞനുമായ ഐസക്‌ ന്യൂട്ടൺ അവരിലൊരാളാണ്‌.

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃത്തികൾ 1:7) കൂടാതെ, തന്റെ “ആഗമനത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം” നൽകവേ അവൻ ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:3, 36) തുടർന്ന്‌ നോഹയുടെ നാളിലെ ദുഷ്ട മനുഷ്യരുടെ ലോകത്തിനുണ്ടായ നാശത്തെ “മനുഷ്യപുത്രന്റെ” സാന്നിധ്യകാലത്തുണ്ടാകാനിരിക്കുന്ന നാശവുമായി ബന്ധിപ്പിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്തായി 24:39, 42.

അതുകൊണ്ട്‌ ഈ വ്യവസ്ഥിതിയുടെ നാശത്തിന്റെ കൃത്യസമയം വെളിപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ‘അന്ത്യകാലം’ എന്നു വിളിക്കപ്പെടുന്ന കാലത്താണോ നാം ജീവിക്കുന്നതെന്നറിയാൻ, യേശു നൽകിയ “അടയാളം” നമ്മെ സഹായിക്കും. (2 തിമൊഥെയൊസ്‌ 3:1) ‘സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാൻ പ്രാപ്‌തരാകേണ്ടതിന്നു’ നാം ‘ഉണർന്നിരിക്കേണ്ട’ ഒരു സമയമായിരിക്കും അത്‌.—ലൂക്കൊസ്‌ 21:36.

യഥാർഥ അടയാളം നൽകുന്നതിനുമുമ്പ്‌ യേശു ഈ മുന്നറിയിപ്പു നൽകി: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും.”—ലൂക്കൊസ്‌ 21:8, 9.

അടയാളം എന്താണ്‌?

അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന അടയാളങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ യേശു തുടർന്നു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്‌ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും.” (ലൂക്കൊസ്‌ 21:10, 11) “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നും അവൻ പറഞ്ഞു. (മത്തായി 24:14) പുതിയ സംഭവങ്ങളെന്ന നിലയിലല്ല യുദ്ധങ്ങളെയും ഭൂകമ്പങ്ങളെയും മഹാവ്യാധികളെയും ക്ഷാമങ്ങളെയും യേശു പരാമർശിച്ചത്‌; മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ അവ ഉണ്ടായിരുന്നിട്ടുണ്ട്‌. എന്നാൽ അവയെല്ലാം ഒരേ കാലഘട്ടത്തിൽ അരങ്ങേറുമെന്നതാണു ശ്രദ്ധേയം.

‘യേശു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെല്ലാം ഏകകാലികമായി സംഭവിച്ചത്‌ ഏതു കാലഘട്ടത്തിലാണ്‌’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. വിനാശകമായ ലോകയുദ്ധങ്ങൾ; സൂനാമി പോലുള്ള ദാരുണഫലങ്ങളോടുകൂടിയ വലിയ ഭൂകമ്പങ്ങൾ; മലമ്പനി, ഫ്‌ളൂ, എയ്‌ഡ്‌സ്‌ തുടങ്ങിയ മാരകവും വ്യാപകവുമായ രോഗങ്ങൾ; ദശലക്ഷങ്ങളെ കാർന്നുതിന്നുന്ന ഭക്ഷ്യക്ഷാമങ്ങൾ; ഭീകരപ്രവർത്തനവും കൂട്ടനശീകരണശേഷിയുള്ള ആയുധങ്ങളും ഉയർത്തുന്ന ഭീഷണിയിൽ ഭയന്നുവിറയ്‌ക്കുന്ന മനുഷ്യസമുദായം; ദൈവത്തിന്റെ സ്വർഗീയ രാജ്യത്തെക്കുറിച്ച്‌ യഹോവയുടെ സാക്ഷികൾ നടത്തുന്ന ആഗോള സുവാർത്താഘോഷണം. ഇവ 1914 എന്ന വർഷം മുതൽ അരങ്ങേറുന്നതു മനുഷ്യർ കണ്ടിരിക്കുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ അവ നിവൃത്തിയേറിയിരിക്കുന്നു.

അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞ പിൻവരുന്ന കാര്യങ്ങളും മനസ്സിൽപ്പിടിക്കുക: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.” (2 തിമൊഥെയൊസ്‌ 3:1-5) അതേ, അരാജകത്വവും അഭക്തിയും ക്രൂരതയും അക്രമവാസനയും മുഖമുദ്രയായ “ദുർഘടസമയങ്ങൾ” മുഴുഭൂമിയെയും ചൂഴ്‌ന്നുനിൽക്കുമായിരുന്നു. * (2 തിമൊഥെയൊസ്‌ 3:1-5)

എന്നാൽ അവസാനത്തിനുമുമ്പായുള്ള ‘അന്ത്യനാളുകൾ’ ഭാവിയിലെപ്പോഴെങ്കിലുമായിരിക്കുമോ? അവ എപ്പോൾ തുടങ്ങുമെന്നു സൂചിപ്പിക്കുന്ന മറ്റു തെളിവുകളുണ്ടോ?

“അന്ത്യകാലം” എപ്പോൾ തുടങ്ങും?

ദീർഘകാലത്തിനുശേഷം നടക്കാനിരുന്ന സംഭവങ്ങളുടെ ഒരു പൂർവവീക്ഷണം ദാനീയേൽപ്രവാചകനു ലഭിച്ചതിനെത്തുടർന്ന്‌ ദൈവദൂതൻ അവനോടിങ്ങനെ പറഞ്ഞു: “ആ കാലത്തു [ദാനീയേൽ 11:40-ൽ പറയപ്പെട്ടിരിക്കുന്ന ‘അന്ത്യകാലത്ത്‌’] നിന്റെ സ്വജാതിക്കാർക്കു തുണനില്‌ക്കുന്ന മഹാപ്രഭുവായ മീഖായേൽ [യേശുക്രിസ്‌തു] എഴുന്നേല്‌ക്കും.” (ദാനീയേൽ 12:1) മീഖായേൽ എന്തു ചെയ്യുമായിരുന്നു?

മീഖായേൽ രാജഭരണം കയ്യേൽക്കുന്ന സമയത്തെക്കുറിച്ച്‌ വെളിപ്പാടു പുസ്‌തകം ഇങ്ങനെ പറയുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാടു 12:7-9, 12.

സാത്താനെയും ഭൂതങ്ങളെയും നിഷ്‌കാസനം ചെയ്‌തുകൊണ്ട്‌ സ്വർഗത്തെ ശുദ്ധീകരിക്കുന്ന ഈ യുദ്ധം ഭൂമിക്കു വലിയ കഷ്ടം വരുത്തിവെക്കുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഭൂമിയെ ഭരിക്കാനുള്ള തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നെന്ന്‌ അറിയാവുന്നതിനാൽ പിശാചിനുണ്ടാകുന്ന കോപമാണ്‌ ആ കഷ്ടത്തിനു പിന്നിൽ. അർമഗെദോൻ യുദ്ധത്തിൽ പൂർണമായി പരാജയമടയുന്നതുവരെ അന്ത്യനാളുകളിലുടനീളം അവന്റെ കോപം വർധിച്ചുകൊണ്ടിരിക്കും.—വെളിപ്പാടു 16:14, 16; 19:11, 15; 20:1-3.

സ്വർഗത്തിലെ ആ യുദ്ധത്തെക്കുറിച്ചു പറഞ്ഞശേഷം അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്‌തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളിപ്പാടു 12:10) ക്രിസ്‌തുവിന്റെ കീഴിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ച്‌ ഈ വാക്യം പ്രഖ്യാപിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചോ? 1914-ലായിരുന്നു ആ സ്വർഗീയരാജ്യം സ്ഥാപിതമായത്‌. * എന്നിരുന്നാലും സങ്കീർത്തനം 110:2 സൂചിപ്പിക്കുന്ന പ്രകാരം, ദൈവരാജ്യം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ഭരണം ആരംഭിക്കുന്ന സമയംവരെ യേശു തന്റെ “ശത്രുക്കളുടെ മദ്ധ്യേ” വാഴേണ്ടതാണ്‌.—സങ്കീർത്തനം 110:2; മത്തായി 6:10.

സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ദാനീയേലിനോടു പറഞ്ഞ ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തുവെന്നതു ശ്രദ്ധേയമാണ്‌: “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്‌തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീയേൽ 12:4) നാം ജീവിക്കുന്നത്‌ “അന്ത്യകാല”ത്താണെന്നതിന്റെ കൂടുതലായ തെളിവാണിത്‌. കാരണം ഈ പ്രവചനങ്ങളുടെ അർഥം ഇന്നു സുവ്യക്തമായിത്തീർന്നിരിക്കുന്നു, അതിപ്പോൾ ലോകവ്യാപകമായി ഘോഷിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. *

‘അന്ത്യനാളുകൾ’ എപ്പോൾ അവസാനിക്കും?

അന്ത്യനാളുകൾ എത്ര ദീർഘമാണെന്ന്‌ ബൈബിൾ കൃത്യമായി പറയുന്നില്ല. എന്നാൽ സാത്താന്‌ അനുവദിച്ചിരിക്കുന്ന സമയം തീർന്നുവരവേ ഭൂമിയിലെ സാഹചര്യം ഇനിയും കൂടുതൽ വഷളാകും. “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന്‌ പൗലൊസ്‌ മുന്നറിയിച്ചു. (2 തിമൊഥെയൊസ്‌ 3:13) കൂടാതെ, വരാനിരിക്കുന്ന കാര്യങ്ങൾ പരാമർശിക്കവേ യേശു ഇങ്ങനെ പറഞ്ഞു: “ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.”—മർക്കൊസ്‌ 13:19, 20.

അർമഗെദോൻ യുദ്ധം ഉൾപ്പെടെയുള്ള ‘വലിയ കഷ്ടവും’ മനുഷ്യവർഗത്തെ സ്വാധീനിക്കാനാകാത്തവിധം സാത്താനെയും ഭൂതങ്ങളെയും ബന്ധിക്കുന്നതും, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ ചിലതാണ്‌. (മത്തായി 24:21) ഇക്കാര്യങ്ങൾ സംഭവിക്കുമെന്ന്‌ “ഭോഷ്‌കില്ലാത്ത ദൈവം” ഉറപ്പുനൽകിയിരിക്കുന്നു. (തീത്തൊസ്‌ 1:2) അർമഗെദോനും സാത്താന്റെ ബന്ധനവും ദിവ്യ ഇടപെടലിന്റെ അനന്തരഫലങ്ങളായിരിക്കും.

ദൈവത്തിന്റെ കയ്യാലുള്ള ആസന്ന നാശത്തിനുമുമ്പ്‌ കൃത്യമായും എന്തു സംഭവിക്കുമെന്നു ദിവ്യനിശ്വസ്‌തതയിൽ പൗലൊസ്‌ നമ്മോടു പറയുന്നു. “കാലങ്ങളെയും സമയങ്ങളെയും കുറിച്ച്‌” അവൻ ഇങ്ങനെയെഴുതി: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു. . . . അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.” (1 തെസ്സലൊനീക്യർ 5:1-3) “സമാധാനമെന്നും നിർഭയമെന്നു”മുള്ള ആ പ്രഖ്യാപനത്തിനു തിരികൊളുത്തുന്നത്‌ കൃത്യമായും എന്തായിരിക്കുമെന്നു ബൈബിൾ പറയുന്നില്ല, കാലം അതു വെളിപ്പെടുത്തും. ആ പ്രഖ്യാപനം പക്ഷേ യഹോവയുടെ ന്യായവിധി നാളിന്റെ വരവിനെ തടയുകയില്ല. *

ഈ പ്രവചനങ്ങൾ സത്യമാണെന്ന ബോധ്യം നമുക്കുണ്ടെങ്കിൽ ചില നടപടികൾ സ്വീകരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. എങ്ങനെ? പിൻവരുന്ന വാക്കുകളിൽ പത്രൊസ്‌ അതിനുത്തരം നൽകുന്നു: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2 പത്രൊസ്‌ 3:11, 12) എന്നാൽ ‘ഇതുകൊണ്ടൊക്കെ എനിക്കെന്താണു പ്രയോജനം’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അടുത്ത ലേഖനം ആ ചോദ്യത്തിന്‌ ഉത്തരം നൽകും.

[അടിക്കുറിപ്പുകൾ]

^ ഖ. 12 ‘അന്ത്യനാളുകൾ’ സംബന്ധിച്ച കൂടുതൽ തെളിവുകൾക്കായി 2007 ഏപ്രിൽ ലക്കം ഉണരുക!യുടെ 8-10 പേജുകളും 2006 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 4-7 പേജുകളും 2005 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 4-7 പേജുകളും കാണുക. (യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.)

^ ഖ. 18 ബൈബിൾ കാലക്കണക്കു സംബന്ധിച്ച വിശദവിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 215-18 പേജുകൾ കാണുക.

^ ഖ. 19 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകവും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2008-ന്റെ 31-9 പേജുകളും കാണുക.

^ ഖ. 23 വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ (2006 പതിപ്പ്‌) 250-1 പേജുകളിലെ 13, 14 ഖണ്ഡികകൾ കാണുക.

[5-ാം പേജിലെ ആകർഷക വാക്യം]

“ആ നാളും നാഴികയും” ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലെന്ന്‌ യേശു പറഞ്ഞു

[4-ാം പേജിലെ ചിത്രം]

സർ ഐസക്‌ ന്യൂട്ടൺ

[കടപ്പാട്‌]

© A. H. C./age fotostock

[7-ാം പേജിലെ ചിത്രങ്ങൾ]

യേശു നൽകിയ അടയാളം 1914 മുതൽ പ്രത്യക്ഷമാണ്‌

[കടപ്പാട്‌]

© Heidi Bradner/Panos Pictures

© Paul Smith/Panos Pictures